ചക്കക്കൊമ്പനും മുറിവാലനുമാണ് ഇപ്പോഴത്തെ വില്ലന്മാര്‍; അരിക്കൊമ്പനില്ലാത്ത ചിന്നക്കനാലുകാരുടെ ജീവിതം

#എച്ച്. ഹരികൃഷ്ണന്‍
ചിന്നക്കനാലിലെ ആനകളുടെ വിഹാരകേന്ദ്രമായ പുല്‍മേട്‌
ചിന്നക്കനാലിലെ ആനകളുടെ വിഹാരകേന്ദ്രമായ പുല്‍മേട്‌

ചിന്നക്കനാല്‍ ടൗണില്‍നിന്ന് തിരിഞ്ഞ് മുതുവാന്‍കുടിവരെ നീളുന്ന ഏഴുകിലോമീറ്റര്‍ റോഡ് സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നാണൊരുക്കുന്നത്. യൂക്കാലി മരങ്ങള്‍ നിറഞ്ഞ പുല്‍മേടും ആനയിറങ്കല്‍ അണക്കെട്ടിന്റെ വിശാലമായ കാഴ്ചയും ഒപ്പം അരിക്കൊമ്പനെ തളച്ചയിടം എന്ന പേരും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഭാഗ്യമുണ്ടെങ്കില്‍, അകലെ നടന്നുനീങ്ങുന്ന ആനകളുടെ ചിത്രവും പകര്‍ത്താം.എന്നാല്‍, ഈ വഴിയിലൂടെ പോകുന്ന നാട്ടുകാര്‍ക്ക് അടുത്തൊന്നും ആനയുണ്ടാകരുതേ എന്ന ഒറ്റ പ്രാര്‍ഥനയേയുള്ളൂ.

റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്ന ഷെഡ്ഡില്‍ താമസിക്കുന്ന പാലോലില്‍ തോമസ്, അരിക്കൊമ്പന്റെ ആക്രമണത്തില്‍ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടയാളാണ്. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന് യൂക്കാലി നടാന്‍ 60-കളില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണിത്. ചിന്നക്കനാല്‍ പഞ്ചായത്തിലെ രണ്ട്, ഒമ്പത്, പതിനൊന്ന് വാര്‍ഡിലായി കിടക്കുന്ന ആയിരം ഏക്കറോളം വരുന്ന ഈ ഭൂപ്രകൃതിയില്‍ മുപ്പതോളം ആനകള്‍ ഇപ്പോഴും വിഹരിക്കുന്നു.

ആനയില്‍ നിന്ന് വീടിന് മുകളില്‍ രക്ഷപ്പെടാന്‍ ഷെഡ് കെട്ടിയിരിക്കുന്നു

ആന വിഹരിച്ചുനടന്ന പുല്‍മേടിന് കുറുകേ റോഡ് നിര്‍മിച്ചിട്ട് 15 വര്‍ഷമേ ആയുള്ളൂ. ആദ്യമൊക്കെ വഴിയിലൂടെ പോകുന്നവരെ തുമ്പിക്കൈ ഉയര്‍ത്തി സലാം പറഞ്ഞ് നിന്നിരുന്ന ആനകള്‍, പിന്നീട് വണ്ടികള്‍ക്കുനേരേ പാഞ്ഞടുത്തുതുടങ്ങി.'

301 കോളനി-ഭൂപടത്തില്‍ ഇല്ലാത്തയിടം

ഗൂഗിള്‍മാപ്പില്‍ ചിന്നക്കനാല്‍ തിരഞ്ഞാല്‍ ഇരുപതിലധികം റിസോര്‍ട്ടുകളിലേക്കുള്ള വഴിതെളിയും. എന്നാല്‍ 301 കോളനിയെന്ന പേരുപോലും കാണില്ല. വളഞ്ഞുപുളഞ്ഞ് കിടക്കുന്ന റോഡിന്റെ അടുത്ത സ്റ്റോപ്പായ സിങ്കുകണ്ടത്തുനിന്നാണ് ഭൂപടത്തില്‍ ഇല്ലാത്ത ഈയിടത്തിലേക്കുള്ള മണ്‍പാത തുടങ്ങുന്നത്.

ഓട്ടംവിളിച്ചാല്‍ ജീപ്പും ഓട്ടോയും വന്നേക്കും. ആനപ്പേടി കാരണം അധികമിരുട്ടിയാല്‍ കിട്ടില്ല. മഴക്കാലമായാല്‍ വഴി തകര്‍ന്ന് വണ്ടിപോകാത്ത അവസ്ഥയിലുമാകും. 301 കോളനിയില്‍ ആദ്യമായി ചെല്ലുന്ന ഒരാള്‍ക്ക് അതൊരു മനുഷ്യവാസയിടമാണെന്ന് തോന്നില്ല. ചുറ്റും വനം, സൂക്ഷിച്ചുനോക്കിയാല്‍ കാടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വീടുകള്‍ കാണാം. 2003-ല്‍ ആദിവാസി പുനരധിവാസ പദ്ധതിപ്രകാരം 301 കുടുംബങ്ങള്‍ക്ക് ഇവിടെ ഒരേക്കര്‍ വീതം നല്‍കിയതാണ്. ആനശല്യം കാരണം ഭൂരിഭാഗം ആളുകളും ഇവിടെനിന്നുപോയി. 50-ല്‍താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോഴിവിടെ താമസിക്കുന്നത്. കുറച്ചുപേര്‍ തങ്ങളുടെ സ്ഥലങ്ങളില്‍ കൃഷി ചെയ്യാനായി ഇവിടെ വന്നുപോകുന്നു.

വിമലയും മകനും

കാടുമൂടിയ അങ്കണവാടിക്കെട്ടിടം, ആനപൊളിച്ച വീടുകള്‍, ആനയില്‍നിന്ന് രക്ഷപ്പെടാനായി ടെറസില്‍ കെട്ടിയ ഷെഡ്... ചുറ്റും കിടങ്ങുകുഴിച്ച ഒരു വീടിനുള്ളില്‍ 49-കാരിയായ വിമലയും ഓട്ടിസം ബാധിച്ച 25-കാരനായ മകനും താമസിക്കുന്നു. ആന പൊളിച്ചുകളഞ്ഞ വീട് സുമനസ്സുകളുടെ സഹായത്താല്‍ അടുത്തിടെ നന്നാക്കി. എന്നാല്‍, നട്ടെല്ലിന് അസുഖം ബാധിച്ച അവര്‍ ചികിത്സാകാര്യങ്ങള്‍ക്കും മറ്റുമായി ഇപ്പോഴും ബുദ്ധിമുട്ടുകയാണ്.

സ്‌കൂളില്‍ പോയി വരുന്ന 301 കോളനിയിലെ കുട്ടികള്‍

പടര്‍ന്നുകിടക്കുന്ന പൈന്‍മരങ്ങള്‍ കാരണം ഇവിടെ കൃഷി ബുദ്ധിമുട്ടാണെന്ന് ഊരുകൂട്ടം പ്രസിഡന്റ് മനോഹരന്‍ പറഞ്ഞു. ഏലം, കുരുമുളക്, ഇഞ്ചി എന്നിവയാണ് ഇവിടത്തെ കൃഷികള്‍. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നമായി അവ വിപണിയിലെത്തുന്നുമുണ്ട്. 301 കോളനിയില്‍നിന്ന് പതിനൊന്ന് കുട്ടികളാണ് ദിവസവും സ്‌കൂളില്‍ പോയിവരുന്നത്. സിങ്കുകണ്ടത്ത് സ്‌കൂള്‍ ബസിലിറങ്ങി, രണ്ടുകിലോമീറ്ററോളം നടന്നുള്ള ഇവരുടെ യാത്ര റിസ്‌ക് തന്നെയാണ്. വിദ്യാവാഹിനി പദ്ധതി പ്രകാരം ഈ കുട്ടികള്‍ക്ക് സ്‌കൂള്‍യാത്രയ്ക്കായി പണം ലഭിച്ചിരുന്നെങ്കിലും ഇപ്പോഴത് കിട്ടുന്നില്ല. സര്‍ക്കാര്‍ ഞങ്ങളെ ഇവിടെ കൊണ്ടിട്ടിട്ട് പോയപോലെയാണെന്നും മനോഹരന്‍ പറയുന്നു.

മാതൃകയാണ് മുതുവാന്‍കുടി

പ്രദേശത്ത് പരമ്പരാഗതമായി താമസിച്ചുവരുന്ന മുതുവാന്‍മാരുടേത് വന്യമൃഗങ്ങള്‍ക്കൊപ്പം സഹവസിച്ചുള്ള ചരിത്രമാണ്. മൂന്ന് മുതുവാന്‍കുടികള്‍ ഇവിടുണ്ട്. അണക്കെട്ടിനോടുചേര്‍ന്നുള്ള പ്രദേശമായ ചെമ്പകത്തൊഴുകുടിയില്‍ 500-ലധികം ആളുകള്‍ വസിക്കുന്നു. കുറച്ചുവര്‍ഷം മുമ്പ് മൂകനും ബധിരനുമായ ഒരാളെ ആന കൊന്നത് ഒഴിച്ചാല്‍ വന്യജീവി ആക്രമണത്തില്‍ മുതുവാന്‍മാര്‍ക്ക് ആള്‍നഷ്ടം ഉണ്ടായിട്ടില്ല. കുടിയിലെ വീടൊന്നും തകര്‍ത്തിട്ടില്ല. ജാഗ്രതയോടെയുള്ള ജീവിതമാണ് അപകടങ്ങളില്‍നിന്ന് തങ്ങളെ രക്ഷിക്കുന്നതെന്നും അതേസമയം, ആന കൃഷിനശിപ്പിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും കുടിയിലെ അംഗവും മുന്‍ എസ്.സി. പ്രമോട്ടറുമായ ശശി പറഞ്ഞു.

അരിക്കൊമ്പനില്‍ അവസാനിക്കുന്നില്ല

ചക്കക്കൊമ്പനും മുറിവാലനുമാണ് ഇപ്പോള്‍ സ്ഥലത്തെ പ്രധാന വില്ലന്മാര്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടുപേര്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അരിക്കൊമ്പന്‍ വിഷയത്തില്‍ സമരം ആരംഭിച്ച ബി.എല്‍.റാമില്‍, ഏലത്തോട്ടങ്ങളില്‍ നാശംവിതച്ച് മൂന്നുമാസമായി, 15 ആനകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയശേഷം പുല്‍മേട്ടിലേക്ക് പോകാന്‍ ആനകള്‍ മടിക്കുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംരക്ഷണവേലി സ്ഥാപിച്ച് കൃഷി സംരക്ഷിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ രമേഷ് മൂക്കന്‍ ആവശ്യപ്പെട്ടു.

301 കോളനിക്കുള്ളിലെ മണ്‍പാത

ഏതാനും മാസങ്ങള്‍ക്കുമുമ്പ്, കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന തന്റെ കാര്‍ ചക്കക്കൊമ്പന്‍ തടഞ്ഞത് പേടിയോടെ ഓര്‍ക്കുകയാണ് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.ശ്രീകുമാര്‍. ആനകള്‍ മേഞ്ഞുനടന്നിരുന്ന അണക്കെട്ടിന്റെ ഓരത്ത് 301 കോളനി സ്ഥാപിച്ചപ്പോള്‍ മുതല്‍ ആന ജനവാസമേഖലയിലേക്ക് ഇറങ്ങിത്തുടങ്ങിയെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. 24 വര്‍ഷം മുമ്പ് താന്‍ വിവാഹിതയായി ചിന്നക്കനാലിലേക്ക് വരുമ്പോള്‍ ഇവിടെ ഇത്രയും ആനശല്യമുണ്ടായിരുന്നില്ലെന്നും തീറ്റ കുറഞ്ഞതാണ് പ്രശ്നങ്ങള്‍ക്കുകാരണമെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബിയും ചൂണ്ടിക്കാട്ടി.

ആനകളെ ഓമനപ്പേരിട്ടുവിളിക്കുന്ന ചിന്നക്കനാലുകാര്‍ക്ക് ഇപ്പോഴും അരിക്കൊമ്പനെ മിസ് ചെയ്യാറുണ്ട്. എന്നാല്‍, ജീവിതംതന്നെ വഴിമുട്ടുമ്പോള്‍ വന്യജീവിയോടുള്ള ഈ സെന്റിമെന്‍സെല്ലാം വഴിമാറുകയാണ്...

Content Highlights: chinnakanal, arikomban