വയനാട്ടില്‍ റൂം കിട്ടാന്‍ പ്രയാസപ്പെടുന്ന വേനലവധിക്കാലം, തിരിച്ചുപിടിക്കണം വയനാടൻ പ്രൗഢി

2018ലെയും 2019-ലെയും പ്രളയത്തില്‍നിന്നും കോവിഡില്‍നിന്നും പൂര്‍ണമായും കരകയറിവന്ന വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് മുണ്ടക്കൈ-ചൂരല്‍മല ദുരന്തമുണ്ടാക്കിയത് കനത്ത ആഘാതമാണ്. മുന്‍പുണ്ടായിരുന്നതിന്റെ നാലിലൊന്ന് സഞ്ചാരികള്‍മാത്രമാണ് ഇപ്പോള്‍ വയനാട്ടിലെത്തുന്നത്. ഇടക്കാലത്തുണ്ടായിരുന്ന ടൂറിസം ശാക്തീകരണ പ്രചാരണങ്ങള്‍ വീണ്ടുമുയര്‍ത്തേണ്ട കാലമാണിത്. വേണം, ടൂറിസത്തിനും ഒരു കൈത്താങ്ങ്
'മുണ്ടക്കൈ-ചുരല്‍മല ദുരന്തത്തിനുമുന്‍പ് മാസം ശരാശരി 15-16 ദിവസം അതിഥികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ രണ്ടോ മൂന്നോ ദിവസം വന്നാലായി. ദുരന്തത്തിന് തൊട്ടുപിന്നാലെ ഓഗസ്റ്റില്‍ ആരും ഉണ്ടായിരുന്നില്ല. വയനാട്ടില്‍ റൂം കിട്ടാന്‍ പ്രയാസപ്പെടുന്ന വേനലവധിക്കാലമാണിത്. ഇതുവരെ രണ്ടുദിവസമാണ് ബുക്കിങ് ഉണ്ടായിരുന്നത്. റിസോര്‍ട്ടിന്റെയും സ്വിമ്മിങ് പൂളിന്റെയും തുകപോലും തിരികെക്കിട്ടാത്ത അവസ്ഥയാണിപ്പോള്‍' -ഇത് കണിയാമ്പറ്റയിലെ ചീക്കല്ലൂരില്‍ റിസോര്‍ട്ട് നടത്തുന്ന വനിതാസംരംഭക കെ. സിതാരയുടെ അനുഭവമാണ്. ദുരന്തത്തിനുശേഷം വയനാടന്‍ ടൂറിസം നേരിടുന്ന പ്രതിസന്ധിയുടെ എല്ലാ ആഴവും ഈ വാക്കുകളിലുണ്ട്. ചൂരല്‍മലയില്‍നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് ചീക്കല്ലൂര്‍. പക്ഷേ, റിസോര്‍ട്ടിലേക്ക് അന്വേഷണങ്ങളുമായി ഫോണ്‍വിളിക്കുന്നവരുടെ ആദ്യചോദ്യം ദുരന്തത്തെക്കുറിച്ചാണ്.
ദുരന്തത്തിന് മുന്‍പുവരെ വയനാട് സഞ്ചാരികളുടെ പറുദീസയായിരുന്നു. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും വര്‍ഷംമുഴുവന്‍ സഞ്ചാരികളെത്തിയിരുന്നു. 2018-ലെ പ്രളയത്തോടെ മഴക്കാലത്തുണ്ടായിരുന്ന സഞ്ചാരികളുടെ വരവിന് ഇടിവുണ്ടായി. ഓണാവധിയോടെ സഞ്ചാരികളെത്തുന്നതായി പിന്നെ പതിവ്. എന്നാല്‍, ജൂലായ് 30-ന് രാത്രി ദുരന്തമുണ്ടായതോടെ ഓഗസ്റ്റില്‍ സഞ്ചാരികളാരും വയനാട്ടിലെത്തിയില്ല. ഓണക്കാലത്തും നാലിലൊന്നായി വരവ് കുറഞ്ഞു. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായുള്ള സ്‌കൂള്‍-കോളേജ് ട്രിപ്പുകള്‍ ഭൂരിഭാഗവും വയനാടിന് നഷ്ടമായി. വയനാട് വഴി മിക്കവരും മൈസൂരു, ബെംഗളൂരു റൂട്ടിലോ കുടകിലോ പോയി. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് പിന്നെയും സഞ്ചാരികളെത്തിയത്. വേനലവധിക്കാലമാണ് ഇനി ഈ മേഖലയുടെ പ്രതീക്ഷ.
പ്രചാരണങ്ങള്‍ ഫലംകണ്ടോ
മേപ്പാടി പഞ്ചായത്തില്‍ മാത്രമുണ്ടായ ദുരന്തം 'വയനാട് ദുരന്തം' എന്നരീതിയില്‍ പ്രചരിച്ചപ്പോള്‍ ബാധിച്ചത് ടൂറിസം മേഖലയെയാണ്. പ്രതിസന്ധിയെ മറികടക്കുന്നതിനായി 'എന്റെ കേരളം എന്നും സുന്ദരം', 'ഇന്‍ഫ്‌ളുവന്‍സേഴ്‌സ് പോസ്റ്റ്', 'സേവ് വയനാട്, വിസിറ്റ് വയനാട്', 'വയനാട് പഴയപോലെതന്നെയുണ്ട്', 'ഇവിടം സുരക്ഷിതമാണ്, ധൈര്യമായി വരാം' തുടങ്ങിയ കാമ്പയിനുകള്‍ ഡിടിപിസിയും ടൂറിസം സംഘടനകളും സംരംഭകരും ചേര്‍ന്ന് നടത്തി. ഈ പ്രചാരണങ്ങള്‍ സമീപജില്ലകളില്‍നിന്നുള്ള സഞ്ചാരികളെ വയനാട്ടിലേക്കെത്തിക്കാന്‍ ഒരുപരിധിവരെ സഹായിച്ചു. എന്നാല്‍, ഈ പ്രചാരണങ്ങളും കാമ്പയിനുകളും ഒരു കാലയളവില്‍മാത്രം ഒതുങ്ങിപ്പോേകണ്ടതാണോ. പൂജ്യത്തില്‍നിന്ന ടൂറിസം മേഖലയെ പഴയ പ്രൗഢിയിലേക്ക് തിരികെക്കൊണ്ടുവരണമെങ്കില്‍ തുടര്‍പ്രചാരണങ്ങള്‍ ഇനിയും അത്യാവശ്യമാണ്.
പിടിച്ചുനിന്നത് പൂക്കോടും കര്‍ളാടും, വിസ്മരിക്കപ്പെട്ട് കാന്തന്‍പാറ
മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെ അപേക്ഷിച്ച് കുറച്ചെങ്കിലും പിടിച്ചുനിന്നത് പൂക്കോടും കര്‍ളാടുമാണ്. ജില്ലയില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികളെത്തുന്ന സ്ഥലമാണ് പൂക്കോട് തടാകം. ബാണാസുരസാഗര്‍ ഡാംസൈറ്റിനും അതിജീവിക്കാനായി. കര്‍ളാടും ബത്തേരി ടൗണ്‍ സ്‌ക്വയറും നേരിയ ആശ്വാസം പകരുന്നതായിരുന്നു.
വടുവന്‍ചാലിലെ കാന്തന്‍പാറ വെള്ളച്ചാട്ടത്തിലാണ് ഈ കാലയളവില്‍ സന്ദര്‍ശകര്‍ പാടേ കുറഞ്ഞത്. ശനി, ഞായര്‍ ദിവസങ്ങളിലും അവധിക്കാലത്തും സഞ്ചാരികളുടെ തിരക്കുണ്ടായിരുന്ന സ്ഥലത്ത് ദുരിതത്തിനുശേഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. പിന്നീട് മൂന്നുമാസത്തോളമെടുത്താണ് ഇവിടം കരകയറിയത്. ഡിടിപിസിയുടെ കീഴിലുള്ള ജില്ലയിലെ പല പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും അവസ്ഥ സമാനമാണ്.
2023-ലെ ഓണാവധിക്കാലത്ത് ലക്ഷങ്ങള്‍ വരുമാനം കിട്ടിയിരുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ 2024-ലെ ഓണാവധിക്കാലത്ത് 10,000 രൂപമാത്രമേ ലഭിച്ചുള്ളൂ. ടൂറിസം കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള അനുബ ന്ധമേഖലകളെയെല്ലാം ഇതു ബാധിച്ചു. വഴിയോരത്ത് സംഭാരം വില്‍ ക്കുന്നവര്‍മുതല്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍വരെ സാമ്പത്തികപ്രയാ സമറിഞ്ഞു. ടൂറിസം മേഖല ഈ പ്രതിസന്ധിയും മാറികടക്കുമെന്ന ആത്മവിശ്വാ സത്തിലാണ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുടിഒ) അട ക്കമുള്ള സംഘടനകളും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും.
ദുരന്തം കഴിഞ്ഞ് രണ്ടുമാസത്തോളം ജില്ലയിലെ റിസോര്‍ട്ടുകളില്‍ ഒന്നില്‍പ്പോ ലും അന്വേഷണങ്ങളോ ബുക്കിങ്ങോ ഉണ്ടായില്ല. ജില്ലയിലേക്ക് വരുന്ന വിദേശീയരുടെയും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെയും എണ്ണ ത്തില്‍ ഗണ്യമായ കുറവുണ്ടെന്നാണ് ഡബ്ല്യുടിഒ ഭാരവാഹികള്‍ പറയു ന്നത്. ഈ അവധിക്കാലത്ത് വിനോദസഞ്ചാരമേഖലയെ തിരികെപ്പിടിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവര്‍.
ഡിടിപിസിക്ക് കീഴിലുള്ള പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ 2023, 2024 വര്‍ഷങ്ങളില്‍ എത്തിയവരുടെ എണ്ണവും വരുമാനവും
Content Highlights: wayanad tourism recovering from landslide crisis