തണുത്ത തെളിനീരില്‍ എത്ര നേരം മുങ്ങിക്കിടന്നാലും കയറിപ്പോരാന്‍ തോന്നില്ല, മഴയ്‌ക്കൊപ്പം ഒരു യാത്ര

മഴയോളം മലയാളിക്ക് പ്രിയങ്കരമായത് മറ്റെന്താണുള്ളത്. ആറു മാസക്കാലം പണ്ട് മഴ പെയ്തിരുന്ന ഒരു നാടിന്റെ മക്കള്‍ക്ക് മഴയെന്നത് എന്നും ഗൃഹാതുരതയുണര്‍ത്തുന്നതാണ്. കാലദേശങ്ങള്‍ മാറുമ്പോള്‍ ആ ഈറന്‍കാലത്തോടുള്ള പ്രണയം പതിന്മടങ്ങാവും. പ്രത്യേകിച്ചും ചുട്ടുപൊള്ളുന്ന മരുഭൂമിയിലെല്ലാം അന്നത്തിനായി അത്യധ്വാനം ചെയ്യുമ്പോള്‍. നാടുവിട്ടു കാണാമറയത്തു ജീവിക്കുമ്പോഴെല്ലാം പുഴ നിറഞ്ഞോ, കുളം കവിഞ്ഞോ, അങ്ങാടിയെ പുഴയെടുത്തോ എന്നെല്ലാം എത്രയോ ചോദ്യങ്ങള്‍ അവന്‍ ഉറ്റവരോടും സുഹൃത്തുക്കളോടും എന്നും ചോദിച്ചുകൊണ്ടേയിരിക്കും. മഴക്കാലം പണ്ട് പഞ്ഞമാസമായിരുന്നു. വീട്ടില്‍ പട്ടിണിപെറ്റുകിടക്കുന്ന നാളുകള്‍. അടുപ്പില്‍ പൂച്ചകളുടെ ദീര്‍ഘിച്ച ഉറക്കം മാത്രം കണ്ടിരുന്ന ഒരുകാലം. പ്രായമായവര്‍ക്കറിയാം കാറ്റിനെയും മഴയെയും കൂട്ടുപിടിച്ചാവും കാലനെത്തുകയെന്ന്. വിശന്ന ഉണ്ണികളുടെ ദീനരോദനം ചെവിയിലേക്കെത്തുന്ന ആ കാലവും ഇന്ന് ഓര്‍മയിലേക്ക് പിന്‍വലിഞ്ഞിരിക്കുന്നു. കര്‍ക്കടക കഞ്ഞിക്കൂട്ടു മുതല്‍ മണ്‍സൂണ്‍ ടൂറിസംവരെ വന്‍ ബിസിനസായി മഴക്കാലം രൂപാന്തരപ്പെട്ടിരിക്കുന്നു. പഴമക്കാര്‍ക്ക് വീട്ടില്‍ ചടഞ്ഞുകൂടാന്‍ വിധിക്കപ്പെട്ട കാലമായിരുന്നു. ഇന്നതിന് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മഴയിലേക്ക് ഇറങ്ങിയൊന്നു ദേഹത്തെ കുതിര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കാത്ത ഏതെങ്കിലും ബാല്യം നമുക്കിടയില്‍ അവശഷിക്കുമോ.
മാസങ്ങള്‍ അതിവേഗം കടന്നുവന്നു മറയുന്ന വര്‍ത്തമാന കാലത്ത് മഴക്കാലത്ത് പോകാവുന്ന തിരികക്കയംപോലുള്ള പ്രദേശങ്ങളെക്കുറിച്ച് പറയുന്നത് ഏവര്‍ക്കും ഇഷ്ടപ്പെടുന്ന കാര്യമാണ്. കാടും കാട്ടാറുമെല്ലാം വാഹനം എത്തുന്നിടത്തേക്ക് എത്തിയതോടെ മഴയുടെ അനുഭൂതി നുകരാന്‍ യാത്രകളും വര്‍ധിച്ചിരിക്കുന്നു. പുതുതലമുറയില്‍പോലും മഴയോടുള്ള പ്രണയം തീവ്രമായി കാണാനാവും. പലതും പഴഞ്ചനായിട്ടും മഴക്കുളിയും മഴ നനയലുമെല്ലാം മലയാളിയുടെ തലമുറ വ്യത്യാസമില്ലാതെ ആസ്വദിക്കുന്നൂവെന്ന് ചുരുക്കം. മലയാളി ജീനിലെങ്ങും ആഴ്ന്നുകിടക്കുന്ന പ്രതിഭാസമമാണ് മഴയും മഴ തിമിര്‍ക്കുന്ന മിഥുനവും കര്‍ക്കടകവുമെല്ലാം. ആര്‍ത്തലയ്ക്കുന്ന കാറ്റും മഴയുമില്ലാത്ത ഏതെങ്കിലും മലയാളി ജന്മം കടന്നുപോയിരിക്കുമോ? കാടായ കാടെല്ലാം കുളിച്ചു കുളിച്ചു സുന്ദരിയാവുന്ന ഒരു പ്രസന്നകാലം. നാട്ടുവഴിയിലും പാടവരമ്പിലുമെല്ലാം മഴനാരുകള്‍ പൊഴിയുന്ന ദിനങ്ങള്‍... അതിന്റെ ആസ്വാദ്യത പറഞ്ഞു പ്രതിഫലിപ്പിക്കാനാവില്ല. മലയാളിക്ക് മഴയെന്നത് അനുഭൂതികളുടെ ജനിതകമാണ്. ഏത് കാടും മലയും കടലും താണ്ടി മറഞ്ഞാലും മഴയെ അവന്‍ ഉള്ളില്‍ പ്രണയാതുരതയോടെ ഓര്‍ത്തുകൊണ്ടേയിരിക്കും. മലയാളി മനസില്‍ മഴയോളം മിഴിവാര്‍ന്ന ഒരു കാമുകിയുമില്ല.
ഇടവിട്ട് പെയ്യുന്ന മഴയോടു ചങ്ങാത്തം കൂടിയായിരുന്നു ഞങ്ങള്‍ തിരികക്കയം വെള്ളച്ചാട്ടം കാണാനായി പുറപ്പെട്ടത്. വിലങ്ങാട് വാട്ടര്‍ഫാള്‍ എന്നും തിരികക്കയം വെള്ളച്ചാട്ടമെന്നുമെല്ലാം അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം മണ്‍സൂണ്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാവുന്നതാണ്. മഴക്കാലത്ത് പോകാവുന്ന ഒരു ടൂറിസം ഡെസ്റ്റിനേഷനാണ് കോഴിക്കോട് ജില്ലയിലെ നാദാപുരത്തിന് അടുത്ത വാണിമേല്‍ മേഖലയിലുള്ള തിരികക്കയം വെള്ളച്ചാട്ടം. വാണിമേല്‍ വിലങ്ങാട് റോഡിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ കൃത്യമായ സ്ഥാനം. കോഴിക്കോട്ടുനിന്ന് 72 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് വിലങ്ങാട് സ്ഥിതിചെയ്യുന്നത്. വിലങ്ങാട് അങ്ങാടിയിലേക്ക് എത്തുന്നതിന് നാലു കിലോമീറ്റര്‍ മുന്‍പായി വാളാംതോടിനും കരുകുളത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ചോലാലകാവ് ക്ഷേത്രത്തിലേക്കുള്ള റോഡില്‍ 900 മീറ്റര്‍ അകലെയുള്ള കാവില്‍ എന്ന നാലഞ്ചു കടകളുള്ള ചെറിയ അങ്ങാടിയില്‍നിന്ന് കഷ്ടി നൂറു മീറ്റര്‍ മാത്രം മാറിയാണ് തിരികക്കയം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കോഴിക്കോട്ടുനിന്നു വിലങ്ങാട്ടേക്കു നേരിട്ട് ലൈന്‍ ബസുകളുണ്ട്. വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, പയ്യോളി, തലശേരി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് കൂടുതലായും ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നത്. പൊതുവഴി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്നതിനാലാണ് ഇത് ചുറ്റുവട്ടത്തുള്ളവര്‍ക്ക് മാത്രം ആസ്വദിക്കാവുന്ന ഇടമായി ചുരുങ്ങിപ്പേകാന്‍ കാരണം. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും പൊതുവഴി സജ്ജമാക്കാനും ഏതാനും വര്‍ഷം മുന്‍പ് ശ്രമം നടന്നിരുന്നെങ്കിലും ഒന്നും എവിടെയും എത്തിയിട്ടില്ല.
വാണിമേലിന്റെ കുന്നിന്‍ചെരുവുകളിലൂടെയും കാടുകളിലൂടെയും പടിഞ്ഞാറോട്ട് ഒഴുകുന്ന അരുവികളും വെള്ളച്ചാലുകളുമെല്ലാം കൂടിച്ചേര്‍ന്നാണ് വാണിമേല്‍ പുഴയാവുന്നതും പിന്നീട് മയ്യഴിയിലേക്ക് എത്തുന്നതോടെ മുകുന്ദന്‍ ലോകത്തിലേക്കു ഉയര്‍ത്തിയ മയ്യഴി പുഴയായി രൂപാന്തരപ്പെടുന്നതും.
