'കഠിനമായ യാത്രയുടെ അവശതകളെല്ലാം ഒരു നിമിഷംകൊണ്ട് മാഞ്ഞു, മുന്നില്‍ കാഴ്ചയുടെ മഹാഗോപുരം'

ഹിമാലയം കാണണം. കാത്തിരുന്നൊടുവില്‍ ആ ദിവസമെത്തി. രാവിലെ ആറിന് തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ച് ഡല്‍ഹി വഴി വൈകുന്നേരം നാലുമണിയോടെ നേപ്പാള്‍ രാജധാനിയായ കാഠ്മണ്ഡുവില്‍ എത്തി. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷി ച്ച് തീരെ ചെറുതാണ് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം. ഇടുങ്ങിയ വഴികളും പഴയ കെ ട്ടിങ്ങളും ഒക്കെ ചേര്‍ന്ന ചെറിയ പുരാതന നഗരം, കാഠ്മണ്ഡു. വിനോദസഞ്ചാരമാണ് പ്രധാന വരുമാനം.
ശങ്കരാചാര്യ സ്വാമികളാണ് ക്ഷേത്രത്തിന്റെ പൂജാവിധികളും ആചാരക്രമങ്ങളും ചിട്ടപ്പെടുത്തിയത്. ക്ഷേത്രത്തെ തൊട്ടൊഴുകുകയാണ് വാങ്മയി. ഇങ്ങേക്കരയില്‍ പടവുകള്‍ക്ക് മുകളില്‍ ശ്രീചക്രം കൊത്തിയ സ്തംഭം കാണാം. തീര്‍ഥത്തിന്റെ മറുകരയില്‍ പതിനഞ്ച് ശിവാലയങ്ങള്‍. വാങ്മയിതീരത്ത് കത്തിയമരുന്ന ചിതകള്‍. കാഠ്മണ്ഡുവിലെ മറ്റൊരു ക്ഷേത്രവിസ്മയമാണ് ജലനാരായണ ക്ഷേത്രം. അനന്തന്റെ മേല്‍ ശയിക്കുന്ന ചതുര്‍ബാഹുവായ നാരായണനാണ് ഇവിടെ ആരാധനാമൂര്‍ത്തി. യോഗനിദ്രാഭാവമാണ് വിഗ്രഹത്തിന്. നിലം ഉഴുന്നതിനിടെ ലഭിച്ച സ്വയംഭൂ വിഗ്രഹമെന്നാണ് കഥകള്‍. പതിനാറ് വയസ്സില്‍ താഴെ പ്രായമുള്ള ബ്രാഹ്മണ ബാലന്മാരാണ് ക്ഷേത്രത്തിലെ പൂജാരികള്‍.
അടുത്ത ദിവസം പുലര്‍ച്ചെ തന്നെ ലക്ഷ്യസ്ഥാനമായ കൈലാസത്തിലേക്ക് യാത്ര ആരംഭിച്ചു. നേപ്പാള്‍ - ചൈന അതിര്‍ത്തി ഗ്രാമമായ റസുവയിലാണ് ആദ്യം എത്തിയത്. അതിരിട്ടൊഴുകുന്ന സപ്തകേശി നദിക്കക്കരെയാണ് ചൈന. കാഠ്മണ്ഡുവില്‍നിന്ന് ഇവിടെ വരെയുള്ള യാത്ര ദുഷ്കരമാണ്. റോഡ് എന്ന് പറയാന്‍ പോലും പറ്റാത്ത ചെളിക്കുണ്ടുകള്‍. ഒരു വശത്ത് കീഴ്ക്കാംതൂക്കായ മലകളും മറുവശത്ത് അഗാധമായ കൊക്കകളും. ചെറിയ മണ്‍റോഡിലൂടെ മിനിബസ്സിലായിരുന്നു യാത്ര. റസുവയിലാണ് അന്നത്ത വിശ്രമം.
പിറ്റേന്ന് അതിര്‍ത്തി കടന്ന് ചൈനയുടെ ഭൂമിയില്‍ പ്രവേശിച്ചു. റസുവയില്‍നിന്ന് പാലം കടന്ന് എത്തിയത് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിലേക്കാണ്. വിസയും രേഖകളും പരിശോധിച്ച് തുടര്‍യാത്രയ്ക്കുള്ള അനുമതി ലഭിച്ചു. ടിബറ്റ് ടൂറിസം വകുപ്പിന്റെ വാഹനത്തിലാണ് ഇനിയുള്ള യാത്ര. നേപ്പാളിനെ അപേക്ഷിച്ച് നല്ല റോഡുകളും വാഹനവും. ദീര്‍ഘയാത്ര അവസാനിച്ചത് ടിബറ്റന്‍ പട്ടണമായ കൈയ്റോങില്. ബഹളങ്ങളൊന്നുമില്ലാത്ത കൊച്ചു പട്ടണം. വൃത്തിയും വെടിപ്പുമുള്ള തെരുവുകള്‍. മനോഹരമാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍.
തീര്‍ഥാടനത്തിന്റെ അടുത്ത ഘട്ടം ഹിമവാന്റെ മുകള്‍തട്ടിലുള്ള സാഗ പട്ടണത്തിലേക്കാണ്. സമുദ്രനിരപ്പില്‍നിന്ന് 14500 അടി ഉയരത്തിലാണ് ഈ പട്ടണം. അവിടേക്കുള്ള യാത്രയില്‍ കാഴ്ചകളും മാറുകയാണ്. ദേവദാരു മരങ്ങള്‍ തീര്‍ത്ത പച്ചപ്പ് അപ്രത്യക്ഷമായി തുടങ്ങും. മണ്ണും പാറയും നിറഞ്ഞ് ചാരനിറമാണ് ഹിമവാന് ഇവിടെ. സാഗയില്‍ എത്തുമ്പോഴേക്കും തണുപ്പ് അസഹ്യമായിത്തുടങ്ങി. താപനില പത്തു ഡിഗ്രിയാണ് പലപ്പോഴും. ഓക്സിജന്റെ അളവും കുറഞ്ഞു തുടങ്ങും. ഈ അന്തരീക്ഷവുമായി പൊരുത്തപ്പെടേണ്ടതുണ്ട് ഇനിയുള്ള യാത്രയ്ക്ക്. അതിനായി അന്ന് സാഗയില്‍ തന്നെയാണ് വിശ്രമത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്.
കൈലാസ യാത്രികന്റെ സ്വപ്നഭൂമിയായ മാനസസരസിലേക്കാണ് പിറ്റേദിവസത്തെ യാത്ര. സമുദ്രനിരപ്പില്‍നിന്ന് 15060 അടി ഉയരത്തില്‍ അതിമനോഹരമായ ശുദ്ധജല തടാകം. പാര്‍വതീ ദേവിക്കായി ബ്രഹ്മാവ് മനസ്സില്‍ നിന്ന് സൃഷ്ടിച്ച സരസ് എന്നാണ് വിശ്വാസം. ഈ പുണ്യതീര്‍ഥത്തില്‍ സ്വര്‍ണ അരയന്നത്തിന്റെ രൂപത്തില്‍ ബ്രഹ്മാവ് എത്താറുണ്ടെന്നാണ് കരുതപ്പെടുന്നത്.
മാനസരോവര്‍ ചുറ്റിയാണ് വാഹനം കടന്നുപോകുന്നത്. തീര്‍ഥത്തിന്റെ കരയിലൂടെയുള്ള യാത്ര അവസാനിച്ചതോടെ തീര്‍ഥാടകര്‍ക്ക് സരസില്‍ ഇറങ്ങാനുള്ള അവസരമാണ്. മലിനീകരണ ഭീഷണി കാരണം സാധാരണ സരസില്‍ സ്നാനത്തിന് അനുമതി നല്‍കാറില്ല. എങ്കിലും ശുദ്ധിക്ക് ഭംഗമുണ്ടാക്കില്ലെന്ന ഉറപ്പില്‍ ഗൈഡുകളില്‍നിന്ന് അനുകൂല പ്രതികരണം ലഭിച്ചു. കടുത്ത തണുപ്പിനെ അവഗണിച്ച് മാനസസരസില് മുങ്ങി നിവര്‍ന്നു. കൈയില്‍ സൂക്ഷിച്ചിരുന്ന കുപ്പികളില്‍ തീര്‍ഥം ശേഖരിച്ചു. യാത്രയുടെ ഓര്‍മ്മയ്ക്ക് ചെറിയ കല്ലുകള്‍ എടുത്തു. കൈലാസയാത്രയില് ഏവരും ആഗ്രഹിക്കുന്ന പുണ്യം.
മാനസരോവരത്തിനടുത്തു തന്നെയാണ് രാക്ഷസ് താള്. രാവണന് കൈലാസം എടുത്തുയര്‍ത്തിയപ്പോള്‍ മഹാദേവന് പെരുവിരല്‍ കൊണ്ട് അമര്‍ത്തി ചവിട്ടിയെന്നും കൈലാസത്തിനടിയില് കൈ പെട്ടുപോയ വേദനയില്‍ രാവണന്റെ വിയര്‍പ്പില്‍ നിന്നും കണ്ണീരില്‍നിന്നും രൂപം കൊണ്ടതാണ് ഈ ജലാശയം എന്നുമാണ് വിശ്വാസം. രാക്ഷസ് താളില്‍ ജലജീവികളില്ല. അരയന്നങ്ങളും മറ്റ് പക്ഷികളും എത്താറില്ല. രാക്ഷസ് താളിന്റെ കരയില്‍ യാക്കിന്റെ തലയോടും കൊമ്പും ഉരുളന്‍കല്ലുകളും ചേര്‍ത്ത് ഉണ്ടാക്കിയ ചെറിയ കൂനകള്‍ കാണാം. ചില വിശ്വാസങ്ങളുടെ ഭാഗമാണിത്.
മാനസരോവറിന്റെ തീരത്തു തന്നെയായിരുന്നു അന്നത്തെ വിശ്രമം. അടുത്ത ദിവസം ഉച്ചയോടെയാണ് ബേസ് ക്യാമ്പായ ദര്‍ച്ചനിലേക്ക് യാത്ര ആരംഭിച്ചത്. കൈലാസ പരിക്രമത്തിന്റെ ഇടത്താവളമാണ് ദര്‍ച്ചന്‍. സമുദ്രനിരപ്പില്‍നിന്ന് ഉയരത്തിലേക്ക് കയറുമ്പോഴുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും അന്തരീക്ഷവുമായി പൊരുത്തപ്പെടാനും ദര്‍ച്ചനില്‍ ഒരു രാത്രി വിശ്രമം അനിവാര്യമാണ്.
പിറ്റേന്ന് ദര്‍ച്ചനില്‍ നിന്ന് ബസില്‍ യമദ്വാറിലേക്കുള്ള യാത്രയാണ്. അടുത്ത മൂന്നുദിവസത്തേക്കുള്ള മരുന്നും ഡ്രൈ ഫ്രൂട്ട്സും വെള്ളവും ജ്യൂസുമെല്ലാം ബാക്ക്പാക്കില്‍ നിറച്ചു. ഹിമവാന്റെ നെറുകയിലെ ദുര്‍ഘട പാതകളിലൂടെയാണ് പരിക്രമം. കൈയില്‍ ഊന്നുവടിയും കരുതി. പരിക്രമ യാത്രയ്ക്കുള്ള കുതിരകളെയും സഹായികളായ ഷെര്പ്പകളെയും നറുക്കിട്ടെടുക്കുന്നത് ഇവിടെ വെച്ചാണ്. ഭാഗ്യമുള്ളവര്‍ക്ക് നല്ല കുതിരയും ഷെര്‍പ്പയും ലഭിക്കും.
യമദ്വാറില്‍ ചെറിയ മണ്ഡപമുണ്ട്. അതിലൂടെ നിഷേധ ചിന്തകളുപേക്ഷിച്ച് പ്രാര്‍ഥനാപൂര്‍വം കയറി ഇറങ്ങിയാല്‍ യമകിങ്കരന്മാരുടെ ശല്യമുണ്ടാകില്ല. ശിവ കിങ്കരന്മാര് വഴികാട്ടിയായി ഒപ്പം വരുമെന്നും വിശ്വാസം. യമദ്വാര്‍ മോക്ഷകവാടമാണ്. സ്വര്ഗാരോഹണവേളയില് പാണ്ഡവര്‍ കടന്നുപോയ വഴി. പ്രാര്‍ഥനാപൂര്‍വം യമദ്വാര്‍ കടന്നാല്‍ അയാള്‍ കൈലാസിയായി.
രണ്ടരക്കിലോമീറ്ററോളം കഠിനമാണ് യാത്ര. നടന്ന് ക്ഷീണിച്ചപ്പോള്‍ കുതിരപ്പുറത്തായി സവാരി. ഓക്സിജന്റെ അളവ് കുറവായതിനാല്‍ കാല്‍നടയാത്ര വളരെ ആയാസകരമാണ്. ചെറു കയറ്റം പോലും കടന്നുകൂടാന്‍ പ്രയാസം തോന്നും.നാലു മണിയോടെയാണ് കൈലാസശൃംഗത്തിന്റെ വടക്കേ മുഖമായ ദുറാപുകില് എത്തിയത്. കഠിനമായ യാത്രയുടെ അവശതകളെല്ലാം ഒരു നിമിഷംകൊണ്ട് മായ്ച്ചുകളയുന്ന അഭൗമമായ ദര്‍ശനപുണ്യം. നേരെ മുന്നില്‍ കാണുന്ന ജാംബിയാങ് പര്‍വതത്തിന് പിന്നിലായി കൈലാസനാഥന്റെ വിശ്വരൂപം. വിശ്വത്തിന് മുകളില്‍ തലയുയര്‍ത്തി നില്ക്കുന്ന കാഴ്ചയുടെ മഹാഗോപുരം. പരിക്രമത്തിന്റെ ഏറ്റവും പുണ്യം നിറഞ്ഞ ദിവസം. ക്ഷീണം മറന്നു. അറിവിന് ഗിരിശ്യംഗങ്ങള്ക്ക് മുന്നില്‍ ശിരസ്സു കുനിച്ചു നിന്നു.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Himalaya Travel, Himalaya Trekking, Mathrubhumi Yathra
Content Highlights: