അഗ്നിയുടെ മാനംമുട്ടുന്ന ജലധാരപോലെ ലാവ തെറിക്കും,വശങ്ങളിലൂടെ തീപ്പുഴ ചീറ്റിവരും; എവിടേക്കാണ് ഓടുക?

അഗ്നിപര്‍വതം എന്നത് നമ്മള് മലയാളികള്‍ക്ക് കേട്ടുകേള്‍വിമാത്രമാണ്. ഇന്‍ഡൊനീഷ്യയിലെ ക്രാക്കത്തോവ എന്ന അഗ്നിപര്‍വതത്തെക്കുറിച്ച് എസ്.കെ. പൊറ്റെക്കാട്ട് എഴുതിയത് വായിച്ച് മലയാളികള്‍ അമ്പരന്നു. ഇത് ഇന്‍ഡൊനീഷ്യയിലെ യോഗ്യകാര്ത്തയോടുചേര്ന്ന, ഇപ്പോഴും സജീവമായ ഒരു അഗ്നിപര്വതത്തിലേക്കുപോയ ഒരു മലയാളിയുടെ ഓര്‍മ്മയാണ്.
തിരകളൊടുങ്ങാത്ത പാലാഴി കടയുന്നതുപോലെ പാതാളത്തിലെവിടെയോ ഒരു തീക്കടല്‍ കടഞ്ഞുകൊണ്ടിരിക്കുകയാണ്. പാതാളത്തിലെന്നുപറഞ്ഞാല്, ഭൂമിയുടെ എത്രയോ കിലോമീറ്ററുകള്‍ താഴെ. കോടാനുകോടിവര്ഷങ്ങള് പഴക്കമുള്ള പാറകളും കല്ലും ലോഹങ്ങളും മണ്ണുമെല്ലാം ഉരുകിയുരുകി തീക്കടലായി ഇവിടെ തിരയടിക്കുന്നു. ചുവന്നുതുടുത്തുപഴുത്ത തീക്കടല്‍ കൂറ്റന്‍ തിരമാലകളായി അലറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
സമയം വെളുപ്പിന് രണ്ടരമണി. ചുറ്റുപാടും ഇരുട്ടുമാത്രം. കാറ്റുവീശുന്ന ശബ്ദംപോലുമില്ല. അലറിപ്പെയ്ത മഴയില്‍ മുളപൊട്ടിയ തണുപ്പുമാത്രം ഈ മലമുകളിലുണ്ട്. പരിസരത്തെങ്ങും ആരുമില്ല. കാലുതെന്നിപ്പോകുന്ന കല്‍ക്കൂമ്പാരങ്ങളുടെയും കരിമണ്ണിന്റെയും നടുവിലൂടെയാണ് ഈ മലകയറി ഇവിടെ എത്തിയത്. ചിലയിടം കല്ക്കരിപ്പാടംപോലെ തോന്നും. പെട്ടെന്ന് എവിടെയോ കല്ലുകള്‍ കൂട്ടത്തോടെ ഉരുളുന്ന ശബ്ദവും ആഴത്തില്‍ എവിടെയോ എന്തോ പൊട്ടിത്തുടങ്ങുന്ന മുഴക്കവും കേട്ടു. വഴികാട്ടിയായി കൂടെ വന്ന ഇഗ്നേഷ്യസ് പറഞ്ഞു: ''മലയിലേക്ക് നോക്കിയിരിക്കുക. ഇപ്പോള്‍ അഗ്നിപര്‍വതം പൊട്ടിത്തുടങ്ങിയേക്കും.''
നേര്‍ത്ത നിലാവെളിച്ചത്തില്‍ തൊട്ടുമുന്നിലായി തലയുയര്‍ത്തിനില്‍ക്കുകയാണ് മരാപ്പി അഗ്നിപര്‍വതം. ശബ്ദം നിലച്ചതോടെ പര്‍വതത്തിന്റെ തലപ്പത്തേക്കുതന്നെ നോക്കിനിന്നു. അതിനുമുകളില്‍ മേഘം വട്ടമിട്ടുകിടക്കുകയാണ്. ഈ മലയുടെ മുകള്ഭാഗം വലിയൊരു വൃത്തംപോലെയാണ്. അതാണ് അഗ്നിപര്‍വതത്തിന്റെ മേല്‍ക്കൂര. ആകാശംവരെയെത്തുന്ന വലിയൊരു ബിരിയാണിച്ചെമ്പുപോലെയാണിത്. പെട്ടെന്ന് മലയുടെ മുകളില്‍നിന്നും പലഭാഗത്തുനിന്നുമായി തീപ്പുഴയായി ലാവ ഒഴുകിത്തുടങ്ങി. മരാപ്പിയുടെ അഗ്നിജാലകം തുറന്നിരിക്കുന്നു. വലിയ പാറക്കല്ലുകള്വീണ് തെറിക്കുന്ന കൂറ്റന്ശബ്ദം കേള്‍ക്കാം. ഒരേസമയം, പര്‍വതത്തിന്റെ പലഭാഗത്തുമുള്ള ദ്വാരങ്ങളില്നിന്ന് ലാവ ഇരുളിലേക്ക് അഗ്നിച്ചാലിട്ട് ഒഴുകയാണ്. മൂന്നോ നാലോ മിനിറ്റിനുശേഷം ലാവ നിലച്ചു, വീണ്ടും ഇരുട്ടായി. ലാവ ഒഴുകിയതിന്റെ പുക ആകാശം മുഴുവന്‍ പരന്നത് നിലാവെളിച്ചത്തില്‍ കാണാം. ഇതൊരു സാധാരണദിവസത്തെ സ്ഫോടനമാണ്. തുടര്‍ച്ചയായി സ്ഫോടനമുണ്ടായാല്‍ ലാവ മണിക്കൂറുകളോളം ഒഴുകും. ആ സമയത്ത് ഇവിടേക്ക് ആരെയും കടത്തിവിടില്ല. അര്‍ധരാത്രിയോടെ തുടങ്ങുന്ന സ്ഫോടനം വെളുപ്പിന് അഞ്ചുമണിയോടെ അവസാനിക്കും. തൃശ്ശൂര്‍ പൂരം വെടിക്കെട്ടുപോലെത്തന്നെ. ഈ രാത്രിയിലും പലതവണ ഇത് ആവര്‍ത്തിച്ചു. അഗ്നിച്ചാലുകള് കണ്തുറക്കുകയും ഇല്ലാതാകുകയും ചെയ്തു. മരാപ്പി അഗ്നിപര്‍വതത്തിന്റെ രീതി അതാണ്.
വെളുപ്പിന് അഞ്ചരയ്ക്ക് മരാപ്പി ഒരിക്കല്‍ക്കൂടി അഗ്നിക്കടല്‍ തുറന്നുവിട്ടു. പര്‍വതത്തിന്റെ മിക്കഭാഗത്തേക്കും തീച്ചാലുകള്‍ ഒഴുകി. നേരംവെളുത്തുതുടങ്ങിയതോടെ എല്ലാം ശാന്തമായി. ഇന്നത്തെ ഷോ അവസാനിച്ചിരിക്കുന്നു. പിന്നെ സ്ഫോടനശബ്ദംമാത്രം നേരിയതോതില്‍ കേട്ടു. അര്‍ധരാത്രിമുതല്‍ വെളുപ്പിനുവരെയേ ഈ അഗ്നിപര്‍വതം പൊട്ടിത്തെറിക്കൂവെന്നത് ഏകദേശ കണക്കുകൂട്ടല്മാത്രമാണ്. മിക്കപ്പോഴും അങ്ങനെയാണ്. ജൂണിലെ വലിയ ദുരന്തത്തിലെ വലിയ സ്ഫോടനം തുടങ്ങിയത് രാത്രി ഏഴുമണിയോടെയാണ്. നാലുദിവസം രാവും പകലും തിമര്ത്താടിയാണ് തീക്കടല്‍ വാതിലടച്ചത്. താഴ്വാരത്തിലേക്കുവരെ ലാവയെത്തി. ഇഗ്നേഷ്യസ് പറഞ്ഞു:
''ചില രാത്രികളില്‍ എത്ര കാത്തിരുന്നാലും ഈ ലാവ പുറത്തുവരില്ല. ചില രാത്രികളില്‍ പൊട്ടിയാലും മേഘംകാരണം പര്വതംപോലും കാണാനാകില്ല.'' കണ്ടത് നിങ്ങളുടെ ഭാഗ്യമെന്ന് ഇഗ്നേഷ്യസ് പറഞ്ഞില്ല. കാരണം, സത്യത്തില്‍ ഇതൊരു ദുരന്തമാണല്ലോ.
