വോഡ്ക പ്രേമികള്‍ക്ക് പ്രിയപ്പെട്ട ലോകരാജ്യങ്ങള്‍ ഇവയൊക്കെയാണ്

ലോകത്താകമാനമുള്ള വോഡ്ക പ്രേമികളുടെ ദിനമാണ് സെപ്തംബര്‍ 4. ജന്മദേശം റഷ്യയാണെങ്കിലും 2009 ല്‍ അമേരിക്കയിലാണ് ആദ്യമായി വോഡ്ക ദിനം ആചരിക്കുന്നത്. വോഡ്ക ഫെസ്റ്റിവലുകളും, പ്രശസ്ത ഡിസ്ലറികളിലെ ടൂറുകളുമൊക്കെ നടത്തിയാണ് വോഡ്ക ആരാധകര്‍ ഈ ദിനം ആഘോഷമാക്കാറുള്ളത്.
കുറച്ച് വെള്ളം എന്നര്‍ഥമുള്ള റഷ്യന്‍ വാക്കില്‍ നിന്നാണ് വോഡ്കയ്ക്ക് ആ പേര് ലഭിക്കുന്നത്. റഷ്യ ഉള്‍പ്പടെയുള്ള അതിശൈത്യ രാജ്യങ്ങളില്‍ രോഗ ചികിത്സയ്ക്കും വോഡ്ക ഉപയോഗിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പില്‍ ഈ മദ്യം ജനകീയമാവുന്നത്. താരതമ്യേനെ വിലക്കുറവാണെന്നതാണ് വോഡ്ക പെട്ടെന്ന് ജനപ്രിയമാവാനുള്ള കാരണങ്ങളിലൊന്ന്. പലതവണ ഡിസ്റ്റിലേഷന് വിധേയമാവുന്നത് കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ശുദ്ധമായ മദ്യമെന്ന വിളിപ്പേരും വോഡ്കയ്ക്കുണ്ട്.
വോഡ്ക പ്രേമികള്‍ക്ക് പ്രിയപ്പെട്ട ലോകരാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
റഷ്യ
സ്വാഭാവികമായും വോഡ്ക പ്രേമികളുടെ പറുദീസയാണ് റഷ്യ. റഷ്യയില്‍ ഏത് സമയത്തും വോഡ്ക ലഭിക്കാത്ത ഇടങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. ലോകത്തിലേറ്റവും വീര്യം കൂടിയതും വിലകുറഞ്ഞതുമായ വോഡ്കകള്‍ ലഭിക്കുന്നതും റഷ്യയില്‍ തന്നെ. റഷ്യയിലെ കഠിനമായ കാലാവസ്ഥയും ജനങ്ങളുടെ വോഡ്ക പ്രേമത്തിന് കാരണമാണ്. റഷ്യന്‍ വോഡ്ക ഫെസ്റ്റിവലുകളും ടൂറുകളും പ്രശസ്തമാണ്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഒരു വോഡ്ക മ്യൂസിയവുമുണ്ട്.
പോളണ്ട്
വോഡ്കയുടെ ചരിത്രത്തില്‍ നിര്‍ണായകമായ മറ്റൊരു രാജ്യമാണ് പോളണ്ട്. റഷ്യയിലല്ല പോളണ്ടിലാണ് വോഡ്കയുടെ പിറവിയെന്ന് വാദിക്കുന്നവരുമുണ്ട്. ചില പോളിഷ് വോഡ്ക ബ്രാന്‍ഡുകള്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ ഹിറ്റാണ്. റഷ്യയിലേത് പോലെ തന്നെ വീര്യം കൂടിയ വോഡ്കകളാണ് പോളണ്ടിലേതും. പോളണ്ടിലെ നഗരങ്ങളിലെ വോഡ്ക ടൂറുകള്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. വാഴ്‌സോയില്‍ ഒരു വോഡ്ക മ്യൂസിയവും പ്രശസ്തമാണ്.
സ്വീഡന്‍
ലോകപ്രശസ്ത വോഡ്ക ബ്രാന്‍ഡായ ആബ്‌സല്യൂട്ട് വോഡ്കയുടെ ജന്മദേശമാണ് സ്വീഡന്‍. ലോകത്തിലേറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബ്രാന്‍ഡും ഇത് തന്നെയാണ്. മറ്റ് നോര്‍വീജിയന്‍ വോഡ്കകളും പ്രശസ്തമാണ്. സ്‌റ്റോക്‌ഹോമിലെ മ്യൂസിയം ഓഫ് സ്പിരിറ്റ്‌സില്‍ സ്വീഡിഷ് വോഡ്കകളുടെ പ്രത്യേക സെഷനുണ്ട്.
അമേരിക്ക
റഷ്യയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പുറത്ത് ഏറ്റവും കൂടുതല്‍ വോഡ്ക ഉപയോഗിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. നിരവധി അമേരിക്കന്‍ ബ്രാന്‍ഡുകളും വോഡ്ക പുറത്തിറക്കുന്നുണ്ട്. വോഡ്കയുടെ കോക്ടെയിലുകള്‍ അമേരിക്കന്‍ പാര്‍ട്ടികളിലെ പ്രധാന ഘടകമാണ്. ന്യൂയോര്‍ക്കിലെയും മാന്‍ഹാട്ടണിലെയും വോഡ്ക ഡിസ്ലറികളില്‍ ടൂറുകളും ടെസ്റ്റിങ് സെന്ററുകളും സജീവമാണ്. ടിടോ, ഡീപ് എഡ്ഡി പോലുള്ള വോഡ്ക ബ്രാന്‍ഡുകളുടെ ജന്മനാടായ ഓസ്റ്റിനില്‍ നിരവധി ഫുഡ് ആന്‍ഡ് വൈന്‍ ഫെസ്റ്റുകള്‍ നടക്കാറുണ്ട്. ടെക്‌സാസിലെ മറ്റ് നഗരങ്ങളിലും വോഡ്ക പാര്‍ട്ടികള്‍ പ്രശസ്തമാണ്.
ഇവയ്ക്ക് പുറമെ ലാത്വിയ, ബെലറൂസ്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളും തനതായ വോഡ്ക ബ്രാന്‍ഡുകള്‍ക്കും വോഡ്ക ആഘോഷങ്ങള്‍ക്കും പ്രശസ്തമാണ്.
Content Highlights: These countries are perfect for vodka lovers