38 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്ന് ഒഡീഷയിലെത്തിയ 22 പേർ; 'കേരളാവാല'കളെ സ്വീകരിച്ച് അഗരപ്പാറ

ബിരുദ, ബിരുദാനന്തരധാരികളായ ഇരുപത്തിരണ്ട് മലയാളിവിദ്യാർഥികൾ 1988-89 ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ പലദിവസങ്ങളിലായി കിഴക്കൻ സംസ്ഥാനമായ ഒറീസ(ഇന്നത്തെ ഒഡീഷ)യിലേക്ക് തീവണ്ടി കയറി. ബിഎഡ് കോഴ്‌സ് പഠിച്ച് പിറന്ന നാട്ടിൽ അധ്യാപകരാവുക എന്നതായിരുന്നു ലക്ഷ്യം. ഒരു രാത്രിയാത്രയോടെ പിറ്റേന്ന് രാവിലെ ചെന്നൈയിലെത്താം. രണ്ട് മണിക്കൂറിനപ്പുറം എട്ടിന് കോറമണ്ഡൽ എക്‌സ്പ്രസ് എന്നൊരു വണ്ടിയുണ്ട്. ലക്ഷ്യം ഒഡീഷയിലെ ഭദ്രക്ക്. പിന്നെ ഇരുപത്തിയെട്ട് കി.മീറ്റർ അകലെയുള്ള അഗരപ്പാറയെന്ന ഗ്രാമത്തിലെ ടിക്കരയെന്ന അതിലും ചെറിയൊരു ഉൾഗ്രാമത്തിലേക്ക്.
ടിക്കരയിലാണ് അഗരപ്പാറ ബിഎഡ് കോളേജ്. തുടർച്ചയായ ക്ലാസുകളും ടീച്ചിങ് പ്രാക്ടീസും പരീക്ഷകളുമുൾപ്പെടെ കോഴ്‌സുമായി ബന്ധപ്പെട്ട ഒരുവർഷത്തെ എല്ലാ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കി എല്ലാവരും നാട്ടിൽ തിരിച്ചെത്തി. (ഇന്ന് ബിഎഡ് കോഴ്‌സിന്റെ കാലാവധി രണ്ട് വർഷമാണ്). ചെറിയപ്രായത്തിൽ വീട് വിട്ടുനിന്നതിനാൽ തുടക്കത്തിൽ എല്ലാവരിലും സങ്കടവും പ്രയാസവും ഉണ്ടായിരുന്നു. എന്നാൽ ക്ലാസുകളും പഠനവും തലയ്ക്ക് പിടിച്ചതോടെ അതെല്ലാം ക്രമേണ ഇല്ലാതായി.
1989 ഏപ്രിലിൽ റിസൾട്ട് വന്ന മുറയ്ക്ക് എല്ലാവരും ആദ്യം എയ്ഡഡ് സ്‌കൂളുകളിലും പിന്നീട് പലരും പിഎസ്‌സി വഴി സർക്കാർ സർവീസിസിലും പ്രവേശിച്ചു. യു.പി-ഹൈസ്‌കൂൾ അധ്യാപകർ, പ്രഥമാധ്യാപകർ, ഹയർ സെക്കൻഡറി അധ്യാപകർ, പ്രിൻസിപ്പൽമാർ വരെയുള്ള തസ്തികകളിൽ ഞങ്ങളുടെ കൂട്ടത്തിലുള്ളവർ ജോലിചെയ്തു. പ്രായത്തിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടിയിൽ എല്ലാവരും വിരമിച്ചു. (അതിനിടെ മൂന്ന്‌പേർ ഞങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴില്ല എന്ന വസ്തുത ഇവിടെ സ്മരിക്കട്ടെ).
മലയാളി വിദ്യാർഥികളായ 22പേർക്കുപുറമെ ഒറിയ വിദ്യാർഥികളായ 104പേരും കൂടിയതായിരുന്നു ഞങ്ങളുടെ ബാച്ച്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊയിലാണ്ടി, വടകര, തൃശൂർ, മലപ്പുറം, പാലക്കാട്, വയനാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവരും ചേർന്നതായിരുന്നു മലയാളിക്കൂട്ടം. ഇതിൽ അഞ്ച്‌പേർ വനിതകളായിരുന്നു.
വിരമിച്ചതിനുശേഷം ഞങ്ങൾ പഠിച്ച കോളേജും പരിസരവും ഓഫീസും ഒപ്പം ചെറുപ്പത്തിലെ കുസൃതികളുമായി ഒരുമിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞ ഞങ്ങളുടെ വീടായ 'ആര്യഭട്ട മെസ്സും സാധിക്കുമെങ്കിൽ ഒപ്പംപഠിച്ചവരെയും ഒന്നുകൂടി കാണണമെന്ന ആഗ്രഹവുമായാണ് സെപ്തംബറിൽ എയർ ഇന്ത്യാഎക്‌സ്പ്രസിൽ നെടുമ്പാശേരിയിൽനിന്ന് ഭുവനേശ്വറിലേക്ക് പറന്നത്.
ഗ്രൂപ്പ്‌ലീഡർ കൊയിലാണ്ടിയിലെ മുചുകുന്ന് സ്വദേശി നടുവിലക്കണ്ടി രാജനും റിട്ട. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പേരാമ്പ്രയിലെ വി. മുരളീധരനുംചേർന്ന് വിവിധസ്ഥലങ്ങളിൽ താമസിക്കുന്നതിനും യാത്രകൾക്കുള്ള സൗകര്യങ്ങളുമെല്ലാം ഓൺലൈനായി ഒരുക്കിയിരുന്നു. സി.ടി. രാധാകൃഷ്ണൻ, കെ.കെ. രാജൻ, പി. മോഹൻദാസ്, എൻ.പി. ഭാസ്‌കരൻ, പി.എം. വിജയൻ, കെ.ടി്. മോഹൻദാസ്, പി. മധുസൂദനൻ, പി. മോഹനൻ, മീര ആർ.നായർ, സി.ആർ. ഷൈനി, കെ.കെ. റജിന എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ.
പുരി ജഗന്നാഥക്ഷേത്രവും കൊണാർക്ക് സൂര്യക്ഷേത്രവും ലിംഗരാജക്ഷേത്രവും കണ്ടശേഷം 12-ന് വെള്ളിയാഴ്ച രാവിലെ ഞങ്ങൾ അഗരപ്പാറ കോളേജിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിലായിരുന്നു ഞങ്ങൾ 38വർഷംമുമ്പ് താമസിച്ചിരുന്ന 'ആര്യഭട്ട മെസ്സെ'ന്ന വീട്. ഈ വീടിന്റെ മാലിക്ക് (അതായത് വീടിന്റെ ഉടമസ്ഥൻ) ഒരു സർക്കാർ ജീവനക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അത്യാവശ്യം സൗകര്യങ്ങളോടെ അദ്ദേഹത്തിനും കുടുംബത്തിനും താമസിക്കാൻ നിർമിച്ച വീടാണ് കേരളത്തിൽനിന്നെത്തിയ വിദ്യാർഥികളായ ഞങ്ങൾക്ക് അദ്ദേഹം വാടകയ്ക്ക് തന്നത്.
മുൻവർഷങ്ങളിൽ ബിഎഡ് കോഴ്‌സിനായി കേരളത്തിൽനിന്ന് വന്നവരും താമസിച്ചത് ഇവിടെയായിരുന്നു.ഗെയിറ്റിനുമുന്നിൽനിന്നുകൊണ്ട് ഞങ്ങളുണ്ടാക്കിയ ശബ്ദംകേട്ട് മാലിക്കിന്റെ മകനും ഭാര്യയും മകനുംകൂടി പുറത്തേക്കിറങ്ങിവന്നു. ചുരുങ്ങിയ സമയംകൊണ്ടുതന്നെ നരബാധിച്ച മുടിയുള്ള മകൻ ഞങ്ങളെ തിരിച്ചറിഞ്ഞു.
അദ്ദേഹത്തിന് ഞങ്ങളെ തിരിച്ചറിയാതിരിക്കാനാകില്ലല്ലോ. കാരണം ഓരോരുത്തരുടേയും കൈയിൽനിന്ന് മാസംതോറും ഇരുപത്തിയഞ്ച് രൂപ വാടകയായി വാങ്ങാൻ അച്ഛനൊപ്പം ട്രൗസറുമിട്ടുകൊണ്ട് ഒരു കൊച്ചുപയ്യനായി അവൻ വന്നിരുന്നു. അയാൾ ഞങ്ങളെ എല്ലാവരേയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
കിടന്നുറങ്ങിയ മുറികൾ, ഭക്ഷണ പാകംചെയ്ത ചെറിയ അടുക്കള, വെള്ളമെടുത്ത കുഴൽക്കിണർ, നിരയായിരുന്ന് ചപ്പാത്തിയും സബ്ജിയും കഴിച്ചിരുന്ന സിമന്റ് തേക്കാത്ത നിലം തുടങ്ങി എല്ലാ സ്ഥലങ്ങളും ഞങ്ങൾ കുറേനേരം നോക്കിനിന്നു. മകനും അയാളുടെ ഭാര്യക്കും ഞങ്ങളെ കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഞങ്ങൾക്കൊപ്പം ഏതാനും ഫോട്ടോകളും എടുത്തു. മാലിക്ക്(അവന്റെ അച്ഛൻ)വർഷങ്ങൾക്കുമുമ്പ് മരിച്ച വിവരവും ഞങ്ങളറിഞ്ഞു.
അവിടെനിന്നിറങ്ങി നേരെ കോളേജിലേക്ക്. പല ചിന്തകളുമായി നടന്ന ഞങ്ങൾ കോളേജിന്റെ ഗെയിറ്റിനുമുന്നിൽ എത്തിയതറിഞ്ഞില്ല. വർധിത ഉത്സാഹത്തോടെ ഞങ്ങൾ നേരെ ഓഫീസ്മുറിയുടെ സമീപത്തെത്തി. പരിചിതരല്ലാത്ത കുറച്ചുപേരെ കണ്ടതിനാലാകണം ഒരു ജീവനക്കാരൻവന്ന് ആദ്യം ഒറിയ ഭാഷയിൽ എന്തോ ചോദിച്ചു.
ഞങ്ങൾക്കത് മനസിലായില്ലെന്ന് അദ്ദേഹത്തിന് മനസിലായപ്പോൾ പിന്നെ ഹിന്ദിയിലായി ചോദ്യം. കിതർ സെ ആത്താഹെ(എവിടെനിന്ന് വരുന്നു), ക്യാ ചാഹിയെ(എന്ത് വേണം). കേരളത്തിൽനിന്നാണെന്നും ഈ കോളേജിൽനിന്ന് 1988-89 വർഷത്തിൽ ബിഇഡി (ഒറിയയിൽ ബിഎഡ് എന്ന് പറയാറില്ല) കോഴ്‌സ് പൂർത്തിയാക്കി പോയവരാണെന്നും പറഞ്ഞു.
നാട്ടിൽ അധ്യാപകരായി ജോലി ചെയ്ത് റിട്ടയറായി. ഞങ്ങളെ ഞങ്ങളാക്കിയ കോളേജും പരിസരവും ഇവിടെയുള്ളവരേയും വീണ്ടും കാണാൻ വന്നതാണെന്നും പറഞ്ഞു. ഇതിനിടെ 'കേരളാവാല'കളായ കുറച്ചാളുകൾ എത്തിയ വിവരം കോളേജാകെ പരന്നിരുന്നു. സ്തബ്ധരായി നിൽക്കുന്ന അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ.... കുട്ടികളുമായി സംവദിച്ചപ്പോൾ അവർക്ക് എന്തെന്നില്ലാത്ത സ്‌നേഹവും ബഹുമാനവും. ഏതാനും അധ്യാപകർ ഞങ്ങളെ കോളേജ് ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞങ്ങളുടെ പേരുകളെഴുതിയ അന്നത്തെ രജിസ്റ്ററുകൾ, അറ്റന്റൻസ് രേഖപ്പെടുത്തിയ പട്ടിക തുടങ്ങി എല്ലാം ഒരിക്കൽകൂടി കണ്ടു.
സന്ദർശക പുസ്തകത്തിൽ ഞങ്ങൾ ഓരോരുത്തരും ഫോൺനമ്പറും പേരുമെഴുതി ഒപ്പുവെച്ചു. ഞങ്ങൾ പഠിച്ച ക്ലാസ്, കളിസ്ഥലം, സ്‌പോർട്‌സ് നടത്തിയ ഗ്രൗണ്ട്, പരീക്ഷ എഴുതിയ ക്ലാസമുറികൾ, ലൈബ്രറി. അങ്ങനെ ഓരോ മുക്കും മൂലയും വൈകുന്നേരംവരെ ഞങ്ങൾ നടന്നുകണ്ടു. ഇന്നും ഓർമയിൽ സൂക്ഷിക്കുന്ന മധുരിക്കുന്നതും കയ്പുള്ളതുമായ പലതും അയവിറക്കുകയായിരുന്നു ഓരോരുത്തരും.
കോളേജ്‌സമയം കഴിയുന്നതുവരെ ഞങ്ങളവിടെ ചെലവഴിച്ചു. ഉച്ചക്കുള്ള ഇടവേളയിൽ ഞങ്ങളുടെ കൂട്ടത്തിലുള്ള മാജിക്കുകാരൻ ഭാസ്‌കരന് തന്റെ തനത് കലാപ്രകടനം വിദ്യാർഥികൾക്കുമുന്നിൽ അവതരിപ്പിച്ച് കൈയ്യടി നേടാനും അവസരം ലഭിച്ചു.
അധ്യാപകരുടെ സ്‌നേഹത്തോടെയുള്ള പെരുമാറ്റവും നല്ല വാക്കുകളും കുറച്ചൊന്നുമല്ല ഞങ്ങളെ സന്തോഷിപ്പിച്ചത്. അവർ തന്ന അവരുടെ തനത്‌രുചിയുള്ള ചായയും ഭക്ഷണവും ഞങ്ങൾ കഴിച്ചു. ആ ദിവസമത്രയും ഞങ്ങൾ അനുഭവിച്ച ആനന്ദം വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല.
വിവിധകാരണങ്ങളാൽ ഞങ്ങൾക്കൊപ്പം പോരാൻ കഴിയാത്ത ഏഴ് സഹപാഠികൾക്ക് ഈ അനുഭവം അനുഭവിക്കാൻ കഴിയാത്തത് തീരാനഷ്ടംതന്നെയാണ്. ടിക്കരയുടെ മാറിലൂടെ ഒഴുകുന്നതും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗവുമായ സാലന്ദി നദിയും (എങ്ങനെയാണ് സാലന്ദി നദി ഞങ്ങൾക്ക് ഇത്ര വേണ്ടപ്പെട്ടവളായതെന്ന് പിന്നെ പറയാം) കണ്ടാണ് കോളേജിൽനിന്ന് മടങ്ങിയത്.
പിന്നെയുള്ള രണ്ട്ദിവസം കൊൽക്കത്തയിലെ കാഴ്ചകളുംകണ്ടാണ് നാട്ടിൽ തിരിച്ചെത്തിയത്. 1980മുതൽ 90വരെയുള്ള കാലത്താണ് കേരളത്തിലെ ബിരുദവിദ്യാർഥികളിൽ പലരും ഒറീസ, ആസാം എന്നിവിടങ്ങളിലേക്ക് ബിഎഡ് കോഴ്‌സ് എടുക്കാനായി പോയിരുന്നത്. കേരളത്തിൽ ഏതാനും ബിഎഡ് കോളേജുകളാണ് അന്നുണ്ടായിരുന്നതെന്നാണ്.
ബിരുദധാരികളായ അപേക്ഷകർ കൂടുതലും സീറ്റുകൾ കുറവും. ഡിഗ്രിക്ക് അമ്പത് ശതമാനത്തിന് മുകളിൽ മാർക്കുള്ളവർക്കുപോലും പ്രവേശനം കിട്ടിയിരുന്നില്ല. എന്നാൽ ഒറീസയിലും ആസാമിലും ഡിഗ്രിക്ക് 40 ശതമാനം മാർക്കുള്ളവർക്കുപോലും പ്രവേശനത്തിന് പ്രയാസമില്ല.
ശരാശരി ആറായിരം രൂപയുണ്ടെങ്കിൽ ബിഎഡ് കോഴ്‌സ് പൂർത്തിയാക്കി തിരികെപോരാം. അതിന് കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഹോറക്കാട് എജ്യുക്കേഷണൽ ഏജൻസി പോലുള്ള സ്ഥാപനങ്ങളും സഹായത്തിനുണ്ടായിരുന്നു. നിലവാരമുള്ള ഉത്കൽ യൂണിവേഴ്‌സിറ്റിക്കുകീഴിൽ എയ്ഡഡ് ബിഎഡ് കോളേജുകൾ നടത്തുന്ന പരീക്ഷകൾക്കും സർട്ടിഫിക്കറ്റിനും ഗുണമേന്മയുള്ളതിനാൽ ഉദ്യോഗാർഥികൾ പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തുകയായിരുന്നു.
മാത്രമല്ല കോഴ്‌സ് പൂർത്തിയാക്കി നാട്ടിലെത്തിയവരാരും ജോലി ലഭിക്കാതെ ഇരുന്നതുമില്ല എന്നതും ശ്രദ്ധേയമാണ്.അക്കാലത്ത് ഭദ്രക്കിൽനിന്ന് ട്രക്കിലായിരുന്നു അഗരപാറയിലേക്കുള്ള യാത്ര. 28കി.മീറ്റർ ദൂരം യാത്രചെയ്യുന്നതിന് രണ്ടുരൂപയായിരുന്നു ചാർജ്. ഒരു ബസ് മാത്രമാണ് ഓടിയിരുന്നത്. രാവിലെ അഗരപ്പാറയിൽനിന്ന് എങ്ങോട്ടോപോകുന്ന ബസ് രാത്രി തിരിച്ചുവരും.
അതുകൊണ്ട് ഗ്രാമവാസികളും ഞങ്ങൾ വിദ്യാർഥികളും ട്രക്ക്തന്നെ യാത്രക്കായി ഉപയോഗിച്ചു. ഞങ്ങൾ താമസിച്ചിരുന്ന വീട് മാലിക്കിന് താമസിക്കാനുള്ളതായിരുന്നെങ്കിലും വീടിനകത്തെന്നല്ല തൊടിയിൽപോലും ടോയ്‌ലറ്റ് ഉണ്ടായിരുന്നില്ല. അതിനാൽ സൂര്യൻ ഉദിക്കുന്നതിനുമുൻപ് (കിഴക്കൻ സംസ്ഥാനമായതിനാൽ രാവിലെ നാലര ആകുമ്പോഴേക്കും നേരം വെളുക്കും. വൈകുന്നേരം അഞ്ചാകുന്നതോടെ കൂരിരുട്ടുമായിട്ടുണ്ടാകും) നേരത്തെ സൂചിപ്പിച്ച സാലന്ദി നദിയുടെ വിരിമാറായിരുന്നു ഞങ്ങളുടെ 'ഓപ്പൺ ടോയ്‌ലറ്റ്.'
എല്ലാവരും ഒരുമിച്ച്‌പോയി ഇടക്കിടെ വീട്ടിൽനിന്ന് വരുന്ന ഇൻലന്റിലെഴുതിയ വീട്ടുകാര്യങ്ങളും നന്നായി പഠിക്കണമെന്ന സ്ഥിരം ഉപദേശങ്ങളെക്കുറിച്ചും. മറ്റ് കളിതമാശകളുംപറഞ്ഞ് കുളി ഉൾപ്പെടെ പ്രഭാതകൃത്യങ്ങൾ എല്ലാംകഴിഞ്ഞ് തിരിച്ചുപോരും. അങ്ങനെ സാലന്ദി നദി ഞങ്ങളുടെ ജീവിതത്തോട് പലമട്ടിൽ ഇഴുകിച്ചേർന്നിരുന്നു.
ഒരുവർഷക്കാലം ഞങ്ങൾ സഹപാഠികൾ മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ബാലോസോർ ജില്ലയിലായിരുന്ന ഭദ്രക്കെന്ന അന്നത്തെ ചെറിയ പട്ടണത്തിലേക്ക് പല ആവശ്യങ്ങൾക്കായി പോകുമായിരുന്നു. അന്നത്തെ ചെറിയ ഭദ്രക്ക് പട്ടണം ഇന്ന് പുതിയൊരു ജില്ലയായി മാറിയിരിക്കുന്നു.
വൻനഗരമായി മാറിയ ഭദ്രക്ക് തന്നെയാണ് ജില്ലാആസ്ഥാനവും. കാലം ഏറെ മാറി. ഇന്ന് ഒഡീഷയിൽ പുറംസംസ്ഥാനങ്ങളിൽനിന്ന് ബിഎഡിനായി വിദ്യാർഥികളെത്തുന്നില്ല. കാരണം അവിടെ സർക്കാർ വിദ്യാഭ്യാസരംഗത്ത് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നു. പ്രൊഫഷണൽ കേഴ്‌സായ ബിഎഡിന് സർക്കാർ, എയ്ഡഡ് കോളേജുകളിൽ മാത്രം പ്രവേശനം നൽകുന്ന രീതിയാണ് തുടരുനന്ത്.
കേരളത്തിലാകട്ടെ ഈ കോഴ്‌സിന് അൺഎയ്ഡഡ്, സെഷണൽ കോളേജുകൾ ഉൾപ്പെടെ എണ്ണമറ്റ സ്ഥാപനങ്ങളുമുണ്ട്. ബിഎഡ് പഠനത്തിന് ധാരാളം കോളേജുകളും അതിലുമെത്രയോ ഇരട്ടി സീറ്റുകളും ഉണ്ടെന്നത് അധ്യാപകവൃത്തിയെ സ്‌നേഹിക്കുന്ന വിദ്യാർഥികൾക്ക് വലിയ ആസ്വാസംതന്നെയാണ്.
Content Highlights: A heartwarming reunion as 22 former B.Ed students from Kerala revisit their alma mater in Agarpara, Odisha, after 38 years, cherishing memories of their student days.