സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടമായിരുന്നോ? കേരളത്തിന്റെ വൃത്തി നഗരം തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോള്‍

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയെന്ന കുഞ്ഞുനഗരമാണ് ഇപ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. വയനാട്ടില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റി ഗണപതിവട്ടമെന്നാക്കുമെന്ന ബി.ജെ.പി സ്ഥാനാർഥി കെ.സുരേന്ദ്രന്റെ പ്രസ്താവനയാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ബി.ജെ.പി പരീക്ഷിച്ച് വന്‍ വിജയം നേടിയ പേരുമാറ്റല്‍ രാഷ്ട്രീയം ബത്തേരിയിലെ സുല്‍ത്താനിലൂടെ കേരളത്തിലും ഇറക്കിയിരിക്കുകയാണ് ബി.ജെ.പി. ഇത് ആദ്യമായല്ല ബി.ജെ.പി സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുന്നത്. വര്‍ഷങ്ങളായി ആര്‍.എസ്.എസ്-ബി.ജെ.പി പോസ്റ്ററുകളിലും പരിപാടികളിലും സുല്‍ത്താന്‍ ബത്തേരിക്ക് പകരം ഗണപതിവട്ടമെന്ന പേരാണ് ഉപയോഗിക്കുന്നത്. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ബത്തേരിയിലെ ക്ഷേത്ര പരിപാടികളുടെ പോസ്റ്ററുകളിലും ഗണപതിവട്ടമെന്ന പേരുപയോഗിക്കുന്നു. 1984ല്‍ തന്നെ ബി.ജെ.പി ദേശീയ നേതാവായിരുന്ന പ്രമോദ് മഹാജൻ ബത്തേരി ഗണപതിവട്ടമാക്കണമെന്ന ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം.പിയായി വിജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയെ ഗണപതിവട്ടം എന്ന് പേരുമാറ്റുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കൂടിയായ കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ഥ പേര് ഗണപതി വട്ടമാണെന്ന് പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തിലും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ''സുല്‍ത്താന്‍ ബത്തേരിയല്ല സാര്‍, അത് ഗണപതിവട്ടമാണ്. സുല്‍ത്താന്‍ വന്നിട്ട് എത്ര കാലമായി. അതിനുമുമ്പ് ആ സ്ഥലമുണ്ടായിരുന്നില്ലേ. അതിന് പേരുണ്ടായിരുന്നില്ലേ. അത് ആര്‍ക്കാ അറിയാത്തത്. ഞാനത് ആവര്‍ത്തിച്ചുവെന്നേയുള്ളൂ. ടിപ്പുവിന്റെ അധിനിവേശം കഴിഞ്ഞിട്ടെത്ര കാലമായി. അതിനുമുമ്പ് ഈ നാട്ടില്‍ ആള്‍ക്കാരൊന്നും ഉണ്ടായിരുന്നില്ലേ. സ്ഥലനാമങ്ങളൊന്നും ഉണ്ടായിരുന്നില്ലേ. ഗണപതിവട്ടം ക്ഷേത്രമുണ്ടായിരുന്നില്ലേ. എന്താണ് നിങ്ങളിത്ര മഹാ അദ്ഭുതമായി പറയുന്നത്. ഇത് ഞാന്‍ പറഞ്ഞതാണോ.'' - സുരന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധിനിവേശ ശക്തികളും കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് സുല്‍ത്താന്‍ ബത്തേരിയുടെ വക്താക്കളെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മതപരിവര്‍ത്തനവും ക്ഷേത്രധ്വംസനങ്ങളും പടയോട്ടങ്ങളും നടത്തിയ ഒരാളുടെ പേരില്‍ കേരളത്തിലെ ഒരു നഗരം അറിയപ്പെടരുതെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍ ചരിത്രം തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെഴുതാന്‍ സംഘപരിവാര്‍ ദേശീയ തലത്തില്‍ നടത്തുന്ന ശ്രമത്തിന്റെ തുടര്‍ച്ചയാണ് സുല്‍ത്താന്‍ ബത്തേരിക്കെതിരായ ആക്രമണമെന്നാണ് വിമര്‍ശകരുടെയും ഇടത്-വലത് മുന്നണികളുടെയും പക്ഷം.
Content Highlights: sulthan bathery, ganapathivattam, name controversy, wayanad history