സാലി ലണ്ണും ഞാൻ വീട്ടിലേക്ക് വാങ്ങിയ ‘500 വർഷം’ പഴക്കമുള്ള ബണ്ണും

ബാത്തിന്റെ റോമൻ ചരിത്രമുള്ള ഭാഗങ്ങൾ കണ്ടുകഴിഞ്ഞപ്പോൾ, ആ നഗരത്തിലെ ഏറ്റവും കൗതുകകരമായ കാഴ്ചകൾ ഞാൻ കണ്ടുതീർത്തു എന്നാണ് ഞാൻ കരുതിയത്. പക്ഷേ, അപ്പോഴാണ് ഞാൻ 'സാലി ലണ്ണി' (Sally Lunn)നെക്കുറിച്ച് കേൾക്കുന്നത്. അതൊരാളായിരുന്നില്ല, മറിച്ച് എനിക്ക് രുചിച്ചറിയാൻ കഴിയുന്ന ഒരു ബണ്ണായിരുന്നു അത്. അതെന്റെ ശ്രദ്ധ ആകർഷിച്ചു.
ബാത്തിൽ എത്തുന്നതുവരെ സാലി ലണ്ണിനെക്കുറിച്ച് ഞാൻ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എന്നാൽ, 500 വർഷത്തിലേറെ പഴക്കമുള്ള ഒരു കെട്ടിടത്തിൽ, നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ബൺ ഹൗസ് പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, അത് അന്വേഷിച്ചു പോകാൻതന്നെ തീരുമാനിച്ചു. ഒപ്പം, ആ ബൺ ഒന്ന് രുചിച്ചു നോക്കാനും.
ബാത്തിലെ ഏറ്റവും പഴക്കം ചെന്ന വീടുകളിലൊന്നാണ് സാലി ലൺസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടം ഏകദേശം 1482-ലാണ് നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ബണ്ണിൻ്റെ ചരിത്രം ആരംഭിക്കുന്നത് അതിനും വളരെ വൈകി, 1680-കളിലാണ്. ഞങ്ങൾ അവിടേക്ക് നടന്നെത്തുമ്പോൾതന്നെ ചെറിയൊരു പ്രവേശന കവാടത്തിന് മുന്നിൽ നീണ്ട നിര ദൃശ്യമായിരുന്നു. ഞങ്ങൾക്ക് മുന്നിൽ വയസ്സായ ദമ്പതിമാർ വരിനിൽക്കുന്നുണ്ടായിരുന്നു. ചിത്രങ്ങൾ എടുക്കുവാൻ വേണ്ടി മാത്രം യാത്രികർ എത്തുന്ന ഒരു കെട്ടിടം മാത്രമല്ല അതെന്ന് മനസിലായി.
അപ്പോഴാണ് പ്രവേശന കവാടത്തിന് തൊട്ടടുത്തായി മറ്റൊരു വാതിൽ ശ്രദ്ധയിൽപ്പെട്ടത്. മെല്ലെ തള്ളിത്തുറന്നു. ചെറിയൊരു ഡൈനിങ് റൂമായിരുന്നു അത്. മേശകൾക്ക് ചുറ്റും ഇരുന്ന് ആളുകൾ ചായ കുടിക്കുകയും വലുതും കൊതിപ്പിക്കുന്നതുമായ ഒരുതരം ബൺ കഴിക്കുകയും ചെയ്യുന്നു.
വരി നിൽക്കുന്നതിന് പകരം താഴത്തെ നിലയിലുള്ള മ്യൂസിയത്തിലേക്കും പഴയ അടുക്കളയിലേക്കുമാണ് ഞങ്ങൾ പോയത്. ഇടുങ്ങിയതും ഇരുണ്ടതുമായ പടവുകളിലൂടെ ഇറങ്ങുമ്പോൾ ഇരുമ്പ് കൈവരിയിൽ മുറുകെ പിടിച്ചു. കൊച്ചിയിൽനിന്ന് ബാത്ത് വരെ ഇത്രയും ദൂരം യാത്ര ചെയ്ത് വന്നിട്ട്, 500 വർഷം പഴക്കമുള്ള പടവുകളിൽനിന്ന് വീണ് എൻ്റെ അവധിക്കാലം അവസാനിപ്പിക്കാൻ ഞാൻ ഒട്ടും ആഗ്രഹിച്ചില്ല!
താഴെ എത്തിയപ്പോൾ ഒരു പഴയ മരവാതിൽ തുറക്കപ്പെട്ടത് ചരിത്രപ്രസിദ്ധമായ അടുക്കളയിലേക്കായിരുന്നു. പഴയ പാത്രങ്ങൾ, വിറകുകൾ, വാട്ടർ പമ്പ് എന്നിവയെല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു. ഒപ്പം ബണ്ണിൻ്റെ ചരിത്രവും അത് എങ്ങനെയാണ് നിർമിക്കുന്നതെന്ന വിശദീകരണവും അവിടെയുണ്ടായിരുന്നു. അങ്ങനെ ഞാൻ സാലി ലണ്ണിനെ കണ്ടുമുട്ടി, അവരുടെ കഥയിലൂടെയാണെന്ന് മാത്രം.
ഫ്രാൻസിൽനിന്ന് പലായനം ചെയ്ത് 1680-കളോടെ ഇംഗ്ലണ്ടിലെത്തിയ ഒരു യുവ ഫ്രഞ്ച് അഭയാർത്ഥിയായിരുന്നു സാലി ലൺ എന്നാണ് പ്രചാരത്തിലുള്ള കഥ. പിന്നീട് അവർ ബാത്തിലെത്തുകയും ഒരു ബേക്കറിയിൽ ജോലി ചെയ്യുകയും ചെയ്തു. അവളുടെ ഫ്രഞ്ച് പേര് ഉച്ചരിക്കാൻ നാട്ടുകാർക്ക് ബുദ്ധിമുട്ടായിരുന്നു, അങ്ങനെ അവൾ സാലി ലൺ എന്നറിയപ്പെട്ടു.
ബേക്കിങ്ങിൽ താല്പര്യമുണ്ടായിരുന്ന അവർ ഉണ്ടാക്കിയ ബൺ പ്രശസ്തമായി തീർന്നു. ആ ബൺ വലുതും മൃദുവും അതേസമയം അതീവ ലഘുവുമായിരുന്നു. ബ്രെഡിനും ബ്രിയോച്ചിനും ഇടയിലുള്ള, നേരിയ മധുരമുള്ള ഒന്നാണത്. അത് പൊട്ടിച്ചു നോക്കിയാൽ ഉള്ളിൽ മൃദുവും പഞ്ഞിപോലെയുള്ളതുമായ ഭാഗം കാണാം. ഇത് മധുരത്തിനൊപ്പമോ എരിവിനൊപ്പമോ കഴിക്കാം.
ചായയും പലഹാരവും ഒഴിച്ചുനിർത്താനാവാത്ത ഇന്ത്യയിൽ നിന്നെത്തുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ഈ അനുഭവമെല്ലാം വളരെ പരിചിതമായി തോന്നി. എന്നാൽ, 500 വർഷത്തിലേറെ പഴക്കമുള്ള ചരിത്രം ഈ പലഹാരത്തിന് പിന്നിലുണ്ട് എന്നത് മാത്രമായിരുന്നു വ്യത്യാസം. അതിലൊന്ന് വാങ്ങി. വർണ്ണാഭമായ ഒരു പെട്ടിയിലാക്കിയ സാലി ലൺ ബണ്ണുമായി ഞാൻ പുറത്തേക്ക് നടന്നു. ബാത്തിൽനിന്നുള്ള ഞങ്ങളുടെ ഏറ്റവും സ്വാദിഷ്ടമായ സോവനീർ (സ്മരണിക) അതായി മാറിയിരുന്നു.
ചിലപ്പോൾ നിങ്ങൾ സ്മാരകങ്ങളും മ്യൂസിയങ്ങളും തേടിയിറങ്ങും, ഒടുവിൽ എത്തിച്ചേരുന്നത് ഇതുപോലെയുള്ള പലഹാരക്കടയിലായിരിക്കും. എന്നെ സംബന്ധിച്ച് ഇത് സാധാരണ ഒരു ബൺ അല്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു യുവ ഫ്രഞ്ച് വനിത ഇംഗ്ലണ്ടിലെത്തുകയും ഒരു ബേക്കറിയിൽ ജോലി കണ്ടെത്തുകയും തലമുറകളോളം നിലനിൽക്കുന്ന ഒരു പലഹാരം ഉണ്ടാക്കുകയും ചെയ്തു. നൂറ്റാണ്ടുകൾക്ക് ശേഷം, ഇന്ത്യയിൽനിന്നുള്ള ഒരു സഞ്ചാരി അതേ ചരിത്രപ്രസിദ്ധമായ സ്ഥലത്തേക്ക് കടന്നുവന്ന് അവളുടെ കഥ കേൾക്കുന്നു. അവളുടെ ബണ്ണിന്റെ സ്വാദ് ആസ്വദിക്കുന്നു.
ഇതിന് പ്രശസ്ത എഴുത്തുകാരി ജെയ്ൻ ഓസ്റ്റിനുമായി ചെറിയൊരു ബന്ധം പോലുമുണ്ട്. ഓസ്റ്റൻ തൻ്റെ ഒരു കത്തിൽ ഈ ബണ്ണുകളെക്കുറിച്ച് പരാമർശിക്കുകയും അവ തൻ്റെ വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കിയതായി തമാശയായി പറയുകയും ചെയ്തിട്ടുണ്ട്. എന്തായാലും, എൻ്റെ സാലി ലൺ അനുഭവം പ്രശ്നങ്ങളില്ലാതെ അവസാനിച്ചു.
നിങ്ങൾക്ക് അതിൽനിന്ന് ഒരു കഷ്ണം മുറിച്ചെടുത്ത് വെണ്ണ പുരട്ടി കഴിക്കാം. ഞാൻ അങ്ങനെയാണ് കഴിച്ചത്. അത് പക്ഷേ, ഒരു വെറും ബൺ മാത്രമായിരുന്നില്ല. ബാത്തിന്റെ ചരിത്രത്തിന്റെ സ്വാദിഷ്ടമായ ഒരു ചെറിയ കഷ്ണം കൂടിയായിരുന്നു അത്.
Content Highlights: A traveler explores the historic city of Bath, discovers a 500-year-old building housing the famous Sally Lunn bakery, and tastes the traditional sweet bun with centuries of rich history.