ലോകരും മലയും ആറും ചേരുന്നിടം, നൂറ്റാണ്ടുകളുടെ പഴക്കം; ലോകനാർക്കാവ് എന്ന കടത്തനാടിന്റെ ക്ഷേത്രഗ്രാമം

#ശരണ്യ അനൂപ്
ലോകനാർക്കാവ് ക്ഷേത്രം | ഫോട്ടോ: മാതൃഭൂമി
ലോകനാർക്കാവ് ക്ഷേത്രം | ഫോട്ടോ: മാതൃഭൂമി

കടത്തനാടിന്റെ ക്ഷേത്രഗ്രാമമാണിവിടം; ലോകനാർകാവ് അഥവാ ലോകമലയാർകാവ്. ലോകരും മലയും ആറും ചേരുന്നിടം. വടകര നഗരത്തിൽനിന്ന്‌ നാലുകിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രഗ്രാമം. ഭഗവതി, ശിവൻ, വിഷ്ണു എന്നീ മൂന്ന് പ്രധാന ദൈവസങ്കല്പങ്ങൾ. മൂന്നിടത്തുമുണ്ട് പ്രത്യേകം ശ്രീകോവിലും പുറംശ്രീകോവിലും ആചാരങ്ങളും ഉത്സവങ്ങളുമെല്ലാം. പൂരം ഉത്സവത്തിന് മൂന്നിടത്തും കൊടി ഉയർത്തും. വിഷ്ണുക്ഷേത്രത്തിന് 1200 വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വാസം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് ഐതിഹ്യം. രണ്ടാമതുവന്നതാണ് ഭഗവതിക്ഷേത്രം. ശിവക്ഷേത്രം വന്നിട്ട് 400 വർഷമായി.

ഐതിഹ്യം

നൂറ്റാണ്ടുകൾക്കുമുൻപ്‌ ഉത്തരേന്ത്യയിൽനിന്ന് ഉപാസനമൂർത്തിയായ ദേവിയുമായി ദക്ഷിണേന്ത്യയിലെത്തിയ രത്നവ്യാപാരികളായ 500 നാഗരികർ തുടക്കമിട്ടതാണ് ലോകനാർകാവ് ഭഗവതിക്ഷേത്രമെന്നാണ് ഐതിഹ്യം. ആദ്യം കൊല്ലത്തെ ലോകമാലേശ്വരം എന്നപ്രദേശത്തായിരുന്നു താമസം. അവിടെനിന്ന് കൊടുങ്ങല്ലൂരിലെത്തി. വർഷങ്ങൾക്കുശേഷം വടക്കേ മലബാറിലെ പുതുപ്പണത്തെത്തുകയും ഇവിടെനിന്ന്‌ ലോകനാർകാവിലേക്ക് യാത്രയുംചെയ്തു. ഈ യാത്രയ്ക്കിടെ കൊടക്കാട്ട് മലയിൽവെച്ച് ദേവി ദർശനം നൽകി അരുളിയതുപ്രകാരമാണ് ലോകനാർകാവിൽ പ്രതിഷ്ഠ നടത്താൻ തീരുമാനിച്ചതെന്നാണ് വിശ്വാസം. ലോകമാലേശ്വരം എന്ന പേരിൽനിന്നാണ് ലോകനാർകാവ് എന്ന പേരുവന്നത്‌ എന്നൊരു വിശ്വാസമുണ്ട്. ലോകനാർകാവ് ദേവിയെ സരസ്വതി, ലക്ഷ്മീദേവി, ഭദ്രകാളി എന്നീ മൂന്ന് ഭാവങ്ങളിൽ ആരാധിക്കുന്നുണ്ട്.

അതിഥിമന്ദിരം

വടകര-മേമുണ്ട-ആയഞ്ചേരി റൂട്ടിൽ മാക്കൂൽപീടികയിൽനിന്ന്‌ ഇടത്തോട്ട് സിദ്ധാശ്രമം റോഡിലൂടെ ഒരുകിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. കുറ്റ്യാടിഭാഗത്തുനിന്ന്‌ വരുമ്പോൾ ചല്ലിവയൽ കാവിൽറോഡിൽനിന്ന്‌ ഇടത്തോട്ടുതിരിഞ്ഞ് 200 മീറ്റർ പോയാൽ ക്ഷേത്രത്തിലെത്താം. പേരാമ്പ്ര ഭാഗത്തുനിന്നും കുട്ടോത്ത് കാവിൽ റോഡ് വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം. വടകര ഭാഗത്തുനിന്ന് വരുന്നവർക്കും കുട്ടോത്ത്-കാവിൽ റോഡ് വഴി ക്ഷേത്രത്തിലെത്താം.

ദർശനസമയം

ക്ഷേത്രത്തിലെ വികസനപദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ലോകനാർകാവ് ദേവസ്വം അതിഥിമന്ദിരം. 10 എസി റൂമുകളും നാല് നോൺ എസി റൂമുകളും 11 ബെഡുകളുള്ള ഒരു ഡോർമെട്രി സൗകര്യവും ലഭ്യമാണ്. എസി റൂമിന് 1500 രൂപയും നോൺ എസി റൂമിന് 700 രൂപയും ഡോർമെട്രിക്ക് ഒരു ബെഡിന് 200 രൂപയുമാണ് ഈടാക്കുന്നത്. നിലവിൽ ഓൺലൈൻ ബുക്കിങ്‌ ആരംഭിച്ചിട്ടില്ല. ബുക്കിങ് നമ്പർ: 0496 2996444, 8330011116. ഇവിടെ പരമ്പരാഗതരീതിയിലുള്ള കളരിയിൽ പരിശീലനവും നടക്കുന്നുണ്ട്.

രാവിലെ അഞ്ചുമുതൽ 11 വരെയും വൈകീട്ട് അഞ്ചുമുതൽ എട്ടുവരെയുമാണ് ദർശനസമയം

പ്രധാന ആഘോഷങ്ങൾ

മീനത്തിലെ രോഹിണി നക്ഷത്രത്തിൽ കൊടിയേറി പൂരത്തിൽ അവസാനിക്കുന്ന പൂരം ഉത്സവമാണ് പ്രധാനപ്പെട്ടത്. നഗരപ്രദക്ഷിണവും പള്ളിവേട്ടയും ആറാട്ടുമെല്ലാം പൂരത്തിന്റെ ഭാഗമാണ്. മറ്റൊരു പ്രധാന ആഘോഷം വൃശ്ചികത്തിലെ മണ്ഡലവിളക്കുത്സവമാണ്. 30 ദിവസം നീളും ആഘോഷം. പ്രധാനദിവസങ്ങളിൽ മഹോത്സവപ്രതീതിയായിരിക്കും ക്ഷേത്രത്തിൽ. നവരാത്രി ഉത്സവം, ഉച്ചാൽ എഴുന്നള്ളത്ത്, കുരുമുളക് എഴുന്നള്ളത്ത്, കൊല്ലൻവരവ്, ഇല്ലംനിറ പുത്തരി, ഓണപ്പുടവ സമർപ്പണം, തേങ്ങയേറ്, വിഷുക്കണി, ചാന്താട്ടം തുടങ്ങിയവയാണ് മറ്റ് വിശേഷച്ചടങ്ങുകൾ.

ഇവിടെയും സന്ദർശിക്കാം

ലോകനാർകാവിന് സമീപംതന്നെയാണ് പയംകുറ്റിമല. മുത്തപ്പൻക്ഷേത്രമുണ്ട് ഇവിടെ. കൂടാതെ, വ്യൂ പോയിന്റുമുണ്ട്. ഇവിടെനിന്നുള്ള ഉദായസ്തമയക്കാഴ്ച മനോഹരമാണ്.

ലോകനാർകാവ് ദേവസ്വത്തിനുകീഴിലുള്ളതാണ് മേമുണ്ടമഠം നാഗക്ഷേത്രം. ഇത്‌ ലോകനാർകാവിൽനിന്ന്‌ ഒരുകിലോമീറ്റർമാത്രം അകലെയാണ്. പരമ്പരാഗതരീതിയിൽ ഓലകൊണ്ടുമേഞ്ഞ ക്ഷേത്രവും കാവുമെല്ലാം ഇവിടത്തെ പ്രത്യേകതയാണ്. ലോകനാർകാവിലേക്ക് മാക്കൂൽപ്പീടിക വഴി പോകുന്ന വഴിയിലാണ് സിദ്ധാശ്രമം. 1921-ൽ സ്വാമി ശിവാനന്ദപരമഹംസർ സ്ഥാപിച്ച ആശ്രമം. വടക്കൻപാട്ടിലെ തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട തച്ചോളി മാണിക്കോത്ത് ക്ഷേത്രവും പൈതൃകക്കളരിയും വടകര ടൗണിന് തൊട്ടടുത്താണ്. വടകരയിൽനിന്ന് ഒരുകിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്.

ചിത്ര-ശില്പകലാപാരമ്പര്യം

ലോകനാർകാവിലെ ചുമർച്ചിത്രങ്ങളും ദാരുശില്പങ്ങളും പ്രസിദ്ധമാണ്. ഭഗവതിക്ഷേത്ര ശ്രീകോവിലിന്റെ പുറംഭിത്തിയിൽ പ്രത്യേകതരം കളിമണ്ണുപൂശി വർണച്ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇവ പതിനഞ്ചാംനൂറ്റാണ്ടിൽ വരച്ചവയാണെന്ന് കരുതപ്പെടുന്നു. ഗണപതി, ഓടക്കുഴൽ വിളിക്കുന്ന കൃഷ്ണൻ, ശ്രീരാമൻ, ദക്ഷിണാമൂർത്തി, താമരപ്പൂവിൽ ഇരിക്കുന്ന ഭഗവതി, ആയുധമേന്തിയ പരദേവത തുടങ്ങിയവയെല്ലാം ഇവയിലുണ്ട്.

ശിവക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിന്റെ മേൽക്കട്ടിയിൽ താമരപ്പൂക്കളും ജ്യാമിതീയരൂപങ്ങളും കൊത്തിവെച്ചിട്ടുണ്ട്. മരത്തിൽ കൊത്തിയെടുത്ത രൂപങ്ങളിൽ പച്ചിലച്ചാറും മറ്റ് പ്രകൃതിദത്തമായ വർണങ്ങളും കൂടിച്ചേർത്താണ് നിറം നൽകിയത്. കാലപ്പഴക്കംകൊണ്ട് ചിത്രങ്ങളും ദാരുശില്പങ്ങളും മങ്ങിപ്പോയിട്ടുണ്ടെങ്കിലും അതിന്റെ മനോഹാരിത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വടക്കൻപാട്ടുകളിലെ വീരനായകൻ തച്ചോളി ഒതേനന്റെ ആരാധനാമൂർത്തിയായിരുന്നു ലോകനാർകാവിലമ്മ. ഒതേനുമായി ബന്ധപ്പെട്ട തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിലെ തിറ തുടങ്ങുന്നതിനുമുൻപ് ലോകനാർകാവിലമ്മയുടെ ശ്രീകോവിലിൽനിന്ന്‌ കൊളുത്തിയ ദീപം തച്ചോളി മാണിക്കോത്തേക്ക് എഴുന്നള്ളിക്കാറുണ്ട്. ഈ ദീപം കൊളുത്തിയാണ് തിറ തുടങ്ങുക.

Content Highlights: Explore the ancient Lokanarkavu Temple in Vatakara, Kerala. Discover its rich history