ഈഫലിനേക്കാള്‍ ഉയരത്തില്‍, കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍; വന്ദേഭാരതിനെ കശ്മീർ വരവേറ്റപ്പോൾ

#ഡോ. ബി. ബാലഗോപാല്‍
വന്ദേഭാരത് എക്‌സ്പ്രസ് ചെനാബ് പാലത്തിലൂടെ കടന്നുപോകുന്നു. | Photo: PTI
വന്ദേഭാരത് എക്‌സ്പ്രസ് ചെനാബ് പാലത്തിലൂടെ കടന്നുപോകുന്നു. | Photo: PTI

'ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്ര നഷ്ടപ്പെടുത്തരുത്: കത്ര മുതല്‍ ശ്രീനഗര്‍ വരെ വന്ദേഭാരത് ട്രെയിനില്‍ ഉടന്‍ യാത്ര ചെയ്യൂ'. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ പദ്ധതിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ അയച്ച ഈ വാട്‌സാപ്പ് സന്ദേശമാണ് ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസിലെ എന്റെ കന്നിയാത്രക്ക് കാരണം. കഴിഞ്ഞ ഒന്നര മാസത്തില്‍ പകുതിയും ജമ്മു കശ്മീരിലായിരുന്നതിനാല്‍ വീണ്ടുമൊരു ശ്രീനഗര്‍ യാത്രയ്ക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍, ഒരിക്കലും മറക്കാനാവാത്ത യാത്ര നഷ്ടപ്പെടുത്തരുതെന്ന ആ ഉദ്യോഗസ്ഥന്റെ നിര്‍ദേശമാണ് എന്നെ കത്രയില്‍ എത്തിച്ചത്.  

പെട്ടെന്നുള്ള തീരുമാനമായതിനാല്‍ അധികം ആസൂത്രണമൊന്നും ഉണ്ടായിരുന്നില്ല. ശ്രീനഗറിലേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ യാത്ര ആരംഭിക്കുന്നത് കത്രയിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. ഡല്‍ഹിയില്‍ നിന്ന് ശ്രീ ശക്തി എക്‌സ്പ്രസിലെ ഒരു രാത്രി മുഴുവന്‍ നീളുന്ന യാത്രയ്ക്ക് ശേഷമാണ് കത്രയില്‍ എത്തിയത്. ത്രികൂട പര്‍വതനിരകളെ ആസ്വദിച്ചാണ് രാവിലെ ആറുമണിയോടെ കത്ര റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. പര്‍വത നിരകള്‍ക്ക് മുകളില്‍ പ്രഭാതസൂര്യന്റെ സ്വര്‍ണത്തിളക്കം യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നായിരുന്നു.

ത്രികൂട പര്‍വതനിരകളെ പോലെതന്നെ വെട്ടിത്തിളങ്ങുകയായിരുന്നു കത്ര റെയില്‍വേ സ്റ്റേഷനും. വൃത്തിഹീനതയ്ക്കും ശുചിത്വമില്ലായ്മക്കും കുപ്രസിദ്ധമാണ് ഉത്തരേന്ത്യയിലെ പല റെയില്‍വേ സ്റ്റേഷനുകളും. എന്നാല്‍, കത്രയിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി റെയില്‍വേ സ്റ്റേഷന്‍ അത്ഭുതപ്പെടുത്തി. സ്റ്റേഷന്‍ പൂര്‍ണമായും പെയിന്റടിച്ച് മോടി പിടിപ്പിച്ചിരിക്കുകയാണ്. നിരവധി തീര്‍ഥാടകര്‍ എത്തുന്ന ഈ റെയില്‍വേ സ്റ്റേഷന്‍ ഇത്ര വൃത്തിയായി സൂക്ഷിക്കുന്നത് എങ്ങനെയെന്ന് അത്ഭുതപ്പെടും. ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദര്‍ശിച്ചതിനിലാകാം സ്റ്റേഷനും, പരിസരവും ഇത്ര വൃത്തിയായി കിടക്കുന്നത്.  

