100 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ഇന്ത്യൻ പാസ്‌പോർട്ട്! ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

യാത്രാപ്രേമികൾക്കും ചരിത്രാന്വേഷികൾക്കും പാസ്‌പോർട്ട് വെറുമൊരു യാത്രാരേഖയല്ല, അവ ഭൂതകാലത്തിലേക്കുള്ള കവാടങ്ങളാണ്. യാത്രയുടെയും പര്യവേക്ഷണത്തിൻ്റെയും ഒരു പഴയ കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്ര പ്രാധാന്യമുള്ള അത്തരത്തിലൊരു 'നിധി'യാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത്. 1926-ലെ ഒരു അപൂർവ ബ്രിട്ടീഷ് ഇന്ത്യൻ പാസ്‌പോർട്ട്! ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ പാസ്‌പോർട്ടിന്റെ വീഡിയോ വൈറലാണ്. ഇതിൻ്റെ കണ്ടെത്തൽ സോഷ്യൽ മീഡിയയിൽ പലരെയും അത്ഭുതപ്പെടുത്തി.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ഒരാൾ 1926-ലെ ഈ അപൂർവമായ പാസ്‌പോർട്ടിന്റെ ദൃശ്യങ്ങൾ കാണിക്കുന്നു. ആത്മ സിങ് ബസന്ത് സിങ് എന്ന വ്യക്തിയുടെതാണ് ഈ പാസ്പോർട്ട്. 1926 നവംബർ 23-ന് ബോംബെയിൽ വെച്ചാണ് ഇത് അദ്ദേഹത്തിന് നൽകിയത്.
പാസ്‌പോർട്ടിൽ ഉടമയുടെ ജന്മസ്ഥലം, യാത്ര ചെയ്യുന്ന സ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പാസ്പോർട്ട് ഉടമയെ "ബ്രിട്ടീഷ് സംരക്ഷിത വ്യക്തി" എന്നാണ് ഇതിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് അക്കാലത്തെ രാജ്യത്തിൻ്റെ കൊളോണിയൽ പദവിയെ പ്രതിഫലിപ്പിക്കുന്നു.
കാലപ്പഴക്കത്താൽ മഞ്ഞനിറമായ താളുകളുടെ അവസാന പേജിൽ നിയമങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഏകദേശം 20 ലക്ഷം കാഴ്ചക്കാരുമായി വീഡിയോ വൈറലാണ്. അപൂർവ പാസ്‌പോർട്ട് കണ്ട് പലരും തങ്ങളുടെ അമ്പരപ്പ് പ്രകടിപ്പിച്ചു.
Content Highlights: A rare 1926 British Indian passport surfaced online