|ഫോട്ടോ: മനു റഹ്മാന്‍
മഴതൂങ്ങിയാടുന്ന വഴികള്‍
കുട്ടികളുമായി ഇടക്കെല്ലാം മഴയിലൂടെ ബൈക്ക് യാത്ര ഒരു ഹരമാണ്. മഴ മൂടി നില്‍ക്കുന്ന ആ ദിനത്തില്‍ കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ എത്ര ആഗ്രഹിച്ചിട്ടും സാധിച്ചില്ലിരുന്നില്ല. മടിപിടിച്ച് കിടക്കുന്നതിനോളം സുഖമുള്ള മറ്റെന്തുണ്ട് ഈ ഭൂമിമലയാളത്തില്‍. വീണ്ടും കിടന്നു, ഞായറാഴ്ചയുടെ ആലസ്യത്തോടെ പ്രഭാതകാര്യങ്ങളും ഭക്ഷണവും കഴിഞ്ഞപ്പോഴേക്കും സൂര്യന്‍ ഉച്ചിയിലെത്തിയിരുന്നു. ഒരു അവധി ദിനത്തിലായിരുന്നു തലശ്ശേരിയിലെ ഭാര്യവീട്ടില്‍നിന്നു നാദാപുരം വഴി തിരികക്കയത്തിലേക്കു പുറപ്പെട്ടത്. അച്ചുവിനും(ഇളയ മകന്‍ അര്‍ഷ്), മനു (രണ്ടാന്‍ ഷാന്‍)വിനും എവിടേക്കെങ്കിലും പോകണം. ഇന്നയിടമെന്നൊന്നുമില്ല. മഴയൊന്നും അവര്‍ക്ക് വിഷയമല്ല. പെരുമഴയില്‍ സ്‌കൂട്ടറില്‍ പോകുന്നതിനോടാണ് കൂടുതല്‍ താല്‍പര്യം. ബൈക്കില്‍ കുറേനേരം വെറുതെ കറങ്ങിയാലും മതി. മഴ തുടങ്ങിയത് മുതലേ ആഗ്രഹിക്കുന്നതാണ് കുട്ടികളുമായി മഴ നനഞ്ഞൊരു യാത്ര. അത് ഇന്ന് ആവാമെന്ന് തീരുമാനിച്ചത് പെട്ടെന്നായിരുന്നു. തലശ്ശേരി ടെമ്പിള്‍ ഗേറ്റിലെ വീട്ടില്‍നിന്ന് ആക്സസ് സ്‌കൂട്ടറുമായി ഞങ്ങള്‍ ഇറങ്ങി. ടെമ്പിള്‍ ഗേറ്റ് റെയില്‍വേ ക്രോസ് കടന്ന് നങ്ങാരത്തുപീടിക, മാടപ്പീടിക, പാറാല്‍, ചൊക്ലി വഴി മഴയില്‍ വണ്ടിയോടുന്നു. തലശ്ശേരി നാദാപുരം കുറ്റ്യാടി റോഡിലൂടെയാണ് യാത്ര. പെരിങ്ങത്തൂര്‍ പുഴക്ക് കുറുകേയുള്ള പാലം കടന്നതോടെ കണ്ണൂര്‍ ജില്ല കോഴിക്കോടിന് വഴിമാറി. എന്നിട്ടും പ്രകൃതിക്ക് ഒട്ടും മാറ്റം കണ്ടില്ല.
രാവിലെ തൂങ്ങി നില്‍ക്കുന്ന മഴ ഞങ്ങള്‍ക്കൊപ്പം വിടാതെയുണ്ട്. അച്ചു മുന്നില്‍ നില്‍ക്കുന്നു. അവന് പിശറന്‍കാറ്റും മഴയുമൊന്നും പ്രശ്നമല്ല. പിന്നില്‍ മനുവിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. കുട്ടികള്‍ മഴ നനയവേ ഹെല്‍മറ്റിട്ട് മഴയെ തോല്‍പ്പിച്ച് നീങ്ങുന്നതില്‍ വല്ലാത്തൊരു കുറ്റബോധം. മുക്കാല്‍ മണിക്കൂറോളമെടുത്തു നാദാപുരത്തേക്ക് എത്താന്‍. നല്ല റോഡായതിനാല്‍ 21 കിലോമീറ്റര്‍ ദൂരം സുഖയാത്രയായിരുന്നു. ഇനി പോകേണ്ടത് കല്ലാച്ചി, വാണിമേല്‍ വഴിയാണ്. നാദാപുരത്തുനിന്ന് ഏതാനും കിലോമീറ്റര്‍ പോന്നപ്പോഴാണ് ദിശതെറ്റിയതായി മനസിലായത്. മഹാഭാഗ്യം ഒന്നുരണ്ടു കിലോമീറ്ററേ നഷ്ടമായിട്ടുള്ളു. ചിണുങ്ങിക്കൊണ്ട് മഴ വിട്ടുമാറാതെ ഒപ്പംതന്നെയുണ്ട്. യാത്ര കുറഞ്ഞദൂരം പിന്നിട്ടതും മഴക്ക് ആവേശം വര്‍ധിച്ചെന്നു തിരിച്ചറിഞ്ഞതോടെ അച്ചുവിനെ റെയിന്‍കോട്ട് അണിയിച്ചു. ആദ്യം അവന്‍ പ്രതിഷേധിച്ചു. മഴ വീഴുന്ന പരിസരങ്ങള്‍ കണ്ടങ്ങനെ പോകുക ഹൃദയത്തെ തരളിതമാക്കും. അങ്ങിങ്ങ് കെട്ടിനില്‍ക്കുന്ന കലക്കവെള്ളം. മഴയെ മാത്രം വിശ്വസിച്ച് പിച്ചവെയ്ക്കുന്ന നീര്‍ച്ചാലുകള്‍, ഉയര്‍ന്ന പറമ്പുകളില്‍നിന്ന് കണ്ണീരുപോലെ മടിച്ച്മടിച്ച് പുറത്തേക്ക് വരുന്ന തെളിവെള്ളം. മഴയാത്ര ഉന്മേഷകരം തന്നെ. അത് അവസാനിക്കരുതെന്നും അധികം വാഹനങ്ങള്‍ പാതയില്‍ വരരുതെന്നുമെല്ലാം അപ്പോള്‍ ആഗ്രഹിച്ചുപോകും. പരിഭവങ്ങളുമായി ചിണുങ്ങുന്ന മഴ ഇപ്പോഴും കൂടെതന്നെയുണ്ട്.
വാണിമേല്‍ പുഴയ്ക്ക് മുകളിലെ പാലം കടന്നു. ചാറ്റല്‍മഴ കുന്നിന്‍പുറങ്ങളില്‍ ശക്തിപ്രാപിക്കാത്തതിനാലാവാം പുഴയില്‍ ജലപ്രവാഹം. അധികം വൈകാതെ പുഴ കലങ്ങിയേക്കാം. പാലത്തിന്റെ ഒത്തനടുവില്‍ വണ്ടി നിര്‍ത്തി. അളിയന്‍ ഏതാനും മാസം മുന്‍പ് വാങ്ങിയ പുത്തന്‍ വണ്ടിയാണ്. അതിന്റെ പുതുക്കം വാഹനം ഓടിക്കുമ്പോള്‍ വ്യക്തമായി അനുഭവപ്പെടുന്നു. കാറ്റുപോലെ പായുന്ന ന്യൂജന്‍ സ്‌കൂട്ടറുകളെ എപ്പോഴും കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ. ഒന്നുമല്ല, തൊടുമ്പോഴേക്കും അത് കൊടുങ്കാറ്റുപോലെ അലറിക്കുതിക്കും.
വയനാടന്‍ കുന്നുകളുടെ അടിവാരത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് വാണിമേലും അതിന്റെ കിഴക്കന്‍ മലയോരങ്ങളുമെല്ലാം. അങ്ങാടി പിന്നിട്ടതോടെ പ്രകൃതിക്ക് കാര്യമായ മാറ്റം. വയനാട്ടില്‍ ചെന്നു എവിടെയാ വയനാട് എന്നു ചോദിക്കുന്നതുപോലെ വാണിമേലില്‍ നിങ്ങള്‍ക്ക് ആ പേരില്‍ കാര്യമായൊന്നും കാണാനാവില്ല. ഭൂമിവാതുക്കലാണ് പ്രധാന അങ്ങാടി. ആ അങ്ങാടിയാണ് ഞങ്ങള്‍ പിന്നിട്ടിരിക്കുന്നത്. കടകളും കെട്ടിടങ്ങളും ടൗണിലെ തിരക്കുമെല്ലാം പിന്നിലായതോടെ പ്രകൃതിയാകെ എടുപിടുങ്ങനെ (പെട്ടെന്ന്) മാറി. സമീപത്തെവിടേയോ കാടുണ്ടെന്നു അത് ഓര്‍മ്മപ്പെടുത്തി. കാട്ടുചെടികളും ചെറുകുന്നുകളുമാണ് കാഴ്ചയില്‍ പതിയുന്നത്. വലതുവശത്ത് ഇടുങ്ങിയ പുഴയുടെ സാന്നിധ്യം. നേരത്തെ കണ്ട അതേ പുഴ. കുറേയധികം താഴ്ചയിലാണ് അതിന്റെ സ്ഥാനം. റോഡരുകില്‍ കണ്ട തട്ടുകടയിലേക്ക് കയറി. അപ്പോള്‍ മഴ പുറത്തായി. അത് പ്രതിഷേധിച്ച് ഒച്ചവയ്ക്കുന്നു. ആറ്റിറമ്പിലായിരുന്നു ആ ചായക്കട. തണുത്തു വിറക്കുന്നതിനാല്‍ ബീഫ് കൊതിച്ചാണ് കയറിയത്. അതില്ല. കപ്പ ബരിയാണി കിട്ടി. ബീഫിന് പകരം ഏതാനും എല്ലുകളുടെ സാന്നിധ്യം മാത്രം. എന്തായാലും ചൂടുള്ള ആ പുഴുക്കിന് നല്ലരുചിയായിരുന്നു. തണുത്ത കാലാവസ്ഥയില്‍ എന്തിനും പ്രത്യേകിച്ചും ചൂടുള്ളവയ്ക്ക് രുചി പതിന്മടങ്ങാവും.
