കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച വെൽവെറ്റ് വിപ്ലവം, വിവിധ സാമ്രാജ്യങ്ങൾ, സംസ്കാരങ്ങൾ; ബ്രാറ്റിസ്‌ലാവയിലേക്ക് ഒരു യാത്ര

#സിബി മാത്യു, കൊട്ടാരക്കര

രു മധ്യയൂറോപ്യൻ രാജ്യമായ സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവ, ഡാന്യൂബ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു നഗരമാണ്. സമ്പന്നവും സങ്കീർണവുമായ ചരിത്രവും സംസ്കാരവുമുള്ള ബ്രാറ്റിസ്‌ലാവ നഗരം ഓസ്ട്രിയയുടെയും ഹംഗറിയുടെയും അതിർത്തിയോട് ചേർന്നുള്ള പ്രദേശമാണ്.

ഭൂമിശാസ്ത്രപരമായ ഈ കാരണത്താൽ, വിവിധ കാലഘട്ടങ്ങളിൽ നിരവധി സാമ്രാജ്യങ്ങളുടെ കീഴിലായിരുന്നു ഇവിടം. റോമൻ സാമ്രാജ്യം മുതൽ ഓട്ടോമാൻ, ഹാബ്സ്ബർഗ് സാമ്രാജ്യത്തിലേക്കും പിന്നീട് ജർമ്മൻ-സോവിയറ്റ് ചെക്കോസ്ലൊവാക്യയിലേക്കും അത് നീണ്ടു. സ്ലോവാക് റിപ്പബ്ലികിൻറെ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ നോക്കാം.

ചെക്ക് തലസ്ഥാനമായ പ്രാഗിൽനിന്ന് അതിരാവിലെ സ്പീഡ് ട്രെയിനിൽ സ്ലോവാക് തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിലേക്ക് യാത്ര ആരംഭിച്ചു. ഇന്ന് തന്നെ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് പോകേണ്ടതിനാൽ വളരെ കുറച്ച് സമയം മാത്രമാണ് നഗരക്കാഴ്ചകൾക്കായി എനിക്കുള്ളത്.

പ്രാഗിൽനിന്ന് നാലു മണിക്കൂർ ദൂരമായിരുന്നു ബ്രാറ്റിസ്‌ലാവയിലേക്ക്. ചെക്ക് റിപ്പബ്ലിക്കിലെ സുന്ദരമായ കൃഷിയിടങ്ങളും പുൽമേടുകളും കടന്ന് ട്രെയിൻ സ്ലോവാക് മേഖലയിൽ പ്രവേശിച്ചു. സമാനമായ ഭൂപ്രകൃതി ആണെങ്കിലും അത് പരിപാലിക്കുന്നതിലെ വ്യത്യാസം പ്രകടമായിരുന്നു.

ബ്രാറ്റിസ്‌ലാവ സ്റ്റേഷനിൽ ഇറങ്ങി അവിടുത്തെ ക്ലോക്ക് റൂമിൽ ലഗേജ് വെച്ചതിനുശേഷം സ്റ്റേഷനിൽ തന്നെയുള്ള ഒരു കോഫി ഷോപ്പിൽനിന്ന് ലഘുഭക്ഷണം കഴിച്ചു. ഒരു മൂന്നാം ലോകരാജ്യത്തെ പോലെയുള്ള ട്രെയിൻ

സ്റ്റേഷനും ചുറ്റുപാടുകളും വലിയ വൃത്തിയൊന്നും ഇല്ലായിരുന്നു.

പ്രാഗ്പോലെ അത്ര മനോഹരമായ ഒരു പ്രദേശം ആയിരിക്കില്ല ബ്രാറ്റിസ്‌ലാവ എന്ന് ഇവിടെ വന്നിറങ്ങിയപ്പോൾ മനസ്സിൽ തോന്നി. റെയിൽവേ സ്റ്റേഷന് സമീപമായുള്ള ട്രാം സ്റ്റേഷനിൽനിന്ന് ഓൾഡ് ടൗണിലേക്കുള്ള ട്രാമിൽ കയറി. താരതമ്യേന ഒരു പുതിയ രാജ്യമാണെങ്കിലും സ്ലോവാക്യക്ക് 2000 വർഷത്തിലേറെ പഴക്കമുള്ള സമ്പന്നമായ ചരിത്രമുണ്ട്.

മധ്യ യൂറോപ്പിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം വിവിധ സാമ്രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും സ്വാധീനത്തിലായിരുന്നു. പാലിയോലിത്തിക് കാലഘട്ടം മുതൽ സ്ലോവാക്യൻ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നു.

ഇരുമ്പുയുഗത്തിൽ, കെൽറ്റിക് ഗോത്രങ്ങൾ ഇവിടെ ആധിപത്യം സ്ഥാപിച്ചു. പിന്നീട് റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായി മാറിയ ഈ പ്രദേശം, വൈൻ നിർമാണ പാരമ്പര്യം ഉൾപ്പെടെ നിരവധി റോമൻ സ്വാധീനങ്ങൾക്ക് വിധേയമായി. പിന്നീട് ജർമ്മൻ ഗോത്രങ്ങൾ ഇവിടേക്ക് കടന്നുവരികയും റോമാക്കാരുമായി യുദ്ധം ചെയ്യുകയും ചെയ്തു.

അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്ലാവിക് ഗോത്രങ്ങൾ ഈ പ്രദേശത്ത് എത്തി. ഏഴാംനൂറ്റാണ്ടിൽ, ഫ്രാങ്കിഷ് വ്യാപാരിയായ സാമോയുടെ നേതൃത്വത്തിൽ ഇവർ ഒരു ഗോത്ര യൂണിയൻ രൂപീകരിക്കുകയും ഇത് സാമോയുടെ സാമ്രാജ്യം എന്നറിയപ്പെടുകയും ചെയ്തു.

ഒമ്പതാം നൂറ്റാണ്ടിൽ സ്ലോവാക്കുകളുടെയും ചെക്ക് വംശജരുടെയും ആദ്യ പൊതു രാഷ്ട്രമായ ഗ്രേറ്റ്‌ മൊറാവിയ (Great Moravia) നിലവിൽ വന്നു. ഇത് ഒരു പ്രധാന സ്ലാവിക് രാജ്യമായിരുന്നു.

പത്താം നൂറ്റാണ്ടിൽ മൊറാവിയയുടെ തകർച്ചയ്ക്ക് ശേഷം, സ്ലോവാക്യൻപ്രദേശം ഹംഗറിയുടെ ഭാഗമായി മാറി. അടുത്ത ആയിരം വർഷത്തേക്ക് സ്ലോവാക്യയുടെ ചരിത്രം ഹംഗേറിയൻ ഭരണത്തിന് കീഴിലായിരുന്നു. ഈ കാലഘട്ടത്തിൽ ഹംഗറിയിൽ നടന്ന പല പ്രധാന രാഷ്ട്രീയ സംഭവങ്ങളുടെയും വേദിയായി സ്ലോവാക്യ മാറി.

1536-ൽ ഓട്ടോമൻ മുന്നേറ്റത്തെ തുടർന്ന് ഹംഗറിയുടെ തലസ്ഥാനമായി മാറിയ ഈ നഗരം, 1563 മുതൽ 1830 വരെ ഹംഗേറിയൻ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കിരീടധാരണത്തിന് സാക്ഷ്യം വഹിച്ചു. 18-ാം നൂറ്റാണ്ടിൽ മരിയ തെരേസയുടെ ഭരണകാലത്ത് നഗരം വലിയ വളർച്ച നേടി.

പത്തൊമ്പതാം നൂറ്റാണ്ടിൽ, ഓസ്ട്രിയ - ഹംഗറി സാമ്രാജ്യത്തിന്റെ ഭാഗമായിരിക്കുമ്പോൾത്തന്നെ, സ്ലോവാക് ദേശീയത ശക്തമായി വളർന്നു. ഈ കാലഘട്ടത്തിൽ സ്ലോവാക് ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് പല പ്രസ്ഥാനങ്ങളും രൂപംകൊണ്ടു.

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, 1918-ൽ ഓസ്ട്രിയ - ഹംഗറി സാമ്രാജ്യം തകർന്നതിനെ തുടർന്ന് ചെക്ക് വംശജരുംസ്ലോവാക് വംശജരും ചേർന്ന് ചെക്കോസ്ലോവാക്യ റിപ്പബ്ലിക് സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയുടെ സ്വാധീനത്തിൽ ഒരു താൽക്കാലിക സ്ലോവാക് റിപ്പബ്ലിക് നിലവിൽ വന്നുവെങ്കിലും യുദ്ധാനന്തരം ഇത് വീണ്ടും ചെക്കോസ്ലോവാക്യയുടെ ഭാഗമായി.

1948-ൽ ചെക്കോസ്ലോവാക്യ കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായി. 1968-ൽ നടന്ന പ്രാഗ് വസന്തം എന്നറിയപ്പെടുന്ന പരിഷ്കരണ ശ്രമങ്ങൾ സോവിയറ്റ്യൂണിയൻ അടിച്ചമർത്തി. 1989-ൽ നടന്ന വെൽവെറ്റ് വിപ്ലവത്തിലൂടെ ചെക്കോസ്ലോവാക്യയിൽ കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചു. 1993 ജനുവരി ഒന്നിന്, ചെക്കോസ്ലോവാക്യ സമാധാനപരമായി രണ്ട് സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടു - ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്യയും.

അതിനുശേഷം സ്ലോവാക്യ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി വളർന്ന് 2004-ൽ നാറ്റോയിലും, യൂറോപ്യൻ യൂണിയനിലും അംഗമായി. 2007-ൽ ഷെങ്കനിൽ (Schengen) ഭാഗമാവുകയും ചെയ്തു.

ഇന്ന്‌ സ്ലൊവാക്യയുടെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ കേന്ദ്രമായി നിലകൊള്ളുന്ന ബ്രാറ്റിസ്‌ലാവ പല പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശമാണ്. 907-ൽ ബ്രെസാലസ്പൂർക് എന്ന പേരിൽ ഈ നഗരത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയതായി കാണാം. എങ്കിലും 1918-ലെ ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞാണ് ഈ സിറ്റിക്ക് ബ്രാറ്റിസ്‌ലാവ എന്ന പേര് വന്നത്, അതും Bratis എന്ന ഒരു രാജാവിന്റെ പേരിൽ നിന്നും.

ആരോടെങ്കിലും സ്ഥലത്തിൻറെ പേര് ആ കാലയളവിൽ ചോദിച്ചാൽ, ആ വ്യക്തി ഏതു രാജ്യക്കാരൻ ആണോ അതിനു അനുസരിച്ചു പേര് മാറുമായിരുന്നു. Pozony (Hungarian), Possonium (Latin), Presporok (Slovak), Istropolis (Greek), Pressburg (Austria and rest of the world) തുടങ്ങിയവയായിരുന്നു ഈ രാജ്യത്തിന്റെ പേരുകൾ.

സമയപരിമിതികൊണ്ട് കുറച്ചു മണിക്കൂറുകൾ മാത്രമാണ് ഞാൻ ബ്രാറ്റിസ്‌ലാവയിൽ ചെലവഴിച്ചത്. നഗരകാഴ്ചകൾ പരമാവധി കണ്ടുതീർക്കാൻ ഗൂഗിൾ മാപ്പിൻറെ സഹായം തേടിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രാമിൽ ഓൾഡ് ടൗണിന് സമീപമുള്ള നെമോസ്നിക്ക സാർത്രെ സ്റ്റോപ്പിൽ ഇറങ്ങി. സമീപം കണ്ട സ്റ്റാറ ട്രസ്നിക്ക എന്ന ഓൾഡ് മാർക്കറ്റ് ഹാളിൽ തദ്ദേശ ഉല്പന്നങ്ങൾ വിൽക്കുന്ന കാഴ്ചകൾ കണ്ടു കുറച്ച് സമയം നടന്നു.

മനോഹരമായ വാസ്തുവിദ്യയും ചരിത്രകാഴ്ചകളുകൊണ്ടു നിറഞ്ഞ ഇവിടുത്തെ ഓൾഡ് ടൗൺ (Old Town) സുന്ദരമായ ഒരു പ്രദേശമാണ്. കല്ലുപാകിയ തെരുവുകളും വർണാഭമായ കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ ഓൾഡ് ടൗണിന്റെ സജീവമായഇടവഴികളിലൂടെ നടന്ന് ഫ്രാൻസിസ്കൻ സ്ക്വയർ എന്നും അറിയപ്പെടുന്ന ഹൽവനെ നമസ്തേ സ്‌ക്വയറിൽ (Hlavné námestie) എത്തി.

പഴയ ബ്രാറ്റിസ്‌ലാവയുടെ ഹൃദയഭാഗമാണ് ഈ ചത്വരം. ബ്രാറ്റിസ്‌ലാവയുടെ ചരിത്രം പ്രകടിപ്പിക്കുന്ന സ്മരണികയാണ് 14-ാം നൂറ്റാണ്ടിൽ പണിത ടൗൺ ഹാൾ. Old Town Hall (Stará radnica), ഗോഥിക് - റിനൈസൻസ്‌ ശൈലികൾ കൂട്ടിച്ചേർന്ന കെട്ടിടമാണ്. ഇപ്പോൾ ഇത്‌ ഒരു മ്യൂസിയമായി പ്രവർത്തിക്കുന്നു.

ഹൽവനെ നമസ്തേ സ്ക്വയറിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ നെപ്പോളിയന്റെ സാന്നിധ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു പട്ടാളക്കാരന്റെ കസേരയിലേക്ക് കൈകുത്തിനിൽക്കുന്ന ശില്പത്തിനടുത്ത് ഇരുന്ന് ഫോട്ടോ എടുത്തശേഷം 1673-ൽ സ്ഥാപിച്ച ജെസ്യൂട്ട് ചർച്ചിന് സമീപം എത്തി. ദി ഹോളി സേവിയർ ചർച്ച് എന്ന ഈ ദേവാലയം ഒരു പ്രൊട്ടസ്റ്റന്റ് ആരാധനാലയം ആയിരുന്നു.

അവിടെ ഒരു വിവാഹം നടക്കുന്നത് കാണാൻ ഇടയായത് കൗതുകകരമായ അനുഭവമായിരുന്നു. ഫ്രാൻസിസ്‌കൻ സ്ക്വയറിലുള്ള മരിയൻ കോളം എന്ന കന്യാമറിയത്തിൻറെ ഒരു സ്തൂപം, 1675ൽ ലിയോപോൾഡ് ഒന്നാമൻ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിൻ മേൽ കത്തോലിക്ക വിശ്വാസത്തിൻറെ വിജയ സ്മാരകമായി സ്ഥാപിച്ചതാണ്.

1572 ൽ മാക്സ്മില്ലൻ രാജാവ് നിർമിച്ച റോളണ്ട് ഫൗണ്ടൻ അവിടെ സമീപത്തായി കണ്ടു. ഫൗണ്ടന്റെ അഗ്രത്തിലായി റോളണ്ട് എന്ന യോദ്ധാവിന്റെ ശില്പം നഗരത്തിന് സംരക്ഷണം നൽകുമെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നു. 1572-ൽ പണിത ഇത്‌ ബ്രാറ്റിസ്‌ലാവയുടെ പ്രതീകങ്ങളിലൊന്നാണ്.

എവിടെയും വിനോദസഞ്ചാരികൾ കാഴ്ചകൾ ആസ്വദിച്ച് നടക്കുന്നു. ഭംഗിയായി പരിപാലിക്കുന്ന കല്ല് പാകിയ ഇടവഴികളിലൂടെ നടന്ന് സെന്റ് മാർട്ടിൻ കത്തീഡ്രലിൻറെ (St. Martin Cathedral) അടുത്തെത്തി. ഡാന്യൂബ്നദിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഈ ഗോഥിക് കത്തീഡ്രൽ ഹംഗേറിയൻ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടന്ന സ്ഥലമാണ്. ഇപ്പോഴും അത് പഴയ പ്രൌഢമായ രീതിയിൽതന്നെ സംരക്ഷിച്ചിരിക്കുന്നത്

അതിശയപ്പെടുത്തി. സമീപമായുള്ള ബ്ലൂ ചർച്ച് (Blue Church) എന്നും St. എലിസബത്ത് ചർച്ച് എന്നും അറിയപ്പെടുന്ന നീല നിറത്തിൽ അതിമനോഹരമായി ഗോപുരവും മേൽക്കൂരയും, ഇളം നീല നിറത്തിലുള്ള ഇന്റീരിയറും ഉള്ള ഒരു പള്ളിയുമുണ്ട്. 1913-ൽ നിർമിച്ച ഇത് ഇവിടുത്തെ ഒരു പ്രമുഖ ടൂറിസ്റ്റ് ആകർഷണമാണ്. ഒരു ലക്ഷത്തിൽപരം സ്ലോവാക്യൻ ജൂതന്മാരെ രണ്ടാം ലോകമഹായുദ്ധത്തിൽ വധിച്ചതിന്റെ യുദ്ധസ്മാരകമായ പമറ്റാജ് (Pamataj) സമീപമായി കണ്ടു.

മിഖായേൽ ഗേറ്റ്, പ്രൈമേഷ്യൽ പാലസ് തുടങ്ങിയ ചരിത്രപരമായ കെട്ടിടങ്ങളും ഇതിനു സമീപമായാണ്. മിഖായേൽ ഗേറ്റ് (Michae Gate) 14-ാം നൂറ്റാണ്ടിൽ നിർമിച്ച നഗരകവാടമാണ്. ഇതിൻറെ മുകളിലുള്ള ഗോപുരത്തിൽനിന്ന് നഗരത്തിൻറെ മനോഹരമായ കാഴ്ചകൾ കാണാം. 51 മീറ്റർ ഉയരമുള്ള മിഖായേൽ ഗേറ്റ് ബ്രാറ്റിസ്‌ലാവയിലെ ഒരു ചരിത്രസ്മാരകമാണ്.

1758-ൽ ഇതിന്റെ കേടുപാടുകൾ തീർത്ത് പുനർനിർമാണം നടത്തിയപ്പോൾ St. മിഖായേലിന്റെ കൂടെ ഒരു ഡ്രാഗൺ കൂടി മുകളിൽ സ്ഥാനം പിടിച്ചു. ഗേറ്റിന്റെ സമീപമുള്ള പുരാതന കോട്ടകളുടെ മുകളിലൂടെ കുറച്ച് ദൂരം നടന്നതിനുശേഷം കുന്നിൻ മുകളിൽ ഉള്ള ബ്രാറ്റിസ്‌ലാവ കാസിലിലേക്ക് (Bratislava Castle) പോകാൻ തീരുമാനിച്ചു.

ബ്രാറ്റിസ്‌ലാവയിലെ പ്രശസ്തമായ ഈ കോട്ട ഇവിടുത്തെ ഏറ്റവും ഉയരമുള്ള കുന്നിൻമുകളിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നാൽ നഗരം ഏകദേശം കാണാൻ കഴിയും. ഡാന്യൂബ് നദിയ്ക്കു മുകളിലുള്ള ഒരു മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ബ്രാറ്റിസ്‌ലാവയുടെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു പ്രധാന സ്മാരകമാണ്.

കാസിൽ ഹില്ലിലേക്ക് നടന്നുകയറിയപ്പോൾ കല്ലുകൊണ്ട് നിർമിച്ച ഒരു ചെറിയ പുരാതന ഓർത്തഡോക്സ് ദേവാലയം കണ്ടു. അവിടെനിന്ന് വീണ്ടും മുകളിലേക്ക് കയറിയപ്പോൾ വിചിത്രമായ ഒരു ശില്പം കാണാൻ ഇടയായി. ബൊസൂർക്ക എന്നറിയപ്പെടുന്ന മന്ത്രവാദിനിയുടെ ശില്പമാണത്.

മധ്യകാലഘട്ടത്തിൽ ദുർമന്ത്രവാദം ആരോപിച്ച് ഡാന്യൂബ് നദിയിൽ ഒഴുക്കി കൊന്നുകളഞ്ഞ ഒരു സ്ത്രീയുടെ സ്മരണാർഥം നിർമിച്ചതാണ് അത്. പിന്നെയും നടന്ന് മലമുകളിൽ എത്തിയപ്പോൾ കണ്ട കാഴ്ച്ചകൾ തികച്ചും

വർണനാതീതമായിരുന്നു. താഴെ ശാന്തമായി ഒഴുകുന്ന ഡാന്യൂബ് നദിക്ക് ഇരുകരകളിലുമായി നിലകൊള്ളുന്ന പുതിയതും പഴയതുമായ നഗരഭാഗങ്ങളുടെ സുന്ദരമായ ദൃശ്യം.

ചീറിപ്പായുന്ന ട്രാമുകളും, അങ്ങ് ദൂരെയായി മുന്തിരിതോട്ടങ്ങളും, ഓസ്ട്രിയൻ ഗ്രാമങ്ങളും, ഹംഗേറിയൻ പർവതനിരകളും കാണാം. ബ്രാറ്റിസ്‌ലാവ കാസിലിൻറെ ചരിത്രം ഒൻപതാം നൂറ്റാണ്ടിൽ ആരംഭിച്ചു. പ്രാഥമികമായി ഇത് ഒരു സംരക്ഷണ കോട്ട ആയിരുന്നു. കോട്ടയുടെ ആധുനിക രൂപം 16-ാം നൂറ്റാണ്ടിൽ ഹാബ്സ്ബർഗ് സാമ്രാജ്യകാലത്ത് പുനർനിർമിക്കപ്പെട്ടതാണ്.

ഏതാണ്ട് എല്ലാ പ്രധാന ചരിത്ര കാലഘട്ടങ്ങളിലും ഈ കോട്ട സ്ലോവാക്ക് സംരക്ഷണത്തിനും ഭരണത്തിനും ഉപയോഗിക്കപ്പെട്ടു. കോട്ടയിലേക്കുള്ള ലിയോപോൾഡ് പ്രവേശന കവാടം അതിസുന്ദരവും ചരിത്ര പ്രസിദ്ധവുമാണ്. ഫ്രഞ്ച് ശൈലിയിലുള്ള പൂന്തോട്ടങ്ങളും അതിവിശാലമായ മുറികളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

സ്ലോവാക് നാഷണൽ മ്യൂസിയവും ട്രഷറി ചേംബറും ഇവിടെയുണ്ട്. നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ ഇവിടെനിന്ന് കാണാൻ സാധിക്കും. St സിറിൽ, മെഥോഡിയസ്, ഗോരാസ്ദ് എന്നിവരുടെ വെങ്കല പ്രതിമകൾ കാസിലിൻറെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നുണ്ട്.

വിചിത്രരൂപമുള്ള ഈ പ്രതിമകൾ രൂപകൽപന ചെയ്തത് പ്രശസ്ത സ്ലോവാക് ശിൽപ്പിയായ ടിബെറിയസ് മക്രോസിയാണ്. ഒൻപതാം നൂറ്റാണ്ടിൽ സ്ലോവാക് ജനതയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തത്

സെയിന്റ് സിറിലും മെഥോഡിയസുമാണ്. അവർ സ്ലാവോണിക് അക്ഷരമാലയുടെയും സാഹിത്യത്തിന്റെയും വികാസത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ ശിഷ്യനായ ഗോരാസ്ദിനെയും ഈ ശില്പത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. പിന്നീട് അവിടെനിന്ന് കുന്നിറങ്ങി നദീതീരത്ത് കൂടി നടന്ന് UFO ഒബ്സർവേഷൻ ഡെക്കി (UFO Observation Deck)ന്റെ സമീപം എത്തി.

നോവി മോസ്റ്റ് എന്ന പാലത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ഈ ടവർ, നഗരത്തിൻറെയും ഡാന്യൂബ് നദിയുടെയും അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. ഒരു റെസ്റ്റോറന്റും ഇതിന് മുകളിലായുണ്ട്. കുറച്ചകലെയായി കാംസിക് TV ടവർ (Kamzík TV Tower) കാംസിക് കുന്നിൻ മുകളിൽ കാണാൻ സാധിച്ചു.

തിരികെ വീണ്ടും ഓരോ തെരുവുകളിലൂടെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടന്ന്‌ ഓൾഡ് ടൗണിൽ എത്തിയിരിക്കുന്നു. ലോറിൻസ്‌ക തെരുവിനു മുകളിലായി അവിടെ ഉണ്ടായിരുന്ന ഒരു മധ്യകാല പട്ടണകവാടമായ ലോറിൻസ്‌ക ഗേറ്റിന്റെ പ്രതീകാത്മകമായ ഒരു ഇൻസ്റ്റലേഷൻ കണ്ടു.

അവിടെ ഒരു തെരുവിൽ കുമിൽ എന്ന തൊഴിലാളിയുടെ പ്രശസ്തമായ ശില്പത്തിന് സമീപം എത്തി. മാൻഹോളിൽനിന്ന് തലചരിച്ച് ഒരു കള്ളച്ചിരിയോടെ പുറത്തേക്ക് നോക്കുന്ന ശില്പം. അദ്ദേഹത്തിന്റെ ഹെൽമറ്റിൽ തടവിയാൽ ഭാഗ്യം വരും എന്ന ഒരു വിശ്വാസം ടൂറിസ്റ്റുകൾക്കിടയിൽ ഉണ്ട്. ചിത്രങ്ങളെടുക്കാൻ നല്ല തിരക്ക്, ഞാനും ഹെൽമെറ്റിൽ തടവികൊണ്ട് ഒരു ഫോട്ടോ എടുത്തു.

