പ്രകൃതിയുടെ അത്ഭുതകരമായ വിരാടദൃശ്യം പകരുന്ന ഏകാന്തഗംഭീരമായ ഹിമവല്‍ ഭൂമിയിലേക്ക്...

ഗഡ്വാളില് നിന്നും കുമയൂണിലേക്കുള്ള യാത്രയില്‍ ശൈലപ്രകൃതിയുടെ ഭാവവും മാറും. ചഞ്ചലമായ ഗഡ് വാളി പര്വതനിരകളേക്കാള് ദൃഢമാണ് കുമയൂണിലെ പര്‍വത പംക്തികള്‍ എന്നും തോന്നും. ഉത്തരാഖണ്ഡിലൂടെയുള്ള ഒരു ദീര്‍ഘയാത്രയിലായിരുന്നു ഞങ്ങള്‍. ഹരിദ്വാരില്‍ മരണാസന്നനായ ഒരു സംന്യാസിയെ ഗംഗക്ക് വിട്ടു തുടങ്ങിയ ദീര്‍ഘയാത്ര.. മഞ്ഞുരുകാത്ത പാതകളില്‍ വഴിക്കു വെച്ചു മടങ്ങി, പര്‍വത പാര്‍ശ്വങ്ങള്‍ തിന്ന വഴികളില്‍ പെട്ടുകിടന്ന്, ശിലാ ശൈലങ്ങളുടെ ഹിമ ദ്യുതിയിലമ്പരന്ന്, ആശ്രമങ്ങളിലും വിചത്രമായ ഇടങ്ങളിലും തണുത്തു വിറച്ചുറങ്ങി നീണ്ടു പോയ ഹിമാലയയാത്ര..
ലോഹാഘട്ടില്‍ പുതുതായി തീര്‍ത്ത ഒരു ഹോട്ടലില്‍ അന്തിയുറങ്ങി മഞ്ഞു കുതിര്‍ന്ന പുലര്‍ച്ചെ ഞങ്ങള്‍ നാട്ടുകാര്‍ (ഗഢ് വാളികളും നേപ്പാളികളും) ചോമു ( ഇഷ്ടദേവത) എന്നു വിളിക്കുന്ന പഞ്ചേശ്വരനെ കാണാന്‍ യാത്രയായി. ഹിമ സൈകത ഭൂവിന്റെ മടിയിലുള്ള ചെറുകുന്നുകളുടെ ഓരത്തിലുടെ നന്ദാദേവിയില്‍ നിന്നും ഉറവ പൊട്ടി യൗവ്വനഗര്വോടെ കുതിച്ചൊഴുകുന്ന നദീ പാര്‍ശ്വങ്ങളിലൂടെയുള്ള യാത്ര. നീണ്ടൂ പുളഞ്ഞു പോവുന്ന റോഡവസാനിച്ചാല് കാല്‍നട തുടങ്ങണം. ശാരദാ നദിക്കു കുറുകെയുള്ള തൂക്കുപാലം തരണം ചെയ്താല്‍ വലിയൊരു കുന്നായി. വന നിബിഡമായ ആ കുന്നിനു കീഴെയുള്ള പ്രാക്തനമായ ഒറ്റയടിപാത കുറച്ചു താണ്ടുമ്പോള്‍ ശാരദയുടെ മറുകരയില്‍ ചിതകള്‍ എരിയുന്നതു കാണാം.
കുന്നിന്റെ ഒരു കോണില്‍ സാക്ഷാല്‍ കൈലാസനാഥനായ പഞ്ചേശ്വരന്റെ ആവാസസ്ഥലം. മൃഗാദികളുടെ ദേവനാണ് ഇവിടെ പഞ്ചേശ്വരന്. നാഗഫണക്കുടക്കു കീഴിലെ ജടയാണ് വിഗ്രഹം. മറു ഭാഗത്തു നിന്നൊഴുകി വരുന്ന കറുത്ത കാളിയും വെളുത്തു നുരഞ്ഞു വരുന്ന ശാരദയും സമ്മേളിക്കുന്നത് ക്ഷേത്രത്തിനു താഴെയാണ്. പടവിറങ്ങിപ്പോവാം. ഘനത്തിലൊഴുകുന്ന കാളിക്കപ്പുറം നേപ്പാളം. ഒഴുക്കിനെ തോല്‍പ്പിച്ച് വട്ടത്തോണിയിലായിസപ്പെട്ട് നേപ്പാളികള്‍ പഞ്ചേശ്വരനെ കാണാന്‍ വരുന്നു. പശുവിനെ കടുവ പിടിച്ചു, അവള് പാലു ചുരത്തുന്നില്ല എന്നിങ്ങനെ നീളുന്ന ആവശ്യങ്ങള്‍.
പ്രകൃതിയുടെ അത്ഭുതകരമായ വിരാടദൃശ്യം പകരുന്ന ഏകാന്തഗംഭീരമായ ഹിമവല്‍ ഭൂമി. കളകളത്തിന്റെ പ്രണവത്തിനപ്പുറം ലോകം ഇവിടെ അവസാനിക്കുന്നു എന്നു പ്രഖ്യാപിച്ച് ഏതോ മുനമ്പില്‍ അപ്രത്യക്ഷമാവുന്ന ജലമാര്‍ഗ്ഗം. അതിരുകള്‍ അപ്രസക്തമാവുന്ന അന്തരീക്ഷം. അഘോരിയായ പൂജാരിയുടെ നിരാസക്തമായ കണ്ണുകളില്‍ വിരേചനത്തിന്റെ പൂര്‍ണ്ണത. ക്ഷേത്രത്തിന്റെ ഒരു മൂലയില്‍ തീര്‍ത്ത ഹോമകുണ്ഡത്തിനടുത്തമര്ന്ന ക്ലാന്തരായ പഥികര്ക്കു നേരെ അയാള്‍ ഛിലം നീട്ടി പറഞ്ഞു.. ബം ഭോലെ...
Content Highlights: Himalaya Travel, Kumaon Travel, Pancheshwar Mahadev Temple, Lohaghat, Spiritual Travel
Content Highlights: