അവധിയാഘോഷത്തിനെത്തി കടലിൽ കുളിച്ചു; കാണാതായ സ്ത്രീയുടെ ശരീരഭാഗം കണ്ടെത്തിയത് സ്രാവിന്റെ വയറ്റിൽ

പലതരത്തിലുള്ള സാഹസിക വിനോദത്തേക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പലതും വലിയ അപകടത്തില്‍ പെടാറുമുണ്ട്. മുന്നറിയിപ്പുകള്‍ പലതും അധികൃതര്‍ നല്‍കാറുണ്ടെങ്കിലും അതൊന്നും വകവെക്കാതെയുള്ള സാഹസിക പ്രവര്‍ത്തനങ്ങളാണ് ഇത്തരത്തിലുള്ള അപകടത്തിലേക്ക് എത്തിക്കുക. അവധി അടിച്ചുപൊളിക്കാന്‍ കടലില്‍ സാഹസികമായി ചാടുകയും ഒടുവില്‍ സ്രാവിന്റെ വായില്‍ അകപെട്ട് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത അമേരിക്കയിലെ ഒരു സ്ത്രീയേക്കുറിച്ചാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.
കഴിഞ്ഞ സെപ്റ്റംബര്‍ 26-നാണ് അമേരിക്കയിലെ കോളിന്‍ മോണ്‍ഫൊര്‍ എന്ന 65-കാരി ഭര്‍ത്താവ് മൈക്കുമൊത്ത് ഏഴ് ദിവസത്തെ അവധി ആഘോഷത്തിന് ഇന്തൊനേഷ്യയിലെത്തിയത്. തുടര്‍ന്ന് പുലോവ് റെഡോങ് ദ്വീപില്‍ ഡൈവിലും ഏര്‍പ്പെട്ടു. പക്ഷെ നിമിഷനേരത്തിനുള്ളില്‍ ഇവരെ കാണാതാവുകയായിരുന്നു. നിരവധി തവണ തിരച്ചില്‍ നടത്തിയെങ്കിലും കോളിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികള്‍ പിടികൂടിയ ശ്രാവിനെ മുറിച്ചതോടെയാണ് കോളിന്റെ ശരീരഭാഗം വയറ്റില്‍ നിന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്രാവ് അസ്വാഭാവികമായി എന്തോ ഭക്ഷിച്ചിട്ടുണ്ടെന്ന് തോന്നിയതോടെയാണ് മത്സ്യത്തൊഴിലാളികള്‍ അതിനെ മുറിച്ചുനോക്കിയത്. അപ്പോഴാണ് മനുഷ്യന്റെ ശരീരഭാഗം വയറ്റില്‍ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ ഇത് കോളിന്റെ ശരീരഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്തു.
കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി ഇത്തരം വിനോദ പരിപാടിക്കുള്ള ഡൈവ് ഷോപ്പ് നടത്തുകയാണ് കോളിനും ഭര്‍ത്താവും. അതുകൊണ്ടു തന്നെ ഇത്തരം സാഹസിക വിനോദത്തെ കുറിച്ച് നല്ല ബോധ്യമുള്ളവരുമാണ് ഇവർ. പലതവണ ഡൈവുകള്‍ക്കായി പോവുകയും ചെയ്തിട്ടുണ്ട്. പക്ഷെ അപ്രതീക്ഷിതമായി മരണം സംഭവിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: US divers body parts found in sharks stomach