പൊട്ടിക്കഴിഞ്ഞപ്പോള്‍ അന്തരീക്ഷത്തില്‍ എന്തോ കരിയുന്നതിന്റെ നേര്‍ത്ത ഗന്ധമുണ്ടായിരുന്നു. പൊട്ടലിന്റെ കനംകൂടുന്തോറും ഗന്ധം രൂക്ഷമാകും. ദേഹത്തുമുഴുവന്‍ ചാരംവീണതുപോലെ തോന്നും. രാത്രി മലയിലേക്ക് കയറിപ്പോകുമ്പോള്‍ പരിസരം കാണില്ല. വാഹനത്തിന്റെ ആടിയുലയുന്ന വെളിച്ചത്തില്‍ എന്തെല്ലാമോ കാണാമെന്നുമാത്രം. തിരിച്ചിറങ്ങുമ്പോള്‍ മനസ്സിലാകും വലിയ ക്വാറിയുടെ വശങ്ങളിലെ, കല്ലുമാത്രമുള്ള ഒറ്റയടിപ്പാതപോലുള്ള റോഡിലൂടെയാണ് കയറിപ്പോയതെന്ന്. ഒന്നുതെന്നിയാല്‍, തകര്‍ന്ന പാറക്കൂട്ടങ്ങളിലേക്ക് വീഴും. എതിരേവരുന്ന പരിചയസമ്പന്നരായ ലോറിഡ്രൈവര്‍മാര്‍, ചുരത്തിന്റെ അറ്റത്തേക്ക് ലോറി ചേര്‍ത്തുനിര്‍ത്തും. ഇടിഞ്ഞുപോകുമോയെന്ന് പേടിതോന്നും. മറുഭാഗത്തെ കല്‍ക്കൂമ്പാരത്തിന് മുകളിലൂടെ നമ്മുടെ വാഹനം ചരിഞ്ഞുകൊണ്ട് മറികടക്കും.
എല്ലാദിവസവും മരാപ്പി പൊട്ടിത്തെറിക്കണമെന്നില്ല. മഴകൂടിയ ദിവസങ്ങളില്‍ കാര്‍മേഘം മൂടി മരാപ്പി കാണാന്പോലുമാകില്ല. താപനിലയിലെ വ്യത്യാസംകാരണം അഗ്നിപര്വതമുകള്ഭാഗത്ത് മേഘം തങ്ങിനില്ക്കും. സെപ്റ്റംബര്‍മുതല്‍ ജനുവരിവരെ മിക്കപ്പോഴും നന്നായി കാണാം. ഇത്തവണ ജൂണ്‍, ജൂലായ് മാസങ്ങളിലാണ് മരാപ്പി വലിയതോതില്‍ പൊട്ടിയത്. പൊട്ടിയെന്നറിഞ്ഞാല്‍ അഗ്നിപര്വതഗവേഷകരും ടൂറിസ്റ്റുകളും യോഗ്യകാര്ത്തയെന്ന പട്ടണത്തിലേക്ക് എത്തിത്തുടങ്ങും. ദുരിതംപോലും യോഗ്യകാര്ത്താ നഗരത്തിനൊരു വരുമാനമാര്‍ഗമാണ്!
ഇന്‍ഡൊനീഷ്യയിലെ 129 അഗ്നിപര്‍വതങ്ങളില്‍ ഏറ്റവും സജീവമായതാണ് മരാപ്പി. ജക്കാര്‍ത്തയില്‍നിന്ന് 577 കിലോമീറ്റര്‍ അകലെ സെന്‍ട്രല്‍ ജാവയിലെ യോഗ്യകാര്‍ത്ത എന്ന പട്ടണം മരാപ്പിയുടെ താഴ്വാരത്തിലാണ്. ഇവിടേക്ക് ജക്കാര്‍ത്തയില്‍നിന്ന് ട്രെയിനിലോ വിമാനത്തിലോ റോഡുമാര്‍ഗമോ പോകാം. യോഗ്യകാര്‍ത്ത നഗരത്തില്‍നിന്ന് കല്ലും മണ്ണും നിറഞ്ഞ താത്കാലിക റോഡുകളിലൂടെ ജീപ്പില്‍ ഒരുമണിക്കൂര്‍ പോയാല്‍ മരാപ്പിയുടെ അടുത്തെത്താം. വലിയൊരു പരന്ന വട്ടച്ചെമ്പിന് നടുവില്‍ വെച്ച പിരമിഡുപോലെയാണ് മരാപ്പി. മരാപ്പിയുടെ താഴ്വാരത്ത് മിക്കഭാഗത്തും പ്രകൃതി വലിയ ആഴത്തിലുള്ള കിടങ്ങ് കുഴിച്ചിരിക്കുന്നു. പലയിടത്തും നൂറടിയോളം താഴ്ചയുണ്ട്. അതിലൂടെ ലാവ ഒലിച്ച പാടുകള്‍ കാണാം. കല്ലും മണ്ണും ലാവയ്ക്കൊപ്പം പുഴപോലെ ഒലിച്ചിറങ്ങിയതും കാണാം. വലിയ സ്ഫോടനത്തില്‍ ഈ ചാലിലൂടെമാത്രമല്ല എല്ലാ ഭാഗത്തുകൂടെയും ലാവ ഒലിക്കും. 2010-ല്‍ ഏഴുകിലോമീറ്ററോളം ദൂരെവരെ ലാവ ഒലിച്ചെത്തി. 2006-ലാകട്ടെ 130 നില കെട്ടിടത്തോളം ഉയരത്തിലാണ് പുക എത്തിയത്. 50 കിലോമീറ്റര്‍ അകലെവരെ ഇതോടൊപ്പം ഭൂകമ്പവുമുണ്ടായി. രണ്ടുവര്ഷംമുന്പ് മരാപ്പി പൊട്ടി പുക നിറഞ്ഞപ്പോള്‍ 60 കിലോമീറ്റര്‍ ചുറ്റളവിലെ മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ടു.
രാത്രി 10 മണിയോടെയാണ്, മരാപ്പി പൊട്ടുന്നത് കാണാനായി മലകയറിത്തുടങ്ങുക. ചില പോയിന്റുകളില്‍ പെട്ടെന്ന് എത്താം. കാണാന്‍ ഏത് പോയിന്റില്‍ പോകണമെന്ന് തീരുമാനിക്കുന്നത് ഗൈഡാണ്. പോകാന്‍ അനുമതിയില്ലാത്ത ചില പോയിന്റുകളുമുണ്ട്. അവിടെ കൂടുതല്‍ അടുത്ത് കാണാം. പൊട്ടുന്നത് കാണാനായി പോകുന്നത്, വര്‍ഷങ്ങളായി ഒലിച്ചുകട്ടയായ ലാവയ്ക്കും പുറത്തുവന്ന മണ്‍കൂനകള്‍ക്കും മുകളിലൂടെയാണ്. എല്ലായിടത്തും ലാവ കറുത്ത മണ്ണും കല്ലുമായി കട്ടിയായിക്കിടക്കുന്നു. മഴപെയ്താല്‍ ഇത് പലയിടത്തും കുഴഞ്ഞുമറിഞ്ഞ മണ്ണാകും. പകലും മരാപ്പി കാണാനുള്ള പ്രത്യേക പാക്കേജ് ടൂറുകളുണ്ട്. പകല്‍യാത്രയില്‍, ലാവ ഒഴുകുന്നത് കാണാനാകില്ലെന്നുമാത്രം.
