യൂറോപ്പിൽ സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടങ്ങളിലൊന്ന്; സഗ്രാഡ ഫമിലിയ ബസലിക്കയിലേക്കൊരു യാത്ര

ഒരേ സമയം നിഗൂഢമെന്നും, അത്ര തന്നെ സരളമെന്നും തോന്നിപ്പിക്കുന്ന ഒരു മാന്ത്രിക നിർമിതി. സഗ്രാഡ ഫമിലിയ ബസലിക്ക, ആന്റണി ഗൗഡി എന്ന വിഖ്യാത ശില്പിയുടെ സ്വപ്ന പദ്ധതിയായിരുന്നു 1882-ൽ നിർമാണം തുടങ്ങിയ ഈ ദേവാലയം. 172.5 മീറ്റർ (566 അടി) ഉയരത്തിലുള്ള 'ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്' എന്ന ദേവാലയഗോപുരത്തിന്റെ നിർമാണം പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രൈസ്തവ ദേവാലയമായി ലാ സഗ്രാഡ ഫമിലിയ ബസലിക്ക മാറി. ഗൗഡിയുടെ ചരമശതാബ്ദിയോട് അനുബന്ധിച്ച് 2026 ജൂൺ 10-ന് ലിയോ പതിനാലാമൻ മാർപാപ്പ ആശീർവദിച്ച് ദേവാലയം ലോകത്തിനു സമർപ്പിച്ചു. ബാർസലോണയിലെ മാത്രമല്ല യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിലൊന്നായി ഇവിടം മാറിയിട്ട് കാലങ്ങൾ ഏറെയായി. ബാഴ്സലോണയിലെ സഗ്രാഡ ഫമിലിയ ബസലിക്ക എന്ന ആ മനോഹരമായ ദേവാലയം സന്ദർശിച്ചതിന്റെ വിശേഷങ്ങൾ നോക്കാം.
താമസിച്ചിരുന്ന ഇബിസ് ഹോട്ടലിൽ നിന്ന് ബ്രേക്ക്ഫാസ്റ്റിന് ശേഷം കാഴ്ചകൾക്കായി രാവിലെ തന്നെ ഇറങ്ങി. സഗ്രാഡ ഫാമിലിയ എന്ന വിഖ്യാതമായ ദേവാലയമാണ് ആദ്യ ലക്ഷ്യം. നല്ല തണുപ്പുള്ള കാലാവസ്ഥ. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ ഏകദേശം രണ്ട് കിലോമീറ്റർ ദൂരമുണ്ട് അവിടേയ്ക്ക്, നടക്കാൻ തന്നെ തീരുമാനിച്ചു. മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ച സുന്ദരമായ നടപ്പാതകൾ. ടൗൺ പ്ലാനിങ്ങിന്റെ ഏറ്റവും സുന്ദരമായ ഉദാഹരണങ്ങളിൽ ഒന്നായ, ആരെയും കൊതിപ്പിക്കുന്ന ബാഴ്‌സലോണ നഗരം സ്‌പെയിനിലെ കാറ്റലോണിയ മേഖലയിലാണുള്ളത്. ഗൗഡിയുടെ മാസ്റ്റർപീസായ സഗ്രാഡ ഫാമിലിയയുടെ ഗോപുരങ്ങൾ ദൂരെ നിന്നു തന്നെ കാണാൻ സാധിച്ചു. ഏകദേശം 20 മിനിറ്റ് നടന്ന് പള്ളിയുടെ സമീപമെത്തി.
'ദൈവത്തിന്റെ വാസ്തുശില്പി' (God's Architect) എന്നറിയപ്പെടുന്ന പ്രതിഭാധനനായ ആന്റണി ഗൗഡി 1883ൽ ആണ് സഗ്രാഡ ഫാമിലിയയിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. പള്ളിയുടെ ആദ്യ പ്ലാനായ നിയോ-ഗോഥിക് ശൈലിയിൽ ഗൗഡി മാറ്റങ്ങൾ വരുത്തി പാരമ്പര്യേതര രൂപകൽപ്പന തിരഞ്ഞെടുക്കുകയായിരുന്നു. നിരവധി എതിർപ്പുകൾ ആദ്യകാലത്ത് ഉണ്ടായിരുന്നുവെങ്കിലും ഗൗഡിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അതെല്ലാം കീഴടങ്ങുകയായിരുന്നു. യൂറോപ്പിലെ നിലവിലുണ്ടായിരുന്ന ദേവാലയങ്ങളുടെ ഘടനയിൽനിന്ന് വ്യത്യസ്തമായി സൂക്ഷ്മവും പ്രകടമല്ലാത്തതുമായ ഫാന്റസ്മാഗോറിക് ഘടകങ്ങൾ ആണ് ഇവിടെയുള്ളത്. സഗ്രാഡ ഫാമിലിയയുടെ ബാഹ്യഭാഗം സങ്കീർണമായ ഗോപുരങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു, യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വളരെ സൂക്ഷമവും വിശദവുമായ ശിൽപ ചിത്രീകരണങ്ങൾ, കാലിഡോസ്‌കോപ്പിക് ആകൃതികൾ എന്നിവയാൽ അലംകൃതമാണത്.
സഗ്രാഡ ഫമിലിയക്ക് മൂന്ന് മുഖങ്ങളുണ്ട്- നേറ്റിവിറ്റി, പാഷൻ, ഗ്ലോറി ഫേയ്‌സുകൾ. നേറ്റിവിറ്റി ഫെയ്സ് ഗൗഡി തന്നെ പൂർത്തിയാക്കി. പാഷൻ ഫേയ്‌സും ഗ്ലോറി ഫേയ്‌സും പിന്നീടാണ് നിർമിച്ചത്. 18 ഗോപുരങ്ങളാണ് ഈ ദേവാലയത്തിലുള്ളത്. 12 എണ്ണം അപ്പോസ്തലന്മാരെ പ്രതിനിധീകരിക്കുന്നതും, നാലെണ്ണം സുവിശേഷകരെ പ്രതിനിധീകരിക്കുന്നതും, ഒന്ന് കന്യാമറിയത്തിനെയും, മധ്യത്തിൽ ഏറ്റവും ഉയർന്നത് യേശു ക്രിസ്തുവിനെയും പ്രതിനിധീകരിക്കുന്നു. ഇതിനു 172.5 മീറ്റർ ഉയരമാണുള്ളത്. 173 മീറ്റർ ഉയരമുള്ള ബാർസലോണ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ മോണ്ട്ജൂയിക്കിനെക്കാൾ താഴെ ആയിരിക്കണം മനുഷ്യസൃഷ്ടിയുടെ ഉയരം എന്ന ചിന്തയാണ് ഗൗഡിയെ ഈ തീരുമാനത്തിലെത്തിച്ചത്. ഭൂമിശാസ്ത്രപരമായി ബാർസലോണയുടെ മധ്യഭാഗത്തായാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഞാൻ പള്ളിക്ക് ചുറ്റും ഒന്നു നടന്നു. ചിതൽപ്പുറ്റുകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടതാണോയെന്ന് സംശയം ജനിപ്പിക്കുന്ന തരം വിഭ്രമാത്മക നിർമ്മാണ ശൈലി!
ഒരു നിർമിതിക്കായി 150-ൽ പരം വർഷങ്ങൾ തീർച്ചയായും ഒരു നീണ്ട സമയമാണ്. സഗ്രാഡ ഫമിലിയ പൂർത്തിയാകുമ്പോൾ ഈജിപ്ഷ്യൻ പിരമിഡുകളേക്കാൾ കൂടുതൽ സമയമെടുത്ത് നിർമിച്ച നിർമിതിയാകും ഇത്. 1882-ൽ നിർമാണം ആരംഭിച്ചപ്പോൾ ഒരു റോമൻ കത്തോലിക്കാ ദേവാലയമായി ആയിരുന്നു പദ്ധതിയിട്ടത്. പിന്നീട് ഏകദേശം പണികൾ പൂർത്തിയായപ്പോൾ 2010-ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ സഗ്രാഡ ഫമിലിയയെ ബസിലിക്കയായി പ്രഖ്യാപിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മാണത്തിന്റെ ആരംഭവേളയിൽ പദ്ധതിക്കായി ആശ്രയിക്കാൻ കമ്പ്യൂട്ടറുകളോ ഇന്നത്തെ സാങ്കേതിക വിദ്യകളോ ഇല്ലായിരുന്നു. ഇതിന്റെ കൂറ്റൻ ഘടന ശരിയായി കൂട്ടിച്ചേർക്കാൻ പേപ്പർ സ്‌കെച്ചുകളെയും ക്ലേ മോഡലുകളെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പള്ളിയുടെ നിർമാണ ചുമതല ഗൗഡി ഏറ്റെടുത്ത് നിർമാണം തുടങ്ങുകയും നീണ്ട 43 വർഷക്കാലം അദ്ദേഹം അതിന് അക്ഷീണം നേതൃത്വം നൽകുകയും ചെയ്തു.
1926 ജൂൺ 10-ന് ഗൗഡി ഒരു ട്രാം അപകടത്തിൽ മരണപ്പെട്ടപ്പോൾ ദേവാലയത്തിന്റെ നാലിലൊന്ന് നിർമാണം മാത്രമേ പൂർത്തിയായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മരണശേഷം ഏതാനും വർഷങ്ങൾ പണി മുടങ്ങുകയും ചെയ്തു. പിന്നീട് പല കാലഘട്ടങ്ങളിലും ധാരാളം എതിർപ്പുകൾ ഈ നിർമിതിക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്. നിർമാണം നിത്തിവെക്കുന്നമറ്റു സാഹചര്യങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. കോവിഡ് മൂലവും നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയിരുന്നു. അതെല്ലാം അതിജീവിച്ചാണ് 2026-ൽ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ നടന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളുടെ സംഭാവനകളും ദിവസേന എത്തുന്ന ആയിരക്കണക്കിന് ടൂറിസ്റ്റുകളുടെ പ്രവേശന ഫീസുമാണ് നിർമിതിക്കുള്ള സാമ്പത്തിക സ്രോതസ്. അങ്ങനെ ഇവിടേയ്ക്ക് കയറാൻ ടിക്കറ്റെടുത്ത ഞാനും ഇതിന്റെ നിർമാണത്തിൽ പങ്കാളിയായി എന്നൊരു ചാരിതാർത്ഥ്യം മനസ്സിൽ നിറഞ്ഞു.
ക്യൂവിൽ നിന്ന് ദേഹപരിശോധനയ്ക്കുശേഷം ഞാൻ പള്ളിയങ്കണത്തിലേക്ക് പ്രവേശിച്ചു. ദേവാലയം പൂർത്തീകരിക്കുമ്പോൾ എങ്ങനെയിരിക്കും എന്നു കാട്ടിത്തരുന്ന ഒരു മോഡൽ അവിടെ കണ്ടു. കിഴക്ക് വശത്തുള്ള ദേവാലയത്തിന്റെ കവാടത്തിന് മുന്നിൽ എത്തി. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ബൈബിൾ കഥകൾ അതിശയിപ്പിക്കുന്ന ശില്പകലയിലൂടെ ജീവൻ തുടിക്കുന്നത് അവിടെ കാണാൻ സാധിക്കും. പ്രകൃതിയിലെ ജീവജാലങ്ങൾ, മരങ്ങൾ, പൂക്കൾ എന്നിവയുടെ രൂപങ്ങൾ കല്ലിൽ കൊത്തിവെച്ചിരിക്കുന്നത് അത്ഭുതത്തോടെ നോക്കിനിന്നു. ആന്റണി ഗൗഡി നേരിട്ട് പണിതുയർത്തിയ ഭാഗമാണിത്. പ്രാർത്ഥനയോടെ പള്ളിക്കുള്ളിലേക്ക് പ്രവേശിച്ചു. നല്ല തിരക്കുണ്ടായിരുന്നുവെങ്കിലും ശാന്തസുന്ദരവും പ്രാർത്ഥനാനിർഭരവുമായ അന്തരീക്ഷം. 4500 ച. മീറ്റർ വിസ്തൃതിയുള്ള ഈ ദേവാലയത്തിൽ 8000 പേർക്ക് ഒരു സമയം പ്രാർത്ഥനാസൗകര്യമുണ്ട്.
