കാശ്മീർ മഞ്ഞിൻ താഴ്വരയിലെ നിഗൂഢ സൗന്ദര്യം: ശാന്തി നിറച്ച് മാനസബൽ തടാകം

കശ്മീർ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക ദാൽ തടാകവും അതിലൂടെ നീങ്ങുന്ന ശിക്കാര വള്ളങ്ങളുമായിരിക്കും. എന്നാൽ, തിരക്കുകളിൽ നിന്ന് മാറി, പ്രകൃതിയുടെ യഥാർത്ഥ നിശബ്ദത അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരിക്ക് കാശ്മീർ കരുതിവെച്ചിരിക്കുന്ന ഏറ്റവും മനോഹരമായ രഹസ്യമാണ് മാനസബൽ തടാകം. ശാന്തമായ വെള്ളവും കണ്ണാടിപോലെ തടാകവും ഈ തടാകത്തിന്റെ പ്രത്യേകതയാണ്.
ശ്രീനഗറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ ഗന്ധർബൽ ജില്ലയിലെ മാനസബൽ തടാകത്തിലെത്താം. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ശുദ്ധജല തടാകങ്ങളിൽ ഒന്നാണിത്. ദാൽ തടാകത്തിലെ തിരക്കുകളോ ബഹളങ്ങളോ ഇവിടെയില്ല.
തടാകത്തിനു ചുറ്റും തലയുയർത്തി നിൽക്കുന്ന മഞ്ഞുമൂടിയ മലനിരകളും, തെളിഞ്ഞ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന താമരപ്പൂക്കളും (ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ) കാണാം! തടാകക്കരയിലുള്ള ബി.എസ്.എഫ് (BSF) ക്യാമ്പിനോട് ചേർന്ന് പുതുതായി ആരംഭിച്ച സെറി ടൂറിസം (Seri Tourism) പദ്ധതിയിലൂടെ പട്ടുനൂൽപ്പുഴു വളർത്തലും പട്ടുനിർമ്മാണവും സഞ്ചാരികൾക്ക് അടുത്തറിയാനും സാധിക്കും.
മാനസബലിന്റെ യഥാർത്ഥ ഭംഗി ആസ്വദിക്കേണ്ടത് ശിക്കാര യാത്രയിലൂടെയാണ്. തുഴച്ചിലുകാരന്റെ താളത്തിനൊത്ത് തടാകത്തിലൂടെ സഞ്ചരിക്കാം. തടാകക്കരയിലുള്ള 'ജറോഖ ബാഗ്' (Jarokha Bagh) എന്ന ചരിത്രപ്രസിദ്ധമായ മുഗൾ ഉദ്യാനവും കാണേണ്ടതാണ്. നൂറുദ്ദീൻ ജഹാംഗീറിന്റെ രാജ്ഞിയായ നൂർജഹാൻ നിർമ്മിച്ചതാണ് ഈ ഉദ്യാനം. ഇവിടെയുള്ള വിവിധവർണ പൂക്കളും വലിയ ചിനാർ മരങ്ങളും ആരുടെയും മനംകവരും.
മാനസബലിലെ ഏറ്റവും വലിയ അത്ഭുതം തടാകത്തിൽ പകുതിയോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പുരാതന കൽക്ഷേത്രമാണ്. എട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ശിവക്ഷേത്രം വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്.
തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോൾ ക്ഷേത്രം പൂർണ്ണമായും വെള്ളത്തിനടിയിലാകും. ചുറ്റും കല്ലുകൾ കൊണ്ട് കെട്ടി സംരക്ഷിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഉൾഭാഗത്തേക്ക് തദ്ദേശീയരായ ചിലർ വെള്ളത്തിനടിയിലൂടെ നീന്തിച്ചെന്ന് തിരികെ വരുന്നത് കാണുന്നത് കൗതുകകരമായ കാഴ്ചയാണ്. സഞ്ചാരികൾക്ക് ഉള്ളിലേക്ക് ഇറങ്ങാൻ അനുവാദമില്ല. ശ്രീനഗർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഇവിടേക്ക് ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട്. ശ്രീനഗർ നഗരത്തിൽ നിന്നോ ലാൽ ചൗക്കിൽ നിന്നോ ബാരാമുള്ള/ബന്ദിപോറ റൂട്ടിൽ (Srinagar-Bandipora Road) ടാക്‌സി വിളിച്ചാൽ 50 മിനിറ്റിനുള്ളിൽ (30 km) മാനസബൽ തടാകത്തിലെത്താം. ശ്രീനഗറിലെ മഗാം അല്ലെങ്കിൽ ഗന്ധർബൽ വഴിയുള്ള ലോക്കൽ ബസ്സുകളും ലഭ്യമാണ്.
Content Highlights: Manasbal Lake is one of the deepest freshwater lakes in India, located in the Ganderbal district of Kashmir., Offers a peaceful alternative to crowded tourist spots like Dal Lake with scenic shikara rides., Features historical attractions including the Mughal-era Jarokha Bagh and an 8th-century partially submerged stone Shiva temple., Easily accessible from Srinagar within a 50-minute drive.