ദുരന്തത്തില്‍ തകര്‍ന്ന് ജനം ഉപേക്ഷിച്ച ഗ്രാമങ്ങള്‍ വഴിയേകാണാം. ദുരന്തം അതിജീവിച്ചവരുമായി സംസാരിക്കാം. രാത്രി ഒലിച്ചിറങ്ങിയ ലാവയുടെ അവശിഷ്ടം ചിലയിടങ്ങളില്‍ കാണാം. ഗ്രാമത്തിലെ നാടന്‍ ഇന്ഡൊനീഷ്യന്ഭക്ഷണം കഴിക്കാം. ഇന്‍ഡൊനീഷ്യയുടെ പ്രധാനനഗരങ്ങളില്പ്പോലും വെജിറ്റേറിയന്‍ കിട്ടുക പ്രയാസമാണ്. ജക്കാര്‍ത്തയിലും ബാലിയിലും ഏതുതരം ഭക്ഷണവും കിട്ടും. മറ്റ് ചെറിയനഗരങ്ങളില് പലിയിടത്തും വെജിറ്റേറിയന്‍ സൂപ്പ് ചോദിച്ചാല്‍ ഒഴിക്കേണ്ടത് മട്ടന്‍ സ്റ്റോക്കോ ചിക്കന്‍ സ്റ്റോക്കോ എന്ന് ചോദിക്കും. വെജിറ്റേറിയന്‍ എന്നാല്‍, വെജിറ്റബിള്‍ കൂടുതല്‍ ചേര്ത്തതാണെന്നേ അര്‍ഥമുള്ളൂ.
മരാപ്പി പൊട്ടിത്തുടങ്ങിയത് നാലുലക്ഷംവര്ഷംമുന്പാണെന്ന് ഗവേഷകര്‍ പറയുന്നു. സമ്പല്‍സമൃദ്ധമായിരുന്ന മാതാരം എന്ന സാമ്രാജ്യം, ഒരിക്കലുണ്ടായ അഗ്നിപ്രളയത്തിലാണ് മുങ്ങിപ്പോയത്. ലോകത്തിലെ ഏറ്റവും സമൃദ്ധമായ രാജവംശങ്ങളിലൊന്നായിരുന്നു അത്. ജാവാ ദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക, രാഷ്ട്രീയ ശക്തിയായിരുന്നു ഈ സാമ്രാജ്യം. ആയിരക്കണക്കക്കിനു വര്‍ഷങ്ങള്‍ക്കുശേഷം പല ഹിന്ദുക്ഷേത്രങ്ങളും കൊട്ടാരങ്ങളും മരാപ്പിയുടെ താഴ്വാരങ്ങളില്‍നിന്ന് കുഴിച്ചെടുത്തതാണ് ഇതിന്റെ തെളിവ്. 250 ശ്രീകോവിലുകളുണ്ടായിരുന്ന പ്രാംബനന്ക്ഷേത്രം തകര്‍ന്നതും മരാപ്പിയുടെ സ്ഫോടനത്തിലും തുടര്‍ന്നുണ്ടായ ഭൂമികുലുക്കത്തിലുമാണ്. ഇപ്പോള്‍ ക്ഷേത്രത്തിന്റെ വലിയഭാഗം തിരിച്ചുചേര്ത്തുവെച്ചിരിക്കുന്നു. ഇന്‍ഡൊനീഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയമാണ് പ്രാംബനന്‍. മരാപ്പിയില്നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഈ സമുച്ചയം. യുഎന്റെ അന്താരാഷ്ട്ര പൈതൃക സംരക്ഷിതസ്മാരകങ്ങളിലൊന്നാണിത്.
കഴിഞ്ഞ മൂന്നുവര്‍ഷവും വലിയ സ്ഫോടനങ്ങളുണ്ടായി. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വലിയ സ്ഫോടനം ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ ജാഗ്രത കൂടുതലാണ്. കാലാകാലങ്ങളായുള്ള സ്ഫോടനങ്ങളെത്തുടര്‍ന്ന് ഒന്‍പത് ഗ്രാമങ്ങളിലെ താമസക്കാരെ ഇതിനകം പൂര്‍ണമായും ഒഴിപ്പിച്ചു. നമ്മള് നില്ക്കുന്ന സ്ഥലത്തൊരു ഗ്രാമമുണ്ടായിരുന്നുവെന്നും അന്പതുവര്ഷംമുന്പത്തെ സ്ഫോടനത്തില്‍ ലാവയില്‍ മുങ്ങിപ്പോയെന്നും ഇഗ്നേഷ്യസ് പറഞ്ഞു. അന്ന് വീണ കല്ലുകളില്‍ നിന്നാണ് നമ്മള് ഇപ്പോള്‍ സ്ഫോടനം കാണുന്നത്. കുട്ടിക്കാലത്ത് ഇഗ്നേഷ്യസ് ഈ ഗ്രാമത്തില്‍ വന്നിട്ടുണ്ട്. ഇഗ്നേഷ്യസിന്റെ അച്ഛന് ആ സ്ഫോടനം ഓര്‍മ്മയുണ്ടായിരുന്നു. കഴിഞ്ഞ ജൂണിലെ സ്ഫോടനത്തിലും ഇവിടേക്ക് ലാവ ഒഴുകിയെത്തിയിരുന്നു.
തിളയ്ക്കുന്ന ലാവയ്ക്കൊപ്പം മണ്ണും കല്ലും വലിയ പാറകളും പുറത്തേക്ക് തെറിക്കും. 700 മുതല്‍ 1200 വരെ ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ലാവയുടെ ചൂട്. തിളയ്ക്കുന്ന വെളിച്ചെണ്ണയുടെ ചൂട് 175 ഡിഗ്രിയാണ്. ഓരോതവണയും പുറത്തുവരുന്ന മണ്ണും കല്ലും ലാവയും വലിയ കുന്നുകളുടെയത്രവരും. അവ താഴോട്ട്, തിളയ്ക്കുന്ന ലാവയ്ക്കൊപ്പം ഉരുള്‍പൊട്ടല്‍പോലെ വരും. അതിവേഗത്തിലാണിത് വരുക. താഴോട്ട് വരുംതോറും വലുതായിവലുതായിവരും. ഒരിടത്തുനിന്നല്ല ഇത് പുറത്തുവരുക, മരാപ്പിയുടെ പലഭാഗത്തുനിന്നുമാണ്. മരാപ്പിക്ക് രണ്ടുമുഖങ്ങളുണ്ട്. അതില്‍ വടക്കുപടിഞ്ഞാറ് മുഖത്തിലൂടെയാണ് ഇപ്പോള്‍ ലാവ വരുന്നത്. വലിയസ്ഫോടനത്തില് രണ്ടുമുഖത്തിലൂടെയും അഗ്നിയുടെ മാനംമുട്ടുന്ന ജലധാരപോലെ ലാവ തെറിക്കും. വശങ്ങളിലൂടെ തീപ്പുഴ ചീറ്റിവരും.
ലാവയുടെ ഒഴുക്കിന്റെ വേഗം മണിക്കൂറില്‍ അരക്കിലോമീറ്ററോളമാണ്. ചിലപ്പോള്‍ ഇത് 10 മുതല്‍ 40 വരെ കിലോമീറ്ററാകും. ഭൂമിയുടെ പുറന്തോടിനുതാഴേ മാഗ്മാ ചേംബര്‍ എന്ന് വിളിക്കുന്ന സ്ഥലത്താണ് ലാവയുണ്ടാകുക. ഭൂനിരപ്പില്‍നിന്ന് 70 മുതല്‍ 200 വരെ കിലോമീറ്റര്‍ താഴ്ചയിലാണ് ലാവ തിളച്ചുകൊണ്ടിരിക്കുന്നത്. പാറ ഉരുകുന്നത്രയും ചൂടുള്ള സ്ഥലമാണിത്. പുറത്തുവരുന്നതോടെ ലാവയുടെ പുറത്തൊരു ആവരണമുണ്ടാകും. അതുകൊണ്ടാണ് തണുക്കാന്‍ വൈകുന്നത്. തണുക്കുന്നതോടെ ഇത് കല്ലായിമാറും. ആഴക്കടലിനടിയിലും അഗ്നിപര്‍വതസ്ഫോടനം ഉണ്ടാകാറുണ്ട്. സുനാമിയായി ഇത്തരം സ്ഫോടനം മാറിയേക്കാം. ഓരോ അടി?െവക്കുമ്പോഴും ഓര്‍ക്കുക, ഓരോ ചുവടിനുകീഴിലും പാതാളത്തിലെവിടെയോ ഒരു അഗ്നിപര്‍വതത്തിന്റെ വെടിമരുന്ന് ഭൂമി തയ്യാറാക്കിവെച്ചിട്ടുണ്ടെന്ന്.
ലാവയ്ക്കൊപ്പമെത്തിയ കല്ലും മണ്ണും കൂറ്റന്‍ പാറകളും നീക്കാനായി നൂറുകണക്കിന് ലോറികളാണ് മലമുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ വമ്പന്‍ ക്വാറികള്‍ നൂറോ ഇരുനൂറോ എണ്ണം ഒരേസ്ഥലത്ത് വെച്ച അവസ്ഥയാണ്. നൂറടി ഉയരത്തില്നിന്നെല്ലാം ജോലിക്കാര്‍ ഉരുളന്‍കല്ലുകള്‍ നീക്കുന്നു. പലയിടത്തും താഴെ പൊട്ടുപോലെ നിരനിരയായി ലോറികള്‍ കാണാം. മരാപ്പിക്ക് ഏറെ അകലെയല്ലാത്ത മറ്റൊരു അഗ്നിപര്വതംകൂടി പൊട്ടിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, യോഗ്യകാര്‍ത്ത എന്ന നഗരം ഇതൊന്നും കണ്ടു പേടിച്ച് ഈ താഴ്വാരത്തില്നിന്ന് ഒളിച്ചോടാതെ വികസിച്ചുകൊണ്ടിരിക്കുന്നു. സ്ഫോടനത്തിലെ ചാരം അവര്‍ക്കുമേല്‍ ചാരപ്പുതപ്പ് പുതപ്പിക്കുമ്പോഴും അവര്‍ വളരുകയാണ്. ഇന്‍ഡൊനീഷ്യയില്‍നിന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു കയറ്റിപ്പോകുന്ന കരകൗശലവസ്തുക്കളുടെയും ഫര്‍ണിച്ചറുകളുടെയും പ്രധാനകേന്ദ്രമാണിത്. മരത്തിലും കയറിലും ലോഹത്തിലും കല്ലിലുമായി അവര്‍ പലതും കൊത്തിയുണ്ടാക്കുകയും നിര്‍മിക്കുകയും ചെയ്യുന്നു. അവയ്ക്കുമാത്രമായി പ്രത്യേക തെരുവുണ്ട്. പലയിടത്തും വമ്പന്‍ ഗോഡൗണുകളും. ഈ ബിസിനസ്സുകൊണ്ടുതന്നെ നഗരത്തില്‍ പഞ്ചനക്ഷത്രഹോട്ടലുണ്ട്.
മരാപ്പിയുടെ താഴ്വാരം മുഴുവന്‍ മനോഹരമായ പച്ചപ്പാണ്. കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ പ്രദേശം. സമൃദ്ധമായ കൃഷിയിടങ്ങള്‍. കപ്പയും വാഴയും റംബുട്ടാനും അവൊക്കാഡോയും നെല്ലും പച്ചക്കറിയും വിളയുന്ന പാടങ്ങള്‍. പല താഴ്വരകളുടെയും ഒരുവശം നൂറുകണക്കിന് അടി താഴ്ചയില്‍ വെട്ടിയിറക്കിയതുപോലെയാണ്. ഭൂമി കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇടിഞ്ഞുതാഴ്ന്നതുപോലെ തോന്നും. ഈ വലിയ ചാലുകളിലൂടെയാണ് പെയ്ത്തുവെള്ളവും ലാവയും ഒഴുകുക. ചിലപ്പോള്‍ വെള്ളവും ചിലപ്പോള്‍ ലാവയും ഒഴുകുന്ന നദികള്‍. ഈ താഴ്വാരത്തിലൂടെ നടക്കാനായി ട്രെക്കിങ്പ്രേമികളെത്തും. കല്യാണവീഡിയോകളുടെയും റീലുകളുടെയും ലൊക്കേഷന്‍കൂടിയാണ്, കണ്ണെത്താതെ പരന്നുകിടക്കുന്ന മലനിരയും ഓരോ മലമടക്കിലുമുള്ള താഴ്വാരങ്ങളും. ഇവിടെ ധാരാളം ക്യാമ്പിങ് സൈറ്റുകളുണ്ട്. രാത്രി ചിലപ്പോള്‍ മരാപ്പി പൊട്ടിയൊലിക്കുന്നത് കാണാം. വെളുക്കുന്നതിനുമുന്പ് മാനത്ത് പടരുന്ന വെളിച്ചത്തില്‍ പുകയുന്ന മനോഹരമായ മരാപ്പി കാണാം. ഇതെല്ലാം കാലാവസ്ഥയെ ആശ്രയിച്ചിരിക്കും.
ട്രെക്കിങ്ങിന് പോകുമ്പോള്‍ റോഡില്‍ പലയിടത്തും അഗ്നിപര്‍വതം പൊട്ടിയാല്‍ ജനത്തെ ഒഴിപ്പിക്കാനുള്ള വഴികള്‍ അടയാളപ്പെടുത്തിയ ഇവാക്യുവേഷന് റൂട്ടിന്റെ ബോര്‍ഡ് കണ്ടു. എന്തുകൊണ്ടാണ് ഏതുസമയത്തും പൊട്ടിവരാവുന്ന തീക്കടലിന്റെ നാട്ടില്‍നിന്ന് ഓടിപ്പോകാത്തത് എന്ന ചോദ്യത്തിന് അവര്‍ക്ക് ഒരുത്തരമേയുള്ളൂ; ആ ഉത്തരം ഒരുചോദ്യവുമാണ്:
''നിങ്ങളുടെ നാടിന് പ്രകൃതി കടല്‍ സമ്മാനിച്ചു, ചിലര്‍ക്ക് മരുഭൂമി സമ്മാനിച്ചു, ചിലര്‍ക്ക് കാടുകള്‍ സമ്മാനിച്ചു, ചിലര്‍ക്ക് മഞ്ഞുമലകള്‍ സമ്മാനിച്ചു. ഞങ്ങള്‍ക്ക് സമ്മാനിച്ചത് ഈ തിളയ്ക്കുന്ന പര്‍വതങ്ങളാണ്. അവയെ വിട്ട് എവിടേക്കാണ് ഓടിപ്പോകുക. ?'' സത്യത്തില്‍ ഇത് നിസ്സഹായാവസ്ഥയുടെ സ്വരമല്ല, വാത്സല്യത്തിന്റെ സ്വരമാണ്.
കല്ക്കൂമ്പാരത്തിനിടയിലൂടെ കുറെ നടന്നും നിരങ്ങിയിറങ്ങിയും പിന്നീട് വാഹനത്തിലുമായി തിരിച്ച് മലയിറങ്ങുമ്പോള്‍ തിരിഞ്ഞുനോക്കി. പുറകില്‍ സൂര്യോദയത്തിന്റെ സ്വര്‍ണവെളിച്ചത്തില്‍ മരാപ്പി പുകയുന്നു. അകത്ത് തീക്കടല്‍ കടഞ്ഞുകൊണ്ടിരിക്കുന്നു. സര്‍വപ്രതാപിയായ ഒരു സാമ്രാജ്യത്തെപ്പോലും അഗ്നിപ്രളയത്തില് മുക്കി അവസാനിപ്പിച്ച തീക്കടല്‍. ഓരോദിവസവും ഒന്നോ രണ്ടോ കൈക്കുമ്പിള്‍ തീക്കടല്‍ പുറത്തുവിട്ട് ഭൂമി ഓര്‍മിപ്പിക്കുകയാണ്: ''വരാം, ഞാന്‍ എന്നുവേണമെങ്കിലും. എല്ലാം വാരിയെടുക്കുന്ന കാറ്റായും തീക്കടലായും.'
Content Highlights: Unni K warrier Article on volcano in merapi Indonesia