പ്രകൃതി ഈ ദേവാലയത്തിന്റെ രൂപകല്പനയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് ദേവാലയത്തിനുള്ളിൽ നിൽക്കുമ്പോൾ നമ്മൾക്ക് മനസ്സിലാകും. വാസ്തുശില്പിയും ഒപ്പം കലാകാരനുമായ ഗൗഡി സുന്ദരമായ ഈ ദേവാലയഘടനയുടെ ഓരോ ഭാഗങ്ങളും മതചിഹ്നങ്ങൾ കൂടാതെ പ്രകൃതിയെയും സന്നിവേശിപ്പിച്ച് പ്രതീകാത്മകമായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു വനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന തൂണുകളും മേൽക്കൂരയും. ഭൂമിയെയും കടലിനെയും പ്രതിനിധീകരിക്കുന്ന ഒരു ആമയും കടലാമയും ഈ തൂണുകൾ ഉയർത്തിപ്പിടിക്കുന്നതായി കാണാം. മനോഹരമായ സ്റ്റെയിൻഡ് ഗ്ലാസ് ജാലകങ്ങളിലൂടെ പല വർണത്തിൽ പ്രകാശം അരിച്ചിറങ്ങുന്നു. ഭക്തിസാന്ദ്രവുമായ അന്തരീക്ഷം. വിശുദ്ധ പൗലോസിനെയും പത്രൊസിനെയും പ്രതിനിധീകരിക്കുന്ന രണ്ടു തൂണുകൾ ഉള്ള പ്രധാന അൾത്താര. ക്രൂശിതനായ ക്രിസ്തുവിന്റെ വലിയ ശിൽപം കാണാം. പരമ്പരാഗത പള്ളികളിൽ കാണുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തവും സവിശേഷവുമായ ശില്പഭംഗിയുള്ള ഒന്നായിരുന്നു അത്.
ക്രൂശിതരൂപം അൾത്താരയ്ക്ക് മുകളിലായി വായുവിൽ തൂങ്ങിനിൽക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരമ്പരാഗത രൂപങ്ങളിൽ കാണുന്ന കഠിനമായ വേദനയുടെ ഭാവത്തിന് പകരം, ക്രൂശിതനായ യേശു സ്വർഗത്തിലേക്ക് നോക്കുന്ന രീതിയിലാണ് ഈ ശില്പം കൊത്തിയെടുത്തിട്ടുള്ളത്. മരണത്തിന്മേലുള്ള വിജയത്തെയും പുനരുത്ഥാനത്തെയുമാണ് ഈ ഭാവം സൂചിപ്പിക്കുന്നത്. പ്രശസ്ത ശില്പിയായ ഫ്രാൻസെസ്‌ക് ഫജുല (Francesc Fajula) ആണ് ഈ ക്രൂശിതരൂപം രൂപകൽപന ചെയ്തത്. സ്പാനിഷ് ഭാഷയിൽ അവിടെ അപ്പോൾ ആരാധന നടക്കുന്നുണ്ടായിരുന്നു, കുറച്ചു സമയം ഞാൻ ആരാധയിൽ പങ്കെടുത്തു. പിന്നീടു ദേവാലയത്തിന്റെ എല്ലാ ഭാഗങ്ങളും നടന്നു കണ്ടതിനുശേഷം പള്ളിയുടെ പടിഞ്ഞാറ് വശത്തുള്ള കവാടത്തിൽ എത്തി. അവിടെ നിൽക്കുമ്പോൾ തികച്ചും വ്യത്യസ്തമായ, ലളിതവും എന്നാൽ വ്യത്യസ്തമായ രൂപങ്ങളിലുള്ള ശില്പങ്ങളാണ് കാണാൻ കഴിയുക. ക്രിസ്തുവിന്റെ ക്രൂശീകരണവും കഷ്ടാനുഭവങ്ങളും ആവിഷ്‌കരിക്കുന്ന, കല്ലിൽ കൊത്തിയെടുത്ത തീക്ഷ്ണമായ വേദനയുടെ ഭാവങ്ങളാണ് ഇവിടുത്തെ കാഴ്ച.
ദേവാലയത്തിന്റെ ബേസ്മെന്റിലുള്ള മ്യൂസിയത്തിലേക്കാണ് പിന്നീട് പോയത്. ഇവിടെ ദേവാലയ നിർമിതിയുടെ നാൾവഴികൾ നമുക്ക് കാണാം. ഗൗഡി ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ച സങ്കേതങ്ങൾ എല്ലാം ഭംഗിയായി വിശദമാക്കിയിരിക്കുന്നു. അവിടെനിനിന്നിറങ്ങി സുവനീർ ഷോപ്പിൽ കയറി കുറച്ചു ദേവാലയത്തോട് അനുബന്ധമായുള്ള സുവനീറുകൾ വാങ്ങിയത്തിന് ശേഷം സഗ്രാഡ ഫമിലിയ ദേവാലയത്തോട് യാത്ര പറഞ്ഞു. ഗൗഡി തന്നെ രൂപകൽപ്പന ചെയ്ത പാർക്ക് ഗ്യൂയെലിലേക്കാണ് ഇനി പോകുന്നത്. പ്രശസ്തമായ ട്രെൻകാഡിസ് ടെറസിലെ നീളൻ ഇരിപ്പിടവും ഗൗളി ശില്പവും അവിടെയാണ്.
സ്പാനിഷ് കാറ്റലോണിയൻ നഗരമായ ബാഴ്സലോണയിൽ ഗൗഡിയുടെ പ്രാധാന്യം നാളുകൾ കഴിയുംതോറും വർധിച്ചു വരുകയാണ്. ബാഴ്സലോണ സന്ദർശിക്കുന്ന ഏതൊരാൾക്കും ആന്റണി ഗൗഡിയുടെ (Antony Gaudi) നിർമിതികൾ കണ്ട് അത്ഭുതസ്തബ്ദരായി അല്ലാതെ അവിടെ നിന്ന് തിരികെ പോകുവാൻ സാധിക്കുകയില്ല. ബാഴ്സലോണയിലുടനീളം വ്യത്യസ്തവും സങ്കീർണവുമായ നിർമിതികൾ കൊണ്ട് പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ വാസ്തുശില്പികളിൽ ഒരാളായി മാറിയ പ്രതിഭയാണ് ആന്റണി ഗൗഡി. ആർട്ട് നൗവുവിന്റെയും മോഡേണിസത്തിന്റെയും മുഖ്യ വക്താവായി അദ്ദേഹം ഇന്നും തുടരുന്നു. ബാഴ്‌സലോണയിലും സമീപപ്രദേശങ്ങളിലുമായി നിരവധി കെട്ടിടങ്ങൾ അദ്ദേഹം രൂപകൽപ്പന ചെയ്തു. അദ്ദേഹത്തിന്റെ കാലങ്ങളെ അതിജീവിച്ച പ്രതിഭ എടുത്തുകാണിക്കുന്ന ഏറ്റവും പ്രശസ്തമായ ഏഴ് നിർമിതികളായ ലാ സഗ്രഡ ഫാമിലിയ, പാർക്ക് ഗ്യൂയെൽ, പാലാസിയോ ഗ്യൂയെൽ, കാസ മില, കാസ വിസെൻസ്, കാസ ബറ്റ്ലോ, കൊളോണിയ ഗ്യൂയെല്ലിലെ ക്രിപ്റ്റ് എന്നിവടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളായി ഇവയെല്ലാം തിരഞ്ഞെടുത്തിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.
1852-ൽ ജൂൺ 25ന് കാറ്റലോണിയൻ നഗരമായ റിയൂസിലാണ് ഗൗഡി ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം വാതസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. സ്പാനിഷ് പട്ടണമായ റിയൂഡോംസിലെ വാസസമയത്ത് അദ്ദേഹം പ്രകൃതി നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി കൂടുതൽ സമയം ചെലവഴിച്ചിരുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങൾ അദ്ദേഹത്തിന്റെ വാസ്തുവിദ്യാ ശൈലി രൂപപ്പെടുത്തിയതായി വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഘടനകളുടെ ബയോമോർഫിക് രൂപങ്ങൾക്ക് ഇത് അടിത്തറയിട്ട് കാണണം.
സൃഷ്ടികളുടെ എണ്ണത്തിലല്ല, മറിച്ച് അവയുടെ സങ്കീർണതയുടെയും വ്യത്യസ്തമായ സൗന്ദര്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഗൗഡി കാലാതീതനാകുന്നത്. അദ്ദേഹത്തിന്റെ വിചിത്രമായ ശൈലികൾ ഇരുപതാം നൂറ്റാണ്ടിലെ വാസ്തുവിദ്യാ അതിരുകളെ ഇല്ലാതാക്കി. വിവിധ ശൈലികൾ വിജയകരമായി അദ്ദേഹം സംയോജിപ്പിച്ചു. ആർട്ട് നോവു, ഗോഥിക്, ഒറിയന്റൽ, മൂറിഷ്, സർറിയൽ, ഏഷ്യൻ, അറബ്, അങ്ങനെ വിവിധ നിർമാണരീതികൾ സന്നിവേശിപ്പിച്ച ഒരു മാജിക്കൽ റിയലിസമായിരുന്നു അദ്ദേഹത്തിന്റെ ഓരോ നിർമിതികളും. കവിതകൾ പോലെ മനോഹരമായ തന്റെ നിർമിതികൾക്കായി സെറാമിക്‌സ്, സ്റ്റെയിൻഡ് ഗ്ലാസ്, മൊസൈക്, ഇരുമ്പ്, ഫോർജ്ട് സ്റ്റീൽ, മരം, കല്ല് തുടങ്ങിയവ കരകൗശലവസ്തുക്കളുമായി സമന്വയിപ്പിച്ച് പരീക്ഷണങ്ങൾ വിജയകരമായി നടത്തി. അദ്ദേഹത്തിന്റെ വലിയ ദൗത്യങ്ങൾക്ക് ധാരാളം കലാകാരന്മാരുടെയും ആർക്കിടെക്റ്റുകളുടെയും കരകൗശല വിദഗ്ധരുടെയും ഇടപെടൽ ആവശ്യമായിരുന്നു. ഗൗഡി എല്ലായ്പ്പോഴും ഒരു വഴികാട്ടിയായി നിന്നുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച ഏവരുടെയും വ്യക്തിഗത കഴിവുകൾ പരമാവധി പ്രകടിപ്പിക്കാൻ അനുവദിച്ചു.
