ഓളപ്പരപ്പിലെ അതിസാഹസികതയ്ക്ക് ഇത്തവണ ആരുമെത്തില്ല, മലയോരമേഖലയ്ക്ക് ഇത് നിരാശയുടെ കാലം

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള കയാക്കര്‍മാര്‍, കുതിച്ചൊഴുകുന്ന ഇരുവഞ്ഞിക്കും ചാലിപ്പുഴയ്ക്കും മേലേ അതിസാഹസികതയുടെ കയ്യൊപ്പുചാര്‍ത്തുന്ന അഭ്യാസപ്രകടനങ്ങള്‍... കോഴിക്കോടിന്റെ മലയോരമേഖലയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവാന്തരീക്ഷമായിരുന്നു മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നല്‍കിയിരുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി നടന്നുവന്നിരുന്ന രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിനേ ഇക്കുറി കൊവിഡ് ചതിച്ചു.
കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിലും അന്താരാഷ്ട്ര പ്രതിനിധികളെ സ്വീകരിക്കുന്നതിലും താമസസൗകര്യമൊരുക്കുന്നതിലുമുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം പതിപ്പ് ടൂറിസം വകുപ്പ് റദ്ദാക്കുകയായിരുന്നു. ഇരുവഞ്ഞി, ചാലിപ്പുഴ, കുറ്റ്യാടിപ്പുഴ എന്നിവ കയാക്കിങ് പരിശീലനത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി കോച്ചിങ് സെന്ററുകളുടെ സബ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികെയാണ് കൊറോണ എല്ലാം തകിടംമറിച്ചത്.
മലയോര മേഖലയേയും കോഴിക്കോടിനേയുമൊന്നാകെയാണ് കൊവിഡ് വന്‍ ആഘാതം ഏല്‍പ്പിച്ചത്. കയാക്കിങ് മുടങ്ങിയതോടെ മലയോരമേഖലയ്ക്ക് കൈവരുമായിരുന്ന സാമ്പത്തികസ്രോതസും നഷ്ടമായി. തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി തുടങ്ങിയ പഞ്ചായത്തുകളിലെ റിസോര്‍ട്ടുകളിലും പ്രദേശവാസികളുടെ വീടുകളിലുമായിരുന്നു കയാക്കര്‍മാരെ താമസിപ്പിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുമ്പേ താരങ്ങളും സഞ്ചാരികളും പരിശീലനത്തിനെത്തുന്നതിനാല്‍ നാട്ടുകാര്‍ക്കിത് നല്ലൊരു വരുമാനമാര്‍ഗവുമായിരുന്നു.
ഓട്ടോറിക്ഷ, ജീപ്പ്, ടാക്‌സി, ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ സീസണ്‍ ചാകരയുടേതായിരുന്നു. എല്ലാം ഒറ്റനിമിഷം കൊണ്ടാണ് കൊറോണ തട്ടിത്തെറിപ്പിച്ചത്.
മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ നടപടിക്രമങ്ങള്‍ ആറുമാസം മുന്നേ തന്നെ സാധാരണഗതിയില്‍ തുടങ്ങേണ്ടതായിരുന്നുവെന്ന് കോഴിക്കോട് ഡി.ടി.പി.സി സെക്രട്ടറി സി.പി. ബീന മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇത് നടക്കണമായിരുന്നെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അതിനേക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും കോഴിക്കോട് ഡി.ടി.പി.സിയും ചേര്‍ന്നാണിത് നടത്തുന്നത്. ഇനി എല്ലാം ഒന്നൊതുങ്ങി വരുമ്പോഴേക്കും കയാക്കിങ് നടത്താന്‍ പറ്റിയ അത്രയും വെള്ളം പുഴകളില്‍ ഉണ്ടാവുമോ എന്നും പറയാന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളുടെ പലമേഖലകളും കണ്‍ടെയിന്‍മെന്റ് സോണുകളായതോടെ വിനോദസഞ്ചാരികള്‍ക്ക് വരാന്‍ പറ്റാത്ത സ്ഥിതി വന്നുവെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന്‍ പറഞ്ഞു. വിനേദസഞ്ചാരവുമായി ബന്ധപ്പെട്ട് ഒരുകാര്യവും ഇപ്പോള്‍ ഈ പഞ്ചായത്തുകളില്‍ നടക്കുന്നില്ല. കയാക്കിങ് എന്ന ആ വലിയ സംരംഭം ഈ വര്‍ഷം നടക്കാതെ പോയത് നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പോക്കിന് സംഭവിച്ച നഷ്ടം തന്നെയാണ്. സീസണലായി നടത്താന്‍ കഴിയുന്ന ടൂറിസം പ്രോഗ്രാം എന്ന നിലയ്ക്ക് കൊവിഡ് പ്രതിസന്ധികള്‍ മാറിയാലും അടുത്ത വര്‍ഷമേ ഇനിയിത് നടത്താനാവൂ. കേരളത്തില്‍ കൊറോണ കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ സഞ്ചാരികളാരും ഇവിടേക്ക് വന്നിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കയാക്കിങ്ങിന് ഇന്ത്യയില്‍ത്തന്നെ ഏറ്റവും മികച്ച ട്രാക്കുകളിലൊന്നാണ് ഈ മേഖലയെന്നാണ് വിദേശത്തുനിന്നുള്ള പ്രൊഫഷണല്‍ കയാക്കര്‍മാരടക്കം അഭിപ്രായപ്പെട്ടിരുന്നത്.
മലബാര്‍ റിവര്‍ ഫെസ്റ്റിവലിനേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോം 2019-ല്‍ തയ്യാറാക്കിയ വീഡിയോ
Content Highlights: Malabar River Festival, White Water Kayaking, Irivanji, Chalippuzha, Mathrubhumi
Content Highlights: