ജെന്റിങ് ഹൈലാൻ്റ്സിലെ കൊറിയൻ രുചികളും സ്കൈ കാസിനോയുടെ മാന്ത്രികലോകവും

ജെൻ്റിങ്ങ് ഹൈലാൻ്റ്സിലെ ലോകോത്തര മാളിൽ കൊറിയൻ റെസ്റ്റോറൻ്റ് അന്വേഷിച്ച് ഞങ്ങൾ നടന്നു. പോകുന്ന വഴിയിൽ ധാരാളം ഇന്ത്യൻ, ചൈനീസ്, മലയൻ, വെസ്റ്റേൺ റെസ്റ്റോറൻ്റുകൾ കണ്ടു. പക്ഷേ, മിന്നു അന്വേഷിച്ചത് അതൊന്നുമല്ലായിരുന്നു. അവൾക്ക് കൊറിയൻ റെസ്റ്റോറൻ്റിൽതന്നെ കയറണമായിരുന്നു. കൊറിയൻ ബാൻ്റുപോലെ സ്വാദിഷ്ടമായ നോൺ-വെജ് ഭക്ഷണത്തിനായി. ഞാൻ പതിയെ അവർക്കു പിന്നിൽ നടന്നു. അവാന സ്കൈവേയിലെ കേബിൾ കാർ ഉയരങ്ങളിൽനിന്ന് ഞാൻ പൂർണ്ണമായും ഇറങ്ങിയിരുന്നില്ല.
അന്താരാഷ്ട്ര ബ്രാൻഡുകൾ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ധാരാളം പ്രിമിയം ഔട്ട്ലെറ്റുകൾ ജെൻ്റിങ്ങ് ഹൈലാൻ്റ്സിൽ ഉണ്ട്. അവിടെയെല്ലാം തിരക്ക് കുറവായിരുന്നു. കൊറിയൻ റെസ്റ്റോറൻ്റ് തിരയുന്നതിനിടയിൽ ഞങ്ങൾ വെറുതെ അവിടെ കയറിയിറങ്ങി. കുറെ നടന്നപ്പോൾ അകലെ ഒരു കൊറിയൻ റെസ്റ്റോറൻറ് കണ്ടു. ഔട്ട് ഡോറിൽ ധാരാളം ടേബിളുകളും ചെയറുകളും പ്രത്യേക രീതിയിൽ ഒരുക്കിയിരുന്നു. കൊറിയൻ, ചൈനീസ് വംശജരായ ധാരാളം പേർ അവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു, കുറച്ച് ഇംഗ്ലീഷുകാരും. ഇന്ത്യക്കാരെ ആരെയും കണ്ടില്ല. റെസ്റ്റോറൻ്റിലേക്ക് പ്രവേശിച്ചപ്പോൾതന്നെ മെനു കാർഡുമായി ഒരാൾ വന്നു. പരിചയമില്ലാത്ത രണ്ടു ഡിഷുകൾ മിന്നു ഓർഡർ ചെയ്തു. ഒരെണ്ണം ചിക്കൻ കലർന്നത്. ടേബിളിൽ രണ്ടു മൂന്നു ഇൻഡക്ഷൻ കുക്കർ കൂടി ഘടിപ്പിച്ചിരുന്നു. എല്ലാ ടേബിളിലും അതുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ വെയ്റ്റർ വലിയൊരു തവയുമായി വന്നു. അതിൽ മിന്നു ഓർഡർ ചെയ്ത കൊറിയൻ പോർക്ക് കിംചി ഉണ്ടായിരുന്നു. വിവിധ വെജിറ്റബിൾസും ചില്ലിയും പലതരം ഇലകളും സോസുകളും ഭംഗിയായി അലങ്കരിച്ചത്. വളരെ ചെറുതായരിഞ്ഞ പോർക്ക് പീസസും നിറയെ ഉണ്ടായിരുന്നു.
