മനിലയിലേക്ക് എയർ ഇന്ത്യയുടെ ഡയറക്ട് സർവീസ്; ഇന്ത്യ-ഫിലിപ്പീൻസ് ടൂറിസത്തിന് പുതു കുതിപ്പ്

പ്രതീകാത്മകചിത്രം | Photo: PTI
പ്രതീകാത്മകചിത്രം | Photo: PTI

ഡൽഹിക്കും മനിലയ്ക്കും ഇടയിൽ ഡയറക്ട് ഫ്ലൈറ്റ് സർവീസുകൾ ആരംഭിച്ചുകൊണ്ട് യാത്രാനുഭവം പുതിയ തലങ്ങളിലേക്ക് എത്തിക്കുകയാണ് എയർ ഇന്ത്യ. ഈ മാസം ആദ്യം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ആദ്യ വിമാനം പറന്നുയർന്നത്. ഇതോടെ ഫിലിപ്പീൻസിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനായി എയർ ഇന്ത്യ മാറി.

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് 14 ദിവസം വരെ വിസയില്ലാതെ പ്രവേശനം അനുവദിക്കാനുള്ള ഫിലിപ്പീൻസിന്റെ സമീപകാല തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സർവീസ് ആരംഭിക്കുന്നത്. ഈ പുതിയ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസവും ബിസിനസ്സ് യാത്രകളും ഗണ്യമായി വർധിപ്പിക്കുമെന്നും ഇരു സമ്പദ്‌വ്യവസ്ഥകൾക്കും വലിയ ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കുന്നു.

തിങ്കൾ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ അഞ്ച് തവണയാണ് വിമാന സർവീസുകൾ. യാത്രക്കാരുടെ സൗകര്യത്തിനായി ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നിങ്ങനെ മൂന്ന് ക്യാബിനുകളുള്ള എയർബസ് A321LR വിമാനമാണ് ഈ സർവീസുകൾക്കായി ഉപയോഗിക്കുന്നത്.

വിനോദ, ബിസിനസ് മേഖലകളിലെ വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തികച്ചും അനുയോജ്യമായ സമയത്താണ് ഈ നേരിട്ടുള്ള റൂട്ട് ആരംഭിച്ചിരിക്കുന്നത്. ഡൽഹി വഴി യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും സൗകര്യപ്രദമായ വൺ-സ്റ്റോപ്പ് കണക്ഷനുകൾ നൽകുന്നതിനാൽ ഈ പുതിയ സേവനം ഫിലിപ്പീനോ യാത്രക്കാർക്കും പ്രയോജനകരമാണ്.

ഇതോടുകൂടി, തെക്കുകിഴക്കൻ ഏഷ്യയിലെ ഏഴ് രാജ്യങ്ങളിലായി എട്ട് സ്ഥലങ്ങളിലേക്ക് എയർ ഇന്ത്യ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ ആഴത്തിലുള്ള സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങൾ വളർത്തിക്കൊണ്ട്, ഡൽഹി-മനില വിമാന സർവീസ് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ഉറപ്പാണ്.

ഫിലിപ്പീൻസിലേക്ക് യാത്ര പോകുമ്പോൾ ചെയ്യേണ്ട പ്രധാനപ്പെട്ട  കാര്യങ്ങൾ

1. ഇൻട്രാമുറോസിലെ ചരിത്രം കണ്ടെത്തുക

സ്പാനിഷ് ഭരണത്തിൻ കീഴിലുള്ള നൂറ്റാണ്ടുകളുടെ ഫിലിപ്പീനോ ചരിത്രത്തിൽ മുഴുകാൻ കഴിയുന്ന മനിലയിലെ മതിലുകളാൽ ചുറ്റപ്പെട്ട ചരിത്ര നഗരമാണ് ഇൻട്രാമുറോസ്. ഫോർട്ട് സാന്റിയാഗോ, സാൻ അഗസ്റ്റിൻ ചർച്ച്, കാലെ ക്രിസൊലോഗോ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

2. പലവാനിലെ ദ്വീപുകളിലൂടെ ഒരു യാത്ര

മനോഹരമായ കായലുകൾ, വെളുത്ത മണൽത്തീരങ്ങൾ, വൈവിധ്യമാർന്ന സമുദ്രജീവികൾ എന്നിവയാൽ സമ്പന്നമായ പലവാൻ പ്രവിശ്യ ദ്വീപുകൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടമാണ്. സഞ്ചാരയോഗ്യമായ ഭൂഗർഭ നദിയോടുകൂടിയ അതിമനോഹരമായ ഗുഹാ ശൃംഖലയായ പ്യൂർട്ടോ പ്രിൻസസ സന്ദർശിക്കാൻ മറക്കരുത്.

3. സമുദ്ര സങ്കേതങ്ങളിൽ ഡൈവിങും സ്നോർക്കെലിങും

തെളിഞ്ഞ വെള്ളവും വർണാഭമായ പവിഴപ്പുറ്റുകളും ഉള്ള ഫിലിപ്പീൻസ്, കടലിനടിയിലെ അത്ഭുതങ്ങൾ കാണാൻ അവിശ്വസനീയമായ അവസരങ്ങൾ നൽകുന്നു. നിങ്ങൾക്ക് അപ്പോ റീഫ് നാച്ചുറൽ പാർക്കിൽ ഫ്രീഡൈവിങ്ങിനോ സ്കൂബ ഡൈവിങ്ങിനോ പോകാം.

4. ബൊറാകായ് വൈറ്റ് ബീച്ചിൽ വിശ്രമിക്കാം

വെളുത്ത പൊടിപോലെയുള്ള മണലിനും സ്ഫടികം പോലെ തെളിഞ്ഞ ടർക്കോയ്സ് ജലത്തിനും ലോകപ്രശസ്തമായ ഒരിടമാണ് ബൊറാകായ് വൈറ്റ് ബീച്ച്. നിങ്ങൾക്ക് തീരത്തുകൂടി നടക്കാം. തെളിഞ്ഞ വെള്ളത്തിൽ നീന്താം, അല്ലെങ്കിൽ ഒരു കരിക്ക് കുടിച്ച് പനയുടെ തണലിൽ വിശ്രമിക്കാം.

Content Highlights: Air India offers non-stop Delhi-Manila flights, the first Indian airline to do so. Explore the Philippines` rich history, stunning islands, and vibrant marine life with ease.