കത്ര റെയില്‍വേ സ്റ്റേഷനിലെ ആകര്‍ഷകമായ കാര്യങ്ങളിലൊന്ന് ഐആര്‍സിടിസി ഗസ്റ്റ് ഹൗസാണ്. ഡീലക്‌സ് മുറി മുതല്‍ ഡോര്‍മറ്ററി വരെ താരതമ്യേന കുറഞ്ഞ തുകയ്ക്ക് ലഭിക്കും. ഗസ്റ്റ് ഹൗസിലെ മുറിയിലെത്തി ഫ്രഷായ ശേഷം ശ്രീനഗറിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ പിടിക്കാനായി കത്ര സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റഫോമിലെത്തി. വലിയ സുരക്ഷയാണ് വന്ദേഭാരത് എക്‌സ്പ്രസിനുണ്ടായിരുന്നത്. യാത്രക്കാരേക്കാള്‍ കൂടുതല്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ  ഉദ്യോഗസ്ഥരും കോണ്‍സ്റ്റബിള്‍മാരുമായിരുന്നു പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നത്. 

ശ്രീനഗര്‍ വന്ദേഭാരതില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഉള്ളവരെ മാത്രമാണ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിട്ടിരുന്നത്. എട്ട് ബോഗികളാണുള്ളത്. ഇതില്‍ രണ്ടെണ്ണം എക്‌സിക്യുട്ടീവ് ചെയര്‍കാറും ബാക്കിയുള്ളവ ചെയര്‍കാറുമാണ്. ശ്രീനഗര്‍ വന്ദേഭാരതിലെ കന്നി യാത്രയില്‍ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരായിരുന്നു. ശ്രീനഗറിലേക്കുള്ള ആദ്യ ട്രെയിന്‍ യാത്രയുടെ ആകാംക്ഷ പ്ലാറ്റഫോമിലെ ഭൂരിഭാഗം പേരിലും പ്രകടമായിരുന്നു. 7.45-ഓടെ യാത്രക്കാരെ ട്രെയിനിനുള്ളിലേക്ക് പ്രവേശിച്ചിപ്പിച്ച് തുടങ്ങി.

തുരങ്കങ്ങളില്‍ നിന്ന് തുരങ്കങ്ങളിലേക്ക്

കൃത്യം 8.10-ന് വന്ദേഭാരത് കത്രയില്‍ നിന്ന് യാത്ര ആരംഭിച്ചു. കത്ര മുതല്‍ ബനിഹാല്‍ വരെയുള്ള 111 കിലോമീറ്ററില്‍ 97.42 കിലോമീറ്ററും ടണലുകളിലൂടെയും പാലങ്ങളിലൂടെയുമാണ് പോകുന്നത്. യാത്ര തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ആദ്യ തുരങ്കമായ ടി33-ലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് പ്രവേശിച്ചു. കത്രയ്ക്കും റിയാസിക്കും ഇടയിലുള്ള ആദ്യ തുരങ്കത്തിന്റെ നീളം ഏതാണ്ട് മൂന്ന് കിലോമീറ്ററോളമാണ്. പുതിയ ടണലിങ് രീതിയിലാണ് ഈ റൂട്ടിലെ തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ നീളം കൂടിയ തുരങ്കങ്ങളില്‍ ക്രോസ്-പാസേജുകള്‍ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള സമാന്തര എസ്‌കേപ്പ് പാതകളുമുണ്ട്.

