പുരാതനക്ഷേത്രങ്ങള്‍, കാര്‍ഷിക സമൃദ്ധി, കിടിലന്‍ രുചികള്‍; തെങ്കാശിക്കാറ്റ് വിളിക്കുന്നു...

#പ്രിയേഷ് ചന്ദ്രന്‍
തെങ്കാശിക്കാഴ്ച | ഫോട്ടോ: സി.ആര്‍ ഗിരീഷ്‌കുമാര്‍
തെങ്കാശിക്കാഴ്ച | ഫോട്ടോ: സി.ആര്‍ ഗിരീഷ്‌കുമാര്‍

വേനലവധി തുടങ്ങി, ഒപ്പം വിശേഷ ദിവസങ്ങളുടെ അവധിയും. ഇനിയുള്ള രണ്ട് മാസങ്ങള്‍ യാത്രകളുടേത് കൂടിയാണ്. ഒരുപാട് ദിവസങ്ങളെടുത്തുള്ള ദൂരയാത്രകളേക്കാള്‍ പലരും ഇഷ്ടപ്പെടുന്നത് ചെറിയ ദൂരവും വേറിട്ട അനുഭവങ്ങളുമാവും. പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്ക് സൗകര്യപ്രദമായി യാത്രകള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതും നിലവില്‍ ഒട്ടേറെ ആളുകള്‍ പോയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥലമാണ് തമിഴ്നാട്ടിലെ തെങ്കാശി. പുരാതനക്ഷേത്രങ്ങളാലും കാര്‍ഷിക സമൃദ്ധിയാലും ഭക്ഷണവൈവിധ്യങ്ങളാലും സമ്പുഷ്ടമായ ഇടമാണ് തെങ്കാശി.

തെങ്കാശി രുചികള്‍

തിരുനെല്‍വേലി ഹല്‍വ

പ്രശസ്തമാണ് തിരുനെല്‍വേലി ഹല്‍വ. പ്രസിദ്ധമായ ഒരുകടയുടെ പേരില്‍ ഇത് 'ഇരുട്ട് കടെയ് ഹല്‍വ' എന്നും അറിയപ്പെടുന്നുണ്ട്. ഗോതമ്പിന്റ പാലെടുത്ത് അതില്‍ നെയ്യും പഞ്ചസാരയും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന ഹല്‍വ ചൂടോടെ കഴിക്കാനാണ് സ്വാദിഷ്ടം. നെയ്യ് ഊറി വരുന്ന ഹല്‍വ ചൂടോടെ വാഴയിലയില്‍ വെച്ചുതരും തെങ്കാശി നഗരത്തിലെ ഒരുവിധം വലിയ സ്വീറ്റ് കടകളിലൊക്കെ ലഭിക്കും.

അതിര്‍ത്തികള്‍ക്കപ്പുറം പ്രശസ്തമാണ് ചെങ്കോട്ടയിലെ ബോര്‍ഡര്‍ പൊറോട്ട. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ചെങ്കോട്ട തമിഴ്നാടിന്റെ ഭാഗമാകുന്നത് 1956 മുതലാണ്. ഇവിടെ അതിര്‍ത്തി വഴി കടന്നു പോകുന്ന ലോറിക്കാര്‍ക്കും ബസുകാര്‍ക്കുമായി തുടങ്ങിയ പൊറോട്ട കടകളാണ് പിന്നീട് ബോര്‍ഡര്‍ പൊറോട്ടകള്‍ക്ക് പ്രശസ്തമായി മാറിയത്. സംസ്ഥാന അതിര്‍ത്തികടന്ന് പിരന്നൂര്‍ എത്തുമ്പോഴേക്കും മലയാളത്തില്‍ ഉള്‍പ്പെടെ ബോര്‍ഡുകള്‍ എഴുതിയ പൊറോട്ട കടകള്‍ കാണാം.

ബോർഡർ പൊറോട്ടയും നാട്ട്‌കോഴി ഫ്രൈയും

ബിരിയാണി, പാല്‍ഗോവ, കൊത്ത് പൊറോട്ട, മുട്ട കലക്കി, മട്ടണ്‍ സുക്ക, തുടങ്ങിയ എഴുതിയാല്‍ തീരാത്ത തമിഴ്നാട് രുചികളെല്ലാം തെങ്കാശിയിലും ആസ്വദിക്കാം.

ക്ഷേത്രനഗരി ഒപ്പം പ്രകൃതിഭംഗിയും

തെങ്കാശി എന്ന് കേട്ടാല്‍ ആദ്യം മനസ്സിലാക്കി എത്തുന്നതാണ് കാശിവിശ്വനാഥക്ഷേത്രം. തെങ്കാശിക്ക് തിലകക്കുറിയായി നില്‍ക്കുന്ന ഈ ക്ഷേത്രം പാണ്ഡ്യരാജാവിനാല്‍ 13-ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രദര്‍ശനം നടത്തുന്നതിനോടൊപ്പം ചരിത്ര വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് ഉറപ്പായിട്ടും സന്ദര്‍ശിക്കാവുന്ന ഇടമാണിത്.

തിരുമല കോവില്‍

ചെങ്കോട്ടയില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ പണ്‍പൊഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുമല കോവില്‍. മലയുടെ മുകളിലായുള്ള കോവിലിലെത്താന്‍ 624 പടികള്‍ കയറണം. എന്നാല്‍, ഇപ്പോള്‍ മലയുടെ വശത്തുകൂടി നിര്‍മിച്ച പാതയില്‍ വാഹനത്തില്‍ മുകളിലെത്താം.

മലയുടെ മുകളില്‍നിന്ന് ചുറ്റുമുള്ള കൃഷിയിടങ്ങള്‍ നോക്കികാണുന്നതുതന്നെ ഒരുപ്രത്യേക അനുഭൂതിയാണ്. അടുത്തകാലത്ത് ഇറങ്ങിയ 'പുഷ്പ' ഉള്‍പ്പെടെയുള്ള സിനിമകള്‍ ചിത്രീകരിച്ച ഇടം കൂടിയാണിത്.

സുന്ദരപാണ്ഡ്യപുരം ഒരുസുന്ദര കാര്‍ഷിക ഗ്രാമമാണ്. കണ്ണെത്താ ദൂരത്തോളം നിരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും, തെങ്ങ് കവുങ്ങിന്‍ തോട്ടങ്ങളും, പച്ചക്കറിത്തോട്ടങ്ങളും മനസ്സിനെ കുളിര്‍പ്പിക്കും.

അന്യന്‍ സിനിമയിലെ ഗാനം ചിത്രീകരിച്ചതോടെ 'അന്യന്‍ പാറ'എന്ന് പേരായ പാറക്കൂട്ടത്തില്‍ അന്ന് വരച്ചിട്ട ചിത്രങ്ങള്‍ ഇപ്പോഴുമുണ്ട്. മറ്റ് സ്ഥലങ്ങള്‍ കുറ്റാലം വെള്ളച്ചാട്ടം, പാപനാശം, ശങ്കരന്‍കോവില്‍ ക്ഷേത്രം, തിരുമലപുരം ഗുഹാക്ഷേത്രം, മേക്കരെയ് ഡാം, കുംഭവുരുട്ടി വെള്ളച്ചാട്ടം, മയൂര ഫാം തുടങ്ങി തെങ്കാശിയില്‍ കാഴ്ചകള്‍ അനവധിയാണ്.

എങ്ങനെ പോകാം

തെങ്കാശിയിലേക്കുള്ള ട്രെയിന്‍ യാത്രയിലെ കാഴ്ച

റോഡ് മാര്‍ഗമാണെങ്കില്‍ പത്തനംതിട്ട ടൗണില്‍നിന്ന് പുനലൂര്‍ വഴി തെങ്കാശി ടൗണിലേക്ക് 100 കിലോമീറ്ററുണ്ട്, അടൂരില്‍നിന്ന് 88 കിലോമീറ്ററും. അടൂര്‍, പത്തനംതിട്ട ബസ്സ്റ്റാന്‍ഡുകളില്‍നിന്ന് തെങ്കാശിക്ക് കെ.എസ്.ആര്‍.ടി.സി. ബസ് ലഭിക്കും. കൂടാതെ തമിഴ്നാട് ബസ് സര്‍വീസിന്റെ വണ്ടികളുമുണ്ട്. ട്രെയിനിലുള്ള യാത്രാ അതിലും മനോഹരമാണ്. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും പകല്‍ 12.30-നും, രാത്രി 11.48-നും ട്രെയിന്‍ ഉണ്ട്. തിരിച്ച് വൈകീട്ട് 3.35-നും, രാത്രി 12.35-നും ദിവസവും ട്രെയിനുണ്ട്.

Content Highlights: tenkasi travel tamil nadu temples food agriculture