എന്നും കാട്ടാനയെത്തുന്ന ക്ഷേത്രമുറ്റം; കാക്കകള്‍ ഇല്ലാത്ത മലയോരം| പോവാം ഗോപാല്‍സ്വാമി ബെട്ടയിലേക്ക്

എന്നും വൈകീട്ട് മലകയറി ക്ഷേത്രമുറ്റത്തെത്തുന്ന കാട്ടാന. കാക്കകള്‍ ഇല്ലാതായിപ്പോയ മലയോരം. വര്‍ഷം മുഴുവന്‍ മഞ്ഞ് പെയ്യുന്ന കര്‍ണാടകയുടെ ഹിമാവദ്. അതിനുള്ളിലൊരു ശ്രീകൃഷ്ണ പ്രതിഷ്ഠ. ഐതിഹ്യങ്ങളും യാഥാര്‍ഥ്യങ്ങളും കൂട്ടുചേര്‍ന്ന വിസ്മയകഥകളുടെ ലോകമായിരുന്നു ഗോപാല്‍സ്വാമി ബെട്ടയിലേക്കുള്ള യാത്രാവഴി തുറന്നത്. ബൈക്കില്‍ കോഴിക്കോട്ട് നിന്നും മൂന്ന് മണിക്കൂര്‍ 57 മിനുറ്റെന്ന ദീര്‍ഘയാത്രയെക്കുറിച്ച് ഗൂഗിള്‍ ഓര്‍മിപ്പിച്ചിരുന്നുവെങ്കിലും യാത്രാകാഠിന്യത്തെ അലിയിച്ചുകളയുന്ന എന്തെങ്കിലുമൊക്കെ ഗോപാല്‍സ്വാമി മലനിരകള്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമെന്ന ചിന്തയാണ് യാത്രയ്ക്ക് തുടക്കമിട്ടത്. കതിരുപൊട്ടാന്‍ തുടങ്ങിയ വയനാടന്‍ നെല്‍പ്പാടങ്ങള്‍ കോടമഞ്ഞില്‍ പൊതിഞ്ഞ് വഴി നീളെ മാദകഗന്ധമുയര്‍ത്തി കൂടെക്കൂടി. മഞ്ഞുതള്ളികള്‍ പലപ്പോഴും കാഴ്ചയെ മറച്ചുകളഞ്ഞു. കേരളം പിന്നിട്ട് തുടങ്ങിയതോടെ വിസ്മയങ്ങളുടെ ചെപ്പുതുറന്നു. മുത്തങ്ങയും നീണ്ട് നിവര്‍ന്ന ബന്ദിപ്പുര്‍ കാടും കടന്ന് ടിപ്പിക്കല്‍ കന്നഡ ഗ്രാമങ്ങളുടെ ഹൃദയം തൊട്ടൊരു യാത്ര.
മിനുക്കിയൊരുക്കിയ കുഞ്ഞുവീടുകള്‍ കര്‍ണാടകയുടെ കാര്‍ഷിക പാരമ്പര്യത്തെ കൊത്തിവെച്ചിരിക്കുന്നു. പശുക്കളും തൊഴുത്തുകളും ട്രാക്ടറുകളുമില്ലാത്ത വീടുപോലും ചുരുക്കം. കാളവണ്ടികളും ആട്ടിടയന്‍മാരുടെ കൂട്ടങ്ങളും വഴി തടസ്സപ്പെടുത്തികൊണ്ടുള്ള ദീര്‍ഘനേരത്തെ യാത്ര നല്‍കിയ ക്ഷീണത്തെ ഒരു മലകയറ്റം അപ്പാടെയില്ലാതാക്കി കളയുകയായിരുന്നു. നോക്കത്താ ദൂരത്തോളമുള്ള കര്‍ണാടക പാടങ്ങളുടേയും കുന്നിന്‍ തലപ്പുകളുടേയും ആകാശദൃശ്യങ്ങളാണ് ഹിമാവദ് ഗോപാല്‍സ്വാമി ബെട്ടയിലേക്കുള്ള യാത്ര മുന്നില്‍ ഒരുക്കി വെച്ചിരുന്നത്. മലകയറി നേരെ ഗോപാല്‍സ്വാമിയുടെ സവിധത്തിലേക്ക്.
Content Highlights: Travel To Gopalswami Betta Gundalpet