മല കയറിയ വണ്ടിയും മലയിറങ്ങുന്ന തണുപ്പും; നൂറ്റാണ്ടിനുശേഷം ഊട്ടി ബാക്കി വെക്കുന്നത്

#രമേഷ്‌കുമാര്‍ വെള്ളമുണ്ട
നീലഗിരി മൗണ്ടൻ റെയിൽവേ| ഫോട്ടോ: ദത്തന്‍ പുനലൂര്‍
നീലഗിരി മൗണ്ടൻ റെയിൽവേ| ഫോട്ടോ: ദത്തന്‍ പുനലൂര്‍

താഴ്‌വാരങ്ങളില്‍ നിന്നും മാനം മുട്ടെ വളര്‍ന്ന് നീലഗിരിയുടെ ഉയരങ്ങളിലേക്ക് ഒരു തീവണ്ടി കൂകി പാഞ്ഞു തുടങ്ങിയിട്ട് 115 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഒരു നൂറ്റാണ്ട് മുന്‍പ്‌, അസംഭവ്യമെന്നായിരുന്നു കേട്ടവരൊക്കെയും ആവര്‍ത്തിച്ചു പറഞ്ഞത്. പക്ഷെ അയാള്‍ക്ക് സംശയമുണ്ടായിരുന്നില്ല. എന്റെ വണ്ടി കിതപ്പുപോലുമില്ലാതെ ഇതെല്ലാം ഓടിക്കയറുമെന്ന് പറഞ്ഞ ആ മനുഷ്യന്‍ ഇന്നില്ല. പക്ഷെ നീലിമയാര്‍ന്ന താഴ്​വാരത്തിലേക്ക് നോക്കി ഇപ്പോള്‍ ഇങ്ങനെ പറയുന്നുണ്ടാവും.. 'ഇതാണ് ഞാന്‍ പറഞ്ഞ പര്‍വത തീവണ്ടി'. ഇനിയും തളരാതെ ഓട്ടം തുടരുകയാണ് പര്‍വത തീവണ്ടി. ഉദകമണ്ഡലത്തിന്റെ നെറുകയില്‍ നിന്നും കാലത്തെ തോല്‍പ്പിച്ച് നിതാന്തമായൊരു യാത്ര.
    
1882 ലെ ഒരു ശരത്കാലം. ആര്‍തര്‍ റിഗന്‍ബാക് എന്ന സ്വിസ് എന്‍ജിനീയറെ ബ്രീട്ടീഷ് ഇന്ത്യ ഊട്ടിയിലേക്ക് ക്ഷണിച്ചു വരുത്തി. പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ഉദകമണ്ഡലമെന്ന മദ്രാസ് ഗവണ്‍മെന്റിന്റെ ആസ്ഥാനത്തിന് ഒരു റെയില്‍പാത വേണം. ഇതായിരുന്നു ആവശ്യം. യുറോപ്പിന് തുല്യമായ കാലാവസ്ഥയുള്ള ആ മനോഹര രാജ്യത്ത് ആധിപത്യമുറപ്പിക്കാനുള്ള ദൗത്യം കൂടിയായിരുന്നു ഇത്. റെയില്‍പ്പാതയ്ക്കായി ഒരു പ്രൊജക്ട് ഈ എന്‍ജിനീയര്‍ തയ്യാറാക്കി നല്‍കിയതോടെ തീവണ്ടിയുടെ ചൂളംവിളികള്‍ക്കായി ഈ മലയോരം കാത്തിരുന്നു തുടങ്ങി. ദി നീലഗിരി റിഗ്ഗി റെയില്‍ കമ്പനി അങ്ങനെ സ്ഥാപിക്കപ്പെട്ടു. പക്ഷെ ചുവപ്പുനാടകളില്‍ കുടുങ്ങിയ നീലഗിരിയുടെ പ്രതീക്ഷകള്‍ പൂവണിയാന്‍ പിന്നെയും കാലമെടുത്തു. സര്‍ ആര്‍തര്‍ ലെയ്‌ലി, ബാരന്‍ വെന്‍ലോക്, ബെയ്ല്‍ബി ലെയ്‌ലി എന്നിവര്‍ നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി 1891 ല്‍ റെയില്‍ പണികള്‍ പുനഃരാരംഭിച്ചു. എട്ടു വര്‍ഷം പിന്നിട്ടപ്പോള്‍ മേട്ടുപാളയം-കൂനൂര്‍ പാത പൂര്‍ത്തിയായി. 1903 ല്‍ കമ്പനിയില്‍ നിന്നും ഈ പാത സര്‍ക്കാര്‍ ഏറ്റെടുത്തു. കൂനൂരില്‍ നിന്നും ഉദകമണ്ഡലത്തിലേക്കുള്ള പാതയും ഇതോടെ യാഥാര്‍ത്ഥ്യമായി. മദ്രാസ് റെയില്‍വെ കമ്പനിക്കായിരുന്നു ഇക്കാലത്ത് പ്രവര്‍ത്തന ചുമതല. 1908 ഒക്‌ടോബര്‍ 15ന് അന്നത്തെ മദ്രാസ് ഗവര്‍ണര്‍ സര്‍ ആര്‍തര്‍ ലെയ്‌ലി പാത ഒദ്യോഗികമായി തുറന്നു കൊടുത്തതോടെ പര്‍വത വണ്ടിയുടെ അവിശ്രമ യാത്രകള്‍ക്ക് തുടക്കമായി. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം ചുവപ്പ് നാടയില്‍ കുരുങ്ങിപ്പോയ സ്വപ്നങ്ങള്‍ക്ക് ഒടുവില്‍ സാക്ഷാത്കാരം.

മഴയും  വെയിലും മാറി മാറി പോകുമ്പോഴും അസ്ഥി തുളയ്ക്കുന്ന തണുപ്പുമായി കാലത്തെ പിന്നിലാക്കിയ ചരിത്രം ഈ കല്‍ക്കരി വണ്ടിക്കും പറയാനുണ്ടാകും. വളഞ്ഞും പുളഞ്ഞും മലകയറി പോകുന്ന വഴികള്‍. ചില്ലു ജാലകത്തിലൂടെ എന്നും പുതുമയുള്ള കാഴ്ചകളിലേക്ക് കണ്ണും തുറന്ന് ഇരുട്ടിന്റെ പാതാളത്തിയൂടെ ഊളിയിട്ട് ഇന്നും കൂനൂരിലെത്തുന്നു ഈ പര്‍വത തീവണ്ടി. ഓരോ വ്യാഴവട്ടത്തിന്റെ ഇടവേളകളും കൂറിഞ്ഞിപ്പൂക്കള്‍ മലയോരങ്ങളെ നീല പുതപ്പിച്ചപ്പോഴും ആര്‍ത്തുല്ലസിച്ച് ഈ വണ്ടി ഇതിലേ കടന്നുപോയി. നൂറ്റിയെട്ടു വളവുകളും പതിനാറ് തുരങ്കങ്ങളും ഇരുന്നൂറ്റിയമ്പത് പാലങ്ങളും അതിലേറെ കടമ്പകളും പിന്നിട്ട് ഊട്ടിയിലെ ലൗ ഡെയ്ല്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇതിനോട് പ്രണയം മൂത്ത് അനേകം പേര്‍ ഇന്നും  ഇവിടെ കാത്തിരിക്കുന്നുണ്ട്. ഒരു  നൂറ്റാണ്ട് മുമ്പ് തങ്ങളുടെ കൂടാരത്തില്‍ നെരിപ്പോടുകളില്‍ കനലുകള്‍ ഊതി പെരുപ്പിച്ച സായ്പന്‍മാരുടെ ഓര്‍മകളും ജീവിതങ്ങളുമാണ് ഈ വണ്ടിയുടെ പാതകളില്‍ ഇരമ്പുന്നത്. തേയിലയും കാപ്പിയും സിങ്കോണയും നട്ടുപിടിപ്പിച്ച് ഒരായുസ്സിന്റെ മുക്കാല്‍ ഭാഗവും ഇവിടെ ജീവിച്ചവര്‍. തിരിച്ചുപോകാന്‍ കഴിയാതെ ഈ മണ്ണില്‍ മനസ്സലിയിച്ചു ചേര്‍ത്തവര്‍. വിജനമായ തണുപ്പില്‍ ഉറ്റവരാരും മെഴുകുതിരി തെളിക്കാനില്ലാത്ത ഇംഗ്‌ളീഷ് ശ്മശാനങ്ങളെ തലോടി, കാരറ്റു തോട്ടങ്ങളെ നെറുകെ കീറിമുറിച്ച് തോടവംശജരുടെ കുടിലുകള്‍ക്ക് താഴെക്കൂടി ഊട്ടിയുടെ ഹൃദയം തേടി എത്രയെത്ര യാത്രകള്‍. തീപ്പെട്ടികള്‍ പോലെ അടുക്കിവെച്ചപോലെയുള്ള പട്ടണക്കാഴ്ചകള്‍ക്കിടയില്‍ നിന്നും തമിഴ് ഗ്രാമങ്ങളുടെ മനോഹാരിതയിലേക്ക് ആ കല്‍ക്കരിവണ്ടി പാഞ്ഞുകൊണ്ടേയിരിക്കുകയാണ്. അങ്ങകലെ മേട്ടുപാളയമെന്ന ചെന്തമിഴിന്റെ നാട്ടില്‍ നിന്നും അക്ഷമരായി കാത്തുനില്‍ക്കുന്ന വിരുന്നുകാരെയും കൂട്ടി വരാനുള്ള പാച്ചില്‍.

Content Highlights: Nilgiri Mountain Railway Udhagamandalam ooty

Continue reading