കുറുവ അടച്ചിട്ട് 3മാസം; കാട്ടാനകള്‍ തകര്‍ത്തത് വയനാട്ടിലെ ഇക്കോടൂറിസത്തെ കൂടി, നേട്ടം കര്‍ണാടകയ്ക്ക്

#വി.ഒ വിജയകുമാര്‍
കുറുവ ദ്വീപ് | ഫോട്ടോ: മധുരാജ്‌
കുറുവ ദ്വീപ് | ഫോട്ടോ: മധുരാജ്‌

കുറുവാദ്വീപിനുസമീപം ആള്‍ക്കാരുടെ കാലനക്കംകേട്ടാല്‍ സമീപത്തുള്ള കച്ചവടക്കാര്‍ കടയില്‍നിന്നു പുറത്തേക്കിറങ്ങും. ചായയും കാപ്പിയും മോരുംവെള്ളവും വിറ്റാലൊന്നും ഉപജീവനത്തിനുള്ള വഴിയാവില്ലെങ്കിലും പ്രതീക്ഷയോടെ തങ്ങളുടെ കടയിലേക്ക് ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകും.

ജീവിതം പിടിച്ചുനിര്‍ത്താനുള്ള പെടാപ്പാടാണ് ഇപ്പോള്‍ കുറുവാദ്വീപിനു സമീപമുള്ളവര്‍ക്ക്. കാട്ടാനയുടെ ആക്രമണത്തില്‍ അപ്രതീക്ഷിതമായി രണ്ടുപേര്‍ മരിച്ചത് വയനാട്ടിലെ രണ്ടുകുടുംബങ്ങളുടെ ജീവിതം മാത്രമല്ല ഇക്കോ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതംകൂടിയാണ് ഇരുട്ടിലാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 10-നു പടമല ചാലിഗദ്ദയിലെ പനച്ചിയില്‍ അജിയെ കാട്ടാന കൊന്നതിനുശേഷം അടച്ച കുറുവാദ്വീപ് പിന്നീട് ഇതുവരെ തുറന്നില്ല. ആദ്യ ദിവസങ്ങളില്‍ നിരോധനാജ്ഞയാലാണ് ദ്വീപ് അടച്ചതെങ്കില്‍ പിന്നീട് കുറുവാദ്വീപ് ജീവനക്കാരന്‍ പാക്കത്തെ തിരുമുഖത്ത് പോളിനെ കാട്ടാന കൊന്നതോടെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചു. ഇതോടെ ഈ കേന്ദ്രങ്ങളെ ആശ്രയിച്ചുകഴിയുന്നവരുടെ ജീവിതം ദുരിതത്തിലായി.

ശ്രീദുർഗ മെസ്സിനുമുന്നിൽ മേരിയും സരോജിനിയും വിനീതയും

കുറുവാദ്വീപിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ഹോട്ടലുകളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. 'പുറമേനിന്ന് എന്തെങ്കിലും ഓര്‍ഡര്‍ ലഭിച്ചാല്‍ അന്നുതുറക്കും. രണ്ട് മാസത്തിനും ഇരുപതു ദിവസത്തിനും ശേഷം ഇന്നാണ് ഒരു ഓര്‍ഡര്‍ ലഭിച്ചത്' -ശ്രീദുര്‍ഗ കുടുംബശ്രീ മെസ് നടത്തുന്ന സരോജിനി പറഞ്ഞു. 'എവിടെ ആനയിറങ്ങിയാലും കുറുവയ്ക്കാണ് പേര്. മുമ്പ് രണ്ടായിരത്തിലധികംപേരെ ദ്വീപില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. '575 പേര്‍ക്കാണ് നിലവില്‍ പ്രവേശനംനല്‍കുന്നത്.

ഇതിന്റെ മൂന്നിരട്ടി ആളെത്തി ഇപ്പോള്‍ ടിക്കറ്റുകിട്ടാതെ മടങ്ങുന്നുണ്ട്' - സരോജിനിക്കൊപ്പം ഹോട്ടല്‍നടത്തുന്ന മേരി ജോസഫ് പറഞ്ഞു. 'ഞങ്ങള്‍ കുടുംബശ്രീയില്‍നിന്നു ലക്ഷക്കണക്കിനുരൂപയുടെ വായ്പയെടുത്താണ് സംരംഭം തുടങ്ങിയത്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങ ളിലാണ് നല്ല കച്ചവടം ലഭിക്കാറ്്. സ്വര്‍ണവും മറ്റും പണയപ്പെടുത്തി എടുത്ത വായ്പപോലും അടയ്ക്കാനാവാത്ത സ്ഥിതിയാണ്' - ഹോട്ടല്‍നടത്തുന്ന വിനീത പറഞ്ഞു.

മേരി, സരോജിനി, വിനീത, അമ്പിളി, ബിന്ദു എന്നിവരാണ് ശ്രീഗുര്‍ഗ കുടുംബശ്രീ മെസ് നടത്തുന്നത്. ഇതേ അവസ്ഥതന്നെയാണ് തങ്ങള്‍ക്കുമുള്ളതെന്നു ഹോട്ടല്‍ നടത്തുന്ന കെ.എം. മോളിയും മഞ്ജുഷ ഗിരീഷും ബിന്ദു സുരേഷും പി.ജി. പത്മാവതിയും പറഞ്ഞു.

സഞ്ചാരികൾ ഇല്ലാത്തതിനാൽ അടച്ചിട്ട കുറുവാദ്വീപിനു സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ

ബേലൂര്‍ മഖ്നയുടെപേരില്‍ വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചെങ്കിലും കര്‍ണാടകയില്‍ ഇപ്പോള്‍ ഒരുനിയന്ത്രണവുമില്ല. തോല്‌പെട്ടി വന്യജീവിസങ്കേതത്തില്‍നിന്നു ഏകദേശം ആറുകിലോമീറ്റര്‍ മാറിയുള്ള നാഗര്‍ഹോള വനത്തില്‍ ബേലൂര്‍ മഖ്ന ഉണ്ടെങ്കിലും ഇവിടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഒന്നടങ്കം അടച്ചതോടെ കര്‍ണാടകയിലേക്കാണ് ഇപ്പോള്‍ കേരളക്കാരുടെ യാത്ര.

ആകെയുള്ളത് ചങ്ങാടയാത്ര

ദ്വീപിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നില്ലെങ്കിലും പുഴയിലൂടെ ഡി.ടി.പി.സി. ചങ്ങാടസവാരി ഒരുക്കുന്നുണ്ട്. പരമാവധി പത്തുപേര്‍ക്ക് കയറാവുന്ന മുളംചങ്ങാടത്തിലൂടെ ഇരുപതു മിനിറ്റു സവാരിനടത്താന്‍ രണ്ടുപേര്‍ക്ക് ഇരുനൂറുരൂപ നല്‍കണം. അഞ്ചുപേരുണ്ടെങ്കില്‍ നാനൂറുരൂപമതി. ഒരേസമയം സഞ്ചാരികളെ കൊണ്ടുപോകാന്‍ മൂന്നിലധികം ചങ്ങാടങ്ങളുണ്ടെങ്കിലും ദ്വീപ് അടച്ചതിനാല്‍ ചങ്ങാടത്തില്‍ കയറാനും ആളുകളെത്തുന്നില്ല.

Content Highlights: eco-tourism centres in wayanad still shut kuruva island