Year-Ender 2025 | കരകയറാൻ ടൂറിസം മേഖല: 2025-ൽ സഞ്ചാരികൾ തിരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകൾ ഇവയാണ് ..

യാത്ര എന്നും ആളുകളെ ആകർഷിക്കുന്ന വിനോദമാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ യാത്രകളെ ഒരുപോലെ ഇഷ്ടപ്പെടുന്നു. ഒഴിവുദിനമെത്തിയാൽ യാത്ര പോകാമെന്നല്ല, ഒരു ദിവസം കിട്ടുന്ന സമയത്ത് ഒരു റൈഡ് എങ്കിലും പോയി വരാം എന്ന് ചിന്തിക്കും വിധം നമുക്കിടയിലെ യാത്രാ സമീപനങ്ങൾ മാറിയിരിക്കുകയാണ്. സ്ഥലങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞ് യാത്രപോകാനുള്ള സൗകര്യം ഇന്നുണ്ട്. എവിടെയും സഞ്ചരിക്കാൻ യാത്രാ മാർഗങ്ങളുണ്ട്. സ്വന്തമായി വാഹനമില്ലെങ്കിലെന്താ കിട്ടുന്ന വണ്ടിക്ക് കൈകാണിച്ച് കയറിപ്പോയി സ്ഥലം കണ്ടുവരാമെന്ന് പറയാനുള്ള ആർജവത്തിലേക്കും ആത്മവിശ്വാസത്തിലേക്കും മലയാളികളടക്കം എത്തിയിട്ടുണ്ട്.
2025 അവസാനിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും ആകർഷകമായ സ്ഥലമായിത്തന്നെയാണ് ആളുകൾ കേരളത്തെ അടയാളപ്പെടുത്തുന്നത്. വിദേശികളുൾപ്പെടെയുള്ള ഇന്ത്യ സന്ദർശിക്കാനെത്തിയ ആളുകൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങൾ കണ്ട് നിരാശരായതിന്റെ ക്ഷീണം മാറ്റിയത് കേരളത്തിലേക്ക് വന്നുകൊണ്ടാണ്. അതിൽ ചിലർ സോഷ്യൽമീഡിയവഴി കേരളത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തത് നാം കണ്ടു. തിരക്കുപിടിച്ച നഗരങ്ങൾ മാത്രമല്ല, സാംസ്‌കാരിക പരിപാടികൾ, ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ വരെ കാണാൻ തദ്ദേശീയരും വിദേശികളും സ്ഥലമറിഞ്ഞെത്തുന്ന സ്ഥിതിവിശേഷമാണിപ്പോൾ.
ദൂരത്തെക്കുറിച്ചോ, ചെലവുകളെക്കുറിച്ചോ ഉണ്ടായിരുന്ന ആധി യാത്രയെ സ്‌നേഹിക്കുന്നവർക്കുണ്ടാകില്ല. എന്നാൽ ഒരു യാത്ര പോയി നോക്കാം എന്ന് ആദ്യമായി തീരുമാനിക്കുന്ന വ്യക്തിയെ സംബന്ധിച്ച് അത്തരം ആലോചനകളുടെ ആഘാതങ്ങൾ ഇന്ന് കുറവാണെന്നുതന്നെ പറയാം. ഗതാഗതസംവിധാനങ്ങളും ആശയവിനിമയത്തിനുള്ള സാധ്യതകളും ഗൈഡുമാരുടെ സേവനവുമെല്ലാണ് അതിനുള്ള ചില കാരണങ്ങൾ. സ്ഥലങ്ങൾ കാണാൻ മാത്രമല്ല, ലക്ഷ്യസ്ഥാനത്തെ ആഴത്തിൽ മനസ്സിലാക്കാനും അറിയാനും യാത്ര ചെയ്യുന്ന രീതിയിലാണ് ഇന്ന് യാത്രകളോടുള്ള ആളുകളുടെ സമീപനം.
മഹാകുംഭമേള, പ്രയാഗ് രാജ്
2025-ൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചർച്ചയായ ആഘോഷമായിരുന്നു പ്രയാഗ്രാജിലെ മഹാകുംഭമേള. പതിനാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ അപൂർവ ആത്മീയ സംഗമത്തിലേക്ക് യാത്രചെയ്ത് എത്തിയവർ നിരവധിയാണ്. ലക്ഷക്കണക്കിന് ഭക്തർ, ആത്മീയ ചിന്തകർ, ഫോട്ടോഗ്രാഫർമാർ, സാംസ്‌കാരിക നിരീക്ഷകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കാനും കാണാനും പ്രയാഗ്രാജിലേക്ക് എത്തിയിരുന്നു.
കാശ്മീർ
'ഭൂമിയിലെ സ്വർഗം' എന്ന ആളുകൾ വിളിക്കുന്ന കാശ്മീരിലേക്ക് നിരവധി ആളുകളാണ് ഇക്കൊല്ലമെത്തിയത്. ഭൂപ്രകൃതി, തെളിഞ്ഞ തടാകങ്ങൾ, മഞ്ഞുമൂടിയ കൊടുമുടികൾ എന്നിവയാൽ യാത്രികരെ ആകർഷിക്കുന്ന സ്ഥലമാണിത്.
പോണ്ടിച്ചേരി
ഈ വർഷം സോഷ്യൽമീഡയയിലടക്കം വലിയ പ്രചാരം നേടിയ സ്ഥലമാണ് പോണ്ടിച്ചേരി. ഫ്രഞ്ച് ശൈലിയിലുള്ള വാസ്തുവിദ്യ, മരങ്ങൾ നിറഞ്ഞ വീഥികൾ, പാസ്റ്റൽ നിറങ്ങളിലുള്ള കെട്ടിടങ്ങൾ, കടൽത്തീര നടത്തപ്പാതകൾ എന്നിവയെല്ലാം ഇവിടേക്ക് യാത്രക്കാരെ ആകർഷിക്കുന്നു. ചരിത്രപ്രധാനമായ തെരുവുകളിലൂടെ സൈക്കിൾ ഓടിച്ചും, കഫേകളിലിരുന്നും, വൈകുന്നേരങ്ങൾ ബംഗാൾ ഉൾക്കടലിന്റെ തീരത്തും ചെലവഴിച്ചും ആസ്വദിക്കാനാകുന്ന സ്ഥലം.
ഗോവ
കാലങ്ങൾ കഴിയുംതോറും ജനപ്രീതിക്ക് ഒട്ടും കുറവില്ലാത്ത സ്ഥലമാണ് ഗോവ. ബീച്ചുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഗോവയിലെ ഭക്ഷ്യ സംസ്‌കാരം, സീസണൽ ഉത്സവങ്ങൾ, ഇൻഡോ-പോർച്ചുഗീസ് പൈതൃകം എന്നിവ സന്ദർശകരെ ഇവിടേക്ക് ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.
ലഡാക്ക്
ഉയർന്ന പ്രദേശങ്ങളിലെ ഭൂപ്രകൃതിയും സാഹസിക ടൂറിസവും ഇഷ്ടപ്പെടുന്നവർ ഇക്കൊല്ലവും ലഡാക്കിനെ മറന്നില്ല. ഭൂപ്രകൃതി, ഉയർന്ന പർവത പാതകൾ, പാങ്‌ഗോങ്, ത്സോ മോറിരി പോലുള്ള പ്രശസ്തമായ തടാകങ്ങൾ എന്നിവ സാഹസികരെ ആകർഷിച്ചുകൊണ്ടേയിരുന്നു. ലേ-മണാലി ഹൈവേ പോലുള്ള പാതകളിലൂടെയുള്ള റോഡ് യാത്രകൾ ബൈക്കർമാർക്കും ഫോട്ടോഗ്രാഫർമാർക്കും ഒരു പ്രധാന ആകർഷണമാണ്.
അതോടൊപ്പം, ലഡാക്കിലെ കമ്മ്യൂണിറ്റി നയിക്കുന്ന ടൂറിസം ആളുകളെ ആകർഷിച്ചുകൊണ്ടേയിരിക്കുകയാണ്. പ്രാദേശിക ജീവിതവുമായി കൂടുതൽ അടുത്ത് ഇടപെഴകാൻ സഹായിക്കുന്ന ഹോംസ്റ്റേകൾ ആണ് യാത്രക്കാർ തിരഞ്ഞെടുക്കുന്നത്. ഈ പ്രദേശത്തിന്റെ വിസ്തൃതിയും ശാന്തതയും സുഖസൗകര്യങ്ങളെക്കാൾ സഹനത്തെ അടിസ്ഥാനമാക്കിയുള്ള യാത്രകൾ തേടുന്നവരെ ആകർഷിക്കുകയാണ്.
വാരാണസി
ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ വേരുകളിലേക്ക് ആകർഷിക്കപ്പെട്ട യാത്രികരെ വാരാണസി ആകർഷിച്ചുകൊണ്ടേയിരിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നാണിത്. ഘട്ടങ്ങളിലെ പ്രഭാതങ്ങളിൽ മന്ത്രോച്ചാരണങ്ങൾ, ഭക്തിഗാനങ്ങൾ, ഗംഗയിലൂടെയുള്ള ബോട്ട് യാത്രകൾ എന്നിവ ആളുകളെ ആകർഷിക്കുന്ന വ്യത്യസ്തമായ കാര്യങ്ങളാണ്.
ഇടുങ്ങിയ തെരുവുകളിലൂടെ സഞ്ചരിക്കാനും ചരിത്രപ്രധാനമായ ക്ഷേത്രങ്ങൾ സന്ദർശിക്കാനും നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാരമ്പര്യങ്ങളാൽ രൂപപ്പെട്ട ദൈനംദിന ജീവിതം നിരീക്ഷിക്കാനും സന്ദർശകർ സമയം കണ്ടെത്തുന്നു. ഒട്ടേറെപ്പേരാണ് വീണ്ടും വീണ്ടും വാരാണസി സന്ദർശിക്കാനെത്തുന്നത്.
ഉദയ്പൂർ
ഉദയ്പൂരിന്റെ രാജകീയ വാസ്തുവിദ്യയും ശാന്തമായ തടാകങ്ങളും അതിനെ 2025-ലെ ഏറ്റവും ആകർഷകമായ കാഴ്ചകളുള്ള ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറ്റിയിരിക്കുകയാണ്. 'തടാകങ്ങളുടെ നഗരം' എന്നറിയപ്പെടുന്ന ഉദയ്പൂരിലെ കൊട്ടാരങ്ങൾ, ഹവേലികൾ, മികച്ച ആതിഥ്യമര്യാദ എന്നിവ യാത്രികരെ ആകർഷിക്കുന്നു. പിചോള തടാകത്തിലെ സൂര്യാസ്തമയ സമയത്തെ ബോട്ട് യാത്രകളും സിറ്റി പാലസിലെ സാംസ്‌കാരിക പരിപാടികളും സന്ദർശകരുടെ യാത്രാ പരിപാടികളിൽ പ്രധാനമാണ്.
കേരളത്തിലും ഗോവയിലുമടക്കം വിദേശസഞ്ചാരികൾ കുറവ്
എന്നാൽ കോവിഡിനുശേഷം രാജ്യത്ത് വിദേശസഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവാണുണ്ടായതെന്നും 2024-ലും കോവിഡിനു മുൻപുണ്ടായിരുന്ന നിലയിലേക്ക് വിദേശസഞ്ചാരികളുടെ എണ്ണം എത്തിയിട്ടില്ലെന്നുമാണ് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.
കോവിഡിനുമുൻപ് 2019-ൽ 3.14 കോടി വിദേശ സഞ്ചാരികളായിരുന്നു ഇന്ത്യ സന്ദർശിച്ചത്. 2024-ലിത് 2.09 കോടി മാത്രമാണ്. ഇപ്പോഴും 1.05 കോടി പേരുടെ കുറവാണുള്ളത്. ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് കോവിഡിനു മുൻപുണ്ടായിരുന്നതിനെക്കാൾ സഞ്ചാരികളുടെ എണ്ണം കൂടിയത്.
26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 2019-നെ അപേക്ഷിച്ച് വിദേശസഞ്ചാരികൾ കുറഞ്ഞു. 2024-ൽ ഏറ്റവും കൂടുതൽ വിദേശസഞ്ചാരികളെത്തിയത് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ്. മഹാരാഷ്ട്രയിൽ 37 ലക്ഷംപേരും പശ്ചിമബംഗാളിൽ 31.24 ലക്ഷം പേരും.
ഗുജറാത്ത് (22.74 ലക്ഷം), ഉത്തർപ്രദേശ് (22.69 ലക്ഷം), രാജസ്ഥാൻ (20.72 ലക്ഷം), ഡൽഹി (19.99 ലക്ഷം) എന്നിവയാണ് വിദേശസഞ്ചാരികളുടെ എണ്ണത്തിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ. ഇതിൽ കോവിഡിനു മുൻപുണ്ടായിരുന്നതിനെക്കാൾ എണ്ണം കൂടിയത് ഗുജറാത്ത്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ മാത്രമാണ്.
എക്കാലത്തും വിദേശസഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളായിരുന്നു കേരളവും ഗോവയും. രണ്ടിടത്തും വിദേശസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായി. സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിൽ 2019-ൽ 11.89 ലക്ഷം വിദേശ സഞ്ചാരികളായിരുന്നു സന്ദർശിച്ചത്. 2024 -ലിത് 7.38 ലക്ഷം മാത്രമാണ്.
ഗോവയിൽ 2019-ൽ 9.37 ലക്ഷം പേരെത്തിയിരുന്നു. ഇപ്പോഴിത് 4.68 ലക്ഷം മാത്രമാണ്. പുരാതന ക്ഷേത്രങ്ങളുടെ തട്ടകമായ തമിഴ്‌നാട്ടിൽ 2019-ൽ 68.66 ലക്ഷം വിദേശ സഞ്ചാരികളെത്തിയിരുന്നു. 2024-ലിത് 11.61 ലക്ഷം മാത്രമാണ്. സഞ്ചാരികളെ ഏറ്റവുമധികം നഷ്ടമായിരിക്കുന്നതും തമിഴ്‌നാടിനാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ആഭ്യന്തരസഞ്ചാരികൾ കൂടുന്നു
വിദേശസഞ്ചാരികളുടെ വരവു കുറഞ്ഞെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ എല്ലാ സംസ്ഥാനങ്ങളിലും വർധനയുണ്ടായിട്ടുണ്ട്. 2019-ൽ 232.19 കോടി ആഭ്യന്തര സഞ്ചാരികളാണുണ്ടായിരുന്നതെങ്കിൽ 2024-ൽ ഇത് 294.82 കോടിയായി കൂടി. 62.6 കോടി പേരുടെ വർധന.
ചുരുക്കംചില സംസ്ഥാനങ്ങളിൽ മാത്രമാണ് എണ്ണത്തിൽ കുറവുള്ളത്. ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിലെ വർധനയിൽ രാജസ്ഥാനും ഗുജറാത്തുമാണ് മുന്നിൽ. രാജസ്ഥാനിൽ 2019-നെ അപേക്ഷിച്ച് 17.79 കോടി പേർ കൂടുതലായെത്തി. ഗുജറാത്തിലിത് 12.52 കോടിയാണ്. 11.1 കോടിയുമായി ഉത്തർപ്രദേശ് മൂന്നാമതുണ്ട്.
കേരളത്തിൽ 2.23 കോടി ആഭ്യന്തര സഞ്ചാരികളാണ് 2024-ലെത്തിയത്. 2019 -ലെ 1.84 കോടിയെക്കാൾ 38.7 ലക്ഷം പേരുടെ വർധനയുണ്ടായിട്ടുണ്ട്. അതേസമയം, ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിലും തമിഴ്‌നാട്ടിൽ ഇടിവാണുള്ളത്. 2019-ൽ 49.48 കോടി ആഭ്യന്തരസഞ്ചാരികളെത്തിയിരുന്ന തമിഴ്‌നാട്ടിൽ 2024-ലെത്തിയത് 30.68 കോടി പേർ മാത്രം. 18.8 കോടിയുടെ കുറവ്.
കെഎസ്ആർടിസും വിനോദസഞ്ചാരവും
ഒൻപതുമാസം കൊണ്ട് വരുമാനം ഒരു കോടി നേടിയ മൂന്നാറിലെ കെഎസ്ആർടിസി ഡബിൾഡെക്കർ ബസ് വലിയ ഹിറ്റായിരുന്നു. വിനോദസഞ്ചാരികൾക്കായി സർവീസ് നടത്തുന്ന റോയൽ വ്യൂ ഡബിൾഡെക്കർ ബസ് സർവീസാണ് കോടി ക്ലബിൽ കയറിയത്. ഒറ്റ ബസിൽനിന്നാണ് ഈ വരുമാനം നേടാനായത്. ഫെബ്രുവരി ഒൻപതിന് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് സർവീസ് ഉദ്ഘാടനം ചെയ്തത്. ഒൻപത് മാസത്തിനകം 1,00,07,400 രൂപ വരുമാനം നേടാനായി. പുറംകാഴ്ചകൾ പൂർണമായി കാണുന്ന രീതിയിൽ മൂന്നാറിനുവേണ്ടി കെഎസ്ആർടിസി പ്രത്യേകം രൂപകൽപ്പന ചെയ്ത ബസാണിത്.
മൂന്നാറിലെ വിനോദസഞ്ചാരം പോഷിപ്പിക്കുന്നതിനും കെഎസ്ആർടിസിക്ക് അധിക വരുമാനം നേടുന്നതിനുമാണ് ഡബിൾഡക്കർ ബസ് കൊണ്ടുവന്നത്. മൂന്നാർ ഡിപ്പോയിൽനിന്ന് തുടങ്ങുന്ന സർവീസ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്‌റോഡ്, ആനയിറങ്കൽ എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ ഡിപ്പോയിലെത്തും. രാവിലെ ഒൻപത്, ഉച്ചയ്ക്ക് 12.30, വൈകീട്ട് നാല് എന്നിങ്ങനെയാണ് സർവീസ് സമയം. താഴത്തെ നിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് സീറ്റുകൾ. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ബസിൽ കയറിയും ടിക്കറ്റെടുക്കാം. വിനോദസഞ്ചാരികൾക്കായി മൂന്നാറിൽ കെഎസ്ആർടിസി നിരവധി ഉല്ലാസയാത്രാ സർവീസുകൾ നടത്തുന്നുണ്ട്.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (ബിടിസി) നാലുവർഷം പൂർത്തിയാകുമ്പോൾ 90.33 കോടി രൂപയാണ് നേടിയത്. 2021 നവംബറിൽ ആരംഭിച്ച ബിടിസി വഴി ഇതുവരെ 13.88 ലക്ഷം യാത്രക്കാരാണ് വിവിധ വിനോദ-തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചത്. 2022-ൽ 13.54 കോടിയായിരുന്നു വരുമാനമെങ്കിൽ, ഈ വർഷം ഒക്ടോബർ 31 വരെ 33.06 കോടി നേടി.
വർഷംതോറും യാത്രക്കാരുടെ എണ്ണവും വരുമാനവും വർധിക്കുകയാണ്. 93 കെഎസ്ആർടിസി ഡിപ്പോകളിൽ 80-ലും ബിടിസി ഉണ്ട്. ആകെ 1600 ടൂർ പാക്കേജുകളാണുള്ളത്. പത്തനംതിട്ടയിലെ ഗവിയാണ് യാത്രക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. വിവിധ ഡിപ്പോകളിൽനിന്നായി ദിവസവും കുറഞ്ഞത് മൂന്ന് ഗവി യാത്രയുണ്ട്. മൂന്നാർ, പൊൻമുടി, നെല്ലിയാമ്പതി തുടങ്ങിയ സ്ഥലങ്ങളും യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാണ്.
മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ, തുടങ്ങി ഡിസംബറിൽ കെഎസ്ആർടിസി യാത്രയ്ക്ക് അവസരം ഒരുക്കിയിരുന്നു. ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ച് പുതു വത്സരത്തെ വരവേൽക്കാനാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി യാത്ര സജ്ജീകരിച്ചത്.
Content Highlights: Explore 2025 India tourism trends. Discover Kerala`s rise as a top destination & popular Indian travel spots.