ഉത്സവത്തിന് ആനയെ എഴുന്നെള്ളിക്കില്ല, കാരണമുണ്ട്; ഐതിഹ്യങ്ങളാൽ സമ്പന്നം വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രം

ഐതിഹ്യങ്ങളാൽ സമ്പന്നമാണ് അരൂർ വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രം. ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്. കേരളത്തിലെ ഘണ്ടാകർണ ക്ഷേത്രങ്ങളിൽ സുപ്രധാന സ്ഥാനമാണ് ഈ ക്ഷേത്രത്തിനുള്ളത്. വേമ്പനാട് കായലിന്റെ കൈവഴിയായ കൈതപ്പുഴക്കായലോരത്ത് എണ്ണൂറ് വർഷങ്ങളുടെ പഴക്കവുംപേറി ഇന്നും തലയെടുപ്പിൽ ഇത് നിലനിൽക്കുന്നു.
അറപ്പുര
ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം ഇവിടത്തെ അറപ്പുരതന്നെ. ചതുരാകൃതിയിൽ മുൻപിലും പിന്നിലുമായി ആറ് വാതിലുകളോടു കൂടിയ ഈ അറപ്പുരയുടെ ഭിത്തിയാകെ കൊത്തുപണിയോടു കൂടിയ തടിയിൽ നിർമിച്ചതാണ്. ഒറ്റത്തായിയിൽ തീർത്ത മേൽക്കൂരയിൽ കോടാലിക്ക് ചെത്തിമിനുക്കിയ കഴുക്കോലുകൾ അറപ്പുരയുടെ പഴക്കം വിളിച്ചോതുന്നു. അറപ്പുരയുടെ മുകൾഭാഗം ഓലമേഞ്ഞതാണ്. എല്ലാ വർഷവും ജനുവരിയിൽ ഇത് പുതുക്കി മേയും. മെടഞ്ഞ 1500 ഓലമടലുകൾ ഇതിനു വേണം. ഇത്തവണയും അറപ്പുര ഓലമേഞ്ഞു. ക്ഷേത്രോത്സവത്തിന്റെ അറിയിപ്പു കൂടിയാണ് ഈ ഓലമേയൽ. അറപ്പുരയ്ക്കകത്ത് ഒരു നിലവറയും അറയുടെ മുകളിലായി ഒരു മുറിയും ഉണ്ട്.
ചരിത്രം
എണ്ണൂറ് വർഷം പഴക്കമുള്ള ഇവിടെ മന്ത്രവാദിയായ ഒരു വ്യക്തി കുടുംബസമേതം അറപ്പുരയിൽ താമസിച്ചിരുന്നു എന്നാണ് വാമൊഴി. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ജോലിക്കു പോകുമ്പോൾ വല നിറയെ മത്സ്യം ലഭിക്കുന്നതിനായി ഇദ്ദേഹത്തെ സമീപിച്ചിരുന്നു.
നിരവധി താളിയോല ഗ്രന്ഥങ്ങളടക്കം ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. ഒരു ദിനം അദ്ദേഹം പുറത്തുപോയപ്പോൾ താളിയോലകൾ നോക്കി മകൻ എന്തോ ഒന്ന് കുറിച്ച് കായലിൽ ഇട്ടു. മന്ത്രവാദിയായ പിതാവ് അറപ്പുരയിലെത്തുമ്പോൾ കാണുന്നത് കായലിൽനിന്ന് കരയിലേക്ക് മത്സ്യങ്ങൾ കയറുന്നതാണ്. കാര്യം തിരക്കിയ അച്ഛൻ മകനോട് മത്സ്യങ്ങൾ തിരികെ കായലിലേക്ക് പോകുന്നതിനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി.
അതോടെ മകന് സുഭിക്ഷമായ ഭക്ഷണം നൽകി നാരായക്കത്തികൊണ്ട് മകന്റെ ശിരസ്സ് ഛേദിച്ച് കൊലപ്പെടുത്തി എന്ന് ഐതിഹ്യം. തുടർന്ന് തന്റെ പക്കലുണ്ടായിരുന്ന താളിയോലകളും അപൂർവ ഗ്രന്ഥങ്ങളും പാത്രത്തിലാക്കി മകന്റെ ശരീരം വീണതിനു സമീപം കുഴിച്ചിട്ടുവത്രെ.
അറപ്പുരയോട് തൊട്ടുതെക്ക് ചേർന്ന് മൂലപിതൃ എന്ന് രേഖപ്പെടുത്തിയ ചെറിയ കുര്യാല ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ഈ കുര്യാലയും അറപ്പുരയ്ക്കൊപ്പം കെട്ടിമേയും.
ആനമറുത
ക്ഷേത്രോത്സവങ്ങളിൽ ഇന്ന് ആന അവിഭാജ്യ ഘടകമെങ്കിലും വട്ടക്കേരിയിലെ ഉത്സവത്തിന് ആന ഉണ്ടാവാറില്ല. കാരണം ആനമറുത ഇവിടെ ഉണ്ടെന്ന സങ്കല്പംതന്നെ. വർഷത്തിലൊരു ദിനം ആനമറുതയടക്കമുള്ള ഉപദേവതകളെ എതിരേല്പിനായി എഴുന്നള്ളിക്കാറുമുണ്ട്.
ആനയെ കയറ്റാത്ത ക്ഷേത്രമെങ്കിലും അതിന്റെ വലിപ്പത്തിന് സമാനമായ ഗരുഡവാഹനങ്ങൾ ഉത്സവത്തിനെത്തുന്നു എന്നതാണ് പ്രത്യേകത. കരക്കാരുടെയും ദേശക്കാരുടെയും വ്യക്തികളുടെയും വഴിപാടായെത്തുന്ന ഇത്തരം ഗരുഡവാഹനം വലിയ ആഘോഷത്തോടെയാണ് വരിക. ഒപ്പം തടി വഴിപാടും ഉണ്ടാകും. അരിപ്പൊടി, ശർക്കര, ചക്കര, ഈന്തപ്പഴം, ചുക്ക്, ഏലക്ക, കദളിപ്പഴം തുടങ്ങിയവയിൽ കുഴച്ച് പാളയിൽ പൊതിഞ്ഞ് മണ്ണിൽ കുഴിച്ചിട്ട് ചുട്ടെടുക്കുന്നതാണ് തടി വഴിപാട്. പരമ്പരാഗതമായി ഒരു കുടുംബത്തിന്റേതാണ് ക്ഷേത്രമെങ്കിലും നാനാജാതി മതസ്ഥർ ഇവിടത്തെ വിശ്വാസികളാണ്. രണ്ട് ശാഖകളായി പിരിഞ്ഞാണ് പിൻമുറക്കാരുടെ നേതൃത്വത്തിൽ ഭരണം. നിലവിൽ രണ്ടാം ശാഖയാണ് ഭരണം. എല്ലാ മലയാള മാസവും മേടം പത്തിന് ഭരണം പരസ്പരം കൈമാറ്റം ചെയ്യും. ഈ വർഷത്തെ ഉത്സവം ഫെബ്രുവരി 23 മുതൽ 28 വരെയാണ്. ഉത്സവ സമാപന ശേഷം ഏഴ് ദിനം ക്ഷേത്രനട തുറക്കില്ല എന്നതും ഇവിടത്തെ പ്രത്യേകതയാണ്.
Content Highlights: vattakkeril ghandakarna temple, myths on vattakkeril temple, kerala temples, pilgrimage
Content Highlights: