ഹിമാലയത്തിലെ സ്വർണമല ദർശനം...! എന്റെ കാത്തിരിപ്പിന് പർവതേശ്വരൻ തന്ന സമ്മാനം

മനസ്സിൽ നമ്മൾ സ്വപ്നമായി കൊണ്ടുനടക്കുന്ന ഒരു ഫ്രെയിം നേരിൽ കാണുക എന്നത് തന്നെ വലിയ കാര്യമാണെന്നിരിക്കെ ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ അതിനെ ക്യാമറയിൽ പകർത്താൻ കൂടി സാധിക്കുക കൂടി ചെയ്താലോ പറയുകയും വേണ്ട... ഈ ചിത്രം അങ്ങനെയുള്ളതാണ്. ഹിമാലയൻ യാത്രയിൽ ബദ്രിനാഥിൽ വെച്ചാണ് ഈ ചിത്രം പകർത്തുന്നത്. സൂര്യോദയത്തിനു മുന്നേ നീലകണ്ഠ പർവ്വതത്തിൽ സൂര്യന്റെ പൊൻവെളിച്ചം പതിക്കുന്ന കാഴ്ചയാണിത്..
2019 സെപ്റ്റംബർ മാസത്തിലായിരുന്നു 15 ദിവസം നീണ്ട യാത്ര. ഒരു സുഹൃത്തിനൊപ്പം ട്രെയിനിലായിരുന്നു ഡെൽഹി വരെയുള്ള യാത്ര. പിന്നീടങ്ങോട്ട് ബസിലും. ഹേമകുണ്ഡും പൂക്കളുടെ താഴ് വരയുമെല്ലാം കണ്ടശേഷമായിരുന്നു ബദ്രിനാഥിലേക്ക് പോയത്. യാത്രാ മധ്യേ മണ്ണിടിച്ചിലുണ്ടായി രണ്ടുദിവസം റോഡിൽ കുടുങ്ങിക്കിടന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്ത് അവസാനം ബദ്രിനാഥിലെത്തി.
പല തവണമുന്നേ വായിച്ചിട്ടുണ്ടെങ്കിലും ഈ കാഴ്ച്ച നേരിട്ട് കാണുക എന്നത് ഒരു കടമ്പ തന്നെ ആയിരുന്നു. ഇതിനെ കുറിച്ച് പലരോടും അന്വേഷിച്ചതിൽ നിന്ന് നീലകണ്ഠ പർവതത്തിലാണ് ഇങ്ങനെയൊരു കാഴ്ച കാണാനാവുക എന്നറിയാൻ സാധിച്ചു. പക്ഷേ എപ്പോഴാണ് കാണാനാവുക എന്ന് ചോദിച്ചപ്പോൾ പലരും പല സമയമാണ് പറഞ്ഞത്. എങ്കിലും സൂര്യോദയത്തിനു മുന്നേ എപ്പോഴോ ആണ് ഇത് സംഭവിക്കുന്നത് എന്നുള്ള ധാരണമാത്രം ലഭിച്ചു.
വെളുപ്പിന് നാല് മണിക്ക് നല്ല കിടിലൻ തണുപ്പത്ത് എഴുന്നേറ്റ് കാത്തിരിക്കുക എന്നല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. ക്യാമറ വാങ്ങുന്നതിനും മുമ്പേ തന്നെ മനസിൽ കയറിക്കൂടിയ കാഴ്ചയായിരുന്നു അത്. എന്റേതായ കാരണം കൊണ്ട് ആ കാഴ്ച്ചയെ നഷ്ട്ടപെടുത്താൻ ഞാൻ ഒരുക്കമല്ലായിരുന്നു. ആ സ്വപ്ന കാഴ്ച്ച എന്നിൽ അത്രമേൽ വേരാഴ്ത്തിയിരുന്നു എന്നതാണ് സത്യം. വെളുപ്പിനെഴുന്നേറ്റ് ഇടയ്ക്കിടയ്ക്ക് പുറത്തിറങ്ങി നോക്കും. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ഏകദേശം അഞ്ചരമണിയോടെ ആ കാഴ്ച ഞാൻ കണ്ടു.
മലയുടെ മുകളിൽ ഒരു സ്വർണത്തിന്റെ പൊട്ട് വച്ചപോലെയായിരുന്നു ആദ്യം തോന്നിയത്. നിമഷനേരം കൊണ്ട് അതൊരു സ്വർണമലയായി മാറി. അപ്പോഴാണ് ഞാൻ കലണ്ടർ ശ്രദ്ധിക്കുന്നത്. അന്ന് സൂര്യോദയം ആറരയ്ക്കാണ്. ഈ കാഴ്ചയാകട്ടെ അതിന് മുമ്പും. എന്റെ കാത്തിരിപ്പിനും സ്വപ്നത്തിനും പർവതേശ്വരൻ വിലകല്പിപ്പിച്ച് ഈ സ്വപ്ന ചിത്രം എനിക്ക് സമ്മാനിച്ചു. ക്യാമറയിൽ തുരുതുരാ ചിത്രമെടുത്തു. സത്യം പറയട്ടെ ആ കാഴ്ച്ച കണ്ടപ്പോൾ ഞാൻ സത്യത്തിൽ കൂകി വിളിച്ചു തുള്ളിച്ചാടുകയായിരുന്നു.
സ്വാഭാവികമായി അവിടെ നടക്കുന്ന ഒരു കാര്യമാണെങ്കിലും എന്താണിതിനിത്ര പ്രത്യേകത എന്നാലോചിച്ചു. പിറ്റേന്നാണ് എനിക്ക് അതിനുള്ള ഉത്തരം ലഭിച്ചത്. കാരണം അന്ന് വെറും ഒരു മിനിറ്റേ എനിക്ക് കാണാനായുള്ളൂ. കോടനിറഞ്ഞ് ആ കാഴ്ച മൂടിപ്പോയി. മല പോലും കനത്ത മഞ്ഞിൽ കാണാൻ പറ്റിയില്ല. ഭാഗ്യം കൊണ്ടുമാത്രമാണ് തലേന്ന് ആ മനോഹര കാഴ്ച കാണാനായത്. ഹിമാലയം എല്ലാ സഞ്ചാരികളുടേയും സ്വപ്നമാണ്. സത്യത്തിൽ കാണണമെന്ന് നമ്മൾ മാത്രം വിചാരിച്ചാൽ പോര. ഹിമാലയവും കൂടി വിചാരിക്കണം. ഹിമാലയം വിളിക്കാതെ നമുക്കവിടെ എത്താൻ പറ്റില്ല. 13,000 രൂപയാണ് താമസവും ഭക്ഷണവും ഉൾപ്പെടെ എനിക്ക് ചെലവായത്.
ഉദയ സൂര്യന്റെ സ്വർണവെളിച്ചം മൂകമായി പർവതപാർശ്വങ്ങളിൽ ഒഴുകിചേരുന്നത് വല്ലാത്തൊരു അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത്.. കാഴ്ച്ചയുടെ അനുഗ്രഹ വർഷം..
Content Highlights: Arun Gopi Photography, Nilkantha Mountain, Himalaya Travel, Himalaya in Golden Colour
Content Highlights: