'ചലോ കശ്മീർ'... ടൂറിസ്റ്റുകളെ 'സ്വർഗത്തിലേക്ക്' തിരികെ കൊണ്ടുവരാൻ ക്യാമ്പയിനുമായി ട്രാവൽ അസോസിയേഷൻ

ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണം കശ്മീരിലെ വിനോദസഞ്ചാരമേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഭീകരാക്രമണത്തിന് ശേഷം കശ്മീരിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. കശ്മീരിലെ ഏറ്റവും സുന്ദരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ശ്രീനഗറിലെ ദാല്‍ തടാകത്തിലെ വിജനത മാത്രം മതിയായിരുന്നു ഇതിന് തെളിവായി. എന്നാൽ കശ്മീരിനെ വീണ്ടും സഞ്ചാരികളുടെ പറുദീസയാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇതിനെല്ലാം പിന്തുണായായി, ആശങ്കകൾക്ക് മറുപടിയായി ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടിഎഎഐ)യുടെ നേതൃത്വത്തിൽ "ലെറ്റ്സ് വിസിറ്റ് ജെ&കെ" അല്ലെങ്കിൽ "ചലോ കശ്മീർ" എന്ന ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണിപ്പോൾ.
കശ്മീരിന്റെ ഊർജ്ജസ്വലത വീണ്ടെടുക്കാനും വിനോദസഞ്ചാരത്തിന്റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നതാണ് ഈ പ്രചാരണമെന്ന് ടിഎഎഐ വ്യക്തമാക്കി. 'സമീപകാലത്തെ പ്രശ്നങ്ങൾ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെങ്കിലും, അവയ്ക്ക് ഈ മേഖലയുടെ കാലാതീതമായ ആകർഷണത്തെ ഇല്ലാതാക്കാൻ കഴിയില്ല. ഇവയ്ക്ക് തടസ്സമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സംഭവം ജമ്മു കശ്മീരിന്റെ പാരമ്പര്യം ഇല്ലാതാക്കില്ല', ടിഎഎഐ ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.
ജമ്മു കശ്മീരിലേക്കുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഞങ്ങൾ പ്രാദേശിക ഉപജീവനമാർഗങ്ങളെ പിന്തുണയ്ക്കുകയും പ്രതിരോധശേഷി, ഐക്യം, പ്രത്യാശ എന്നിവയുടെ സന്ദേശം നൽകുകയും ചെയ്യുന്നുവെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു. ടിഎഎഐയുടെ മാനേജിങ്ങ് കമ്മിറ്റിയും ചാപ്റ്റർ ചെയർപേഴ്സൺമാരും ജമ്മു കശ്മീരിലേക്കുള്ള യാത്രയെ സജീവവും സുസ്ഥിരവുമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിന് ഏകകണ്ഠമായ പ്രമേയവും പാസാക്കി.
പ്രചാരണത്തിൽ പ്രധാനമായി ഉൾപ്പെടുന്ന വിഷയങ്ങൾ
- ജമ്മു കശ്മീർ സർക്കാരുമായി സഹകരണം: കേന്ദ്ര ഭരണ പ്രദേശത്തെ എല്ലാ സന്ദർശകർക്കും ശക്തമായ സുരക്ഷാ നടപടികൾ നടപ്പിലാക്കാൻ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും അസോസിയേഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
- ഹോസ്പിറ്റാലിറ്റി മേഖലയുടെ പിന്തുണ: വിനോദസഞ്ചാരികൾക്ക് പ്രത്യേക പ്രൊമോഷണൽ പാക്കേജുകളും വ്യക്തിഗത സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ഹോട്ടലുകളുമായും പ്രാദേശിക ടൂറിസം ഓപ്പറേറ്റർമാരുമായും സഹകരിക്കാൻ പ്രചാരണം ലക്ഷ്യമിടുന്നു.
- എയർലൈനുകളുമായുള്ള സഹകരണം: ജമ്മു കശ്മീരിലേക്കുള്ള യാത്ര കൂടുതൽ താങ്ങാനാവുന്നതും ആകർഷകവുമാക്കുന്നതിന് പ്രൊമോഷണൽ നിരക്കുകൾ വാഗ്ദാനം ചെയ്യാൻ എയർലൈനുകളെ ക്ഷണിക്കുന്നു.
- പ്രാദേശിക നെറ്റ്‌വർക്ക് സജ്ജമാക്കുന്നു: ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നിന്നുള്ള 100-ൽ അധികം അംഗ കമ്പനികൾ ഉൾപ്പെടുന്ന ടിഎഎഐയുടെ ജമ്മു കശ്മീർ ചാപ്റ്റർ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നു.
ഇന്ത്യയിലുടനീളമുള്ള സഞ്ചാരികൾക്കുള്ള പ്രചാരണത്തിന്റെ സന്ദേശം
- നിങ്ങളുടെ ഹൃദയത്തിൽ ജമ്മു കശ്മീരിനായി ഇടം നൽകുക
- ജമ്മു കശ്മീർ സന്ദർശിക്കാൻ പദ്ധതികൾ തയ്യാറാക്കുക
- ജമ്മു കശ്മീരിലെ ജനങ്ങളെ പിന്തുണയ്ക്കുക
- ജമ്മു കശ്മീരിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാൻ നമ്മുക്ക് സഹായിക്കാം
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024-ൽ കശ്മീരിലെ ടൂറിസം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. വർഷത്തിൽ 2.35 കോടി വിനോദസഞ്ചാരികളുടെ ചരിത്രപരമായ തിരക്കിനാണ് ജമ്മു കശ്മീർ സാക്ഷ്യം വഹിച്ചത്. ഇതിൽ ആഭ്യന്തര സഞ്ചാരികളും അമർനാഥ്, വൈഷ്ണോ ദേവി തീർത്ഥാടകരും ഏകദേശം 65,000 വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടുന്നു.
Content Highlights: Travel Association New Campaign Aims To Restore Jammu kasmir Tourism