സാധാരണയായി റെയില്‍വേ തുരങ്കങ്ങള്‍ ഇരുട്ട് നിറഞ്ഞതാണ്. തുരങ്കങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്രകളെ വിരസമാക്കുന്നത് ഈ ഇരുട്ടാണ്. എന്നാല്‍ കത്ര-ശ്രീനഗര്‍ റെയില്‍ റൂട്ടിലെ തുരങ്കങ്ങള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമാണ്. ഇവിടെ തുരങ്കങ്ങള്‍ നല്ല വെളിച്ചമുള്ള വിളക്കുകള്‍ കൊണ്ട് പ്രകാശിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ തുരങ്കത്തിന്റെ കാഴ്ചകളും ആസ്വദിച്ചാണ് യാത്ര.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ആദ്യ നാല് റെയില്‍വേ തുരങ്കങ്ങളിലൂടെ

കത്ര-ശ്രീനഗര്‍ റെയില്‍ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ആദ്യ നാല് റെയില്‍വേ തുരങ്കങ്ങളിലൂടെ മിനിറ്റുകളുടെ ഇടവേളകളില്‍ സഞ്ചരിക്കാം. സുംബറിനും ഖാരിക്കും ഇടയിലുള്ള ടി-50 തുരങ്കമാണ് രാജ്യത്തെ നിലവിലുള്ള ഏറ്റവും നീളം കൂടിയ റെയില്‍വേ തുരങ്കം. 12.77 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. ഏറ്റവും വലിയ രണ്ടാമത്തേതും മൂന്നാമത്തേതും നാലാമത്തേതുമായ റെയില്‍ തുരങ്കപാതകളും ഈ റൂട്ടിലാണ്. പീര്‍ പഞ്ചാല്‍ റെയില്‍വേ തുരങ്കമെന്നറിയപ്പെടുന്ന ടി-80 തുരങ്കത്തിന്റെ നീളം 11.22 കിലോമീറ്ററാണ്. സവാല്‍കോട്ടിനെയും സംഗല്‍ദാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടി-44 തുരങ്കത്തിന്റെ നീളം 11.13 കിലോമീറ്ററുമാണ്. സംഗല്‍ദാനെയും സുംബറിനെയും ബന്ധിപ്പിക്കുന്ന ടി-49 തുരങ്കത്തിന്റെ നീളം 10.178 കിലോമീറ്റര്‍ വരും. 

ഇന്ത്യയിലെ ആദ്യ കേബിള്‍ റെയില്‍ പാലത്തിലൂടെ

യാത്ര ആരംഭിച്ച് ഏതാണ്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു അനൗണ്‍സ്മെന്റ് ലഭിച്ചു. 'ജീവിതത്തില്‍ നിങ്ങള്‍ ആദ്യമായി ഇന്ത്യയില്‍ ഒരു കേബിള്‍ റെയില്‍ പാളത്തിലൂടെ സഞ്ചരിക്കാന്‍ പോകുന്നു. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നമ്മള്‍ അന്‍ജി ഖാഡ് പാലത്തിലൂടെ സഞ്ചരിക്കും. പാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ പുറത്തേക്ക് നോക്കിയിരിക്കുക'. അനൗണ്‍സ്മെന്റ് കഴിഞ്ഞതും ട്രെയിന്‍ ഒരു തുരങ്കത്തിലേക്ക് പ്രവേശിച്ചു. പിന്നെയും അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് ട്രെയിന്‍ അന്‍ജി ഖാഡ് പാലത്തിലെത്തിയത്. മണിക്കൂറില്‍ 80 കിലോമീറ്ററര്‍ വേഗതയില്‍ ഓടികൊണ്ടിരുന്ന ട്രെയിനിന്റെ വേഗം അല്‍പ്പം കുറഞ്ഞു.

കൂറ്റന്‍ മലകള്‍ക്കിടയിലൂടെ ഒഴുകുന്ന അന്‍ജി നദിയില്‍ നിന്ന് 331 മീറ്റര്‍ ഉയരത്തിലുള്ള കേബിള്‍ റെയില്‍ പാലത്തിലൂടെ വന്ദേഭാരത് എക്‌സ്പ്രസ് നീങ്ങി. പുറത്തെ കാഴ്ചകള്‍ കാണാന്‍ ആളുകള്‍ വിന്‍ഡോയ്ക്ക് സമീപം നിലയുറപ്പിച്ചു. 193 മീറ്ററാണ് ഈ പാലത്തിന്റെ ഉയരം. 473 കിലോമീറ്റര്‍ കേബിളുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 213 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെ പോലും പ്രതിരോധിക്കാനുള്ള ശേഷി ഈ പാലത്തിനുണ്ട്. അപ്രോച്ച് പാലം ഉള്‍പ്പടെ 725 മീറ്റര്‍ ദൈര്‍ഘ്യമാണ് പാലത്തിന് ഉള്ളത്. ആസ്വദിക്കുന്നതിന് മുമ്പ് തന്നെ അന്‍ജി പാലവും കടന്ന് ട്രെയിന്‍ അടുത്ത തുരങ്കത്തിലേക്ക് പ്രവേശിച്ചു.

കുത്തബ് മിനാറിനേക്കാള്‍ അഞ്ച് മടങ്ങ് ഉയരത്തിലൂടെയുള്ള യാത്ര

അന്‍ജി ഖാഡ് പാലത്തിന് ശേഷം ഏതാനും ടണലുകള്‍ കൂടി കടന്നതോടെ അടുത്ത സീറ്റില്‍ ഇരുന്ന ആന്ധ്രയില്‍ നിന്നുള്ള റെയില്‍വേ ബോര്‍ഡിലെ മുന്‍ എന്‍ജിനീയര്‍ ആയിരുന്ന ശ്രീനിവാസ റാവു എന്നോട് പറഞ്ഞു: 'നിങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. ഈഫല്‍ ടവറിനെക്കാള്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലത്തിലൂടെ നിങ്ങള്‍ അല്‍പ്പ സമയത്തിനുള്ളില്‍ യാത്ര ചെയ്യും. ഡല്‍ഹിയിലെ കുത്തബ് മിനാറിനെക്കാള്‍ അഞ്ച് മടങ്ങ് ഉയരത്തിലുള്ള പാലത്തിലൂടെയാണ് ഇനിയുള്ള യാത്ര' അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പിന്നാലെ 'ചെനാബ് പാലത്തിലേക്ക് കടക്കുകയാണെന്ന് അറിയിപ്പുമെത്തി.

ചെനാബ് പാലത്തിന്റെ ഭംഗി ആസ്വദിക്കാനാകണം എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിനിന്റെ വേഗത കുറച്ചു. പാലത്തിന്റെ ഇരുഭാഗങ്ങളിലും നടപ്പാതകളുണ്ട്. റിയാസി ജില്ലയിലെ കൗരി, ബക്കല്‍ ഗ്രാമങ്ങള്‍ക്ക് ഇടയില്‍ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ ആര്‍ച്ച് പാലത്തിലൂടെ ഞങ്ങളുടെ ട്രെയിന്‍ മുന്നോട്ട് നീങ്ങി. ചെനാബ് നദീതടത്തില്‍നിന്നും 359 മീറ്റര്‍ ഉയരത്തിലുള്ള ഈ പാലം ഈഫല്‍ ടവറിനെക്കാള്‍ 35 മീറ്റര്‍ ഉയരത്തിലാണ്. താഴെ ചെനാബ് നദി ശാന്തമായി ഒഴുക്കുന്നത് കാണാം. ട്രെയിനിനുള്ളില്‍ ഇരുന്നുകൊണ്ട് ഈ പാലത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് പരിമിതികളുണ്ട്. എന്നാല്‍, പിര്‍ പഞ്ചാല്‍ മലനിരകള്‍ക്ക് അപ്പുറത്തുനിന്ന് എത്തുന്ന സൂര്യപ്രകാശത്തില്‍ ചെനാബ് പാലത്തിന്റെ കൈവരികള്‍ വെട്ടിത്തിളങ്ങുന്നത് കാണാമായിരുന്നു. മറ്റൊരു തുരങ്കത്തിലേക്ക് പ്രവേശിക്കാനായി ട്രെയിന്‍ ചെറുതായി വളയുന്നതിനിടെ പ്രൗഢഗംഭീരമായ ചെനാബ് പാലത്തിന്റെ കമാനവും താഴ് ഭാഗവും ഒരു നോക്ക് കണ്ടു.

സ്പെഷ്യല്‍ ഓപ്പറേഷനുകളില്‍ പരിശീലനം ലഭിച്ച കമാന്‍ഡോകളുടെ സുരക്ഷയില്‍ യാത്ര

പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ കശ്മീരിലേക്ക് ഉടന്‍ ഒരു യാത്ര പോകുന്നത് സുരക്ഷതിമാണോയെന്ന ആശങ്ക പലരും പങ്കുവെച്ചിരുന്നു. അതിയായ ആഗ്രഹം ഉണ്ടായിട്ടും അത്തരമൊരു ആശങ്കയും പേടിയും മൂലം ശ്രീനഗറിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിലെ യാത്ര പിന്നീടാകാമെന്ന് തീരുമാനമെടുത്ത പല സുഹൃത്തുക്കളെയും എനിക്ക് അറിയാം. അവരുടെ ആശങ്കകള്‍ തെറ്റാണെന്ന് മാത്രമേ പറയാന്‍ കഴിയൂ.

ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ സുരക്ഷാവിന്യാസം ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസിലാണ്. സ്പെഷ്യല്‍ ഓപ്പറേഷനുകളില്‍ പരിശീലനം ലഭിച്ച റെയില്‍വേ സംരക്ഷണ സേനയുടെ (RPF) CORAS കമാന്‍ഡോകളാണ് വന്ദേഭാരതിന്റെ സുരക്ഷയൊരുക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ച് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് അസോള്‍ട്ട് റൈഫിളുകളുമേന്തിയ കമാന്‍ഡോകള്‍ എല്ലാ ബോഗികളും വിന്യസിച്ചിട്ടുണ്ട്. 2019-ല്‍ സ്ഥാപിതമായ റെയില്‍വേ സംരക്ഷണ സേനയുടെ കോറസ് കമാന്‍ഡോ യൂണിറ്റ് നക്‌സല്‍ ബാധിത പ്രദേശങ്ങളിലും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്ന പല ഓപ്പറേഷനുകളും നടത്തിയിട്ടുള്ള സേനാ വിഭാഗമാണ്.

തണുപ്പ് കാലത്ത് ചൂടും, ചൂട് കാലത്ത് തണുപ്പും ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള്‍

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത വന്ദേഭാരത് ട്രെയിനുകളാണ് കശ്മീരില്‍ സര്‍വീസ് നടത്തുന്നത്. കശ്മീരിലെ അതിശൈത്യകാല സാഹചര്യങ്ങളെ നേരിടാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ട്രെയിനുകള്‍. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ ഈ വന്ദേഭാരത് ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്തനാകും. തണുപ്പ് കാലത്ത് ട്രെയിനിലെ ടോയ്​ലറ്റുകളില്‍ വെള്ളം കട്ടപിടിക്കാതിരിക്കാനും, ചൂട് വെള്ളം ലഭിക്കുന്നുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. ഇതിനായി വാട്ടര്‍ ടാങ്കുകള്‍ക്കും ബയോ-ടോയ്ലറ്റുകള്‍ക്കും താഴെ ഓവര്‍ഹീറ്റ് സംരക്ഷണ സെന്‍സറുകളുള്ള സിലിക്കണ്‍ ഹീറ്റിംഗ് പാഡുകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. ഫ്രീസിങ് തടയുന്ന സ്വയം-നിയന്ത്രിത ഹീറ്റഡ് പൈപ്പ്ലൈനുകള്‍, ഓട്ടോ-ഡ്രെയിന്‍ സംവിധാനം എന്നിവയും ഈ ട്രെയിനുകളുടെ പ്രത്യേകതയാണ്. ത്രീ-ലെയര്‍ വിന്‍ഡ്ഷീല്‍ഡില്‍ ഹീറ്റിംഗ് ഫിലമെന്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇതിലൂടെ മഞ്ഞും മൂടല്‍മഞ്ഞും തടയാനാകും.

പതിനഞ്ചില്‍ അധികം സ്റ്റേഷനുകള്‍, നിർത്തുന്നത് ബനിഹാലില്‍ മാത്രം

കത്രക്കും ശ്രീനഗറിനുമിടയില്‍ പതിനഞ്ചിലധികം റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. എന്നാല്‍, കത്ര ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഇടയ്ക്ക് നിർത്തുന്നത് ബനിഹാല്‍ സ്റ്റേഷനില്‍ മാത്രമാണ്. അതും രണ്ട് മിനിറ്റ്. വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുന്ന സമയത്ത് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കനത്ത സുരക്ഷ വ്യന്യാസം കാണാമായിരുന്നു. ബനിഹാലിന് മുമ്പുള്ള ജമ്മു മേഖലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ മേഖലയില്‍ വന്ദേഭാരത് ഒഴികെയുള്ള മറ്റ് സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍, ബനിഹാലിനും ശ്രീനഗറിനും ഇടയിലുള്ള സ്റ്റേഷനുകളില്‍ മറ്റ് ട്രെയിനുകള്‍ കാത്തുനില്‍ക്കുന്ന ആളുകളെ കാണാം. പലരും ചീറിപ്പായുന്ന വന്ദേഭാരതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ട്. രാവിലെ കത്രയില്‍ നിന്ന് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് 11.08 ന് ശ്രീനഗറില്‍ എത്തി. അന്ന് ഉച്ചക്ക് ശേഷം ഞങ്ങള്‍ അതേ വന്ദേഭാരതില്‍ കത്രയക്ക് മടങ്ങി.

ആഴ്ചയില്‍ അഞ്ച് ദിവസം രണ്ട് വന്ദേ ഭാരത് വീതം

ആഴ്ചയില്‍ അഞ്ച് ദിവസം രണ്ട് വന്ദേഭാരത് സര്‍വീസുകളാണ് കത്രക്കും ശ്രീനനഗറിനും ഇടയിലുള്ളത്. കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് രാവിലെ 8.10-ന് ആരംഭിക്കും. 11.08-ന് ശ്രീനഗറിലെത്തും. അതേ വന്ദേഭാരത് ഉച്ചക്ക് രണ്ടുമണിക്ക് കത്രയിലേക്കും മടങ്ങും. 4.58-നാണ് കത്രയില്‍ എത്തുന്നത്.

ശ്രീനഗറില്‍ നിന്ന് കത്രയിലേക്കുള്ള വന്ദേഭാരത് സര്‍വീസ് യാത്ര തിരിക്കുന്നത് രാവിലെ 8.00 മണിക്കാണ്. അത് 10.58-ന് കത്രയിലെത്തും. ഉച്ചയ്ക്ക് 2.55-നാണ് കത്രയില്‍ നിന്ന് യാത്ര ആരംഭിക്കുന്നത്. ഇത് 5.53-ന് ശ്രീനഗറിലെത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റ വന്ദേഭാരത് മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. കത്ര-ശ്രീനഗര്‍ യാത്രക്ക് എക്‌സിക്യുട്ടീവ് ചെയര്‍കാറിന് 1320 രൂപയും, സാധാരണ ചെയര്‍ കാറിന് 715 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം ശ്രീനഗര്‍ കത്ര ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ദ്ധനവുണ്ട്.

നോ നോണ്‍ വെജ്

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പ്രശസ്തമാണ് കശ്മീര്‍. എന്നാല്‍, കശ്മീരിലേക്കുള്ള വന്ദേഭാരതില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കില്ല. മൂന്ന് തരത്തിലുള്ള ഭക്ഷണമാണ് നിലവില്‍ കശ്മീര്‍ വന്ദേഭാരതില്‍ ലഭിക്കുക. വെജിറ്റേറിയന്‍, പ്രമേഹരോഗികള്‍ക്കുള്ള വെജിറ്റേറിയന്‍, ജൈന ഭക്ഷണം. എന്തുകൊണ്ടാണ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കാത്തത് എന്നതിനെ സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം കണ്ടില്ല.

Content Highlights: Experience the scenic Vande Bharat Express from Katra to Srinagar