രണ്ടരവര്‍ഷം, 62 രാജ്യങ്ങള്‍; വന്‍കരകള്‍ താണ്ടി ജോസിന്റെ ബൈക്ക് യാത്ര തുടരുന്നു

62 രാജ്യങ്ങളിലെ ചൂടും ചൂരുമുണ്ട് ചെമ്പുക്കാവ് മ്യൂസിയം ക്രോസ് ലെയിന്‍ എടക്കളത്തൂര്‍ അഞ്ജനം വീട്ടില്‍ ഇ.പി. ജോസിന്റെ വാക്കുകളില്‍. ഇക്കഴിഞ്ഞ രണ്ടരവര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിതം ഏറിയപങ്കും വിവിധ രാജ്യങ്ങളിലെ റോഡുകളിലായിരുന്നു. യൂറോപ്പിലെയും ആഫ്രിക്കയിലെയും ജീവിതങ്ങള്‍ക്കിടയിലൂടെ അദ്ദേഹം ബൈക്കില്‍ മുന്നോട്ടു നീങ്ങി. 2022 മേയ് ഒന്നിന് ആരംഭിച്ച യാത്ര രണ്ടുഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ 62 രാജ്യങ്ങളിലെ അനുഭവങ്ങളാണ് സ്വന്തമായത്. നവംബര്‍ ഒന്നിന് മൂന്നാംഘട്ടം യാത്ര ആരംഭിക്കും. 33 രാജ്യങ്ങളാണ് ലക്ഷ്യം.
ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ എത്തിയപ്പോള്‍ തൊട്ടുമുന്‍പുമാത്രം പരിചയപ്പെട്ട മലയാളി കനിവോടെ നല്‍കിയ ഇഡ്ഡലിയുടെയും സാമ്പാറിന്റെയും രുചി അദ്ദേഹത്തിന്റെ നാവിലുണ്ട്. അങ്കോളയിലെത്തിയപ്പോള്‍ പങ്കെടുത്ത പൂക്കളമത്സരത്തിന്റെ സുഗന്ധവും മനസ്സില്‍ സൂക്ഷിക്കുന്നു. തട്ടിക്കൊണ്ടുപോകല്‍ ഭീഷണിയില്‍ വിറച്ച് ആറുമണികഴിഞ്ഞാല്‍ ആരും പുറത്തിറങ്ങാത്ത നൈജീരിയന്‍ അനുഭവങ്ങളും അദ്ദേഹം വിവരിച്ചു.
ആഫ്രിക്കയിലെ ക്രൂഡോയില്‍ ഉത്പാദകരില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന നൈജീരിയയില്‍ പെട്രോളിനുവേണ്ടി രണ്ടുമണിക്കൂര്‍ ക്യൂനില്‍ക്കേണ്ടിയും വന്നു. പാസ്പോര്‍ട്ട് അല്ലാത്ത എല്ലാ യാത്രാരേഖകളും ജോസിന് നഷ്ടമായത് സെനഗലിലെ യാത്രയ്ക്കിടയിലായിരുന്നു. ബൈക്കിന്റെ യാത്രാരേഖ ഉള്‍പ്പെടെയുള്ള പെട്ടി യാത്രയ്ക്കിടയില്‍ വീണുപോയി. നാട്ടിലെത്തി രേഖകളെല്ലാം സംഘടിപ്പിച്ച് വേറെ ബൈക്കില്‍ യാത്ര തുടര്‍ന്നു.
കെ.ടി.എം. 390 അഡ്വഞ്ചര്‍ ബൈക്കിലായിരുന്നു യാത്രയുടെ തുടക്കം. ബൈക്ക് കപ്പലില്‍ എത്തിച്ചു. രേഖ നഷ്ടമായ ബൈക്ക് വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു. തുടര്‍ന്ന് ഹോണ്ട എന്‍.സി. 750 യു.കെ.യില്‍നിന്ന് വാങ്ങി യാത്ര തുടര്‍ന്നു. ഒരുദിവസം 300 മുതല്‍ 780 കിലോമീറ്റര്‍ വരെയായിരുന്നു സഞ്ചാരം. ക്രൊയേഷ്യ, റൊമേനിയ എന്നിവിടങ്ങളില്‍ ചെറിയ രണ്ട് അപകടങ്ങളെയും നേരിട്ടു. പരിക്കൊന്നും ഏറ്റില്ല.
പതിനൊന്നാം വയസ്സില്‍ മുളപൊട്ടിയ ലോകസഞ്ചാരമെന്ന മോഹം സാര്‍ഥകമാക്കാന്‍ ജോസ് ഇറങ്ങുന്നത് പ്രായം അറുപതിലേക്കെത്തുമ്പോഴാണ്. അമേരിക്കയില്‍ ഐ.ടി. പ്രൊഫഷണലായിരുന്ന ജോസ് തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികൂടിയാണ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ യാത്രാവിവരങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട് അദ്ദേഹം.
വേണം കാര്‍നെ
രാജ്യാതിര്‍ത്തികള്‍ കടക്കാന്‍ മനുഷ്യര്‍ക്ക് പാസ്പോര്‍ട്ട് പോലെ ബൈക്കിന് വേണ്ടിവന്നത് കാര്‍നെ (രമൃില)േ സര്‍ട്ടിഫിക്കറ്റാണ്. മുംൈബയിലെ വെസ്റ്റേണ്‍ ഇന്ത്യ ഓട്ടോമൊബൈല്‍ അസോസിയേഷനാണ് ഇതു നല്‍കുന്നത്. രണ്ടുലക്ഷം രൂപയാണ് ഇതിനായി െകട്ടിവയ്‌ക്കേണ്ടി വന്നത്. വണ്ടിയുടെ വില അനുസരിച്ചാണ് തുക നിശ്ചയിക്കുക. യാത്ര പൂര്‍ത്തിയാകുമ്പോള്‍ ഇതു തിരികെ ലഭിക്കും. മിക്കരാജ്യങ്ങളിലെയും യാത്രയ്ക്ക് ഇതുമതി. കാര്‍നെ ബാധകമല്ലാത്ത അപൂര്‍വം രാജ്യങ്ങളില്‍ ബൈക്കിന്റെ ഇറക്കുമതിനികുതി അടച്ചുവേണം അകത്തുകയറാന്‍. ഇതു ചെലവു കൂടിയതും തിരിച്ചുകിട്ടാത്തതുമാണ്.
Content Highlights: Thrissur Native jose travel 62 countries in two years by motorcycle