വയറു നിറഞ്ഞതോടെ തണുപ്പ് കുറേക്കൂടി ആസ്വാദ്യമായി അനുഭവപ്പെട്ടു. കുന്നുകയറി പോകുന്ന വഴി. വിലങ്ങാട് അങ്ങാടിയിലേക്ക് ഞങ്ങളെത്തി. കോഴിക്കോട് നഗരത്തില്‍നിന്നു എട്ടു കിലോമീറ്റര്‍ മാറി വയനാട് റോഡിലുള്ള ജെ.ഡി.റ്റി ഇസ്‌ലാം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തെ വിലങ്ങാടെന്ന പേരിനോട് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു. ബീച്ച് ആശുപത്രിക്കും കെ.എസ്.ഇ.ബി ഓഫിസിനുമെല്ലാം സമീപത്തായുള്ള ഞങ്ങളുടെ വീട്ടില്‍നിന്ന് കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളജിന് പടിഞ്ഞാറു വശത്തുള്ള ബസ് സ്റ്റോപ്പില്‍ വെള്ളിമാട്കുന്നിലേക്കുള്ള ബസിനായി കാത്തുനില്‍ക്കുമ്പോള്‍ വിലങ്ങാട്ടേക്കുള്ള ബസ് ഇടക്ക് കുതിച്ചുപായുന്നത് ഇമയനക്കാതെ നോക്കിനില്‍ക്കുമായിരുന്നു. മുകളില്‍ ധാരാളം ചാക്കുകെട്ടുകളുമായി നീങ്ങുന്ന ബസ്. അത് ഇപ്പോഴും എനിക്ക് കാണാനാവും. ഒരുപക്ഷേ അന്ന് ആ ദേശത്തേക്ക് ആകെ ഓടുന്ന ഒന്നാവാനും മതി ഞാന്‍ എന്നും രാവിലെ കണ്ടിരുന്ന ആ ലൈന്‍ ബസ്. ഭൂമിയുടെ ഏതാണ്ട് അറ്റത്തുള്ള ദേശമായാണ് അന്ന് വിലങ്ങാടിനെ കണ്ടിരുന്നത്. ഇന്ന് വിലങ്ങാടും ധാരാളം കടകളും കെട്ടിടങ്ങളും നിറഞ്ഞ ഒരു ടൗണാണ്.
