കരിന്തണ്ടന്റെ ചങ്ങലമരവും ലക്കിടിയും പിന്നിട്ടാല്‍ വൈത്തിരിയായി; ആനന്ദത്തിന്റെ സ്വര്‍ഗ കവാടം

പ്രകൃതിദുരന്തത്തിന്റെ തീരാനോവില്‍നിന്നും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പാതയിലേക്ക് തിരിച്ചെത്തുകയാണ് വയനാട്. ചൂരല്‍മലയിലും മുണ്ടക്കൈയിലുമായിരുന്നു ദുരന്തമെങ്കിലും ഒരുനാട് മുഴുവന്‍ അത് പ്രതിഫലിച്ചു. പക്ഷേ, തളരാതെ തിരിച്ചുവരവിന്റെ പാതിയിലാണ് വയനാട്. മുടങ്ങിക്കിടന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ വീണ്ടും പ്രതീക്ഷകളുമായി ഉണരുകയാണ് ഈ നാട്.
ഒരുമാസക്കാലമായി മുടങ്ങിക്കിടന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. വിദേശസഞ്ചാരികള്‍ ഉള്‍പ്പെടെ ധാരാളം പേര് വന്നുതുടങ്ങിയതോടെ ടൂറിസം മേഖലയ്ക്ക് താത്കാലികമായി ഏറ്റ തിരിച്ചടി മറികടക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. ഓണക്കാലത്തോട് അനുബന്ധിച്ചുള്ള ബുക്കിങ്ങുകളും പുനഃരാരംഭിച്ചു കഴിച്ചു.
വൈത്തിരി ആനന്ദത്തിന്റെ കവാടം
സഞ്ചാരികളുടെ സ്വര്‍ഗമായ വയനാടിന്റെ കവാടമാണ് വൈത്തിരി. ചുരം കയറിയെത്തുന്ന സഞ്ചാരികള്‍ക്ക് സ്വാഗതമോതുന്നിടം. വയനാടന്‍ ചുരം കയറുമ്പോള്‍ പച്ചവിരിച്ച മാമലകള്‍ക്ക് മേലെ കോടമഞ്ഞ് പെയ്തിറങ്ങുന്ന സുന്ദരമായ പ്രകൃതി മുന്നില്‍ തെളിയും. ചുറ്റിലും മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകള്‍, ഹരിതാഭമാര്‍ന്ന താഴ്വരകള്‍, ഓരോനിമിഷവും മാറിമാറിയുന്ന പ്രകൃതിയുടെ ഋതുഭാവങ്ങള് സഞ്ചാരികളെ വിസ്മയിപ്പിക്കും. ചുരത്തിന്റെ ഒമ്പതാം വളവില്‍നിന്നും താഴേക്ക് നോക്കിയാല്‍ മഞ്ഞവെളിച്ചം പൊഴിച്ചു ഏന്തിവലിഞ്ഞെത്തുന്ന ആനവണ്ടികളുടെ കാഴ്ച കാണാം. ചുരം കയറിയെത്തിയാല്‍ വയനാടായി. കരിന്തണ്ടന്റെ കഥപറയുന്ന ചങ്ങലമരവും ലക്കിടിയും പിന്നിട്ടാല്‍ വൈത്തിരിയിലേക്ക് പ്രവേശിക്കാം. അവിടെ, സുഖപ്രദമായ കാലാവസ്ഥ ആസ്വദിച്ച് നല്ല റിസോര്‍ട്ടുകളില്‍ താമസിക്കാം. പ്രണയം മഞ്ഞുപോലെ പെയ്തിറങ്ങുന്ന പുലര്‍കാലങ്ങളിലും സായാഹ്നങ്ങളിലും പങ്കാളിയുടെ കൈപിടിച്ച് ഈ പറുദീസയിലൂടെ ചുറ്റിക്കറങ്ങാം. കേരളത്തിലെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് ഇവിടം. വൈത്തിരിക്ക് സമീപത്തുള്ള ചില ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം.
പൂക്കോട് തടാകം
പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ട് നിത്യഹരിത വനങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകമായ പൂക്കോട് വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്ളതാണ്. താഴ്വരയിലൂടെ ഒഴുകി കബനി നദിയില്‍ ചേരുന്ന പനമരം പുഴയുടെ ഉദ്ഭവ സ്ഥാനം കൂടിയാണിത്. കുടുംബസമേതമായി എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. തടാകത്തിലൂടെയുള്ള ബോട്ടിങ് സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കും. വൈത്തിരിയില്‍നിന്നും കേവലം മൂന്ന് കി.മി ദൂരം മാത്രമേ പൂക്കോട് തടാകത്തിലേക്കുള്ളൂ.
കര്‍ലാട് ലേക്ക്
പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ സ്വയം മറന്നിരിക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ? എങ്കില്‍ കര്‍ലാട് ലേക്കിലേക്ക് പോരൂ. വൈത്തിരിയില്‍നിന്നും എട്ട് കി.മി മാത്രം അകലെയുള്ള കര്‍ലാട് തടാകം വൈത്തിരിയിലെത്തുന്ന സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കും. തടാകത്തില്‍ ബോട്ടിങ്ങിനും ചൂണ്ടയിടീലിനുമൊക്കെ സൗകര്യമുണ്ട്. സിപ്ലൈനില് ആകാശക്കാഴ്ച ആസ്വദിക്കാനും അവസരമുണ്ട്. ചുറ്റും പച്ചവിരിച്ച പ്രകൃതിഭംഗിയും ഇടയ്ക്കിടെ എത്തുന്ന തണുത്ത കാറ്റുമെല്ലാം നമ്മെ,
കൂടുതല്‍ പ്രണയാതുരമാക്കും.
ബാണാസുര സാഗര്‍
ആവോളം പ്രകൃതിഭംഗിയാല്‍ സഞ്ചാരികളെ മാടിവിളിക്കുന്നുന്നു ഇവിടം. ചുറ്റും പച്ചപുതച്ച കുന്നുകള്‍ അതിന് മധ്യത്തിലായി ചെറു ദ്വീപുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ബാണാസുര സാഗര്‍ അണക്കെട്ട് ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസ കൂടിയാണ്. വയനാട്ടിലെ ഏറ്റവും ആകര്‍ഷകമായ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണിത്. മണ്ണുകൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് എന്ന പ്രത്യേകത കൂടിയുണ്ട് ബാണാസുരസാഗറിന്. കബനി നദിയുടെ കൈവഴിയായ കരമനത്തോടിന് കുറുകെയാണ് ബാണാസുരസാഗര്‍ നിര്‍മ്മിച്ചിട്ടുള്ളത്. അണക്കെട്ടും റിസര്‍വോയറും ചെറു ദ്വീപുകളും സുന്ദരമായ കാഴ്ച സമ്മാനിക്കുന്നു. അല്പം സാഹസിക ഇഷ്ടപ്പെടുന്നവരാണോ എങ്കില്‍ സ്വിപ്ലൈനിലേറി പറക്കാം. സ്പീഡ് ബോട്ടിങ്ങും കുതിര സവാരിയും ഒട്ടക സവാരിയുമെല്ലാം ഇവിടെയുണ്ട്. പശ്ചിമഘട്ടത്തിന്റെ വശ്യതയാര്‍ന്ന കുന്നുകളാണ് ചുറ്റിലും. മണിക്കുന്ന്, ചെമ്പ്ര പീക്ക്, തരിയോട് മല, സുഗന്ധഗിരി മല എന്നിവയെല്ലാം മായക്കാഴ്ചകള്ക്കൊണ്ട് സഞ്ചാരികളുടെ മനം മയക്കുന്നു. വൈത്തിരിയില്‍ നിന്നും കേവലം 24 കി.മി ദൂരം മാത്രമേ ഇവിടേക്കുള്ളൂ.
എന്‍ ഊര്
ഗോത്രസംസ്കൃതിയെയും പൈതൃകത്തെയും അടുത്തറിഞ്ഞുകൊണ്ടുള്ള ഒരു യാത്രയ്ക്ക് നിങ്ങള്‍ ഒരുക്കമാണോ. എങ്കില്‍, വയനാട്ടിലെ 'എന്‍ ഊര്' പൈതൃക ഗ്രാമത്തിലേക്ക് പോരൂ. കോടമഞ്ഞ് മൂടി, ചുറ്റും പച്ചപുതച്ച മലനിരകളാല്‍ ചുറ്റപ്പെട്ട കുന്നിന് നെറുകയിലാണ് ഈ ആദിവാസി പൈതൃക വില്ലേജ് ഉള്ളത്. 25 ഏക്കറിലായി പരന്നുകിടക്കുന്ന എന്‍ ഊരില്‍ വൈക്കോല്‍കൊണ്ട് മേല്‍ക്കൂര പാകിയ പഴയ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ മണ്‍വീടുകള്‍ സഞ്ചാരികളെ ആകര്‍ഷിക്കും. ആദിവാസി സമൂഹങ്ങളുടെ സംസ്കാരവും പാരമ്പര്യവും നിലനിര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ലക്ഷ്യംവെച്ചുകൊണ്ടാണ് എന്‍ ഊര് പൈതൃക ഗ്രാമം സ്ഥാപിച്ചിട്ടുള്ളത്. ഗോത്രവര്‍ഗത്തിന്റെ തനത് വിഭവങ്ങള്‍, ആദിവാസി കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, സുവനീറുകള്‍ എല്ലാം ഇവിടെനിന്ന് ലഭിക്കും. പൂക്കോട് തടാകത്തിന് സമീപം തന്നെയാണ് എന്‍ ഊര് ഉള്ളത്. സായാഹ്നത്തില്‍ വയനാടന്‍ പ്രകൃതിയുടെ മാസ്മരിക സൗന്ദര്യമാണ് കോടമഞ്ഞ് നിറയുന്ന ഈ കുന്നിന് മുകളിലെത്തുന്ന ഓരോ സഞ്ചാരിയെയും കാത്തിരിക്കുന്നത്. എന്‍ ഊര് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഫ്ലൈന്-ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പ്രവേശന കവാടത്തിന് സമീപമുള്ള ടിക്കറ്റ് കൗണ്ടറില്‍നിന്ന് ടിക്കറ്റുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റിനായി tthps://enooru.co.in/ticket എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. വൈത്തിരിയില്‍നിന്നും കേവലം ആറ് കി.മി താഴെ ദൂരം മാത്രമേ എന്‍ ഊരിലേക്കുള്ളൂ.
Content Highlights: wayanad vythiri travel destination