ഉറങ്ങാനായി ആലപ്പുഴയും കശ്മീരും പോകാം, പാക്കേജുമായി ഏജന്‍സികള്‍; എന്താണ് സ്ലീപ്പ് ടൂറിസം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

നിത്യജീവിതത്തിലെ തിരക്കുകളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന ക്ഷീണം മാറ്റാനാണ് പലരും യാത്ര പോകുന്നത്. എന്നാല്‍ ആ യാത്രയുടെ ക്ഷീണം മാറ്റാന്‍ വീണ്ടും മൂന്ന് നാല് ദിവസം അവധിയെടുത്ത് വീട്ടിലിരിക്കേണ്ട അവസ്ഥയാണ് പലപ്പോഴുമുണ്ടാകുക. യാത്രയും പുലരുവോളം നീളുന്ന ആഘോഷങ്ങളും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ക്ഷീണവും ദിവസങ്ങളോളം നമ്മുടെ ജീവിതത്തെ താറുമാറാക്കിക്കളയും. എന്നാല്‍ ഇത്തരത്തില്‍ സ്വന്തം ആരോഗ്യവും ജീവിതവും മറന്നുള്ള വിനോദസഞ്ചാരം കുറഞ്ഞു വരുന്നതാണ് പുതിയ കാലത്തെ പ്രവണത. ഏറ്റവും പുതിയ തലമുറ യാത്ര പോകുന്നത് വിശ്രമിക്കാന്‍ കൂടിയാണ്. സ്വസ്ഥതയ്ക്കും സമാധാനത്തിനുമാണ് അവര്‍ മുന്‍ഗണന കൊടുക്കുന്നത്. ഇത്തരത്തിലുള്ള വിനോദസഞ്ചാര മാതൃകകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ലീപ്പ് ടൂറിസം അഥവാ ഉറങ്ങാന്‍ വേണ്ടിയുള്ള യാത്രകള്‍.

വെക്കേഷനല്ല പകരം നാപ്‌കേഷന്‍

നല്ല ഉറക്കത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് ഈ ടൂറിസം മാതൃകയുടെ ഗുണഭോക്താക്കള്‍. ഒരു കൊച്ച് കുഞ്ഞിനെപ്പോലെ എല്ലാം മറന്ന് എട്ട് മണിക്കൂറിലേറെ സമയം ഉറങ്ങാന്‍ നമ്മളില്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ട് എന്ന ചിന്തയാണ് ഇതിന്റെ കാതല്‍. ഇത് വെക്കേഷനല്ല പകരം നാപ്‌കേഷനാണ്. എന്നാല്‍ വെറുതെ കിടന്ന് ഉറങ്ങല്‍ മാത്രമല്ല ഈ യാത്രയുടെ രീതി. ഉറങ്ങാന്‍ സഹായിക്കുന്ന ഡെസ്റ്റിനേഷന്‍, ആയാസമില്ലാത്ത ചെറിയ യാത്രകള്‍, സമയത്തിനുള്ള മികച്ച ഭക്ഷണം, യോഗ, മെഡിറ്റേഷന്‍, സ്പാ തുടങ്ങി നിരവധി ഘടകങ്ങള്‍ ചേര്‍ന്നാലേ നാപ്‌കേഷനാകു. ഇത് പൂര്‍ത്തീകരിച്ച് പോവുമ്പോഴേക്ക് വലിയൊരു കാലത്തേക്ക് ജീവിക്കാനുളള ഊര്‍ജവും ആരോഗ്യവും ശാന്തതയും സഞ്ചാരിയില്‍ ഉണ്ടാവുക എന്നതാണ് പ്രധാനം.

ഉറക്കമാണ് മുഖ്യം

ട്രാവല്‍ ഏജന്‍സിയായ ഹില്‍റ്റണ്‍ നടത്തിയ പഠനത്തില്‍ 64 ശതമാനം സഞ്ചാരികളും വിശ്രമം നിറഞ്ഞ ആയാസരഹിതമായ യാത്രകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നവരാണ്. ജെന്‍സി, മില്ലേനിയല്‍ തലമുറകളാണ് ഈ ട്രെന്‍ഡിന്റെ മുന്നില്‍ നില്‍ക്കുന്നത്. യാത്രയില്‍ താമസിക്കാനുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ല ഉറക്കത്തിനുള്ള സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാണ് ഇവര്‍. മികച്ച ഉറക്കത്തിനായി മാത്രം യാത്രകള്‍ നടത്തുന്നവരുടെ എണ്ണവും കൂടി വരുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വ്യക്തികളുടെയും അഭിരുചികള്‍ക്കനുസരിച്ചാണ് ഇവര്‍ ഇത്തരം ഉറക്കയാത്രകള്‍ക്കായുള്ള ഡെസ്റ്റിനേഷനുകള്‍ തിരഞ്ഞെടുക്കുന്നത്. പൊതുവില്‍ കടല്‍ത്തീരങ്ങളോടും പര്‍വതങ്ങളോടും കായലുകളോടും താഴ്‌വാരങ്ങളോടും ഒക്കെ ചേര്‍ന്നുള്ള ഡെസ്റ്റിനേഷനുകളാണ് സ്ലീപ്പ് ടൂറിസ്റ്റുകള്‍ക്ക് പ്രിയം.

ഉറങ്ങാനായി പോകാം; ആലപ്പുഴ മുതല്‍ കശ്മീര്‍ വരെ

ഇത്തരത്തില്‍ തന്നെയാണ് സ്ലീപ്പ് ടൂറിസ്റ്റുകള്‍ അവരുടെ താമസസ്ഥലങ്ങളും തിരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ ജലാശയങ്ങളെ പ്രേമിക്കുന്നയാളാണെങ്കില്‍ ജയ്പൂരിലെ ഏതെങ്കിലും തടാകങ്ങളോട് ചേര്‍ന്നോ ആലപ്പുഴയിലെ കായലോരത്തോ ഉള്ള റിസോര്‍ട്ടുകള്‍ തിരഞ്ഞെടുക്കാം. പര്‍വതങ്ങളോ താഴ്‌വാരങ്ങളോ ഒക്കെയാണ് പ്രിയമെങ്കില്‍ വയനാട്ടിലോ കുടകിലോ ഹിമാചലിലോ കശ്മീരിലോ ഉള്ള റിസോര്‍ട്ടുകളില്‍ താമസിക്കാം. അവിടെയെല്ലാം പോകുന്നത് കാഴ്ചകള്‍ കാണാനോ പര്‍വതം കയറാനോ റോഡ് ട്രിപ്പുകള്‍ക്കോ അല്ലെന്നുള്ളതാണ് പ്രധാനം. ഈ റിസോര്‍ട്ടുകളില്‍ പോയി വെറുതെയിരിക്കുകയും നന്നായി ഉറങ്ങുകയും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുകയും ആരോഗ്യപരിപാലനം നടത്തുകയും ചെയ്യുക. എങ്കില്‍ നിങ്ങളുമൊരു നാപ്‌കേഷനിസ്റ്റായി. 

ഉറക്കപ്രിയര്‍ക്കായി വെല്‍നസ് റിട്രീറ്റുകളും, സ്ലീപ്പ് പ്രോഗ്രാമുകളും പോലും നടത്തുന്ന ടൂറിസം കേന്ദ്രങ്ങളുണ്ട്. സിക്‌സ് സെന്‍സസ് പോലുള്ള പ്രമുഖ ടൂറിസം ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ള പദ്ധതികളുമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്. നാപ്‌കേഷന്‍ എന്നപേരില്‍ സ്ലീപ്പിങ് ക്യാമ്പുകള്‍ നടത്തുന്ന ഏജന്‍സികളുണ്ട്. അവിടെ നിങ്ങളെ സഹായിക്കാനായി വിദഗ്ധരുണ്ടാവും. സ്ലീപ്പ് അസസ്‌മെന്റുകളും ആയുര്‍വേദ ചികിത്സകളും യോഗയും എല്ലാം ചേര്‍ന്നുള്ള പാക്കേജുകളുണ്ടാവും. ഇത് പൂര്‍ത്തീകരിച്ച് മടങ്ങുമ്പോഴേക്ക് നിങ്ങള്‍ ഒരു പുതിയ മനുഷ്യരാകും എന്നാണ് ഇത് നടത്തുന്നവരുടെ അവകാശവാദം.

Content Highlights: What is sleep tourism napcation