വിലങ്ങാട് പുഴ
| ഫോട്ടോ: മനു റഹ്മാന്‍
എന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ രാവില്‍ വൈദ്യുതി ആ പ്രദേശത്ത് സുലഭമാവാന്‍ ഇടയില്ല. ഏതാനും കടകളേ കാണൂവെന്നതില്‍ സംശയമില്ല. വിലങ്ങാട്ടെ ബസ് സ്റ്റാന്റും പിന്നിട്ടതോടെ പിന്നെ റബര്‍ തോട്ടങ്ങളായി പാതക്കിരുവശവും. കുന്നുകയറി ഉയരത്തിലേക്ക് പോകുന്ന റോഡ്. റബര്‍ചില്ലകളുടെ ഹരിതഛായയില്‍ ഭേദപ്പെട്ട ചാറ്റല്‍മഴയില്‍ ഞങ്ങള്‍ പാറിപ്പോകുന്നു. വീണ്ടും കുറേക്കൂടി പോയതോടെ റോഡിന് അവസാനമായി. നാട്ടിലെ റോഡുകളെല്ലാം വര്‍ത്തമാനകാലത്ത് കൂട്ടിച്ചേര്‍ത്ത് കൂട്ടിച്ചേര്‍ത്ത് ഭൂഗോളംപോലെ അനന്തമായി നീളുമ്പോള്‍ കാട്ടിറമ്പില്‍ പുഴയോരത്തായി അവസാനിക്കുന്ന ആ റോഡ് അത്ഭുതപ്പെടുത്തി. സ്‌കൂട്ടര്‍ നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി പുഴക്കരികിലേക്ക് നടന്നു. കനത്തുപെയ്യുന്ന മഴയിലും കുതിച്ചൊഴുകുന്ന തെളിനീര്‍. നിറയെ പാറക്കല്ലുകള്‍ നിറഞ്ഞ ആ പുഴക്ക് എന്തെന്നില്ലാത്ത ചാരുത. കുറേനേരം അതിന്റെ കരയില്‍ പാറക്കല്ലില്‍ കുന്തിച്ചിരുന്ന് വെള്ളത്തിലേക്ക് കാലുനീട്ടി. തണുത്ത വെള്ളം കാലില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്നു. മനുവിനും അച്ചുവിനും വെള്ളത്തോട് എന്റെ അതേ വികാരമാണ്. അവര്‍ക്കും കാലു നനയ്ക്കാന്‍ സുരക്ഷിതമായ ഒരിടം കണ്ടെത്തി. ഏതാനും അടി അകലത്തില്‍ ചെങ്കുത്തായി പതഞ്ഞൊഴുകി കാഴ്ചയില്‍നിന്ന് അപ്രത്യക്ഷമാവുന്ന പുഴയെ എത്രനേരം നോക്കിയിരുന്നാലും മതിവരില്ല.
വിലങ്ങാട് പുഴ കാട്ടിലൂടെ ചെങ്കുത്തായി ഒഴുകി നാട്ടിലേക്കു പ്രവേശിക്കുന്നിടത്താണ് റോഡ് അവസാനിച്ചിരിക്കുന്നത്. വിലങ്ങാട് വയനാടിന്റെ താഴ്വര പ്രദേശമാണെന്ന് കണ്ടറിഞ്ഞു. ഞങ്ങള്‍ നില്‍ക്കുന്നിടത്തുനിന്ന് മറുകരയെത്തി തൊട്ടപ്പുറത്തുള്ള കാട്ടിലൂടെ കുന്നും മലയും കയറി രണ്ടു മണിക്കൂറോളം നടന്നാല്‍ ചുരത്തിലേക്ക് എത്താമെന്ന് നാട്ടുകാരനെന്നു തോന്നിച്ച ഒരാള്‍ പറഞ്ഞു. ഇന്നത്തെ ലക്ഷ്യസ്ഥാനം തിരികക്കയമായതിനാല്‍ അധികം നില്‍ക്കാതെ വന്നവഴിയിലൂടെ സ്‌കൂട്ടര്‍ വിട്ടു. കാഴ്ചകള്‍ സിരകളില്‍ നവോന്മേഷം നിറച്ചിരുന്നു. വിലങ്ങാട് ടൗണ്‍ എത്തുന്നതിന് മുന്‍പായിരുന്നു ഞങ്ങള്‍ക്ക് തിരിഞ്ഞുപോകേണ്ടത്. റോഡും പരിസരവും ഉണര്‍ത്തിവിട്ട കൗതുകത്തില്‍ റോഡ് ഏതുവരെയുണ്ടെന്നു കണ്ടറിയാന്‍ രണ്ടുമൂന്നു കിലോമീറ്റര്‍കൂടി ടൗണ്‍ പിന്നിട്ട് വന്നതായിരുന്നു. കുത്തനെയുള്ള ഇറക്കത്തിലൂടെയാണ് വിലങ്ങാട് അങ്ങാടിയിലേക്ക് വീണ്ടുമെത്തിയത്. അത് കഴിഞ്ഞിട്ടും റോഡ് കുത്തനെ ഇറങ്ങിപ്പോകുന്നു. അങ്ങാടി പിന്നിട്ട് മൂന്നു നാലു കിലോമീറ്റര്‍ പോന്നതോടെ തിരികക്കയത്തിലേക്ക് വലത്തോട്ടു തിരിയുന്ന റോഡിലേക്കെത്തി.
ചോലാലകാവ് ക്ഷേത്രത്തിലേക്കു നീളുന്നതാണ് ആ പാത.. കുറേ പയ്യന്മാര്‍ നീരാട്ട് കഴിഞ്ഞ് അത്യുച്ചത്തില്‍ സംസാരിച്ച് ബൈക്കുകളുമായി ഞങ്ങളുടെ എതിര്‍ദിശയിലൂടെ കടന്നുപോയി. വഴിയരുകില്‍ നേര്‍ത്ത തോട്. അല്‍പം നീങ്ങിയതും കാവില്‍ അങ്ങാടിയില്‍ എത്തി. മഴ തന്നെയാണ് അവിടെയും സ്വാഗതമോതുന്നത്. റോഡിനോട് ചേര്‍ന്ന് വെള്ളച്ചാട്ടത്തിലേക്ക് നീളുന്ന നൂറുമീറ്ററോളം നീളമുള്ള നടപ്പാതക്ക് എതിര്‍വശത്തായി ഒരു നാടന്‍ ചായക്കട. ആളും തിരക്കും. കുട്ടികള്‍ക്ക് വിശക്കുന്നു ഇഷ്ടവിഭവമായ ബീഫിന് പകരം ആ കടയില്‍ വിളമ്പുന്നത് ചെറുപയര്‍കറിയും കടലക്കറിയും അവിടെ കയറാതെ ഞങ്ങള്‍ വെള്ളച്ചാട്ടത്തിന് അരുകിലേക്ക് നടന്നു. അച്ചുവിന് വേണ്ടി രണ്ട് ഉഴുന്നുവടയും ഒന്ന് രണ്ട് കപ്പ് കെയ്ക്കും വിലങ്ങാട്ടെ കടയില്‍നിന്ന് വാങ്ങിയത് ഭാഗ്യം. വണ്ടി അരികുചേര്‍ത്ത് നിര്‍ത്തി വെള്ളച്ചാട്ടത്തിനരുകിലേക്ക് നടന്നു. സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയാണ് അങ്ങോട്ടുള്ള വഴി. ആകെ നീരാടുന്നവരുടെ ആരവങ്ങള്‍. 15 മീറ്ററോളം ഉയരത്തില്‍നിന്നാണ് വെള്ളം താഴോട്ട് ചാടുന്നത്. തിരികക്കയത്തിന്റെ തണുപ്പില്‍ മണിക്കൂറുകളോളം മുങ്ങിക്കിടക്കുന്നതിന്റെ അനുഭൂതി അനുഭവിച്ചുതന്നെ അറിയണം. ഡിസംബര്‍വരെ ഇവിടെ വെള്ളമുണ്ടാകുമെന്നും സഞ്ചാരികള്‍ എത്താറുണ്ടെന്നും നാട്ടുകാരായ ചിലര്‍ വ്യക്തമാക്കി. നാലഞ്ചു വര്‍ഷമായി കോഴിക്കോട് ജില്ലയില്‍നിന്നുള്ള പ്രത്യേകിച്ച് സമീപദേശങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഇന്നും വെള്ളച്ചാട്ടത്തിലേക്ക് എത്തണമെങ്കില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ കടന്നുപോകണം.
ഉയര്‍ന്ന പറമ്പില്‍നിന്ന് വെള്ളച്ചാട്ടത്തിന് അരികിലേക്ക് ഇറങ്ങാന്‍ ഒന്നരമീറ്ററിലധികം താഴ്ചയുള്ള മണ്ണൊലിച്ച ഇടുക്കിലൂടെ സാഹസപ്പെട്ട് ഇറങ്ങണം. വെള്ളത്തിലേക്കിറങ്ങാന്‍ വസ്ത്രം വെക്കാന്‍പോലും ഒരിടമില്ല. ചിലയിടങ്ങളില്‍ പാറപ്പൊത്തുകളെങ്കിലും കാണും. ഇവിടെ മുള്‍ച്ചെടികള്‍ മാത്രം. വസ്ത്രങ്ങള്‍ ചളിക്കെട്ടിന് മുകളിലെ മുള്‍ച്ചെടിക്കിടയില്‍ അഴിച്ചുവെച്ച് വെള്ളത്തിലേക്ക് ഇറങ്ങി. നേരിയ കലക്കുണ്ടെങ്കിലും തണുത്ത വെള്ളം ആവോളം മുങ്ങിനിവര്‍ന്നു. പെരുമഴ എത്താന്‍ ഒട്ടും താമസിച്ചില്ല. മഴ ഉഗ്രശബ്ദത്തില്‍ നിര്‍ത്താതെ പെയ്യുന്നു. മുകളില്‍നിന്ന് ചാടിവരുന്നത് കലങ്ങിയ മലവെള്ളമായി. എന്നിട്ടും ഒന്നു രണ്ടു മണിക്കൂറോളം അതില്‍ മത്സ്യത്തെപോലെ തുഴഞ്ഞുനീങ്ങി. മനുവിന് വല്ലാത്ത ഭയം. അവന്‍ പാറയില്‍പിടിച്ച് ഇടക്കെല്ലാം ദേഹം നനച്ച് ആഴമില്ലാത്തിടത്ത് ഇരുന്നു. അച്ചുവിന് ഒന്നും പ്രശ്നമില്ല. ഓരോ തവണ മുക്കുമ്പോഴും ഇനിയുമെന്ന് അവന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വെള്ളം കുത്തിച്ചാടുന്നിടത്തേക്ക് നീന്താന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ കുത്തൊഴുക്ക് ആ ശ്രമങ്ങളെ പരാജയപ്പെടുത്തികൊണ്ടിരുന്നു. പതിനഞ്ചു മീറ്ററോളം ഉയരത്തില്‍ നിന്നാണ് വെള്ളം ചാടുന്നത്. മഴ അവസാനിക്കുന്ന കാലത്താണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യം. തണുത്ത തെളിനീരില്‍ എത്ര നേരം മുങ്ങിക്കിടന്നാലും കയറിപ്പോരാന്‍ തോന്നില്ല.