12 മിനിറ്റ് കുക്ക് ചെയ്യണമെന്നു പറഞ്ഞ് അയാൾ തവ ഇൻഡക്ഷൻ കുക്കറിനു മുകളിൽവച്ച് ഓൺ ചെയ്തു. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. വെയ്റ്റർ ടൈമർ ഓണാക്കി തന്നു. 12 മിനിറ്റ് കഴിഞ്ഞാൽ ബീപ്, ബീപ് ശബ്ദം വരും. മിന്നുവിന് സന്തോഷമായി. അവളും വെയ്റ്ററും കൂടി അത് ഇളക്കി കുക്ക് ചെയ്യാൻ തുടങ്ങി. അവർ ധാരാളം സംസാരിച്ചു. ഇന്ത്യയും മലേഷ്യയും ഹൃസ്വകാലത്തേക്ക് കൈകോർത്തു. അതിനിടയിൽ ചിക്കൻകൊണ്ടുള്ള അടുത്ത ഡിഷ് വന്നു. അതിൽ ചിക്കൻ വളരെ കുറവും പേരറിയാത്ത എന്തൊക്കെയോ മലയൻ സാധനങ്ങൾ ധാരാളവും. മിക്സ് ചെയ്ത് തരട്ടേ എന്ന് അയാൾ ചോദിച്ചു. ഞങ്ങൾ സംശയത്തോടെ നോക്കിയപ്പോൾ നിങ്ങൾ അത് ചെയ്താൽ പെർഫെക്ട് ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. ശരിയാണ്. അദ്ദേഹം മിക്സ് ചെയ്തപ്പോൾ അത് മറ്റൊരു ഡിഷായി രൂപാന്തരപ്പെട്ടു.
അപരിചിതമായ രുചികൾ. ഞാൻ രണ്ടു സ്പൂൺ കഴിച്ചു, സുധീറേട്ടനും. ഞാൻ പോർക്ക് കഴിക്കാറില്ല. മിന്നു പോർക്കു ഡിഷിൽനിന്ന് കുറച്ചു കഴിച്ചു. കുറെ ബാക്കിയായി. വളരെ അധികമുണ്ടായിരുന്നു. വേണമെങ്കിൽ നാലഞ്ചു പേർക്ക് കഴിക്കാമായിരുന്നു. ബില്ലു വന്നപ്പോൾ 120 റിങ്കറ്റ് ' 120 x 25 രൂപ. ഭാഗ്യം. പ്രതീക്ഷിച്ചതിൽ കുറവ്. അവരോട് ബൈ പറഞ്ഞ് റെസ്റ്റോറൻ്റിൽനിന്ന് പുറത്തിറങ്ങി.
പുറത്തിറങ്ങി നടന്നപ്പോൾ സഹയാത്രികരെ ആരെയും കണ്ടില്ല. എസ്കലേറ്ററിലൂടെ പല ഘട്ടങ്ങളായി താഴേക്ക് ഇറങ്ങി ഗ്രൗണ്ട് ഫ്ലോറിലേക്ക് പോയി. കാസിനോ തിരഞ്ഞു. വിശാലമായ ആ സ്ഥലം ഒരു മാന്ത്രികലോകം പോലെ തിളങ്ങി. ലിം ഗോഹ് ടോങിന്റെ പ്രണയോന്മാദമായ കാസിനോ എവിടെ? അതെവിടെയാണ് ഒളിഞ്ഞിരിക്കുന്നത്? ഏറെ നടന്ന് ഞങ്ങളത് കണ്ടെത്തുകതന്നെ ചെയ്തു. ഗൂഢലോകം അതാ മുന്നിൽ.
സ്കൈ കാസിനോയുടെ പുറത്തു നിന്നയാൾ ഞങ്ങളുടെ പാസ്പോർട്ടു ചോദിച്ചു. മിന്നുവിന്റെ പാസ്പോർട്ട് ഏറെ നേരമെടുത്തു പരിശോധിച്ചു. ഇരുപത്തിയൊന്ന് വയസ്സ് പൂർത്തിയായവർക്കേ അവിടെ പ്രവേശനമുണ്ടായിരുന്നുള്ളു. അവളെ കണ്ടാൽ ചെറിയ കുട്ടിയെ പോലുണ്ടെന്ന് അയാൾ പറഞ്ഞു. മിന്നു ഗമയോടെ ഞങ്ങളെ നോക്കി ചിരിച്ചു. ഞങ്ങളുടെ ഡ്രസ് കോഡ് ഓക്കെയായിരുന്നു. അത് കാസിനോ ഫ്രണ്ട്ലി ആണെന്നയാൾ പറഞ്ഞു. ഉള്ളിലേക്ക് കടന്നപ്പോൾ അത് മറ്റൊരു ലോകമായിരുന്നു. എന്റെ ഹൃദയമിടിപ്പ് കൂടി. ആദ്യമായി ഒരു കാസിനോയിൽ.
ലോകത്തിലെ മികച്ച കാസിനോകളിൽ ഒന്നാണ് ജെൻ്റിങ്ങ് ഹൈലാൻ്റ്സിലെ സ്കൈ കാസിനോ. അരണ്ട വെളിച്ചം. നിഗൂഢലോകം പോലെ അത് ആ വലിയ മാളിന്റെ അഗാധതയിൽ ഒളിഞ്ഞിരുന്നു. രണ്ടു നിലകളിലായി സ്ഥിതി ചെയ്യുന്ന കാസിനോ തീർച്ചയായും എനിക്ക് അപരിചിതമായ ലോകമായിരുന്നു. അങ്ങനെയുള്ള ഒരു സ്ഥലത്ത് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ എനിക്ക് ചിന്താകുഴപ്പമുണ്ടായിരുന്നു. മലേഷ്യയിലെ ഒരേയൊരു നിയമാനുസൃത ചൂതാട്ടകേന്ദ്രമാണിത്. പലതരം ചൂതാട്ടങ്ങൾ. ചുമരിൽ ഘടിപ്പിച്ച അനേകം എൽഇഡി സ്ക്രീനുകൾ. അതിൽ തെളിയുന്ന അക്കങ്ങളും സ്കോറുകളും. നിരവധി സ്ലോട്ട് മെഷീനുകളും ഗെയിമിങ്ങ് ടേബിളുകളും. കറങ്ങുന്ന ചൂതാട്ട വൃത്തങ്ങൾ. ചീട്ടുകളിയുടെ വിവിധ ടേബിളുകൾ. എനിക്ക് പേരും വിശദാംശങ്ങളും അറിയാത്ത നൂറുകണക്കിന് കളികൾ. ജനം ടേബിളുകൾക്കു ചുറ്റും ഇരിക്കുന്നു. പിന്നിലായി കുറെ പേർ കൂടി നിൽക്കുന്നു. ഞങ്ങളും പല ടേബിളുകൾക്കും മുന്നിലും പിന്നിലും നിന്നു. ഇരുന്നു. ചാഞ്ഞും ചരിഞ്ഞും നോക്കി.
ചില വിദേശ സിനിമകളിൽ കണ്ട ചൂതാട്ട കേന്ദ്രത്തിലെ ഗൂഢകഥാപാത്രങ്ങളായി ഞങ്ങൾ. മിന്നുവും സുധീറേട്ടനും ഞങ്ങൾക്കെല്ലാം അറിയാം എന്ന ഭാവത്തിൽ നിന്നു. കളിക്കാൻ തയ്യാറാണെന്ന ഭാവത്തിലുള്ള മിന്നുവിന്റെ നില്പു കണ്ടപ്പോൾ എനിക്കു ചിരി പൊട്ടി. മങ്ങിയ വെളിച്ചം, ഭാഗ്യം തേടി ഒഴുകുന്നവർ. പുറത്ത് ഉലുകാലി പർവ്വതത്തിൽ നിറഞ്ഞ കോടമഞ്ഞ് എനിക്കു ചുറ്റും പരന്നു. കുറച്ചു കൂടി അകത്തേക്കു പോയപ്പോൾ നിരവധി എൽഇഡി സ്ക്രീനുകൾക്കു മുന്നിലിരുന്ന് ധാരാളം വിദേശീയരും സ്വദേശികളും ചൂതാട്ടം നടത്തുന്നു. അവർ പൂർണ്ണമായും അതിൽ മുഴുകിയിരിക്കുകയാണ്.
മുകൾനിലയിൽ കുറച്ചുകൂടി വലിയ എൽഇഡി സ്ക്രീനുകൾ. അവിടെ വലിയ ജനക്കൂട്ടമുണ്ട്. ആഹ്ളാദാരവങ്ങൾ ഉയരുന്നു. മലേഷ്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭക്ഷണം ലഭ്യമാകുന്ന എട്ട് ലോകോത്തര ഭക്ഷണശാലകൾ അവിടെയുണ്ട്. എങ്ങും ജനസമുദ്രം. ആഘോഷങ്ങൾ. ഞങ്ങളും അവർക്കിടയിലൂടെ ഒഴുകി. ആദ്യമായി ഒരു കാസിനോ, ചൂതാട്ടകേന്ദ്രം കണ്ടു. തീർത്തും വ്യത്യസ്തമായ ഒരനുഭവം. മിന്നുവിന് കളിക്കണമെന്ന് ഉണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്തില്ല. നടന്നു നടന്നു കാൽ കഴച്ചു. ഞങ്ങൾ താഴെ നിലയിൽ ഒഴിഞ്ഞു കണ്ട മൂന്നു എൽഇഡി സ്ക്രീനിനു മുന്നിൽ കളിക്കാനെന്ന മട്ടിൽ ഇരുന്നു. അവിടെയിരുന്ന് എന്തൊക്കെയോ ചെയ്യുന്നതായി ഭാവിച്ചു. തൊട്ടടുത്തിരുന്ന് കുറെ മലേഷ്യക്കാരും വിദേശിയരും കളിക്കുന്നു. നേടുമ്പോൾ ആഹ്ളാദാരവം. നഷ്ടപ്പെടുമ്പോൾ പരമമായ നിശ്ശബ്ദത. അവർക്കീ ഉന്മാദം രക്തത്തിലലിഞ്ഞിരിക്കുന്നു.
