നാലുവയസിൽ തുടങ്ങിയ നടത്തം, ഇള കയറാത്ത മലനിരകൾ ഇന്ന് യു.എ.ഇ.യിൽ കുറവാണ്

ലോക്ഡൗണിന്റെ അസ്വസ്ഥതകളിൽനിന്നും വർക്ക് ഫ്രം ഹോം നൽകുന്ന മുഷിപ്പിൽ നിന്നുമെല്ലാം എങ്ങനെ പുറത്തുകടക്കാമെന്നതാകാം കഴിഞ്ഞ രണ്ടുവർഷത്തിനിടെ സകലജനങ്ങളും ഏറ്റവുമധികം അന്വേഷിച്ചിട്ടുണ്ടാകുക. ഗൂഗിളിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് പൊതുവായി ലഭിക്കുന്ന ചില മറുപടികളുണ്ട്. ആ പട്ടികയിൽ ഒന്നായ ‘ഹൈക്കിങ്’ എന്നത് ഒഴുക്കിൽ വായിച്ച് ആളുകൾ അടുത്ത തിരച്ചിലുകളിലേക്ക് കടക്കുന്നു. ചിലർ ഇതെല്ലാം പരീക്ഷിച്ചുനോക്കാൻ തുനിയുന്നു.
മലനിരകളിലേക്കും കാടുകളിലേക്കും കടൽത്തീരങ്ങളിലേക്കുമെല്ലാം മുമ്പത്തേതിലുമധികം ആളുകൾ യാത്രചെയ്യാൻ തയ്യാറാകുന്നത് ഇതുമൂലമാണ്. എന്നാലിത്തരം യാത്രകൾ ജീവിതത്തിന്റെ തന്നെ ഭാഗമാക്കിയ ഒരു കൊച്ചുമിടുക്കിയുണ്ട് അബുദാബിയിൽ. കുഞ്ഞായിരിക്കുമ്പോൾതന്നെ മലകയറ്റം തുടങ്ങിയ 13-കാരിയായ ഇളയാണ് ആ മിടുക്കി. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പാഠങ്ങൾ പുസ്തകത്തിന് പുറത്തുനിന്ന് ആർജിച്ചെടുക്കാൻ വളരെ ചുരുക്കം പേർക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. പലരും ഇഷ്ടത്തോടെ മണ്ണിലിറങ്ങാൻ തയ്യാറാകുന്നില്ലെന്നതും യാഥാർഥ്യമാണ്. അത്തരക്കാർക്കിടയിൽ വ്യത്യസ്തയാകുകയാണ് ഇള.
സഞ്ചാരപ്രിയനായ അച്ഛനൊപ്പം നാലുവയസ്സുമുതൽ നടത്തംതുടങ്ങിയ ഇള കയറാത്ത മലനിരകൾ ഇന്ന് യു.എ.ഇ.യിൽ കുറവാണ്. ഹൈക്കർമാരുടെ ഇഷ്ടയിടങ്ങളായ അബുദാബി, റാസൽഖൈമ, ഫുജൈറ, ഷാർജ എന്നിവിടങ്ങളിലെ മലനിരകളിൽ ദിവസം മുഴുവൻ നീളുന്ന ഹൈക്കിന് ഇളയിപ്പോൾ സജ്ജയാണ്. സാധാരണയായി മുതിർന്നവർ മാത്രം തുനിഞ്ഞിറങ്ങുന്ന ഇത്തരം സാഹസികതകൾ ചെറിയപ്രായംമുതൽ പരിചയിച്ചതിനാൽ ഏറെയാവേശമാണ് ഓരോ യാത്രകളും ഇളയ്ക്കിപ്പോൾ.
യു.എ.ഇ.ക്ക് പുറമെ സെർബിയ, ജോർജിയ എന്നിവിടങ്ങളിലും ഹൈക്കിങ് നടത്തിയിട്ടുണ്ട്. യു.എ.ഇ.യിലേത് പോലെയല്ല മഞ്ഞുമൂടിയ ഇടങ്ങളിലൂടെയുള്ള യാത്ര. അത് പുതിയൊരു അനുഭവമാണെന്ന് ഇള പറയുന്നു. സ്വന്തം പ്രായത്തിലുള്ളവർ ആരുംതന്നെ ഇളയ്ക്കൊപ്പം നടക്കാനുണ്ടാകാറില്ല. സഹപാഠികളോട് ഓരോ യാത്രകൾക്കുശേഷവും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അവർക്കതെല്ലാം ഏറെ കൗതുകമുണർത്തുന്ന കാര്യങ്ങളാണ്. കൂടെവരാൻ ആഗ്രഹമുണ്ടെന്ന് പറയുന്നവരുമുണ്ട്. എന്നാൽ അവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കാറില്ലെന്നും ഇള പറയുന്നു.
വാരാന്ത്യങ്ങളിൽ സുഹൃത്തുക്കൾ മാളുകളിലേക്ക് പോകുമ്പോൾ ഇള തന്റെ ബാക്ക്പാക്കിൽ ഓറഞ്ചും പഴവും ചോക്ക്‌ലേറ്റുമായി ഹൈക്കിങിലായിരിക്കും. യു.എ.ഇ. മലനിരകളിലെ കാഴ്ചകൾ ചെറിയ പ്രായത്തിൽ തന്നെ വലിയ അനുഭവങ്ങളാണ് ഇളയ്ക്ക് പകർന്നുനൽകിയിട്ടുള്ളത്. ‘‘ഹൈക്കിങ് ഷൂസും സ്റ്റിക്കും നിർബന്ധമാണ്. നമ്മൾ സാധാരണ നടക്കുന്നത് പോലെയല്ല മലമ്പാതകളിലൂടെയുള്ള നടത്തം. വലിയ പാറകൾ ഉള്ളയിടങ്ങളിലൂടെയാണെങ്കിൽ ഹെൽമെറ്റ് ധരിക്കണം. ഓരോ ചുവടും ശ്രദ്ധയോടെ തന്നെയാകണം. ബാലൻസ് ചെയ്യാനാണ് സ്റ്റിക്കുകൾ. അതിരാവിലെ ഹൈക്കിങ് നടത്തി മലമുകളിൽനിന്ന് സൂര്യോദയം കാണുന്നത് ഏറെയിഷ്ടമാണ്. അതിനിടയിൽ പക്ഷികളെയും ഉറുമ്പുകളെയും പല്ലികളെയും ചിലപ്പോഴെല്ലാം പാമ്പിനെയും കാണാറുണ്ട്. പല നിറങ്ങളിലുള്ള കല്ലുകൾ കാണാം. പലതരം ചെടികളും. അതിനെക്കുറിച്ചെല്ലാം അറിവുള്ളവരും കൂടെയുണ്ടാകാറുണ്ട്. അവരത് പറഞ്ഞുതരുമ്പോൾ ശ്രദ്ധയോടെ കേൾക്കും’’-ഇള പറയുന്നു.
‘‘പേടിയില്ലാതെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്യാനാകുന്നുവെന്നതാണ് ഇത്തരം യാത്രകളിലൂടെ ലഭിച്ച ഏറ്റവുംവലിയ കാര്യം. എല്ലാ സാഹചര്യങ്ങളെയും മനസ്സിലാക്കി പെരുമാറാനാകുന്നു. കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹങ്ങളാണ് ഓരോ യാത്രയ്ക്കുശേഷവും മനസ്സുനിറയെ. ഹിമാലയൻ മലനിരകളിലേക്ക് ഹൈക്കിങ് നടത്തണമെന്നതാണ് അടുത്ത ആഗ്രഹം. അതെനിക്ക് ഉടൻതന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ’’ -ഇള പറയുന്നു.
അബുദാബിയിൽ ജോലിചെയ്യുന്ന തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി കിരൺ കണ്ണന്റെയും ജിൻജിയുടെയും മൂത്ത മകളാണ് ഇള. അനിയൻ സിഡും കുഞ്ഞ് സ്റ്റിക്കുമായി മലകയറാൻ ഒപ്പമുണ്ട്.
Content Highlights: ila's travel, hiking in uae, hiker girl in uae