അച്ചുവിന്റെ ചുണ്ടെല്ലാം കരിനീല നിറമായി. വീട്ടില്‍നിന്നു പുറപ്പെട്ടതില്‍പ്പിന്നെ കാര്യമായൊന്നും കഴിച്ചിട്ടില്ല. വല്ലതും പറ്റിയേക്കുമെന്ന ആധി. തുടക്കാന്‍ ഉണങ്ങിയ ഒരു തോര്‍ത്തുപോലുമില്ല. കൊണ്ടുവന്ന വസ്ത്രങ്ങളും തോര്‍ത്തുമെല്ലാം മഴ നക്കിനക്കി ഒരുപരുവമാക്കിയിരിക്കുന്നു. കൂടുതല്‍ സമയം കുട്ടികളുമായി അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്നതിനാല്‍ ഞങ്ങള്‍ വെള്ളച്ചാട്ടത്തോടു യാത്രപറഞ്ഞു. വന്ന പറമ്പിലൂടെ നടന്ന് സ്‌കൂട്ടറിനരുകിലേക്കെത്തി. മഴക്ക് ഒരു കാലബോധവുമില്ല. അത് നിര്‍ത്താതെ ആരവങ്ങളോടെ തുടരുകയാണ്. അല്‍പദൂരം പിന്നിട്ടതും അച്ചു ഉറക്കത്തിലേക്കു വഴുതിയതായി ബോധ്യപ്പെട്ടു. അവനെ മുന്നില്‍നിന്ന് മാറ്റി ഞങ്ങള്‍ക്കിടയില്‍ ഇരുത്തി. അധികം വൈകാതെ ആള്‍ ഗാഢമായ ഉറക്കമായി.
മടക്കത്തിലായിരുന്നു നാദാപുരം അങ്ങാടി പിന്നിട്ട ഉടനെ ആ ചായക്കടയില്‍ ഞങ്ങള്‍ കയറിയത്. ബീഫിനൊപ്പം ചപ്പാത്തിയും പൊറാട്ടയുമാണ്. അച്ചു ഉറങ്ങുകയാണ്. അവനെയും തോളിലിട്ട് അങ്ങോട്ട് കയറി. രണ്ടു പൊറാട്ടയും ബീഫ് കറിയും മുന്നിലേക്കെത്തി. തൃപ്തിയോടെ കഴിച്ചു. വിശപ്പ് പാരമ്യത്തിലായിരുന്നല്ലോ. പണം നല്‍കാന്‍ ശ്രമിക്കവേയാണ് ആ നാട്ടുകാരില്‍ ഒരാളുടെ കുറിക്കല്യാണമാണെന്ന് ബോധ്യപ്പെട്ടത്. ആകെ ചമ്മി. അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല, രണ്ടു പേര്‍ക്കു ഭക്ഷണം നല്‍കാനായതിലെ ചാരിതാര്‍ഥ്യം മാത്രം. പക്ഷേ ഞാന്‍ ആകെ ഉരുകിയൊലിച്ചപോലെയായി. മഴക്ക് ചെറിയ ശമനം. ഇരുണ്ട പ്രകൃതി. അടുത്ത മഴ ഉടന്‍ ഉണ്ടാവുമെന്ന് അത് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. പരമാവധി വേഗത്തില്‍ വീട് ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി. രണ്ടര മണിക്കൂറിലധികം നേരമെടുത്തു ആ മടക്കയാത്ര. എന്നും തിരികക്കയമെന്ന ആ വെള്ളച്ചാട്ടം കുളിരായി ഉള്ളിലുണ്ടാവുമെന്നു തീര്‍ച്ച.
(ലേഖകന്‍ 2021 ആഗസ്റ്റില്‍ നടത്തിയ യാത്ര)
Content Highlights: travel to thirikakkayam waterfalls, kozhikode waterfalls, monsoon travel, bike travel in rain