പ്രശസ്തിയുടെയും പ്രതിഭയുടെയും ഉത്തുംഗത്തിൽ നിൽക്കുമ്പോഴും ലളിതജീവിതം നയിച്ച ഒരു വ്യക്തിത്വമായിരുന്നു ഗൗഡിയുടേത്. സസ്യഭുക്കായി ജീവിച്ച അദ്ദേഹം അവിവാഹിതനുമായിരുന്നു. 1926 ജൂൺ 7ന് സഗ്രാഡ ഫാമിലിയയിലെ അന്നത്തെ ജോലിക്ക് ശേഷം സമീപമായുള്ള പള്ളിയിലേക്കുള്ള സായാഹ്ന സവാരിക്കിടയിൽ അദ്ദേഹത്തെ ഒരു ട്രാം ഇടിക്കുകയുണ്ടായി. സാധാരണമായ വസ്ത്രധാരണം കാരണം അജ്ഞാതനായ ഒരു യാചകൻ എന്ന് കരുതി വൈകിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവിടെവച്ച് ജൂൺ 10-ന് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബാഴ്സലോണയിൽ വൻ ജനക്കൂട്ടമാണ് ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. തുടർന്ന് സഗ്രാഡ ഫാമിലിയയുടെ ക്രിപ്റ്റിൽ അദ്ദേഹത്തെ അടക്കം ചെയ്തു. ഗൗഡിക്ക് ആകസ്മികമരണം സംഭവിച്ചുവെങ്കിലും ആധുനിക വാസ്തുവിദ്യയിലും കലാചരിത്രത്തിലും അദ്ദേഹത്തിന്റെ അടയാളം മായാത്തതായി മാറി. നല്ലൊരു ദേശസ്‌നേഹിയും തികഞ്ഞ ക്രൈസ്തവ വിശ്വാസിയുമായിരുന്ന ഗൗഡിയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ സ്‌പെയിനിലെ കത്തോലിക്കാസഭ ആരംഭിച്ചിട്ടുണ്ട്.
ബാർസലോണയുടെ ക്രൈസ്തവ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകവും ശില്പകലയുടെ ഭംഗി വിളിച്ചോതുന്നതുമായ ഒരു പുണ്യ സ്ഥലമാണ് ഈ ദേവാലയം എന്നതിൽ സംശയമില്ല. ഇതിൽ ഗൗഡിയെന്ന വിഖ്യാത ശില്പിയുടെ വളരെ വ്യത്യസ്തവും സൂക്ഷ്മവുമായ വാസ്തുവിദ്യാശൈലി ഏവരെയും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. സുന്ദരമായ സഗ്രാഡ ഫാമിലിയ ദേവാലയത്തിലൂടെ ഗൗഡി നമ്മളെ ഒരു വിചിത്ര ഭാവനാലോകത്തേക്ക് ദൈവീകതയോടെ കൂട്ടികൊണ്ടു പോകുകയാണ് ചെയ്യുന്നത്!
Content Highlights: Comprehensive guide to the Sagrada Familia basilica in Barcelona., Details on the architectural genius of Antoni Gaudi., Insight into the 2026 completion and the basilica's historical timeline., Practical tips for visitors, including the three distinct facades., Cultural significance of Gaudi's UNESCO World Heritage sites.