യാത്രയാണ് ലഹരി, കശ്മീരിലേയ്ക്ക് ബൈക്കിലൊരു സാഹസിക യാത്ര

യാത്രയ്ക്കായി ഒരുങ്ങുന്ന ഉമ, നിഷി, ഷൈനി എന്നിവർ | ഫോട്ടോ : പ്രവീൺ ദാസ്
യാത്രയ്ക്കായി ഒരുങ്ങുന്ന ഉമ, നിഷി, ഷൈനി എന്നിവർ | ഫോട്ടോ : പ്രവീൺ ദാസ്

വര്‍ഷങ്ങളായി മനസ്സില്‍ കടന്നുകൂടിയ കശ്മീരിലേയ്‌ക്കൊരു ബുള്ളറ്റ് യാത്രയെന്ന ആഗ്രഹത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എറണാകുളം സ്വദേശി ഉമ മഹേഷ്. 22 വര്‍ഷമായി മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഉമ. ലഹരിക്കെതിരെ ബോധവത്കരണ സന്ദേശവുമായാണ് ഇവരുടെ യാത്ര. ഉമ ഉള്‍പ്പെടുന്ന മൂന്നംഗ യാത്ര സംഘത്തെ നയിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ ഷൈനിയാണ്. 

'180 ദിവസത്തെ കന്യാകുമാരി-കശ്മീര്‍ യാത്രയ്ക്കുശേഷം ഫെബ്രുവരിയോടെ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്'- യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന ഷൈനി പറഞ്ഞു. പൂവാര്‍ സ്വദേശി നിഷി ഖാനാണ് സംഘത്തിലെ മറ്റൊരാള്‍. തന്റെ സ്വപ്നയാത്രയെക്കുറിച്ച് ഉമ മഹേഷ് മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുന്നു. 

ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു | ഫോട്ടോ: പ്രവീൺ ദാസ് 

'ഏറെനാളത്തെ ആഗ്രഹമാണ് ബുള്ളറ്റിലേക്കുള്ള കശ്മീര്‍ യാത്ര. 18-ാം വയസ്സില്‍ അച്ഛനാണ് എന്നെ ബുള്ളറ്റ് ഓടിക്കാന്‍ പഠിപ്പിക്കുന്നത്. അച്ഛന്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍ ബി.എസ്.എന്‍.എല്‍ എന്‍ജിനീയറായിരുന്നു. അദ്ദേഹം പകര്‍ന്നുതന്ന ധൈര്യമാണ് അന്നും ഇന്നും എന്റെ കരുത്ത്.

ഞാന്‍ ബുള്ളറ്റ് ഓടിച്ചുനടക്കുന്നത് അമ്മക്കും ബന്ധുക്കള്‍ക്കുമെല്ലാം ആദ്യമൊക്കെ ഭയമായിരുന്നു. പക്ഷേ പിന്നീട് എല്ലാവരും പിന്തുണയുമായെത്തി. കാലം കഴിയുന്തോറും എനിക്ക് ബുള്ളറ്റിനോടുള്ള ഇഷ്ടം ഏറിവരികയാണ് ചെയ്യുന്നത്. എറണാകുളത്ത് നിന്നും കന്യാകുമാരിയിലേയ്ക്കും വാല്‍പ്പാറയിലേയ്ക്കും ഒക്കെ നടത്തിയ യാത്രയാണ് ഇതുവരെയുള്ളത്, ഇനിയത് കശ്മീരാണ്. ഒരു കൊല്ലം മുമ്പാണ് 'മീറ്റിയോര്‍ 350' സ്വന്തമാക്കിയത്, അതിലാണ് കശ്മീര്‍ യാത്ര. ഭര്‍ത്താവും മക്കളും എന്റെ യാത്രയ്ക്ക് പൂര്‍ണപിന്തുണയാണ്. 

ഉമ മഹേഷ് മാതാപിതാക്കള്‍ക്കൊപ്പം | ഫോട്ടോ: പ്രവീൺ ദാസ്

ഓരോ ദിവസവും പുലര്‍ച്ചെ യാത്ര തുടങ്ങി വൈകിട്ട് അവസാനിപ്പിക്കും. കുറച്ച് ഭക്ഷണവും വെള്ളം തിളപ്പിക്കാനുള്ള കെറ്റിലുള്‍പ്പടെയുള്ള ചില സാധനങ്ങളും കരുതിയിട്ടുണ്ട്. വഴിയോരങ്ങളില്‍ പാചകം ചെയ്യാനാണ് പദ്ധതി', ഉമ പറഞ്ഞു. 

ഉമയും നിഷി ഖാനും 50 ദിവസത്തെ യാത്രയ്ക്കുശേഷം നാട്ടിലേയ്ക്ക് മടങ്ങിയെത്തും. 20,000 കിലോ മീറ്ററിലധികം ഈ കാലയളവില്‍ സഞ്ചരിക്കും. തിരുവനന്തപുരത്ത് ഓഗസ്റ്റ് 22-ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ഐപിഎസ് ആണ് യാത്രയ്ക്ക് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ വിനോദ് കുമാര്‍ ചടങ്ങിനു മുഖ്യാതിഥിയായി. കുടുംബക്കാരും സുഹൃത്തുക്കളും ഒക്കെച്ചേര്‍ന്നാണ് മൂവര്‍സംഘത്തെ യാത്രയാക്കിയത്.

Content Highlights: Solo Bullet Motorcycle Trip to Kashmir