ഒരു കോഫി കഴിച്ചാലോ എന്നു തോന്നി. അവിടെതന്നെയുള്ള ഒരു കഫേയിൽനിന്ന് മൂന്നു കോഫി വാങ്ങി ഞങ്ങൾ വീണ്ടും അവിടെ വന്നിരുന്നു. ഇതുവരെ കാണാത്ത മറ്റൊരു ലോകം. ഗൂഢമായ വെളിച്ചം. കാസിനോയുടെ അകത്ത് മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിരുന്നു. ഉപയോഗിച്ചാൽ കനത്ത പിഴയാണ്. അതിനാൽ ഫോട്ടോസ് ഒന്നും ഇല്ല. പല രാജ്യക്കാർ. ഭാഗ്യം പരീക്ഷിക്കാൻ വന്ന സ്ത്രീകളും പുരുഷന്മാരും മറ്റൊന്നും ശ്രദ്ധിക്കാതെ കളിയുന്മാദത്തിലാണ്. ഗെയിമിങ്ങ് ടൂർണ്ണമെൻറുകളുടെ കളിയാരവങ്ങൾ ചുറ്റും. ജീവിതത്തിന്റെ ഊർജ്ജസ്വലതയും ചടുലതയും ഓരോ അംശത്തിലും നിറച്ചുവച്ച് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്ന ജെൻ്റിങ്ങ് സ്കൈ കാസിനോ ഒരത്ഭുതം തന്നെ.
1965-ൽ സ്ഥാപിച്ച ഇതിന്റെയെല്ലാം ഉടമസ്ഥനായിരുന്ന പോക്കറ്റിൽ 15 ഡോളറുമായി മലേഷ്യയിലേക്ക് കുടിയേറിയ ചൈനീസ് കൗമാരക്കാരൻ ലിം ഗോഹ് ടോങ്ങിനെ വീണ്ടുമോർത്തു. അദ്ദേഹത്തിന്റെ ആദ്യപ്രണയം, വിവാഹം, ആദ്യരതി, കുട്ടികൾ, കുടുംബം എല്ലാം ഇവിടെയായിരുന്നിരിക്കാം.. ഉലുകാലി മലയിലെ കാസിനോയിൽ ഭാഗ്യം തേടി ലോകം മൊത്തമായി വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നോ?
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന, സമുദ്രനിരപ്പിൽനിന്ന് 1800 മീറ്റർ ഉയരമുള്ള ദുഷ്കരമായ ഉലുകാലി പർവ്വതത്തിലേക്ക് 20 കിലോ മീറ്റർ റോഡ് സ്വയം നിർമ്മിച്ചുകൊണ്ട് അദ്ദേഹം തുടങ്ങി. 1971-ൽ മലയിൽ ആദ്യ ഹോട്ടൽ തുടങ്ങി. 1964-ൽ കാമറൂൺ ഹൈലാൻ്റ് സന്ദർശിച്ചപ്പോഴാണ് അദ്ദേഹത്തിന് മലേഷ്യൻ മലമുകളിൽ ലോകോത്തര വിനോദസഞ്ചാര കേന്ദ്രം എന്ന ആശയം തോന്നിയത്. അത്താഴവിരുന്നിന്റെ ഏറ്റവും ഭാഗ്യമേറിയ നിമിഷങ്ങളിലായിരിക്കാം ആ മനോഹരമായ ആശയം ലിംഗോഹ് ടോങിന്റെ തലയിൽ ഉരുത്തിരിഞ്ഞത്. അദ്ദേഹം തന്റെ ആശയം സർക്കാരിന്റെ മുന്നിൽവച്ചു. ഫെഡറൽ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. പ്രവർത്തനം തുടങ്ങി. മലേഷ്യയിൽ കാർപെൻ്ററായി ജോലി തുടങ്ങിയ അദ്ദേഹം സ്വന്തം പരിശ്രമംകൊണ്ട് വൻ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ചു.