ബ്രാറ്റിസ്‌ലാവയുടെ വിനോദാത്മക ചിന്താഗതിയുടെ ഉദാഹരണമാണ് ഇവിടമെല്ലാം. ഒട്ടേറെ സ്ട്രീറ്റ് കഫെകൾ, കരകൗശല വാസ്തുക്കളുടെ കച്ചവടങ്ങൾ, സ്ട്രീറ്റ് സംഗീത പരിപാടികൾ, ലൈവ് കലാരൂപങ്ങൾ എന്നിവയും പല തെരുവുകളിലായി നടക്കുന്നു. വലിയ ബുക്ക്ഷോപ്പുകളും സുവനീർ ഷോപ്പുകളും ഇവിടെ നിറഞ്ഞിരിക്കുന്നു, എല്ലായിടത്തും ടൂറിസ്റ്റുകളുടെ നല്ല തിരക്ക്.

സമയം സന്ധ്യയോടടുക്കുന്നു. സമീപം കണ്ട ഒരു കഫെയിൽനിന്ന് ഒരു ചിമ്മിനി കേക്കും കഴിച്ച് കാപുച്ചിനോ കോഫിയും കുടിച്ചതിനുശേഷം കുറച്ച് സുവനീറുകളും വാങ്ങി തിരികെ നെമോസ്നിക്ക സാർത്രെ സ്റ്റേഷനിൽ എത്തി. അവിടെനിന്ന് ട്രാമിൽ റെയിൽവേ സ്റ്റേഷനിലേക്ക്. 7:30ന് ഉള്ള ട്രെയിനിലാണ് ഹങ്കറിയിലെ ബുഡാപെസ്റ്റിലേക്ക് ടിക്കറ്റ് ബുക്ക്

ചെയ്തിരിക്കുന്നത്. ലഗേജ് ക്ലോക് റൂമിൽനിന്നും എടുത്ത ശേഷം ബ്രാറ്റിസ്‌ലാവയോട് യാത്ര പറഞ്ഞ് ബുഡാപെസ്റ്റിലേക്കുള്ള ട്രെയിൻ കയറി. ബ്രാറ്റിസ്‌ലാവ ചെറുതും നടന്ന് കാണാൻ എളുപ്പവുമുള്ള ഒരു പ്രദേശമാണ്,

ചരിത്രവും സംസ്കാരവും ആധുനികതയും ഒരുപോലെ ആസ്വദിക്കാൻ

പറ്റിയ ഒരു യൂറോപ്യൻ നഗരം. ഒരു സ്വതന്ത്ര രാജ്യമായി സ്ലോവാക്യ അതിൻറെ സാംസ്കാരിക പൈതൃകവും ആധുനിക വികസനവും സമന്വയിപ്പിച്ച് മുന്നോട്ട് പോകുമ്പോൾ, അതിന്റെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ കേന്ദ്രമായ ബ്രാറ്റിസ്‌ലാവ തന്ത്രപ്രധാന ഭൂമിശാസ്ത്രപരമായ സ്ഥാനവും, ചരിത്രപരമായ പ്രാധാന്യവുംകൊണ്ട്

നഗരത്തിന് ഒരു സവിശേഷ സ്ഥാനം നൽകിയിരിക്കുന്നു. ബ്രാറ്റിസ്‌ലാവയിലേക്ക് വന്നിറങ്ങിയപ്പോൾ ഇവിടുത്തെ കാഴ്ചകളെ കുറിച്ച് ഒരു സങ്കോചം ഉണ്ടായിരുന്നുവെങ്കിലും, ഓൾഡ് ടൗണും ചുറ്റുപാടുമുള്ള പ്രദേശങ്ങളും അതിമനോഹരവും ചരിത്രപരവുമായ ഒരു മികച്ച സഞ്ചാര അനുഭവം സമ്മാനിച്ചു.

Content Highlights: Explore Bratislava, Slovakia`s capital, on the Danube. Discover its rich history, diverse cultures, and the legacy of the Velvet Revolution. A captivating European city experience.