അമ്യൂസ്മെൻ്റ് പാർക്കുകൾ, കേബിൾ കാറുകൾ, ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്നായ ഫസ്റ്റ് വേൾഡ് ഹോട്ടൽ, മറ്റനേകം ഹോട്ടലുകൾ, മാളുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ബിസിനസ് പദ്ധതികൾ ജെൻ്റിങ്ങ് ഹൈലാൻ്റ്സിന്റെ ഭാഗമാണ്. മലേഷ്യയിലെ ആദ്യത്തേതും ഏകവുമായ ചൂതാട്ട ലൈസൻസ് 1969-ൽ അദ്ദേഹത്തിനു ലഭിച്ചു. ഇതാണ് ജെൻ്റിങ്ങ് ഹൈലാൻ്റ്സിനെ ആഗോള ടൂറിസം കേന്ദ്രമാക്കാൻ ഒരു കാരണം. ലോകത്തിനെ മുഴുവൻ ചൂതാട്ടത്തിനായി അദ്ദേഹം ഉലുകാലി മലയുടെ ഉച്ചിയിലേക്ക് ക്ഷണിച്ചു. ലോകം വർണ്ണാഭമായ കാനുകളിൽനിന്ന് പാനീയം നുകർന്ന് എൽഇഡി സ്ക്രീനിനു മുന്നിൽ ഏകരായിരുന്ന് ഭാഗ്യം തിരഞ്ഞു. അവിടെ ആരവങ്ങളും നിശ്ശബ്ദതയും ഇടവേളകളിൽ നിറഞ്ഞു.
എനിക്ക് അവിടെയൊന്നും ചെയ്യാനില്ലായിരുന്നു. കാഴ്ചകളിൽ ജിജ്ഞാസയും കൗതുകവുമല്ലാതെ താല്പര്യമില്ലായിരുന്നു. ആദ്യ കാഴ്ച. ആദ്യ അനുഭവം. വിട്ടുപോരുമ്പോൾമാത്രം ഗൃഹാതുരതയോടെ വീണ്ടും തിരിഞ്ഞു പോകാനാഗ്രഹിക്കുന്നത്. അവിടെ നിന്നിറങ്ങിയപ്പോൾ എന്തോ നഷ്ടബോധം തോന്നി. ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത സ്ഥലം. വിനോദസഞ്ചാരത്തിനായിമാത്രം വരുന്നവർ പിന്നീട് മറ്റു രാജ്യങ്ങളാണ് തിരയുന്നത്. വന്ന രാജ്യത്തേക്ക് വീണ്ടും വരുന്നത് അപൂർവ്വം. മങ്ങിയ വെളിച്ചത്തിൽ ഓരോ ടേബിളിനു ചുറ്റും ചടഞ്ഞിരിക്കുന്ന വിവിധ രാജ്യക്കാരായ ഭാഗ്യാന്വേഷികൾ. പുറത്തേക്കിറങ്ങിയപ്പോൾ ഒരു കാലഘട്ടത്തിന്റെ ഇനിയും അടങ്ങാത്ത ചൂതാട്ടവികാരങ്ങളും കൂടെ പോന്നു. ചൂതാട്ടകേന്ദ്രത്തിൽ കയറിയിറങ്ങിയപ്പോൾ പുതിയ ഒരനുഭവം കൂടി കൂടെ പോന്നു.
റെന്യയേയും കുടുംബത്തെയും ദൂരെ കണ്ടു. കൂടാതെ, ഞങ്ങളുടെ ടീമിലെ ഒന്നുരണ്ടു പേരെ മാത്രമേ മിന്നായം പോലെ കണ്ടുള്ളു. പലരും കാസിനോയിൽ കയറിയിരുന്നില്ല. അവർ പല ദിക്കിലേക്ക് ചിതറി പോയിരുന്നു. തിരിച്ചിറങ്ങുമ്പോൾ സെക്യൂരിറ്റി പോയൻ്റിൽ നിന്നയാൾ ഞങ്ങളെ അഭിവാദ്യം ചെയ്തു. പണ്ട് നാട്ടിൻപുറത്ത് പൊന്തക്കാടിനുള്ളിലിരുന്ന് ചീട്ടുകളിച്ചിരുന്ന കുറച്ചു പേർ പോലീസ് വന്നപ്പോൾ നാലുദിക്കിലേക്കും ചാടിയോടിയത് ഓർമ്മ വന്നു. കാസിനോയുടെ മുന്നിൽ പറക്കാനായുന്ന സ്വർണ്ണ കുതിരയുടെ ചാരെ നിന്ന് ഫോട്ടോസ് എടുത്തു. ചുറ്റുമുള്ള വർണ്ണപ്രപഞ്ചത്തിൽ കുളിച്ച് ഞങ്ങൾ ആ ചൂതാട്ടകേന്ദ്രത്തിനു മുന്നിൽ കുറച്ചു നേരംകൂടി നിന്നു.
87-ാമത്തെ വയസ്സിൽ മരിച്ചു പോയ ലിം ഗോഹ് ടാങ്. അദ്ദേഹത്തിന്റെ കഠിനാധ്വാനം. വിജയങ്ങൾ. മലേഷ്യ അദ്ദേഹത്തെ ആദരിക്കുന്നു. അഗാധമായി സ്നേഹിക്കുന്നു. സ്മരിക്കുന്നു. 1965-ൽ അദ്ദേഹം സ്ഥാപിച്ച, ലോകത്തെ വിസ്മയിപ്പിക്കുന്ന ജെൻ്റിങ്ങ് ഹൈലാൻറ്സ്. ബെർഹാദ് എന്ന കമ്പനിയാണ് ടിറ്റി വാങ്ങ്സ പർവ്വത നിരകളിലെ ഉലുകാലി പർവ്വതത്തിന്റെ തുഞ്ചത്തെ ലോകോത്തര റിസോർട്ടാക്കി മാറ്റിയത്. നിർമ്മാണത്തിനിടയിൽ പല ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ടു. പക്ഷേ എല്ലാറ്റിനെയും സധൈര്യം തരണം ചെയ്തു. ഒരു സ്വകാര്യ സംരംഭകന്റെ അതിർത്തിയില്ലാത്ത വിജയം. അദ്ദേഹത്തിന്റെ പിൻതലമുറയാണ് ഇപ്പോളിതിന്റെ അധികാരികൾ.
തന്റെ 16-ാമത്തെ വയസ്സിൽ അച്ഛൻ മരിക്കുമ്പോൾ ലിംഗോഹ് ടാങും മൂത്ത സഹോദരനും മൂന്നു സഹോദരിമാരും മുന്നോട്ടെങ്ങനെ നീങ്ങും എന്നോർത്ത് പകച്ചിരുന്നു. അമ്മാവന്റെ നിർദ്ദേശപ്രകാരം മലേഷ്യയിലെത്തിയ ലിംഗോഹ് ടാങിന് കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും സ്ഥിരോത്സാഹവും മാത്രമായിരുന്നു മൂലധനം. അദ്ദേഹം സ്വയം പടുത്തുയർത്താൻ ശ്രമിച്ച ജെൻ്റിങ്ങ് ഹൈലാൻ്റ്സിലെ കൂറ്റൻ ബിസിനസ് സാമ്രാജ്യം കണ്ട് അന്നത്തെ മലേഷ്യൻ പ്രധാനമന്ത്രി പോലും അതിശയിച്ചു. ദുഷ്കരമായ ഉലുകാലി മലനിരകളിലെ ജെൻ്റിങ്ങ് ഹൈലാൻ്റ്സ് നിർമ്മാണവേളയിൽ അദ്ദേഹം 6 മരണങ്ങളെ വേദനാപൂർവ്വം നേരിട്ടു. പലപ്പോഴും നിരാശനായി. പക്ഷേ ഓരോ വീഴ്ചയിലുംനിന്ന് അദ്ദേഹം ഉയർത്തെഴുന്നേറ്റു. ഉലുകാലി മലനിരകളിൽ തന്റെ ജീവവായു തേടി. മരണംവരെ അദ്ദേഹം തന്റെ സ്വപ്നത്തിനു പുറകെ പോയി. നിരന്തരം പരിശ്രമിച്ചു.
Content Highlights: A traveler shares a captivating personal account of visiting Malaysia's Genting Highlands, exploring the bustling Sky Casino, tasting Korean cuisine, and reflecting on the remarkable legacy of founder Lim Goh Tong.