ചുരുളൻ പാത, ധവളഗരിമയോടെ സീറോ പോയിന്റ്, പൂക്കളുടെ താഴ്‌വര; പർവതങ്ങൾ ചെപ്പിലൊളിപ്പിച്ച സിക്കിം

'യുമെ സാം തോങ്'എന്ന ടിബറ്റൻ പദമാണ് തണുത്തുറഞ്ഞ ഈ ഹിമഖണ്ഡത്തിന് നാമധേയം. എങ്കിലും 'സീറോ പോയിന്റ്' എന്ന ആംഗലത്തിലാണിതിന് കീർത്തി. ഇംഗ്ലീഷ് ഇഷ്ടപ്പെടാത്തവർക്ക് പതിവ് ശൈലിയിൽ ‘സ്ഥൽ' എന്നോ 'ശൂന്യബിന്ദു' എന്നൊക്കെ വേണമെങ്കിൽ മൊഴിമാറ്റാം. എന്തായാലും താഴ്വരകളുടെ സംഗമഭൂമി എന്ന് അർത്ഥം വരുന്ന 'യുമെ സാംതോങ്' എന്ന പദം അധികമാരും ഇപ്പോൾ ഓർക്കുന്നില്ല.. പറയുന്നില്ല. സീറോ പോയിന്റ് എന്നുപറഞ്ഞാൽ എളുപ്പം പിടികിട്ടും. നോർത്ത് സിക്കിമിൽ തന്ത്രപ്രധാന ചുരം. പാതയിലെ കഠിനകയറ്റങ്ങളും ചുരുളൻ വളവുകളും താണ്ടി ഒടുക്കത്തിലെത്തുന്ന ഹിമവിശാലത. സദാനേരവും തുടരുന്ന മഞ്ഞിന്റെ പൂപൊഴിയൽ... ചക്രവാളത്തോളമെത്തുന്ന തൂവെള്ള പരവതാനി വിരിച്ചിട്ടിട്ടുണ്ട്.
താരതമ്യേന ദുർബലമായ ഉടലിന്റെ സഹനം പരീക്ഷിക്കുന്ന സൂചിമുനയുള്ള മഞ്ഞുകാറ്റ് ചെറിയ മൂളക്കത്തോടെ ചുറ്റുന്നു. അസ്ഥിയിൽ കുത്തുന്ന തണുപ്പ്. ശീതമാപിനി പൂജ്യത്തിനും കുറെ താഴെ. പക്ഷേ, കഠിന കാലാവസ്ഥയിലും ഉടലിന്റെ പ്രതികൂലത്തിലും ഇവിടെ എത്തിനിൽക്കുമ്പോൾ ഉള്ളിൽ നിറവുണ്ട്. വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത അനുഭൂതി. തീക്ഷ്ണവികാരങ്ങൾ പ്രകടമാക്കാൻ ഭാഷ എത്ര അശക്തം! ഉത്കടമായി അനുഭവിച്ചറിയേണ്ടുന്നവ അങ്ങനെ തന്നെ നേടുന്നതല്ലേ യാത്രയുടെ സാഫല്യം.
മുട്ടോളമെത്തുന്ന ഗംബൂട്ടുകളും കയ്യുറകളും അണിഞ്ഞ്, കട്ടിരോമക്കുപ്പായത്തിൽ പൊതിഞ്ഞ് പതുപതുത്ത മഞ്ഞുകട്ടകളിൽ ചവിട്ടി ഞാൻ നടന്നു. നിരന്ന വെണ്മയിൽ സന്ദർശകർ നടന്നുണ്ടാക്കിയ ഒറ്റയടിപ്പാത കഷ്ടിച്ച് വഴികാട്ടി. മഴ പെയ്തും മഞ്ഞുരുകിയും നീർച്ചാലുകൾ ഇടയ്ക്കിടെ പ്രത്യക്ഷമാകുന്നു. അല്പം അകലെയായി സിക്കിം ടൂറിസം നാട്ടി നിർത്തിയ *I LOVE ZERO POINT* എന്ന ഫോട്ടോ കോർണർ ആണ് ലക്ഷ്യം. താഴെയുള്ള ഇരുമ്പുബെഞ്ചിൽ ഇരുന്നും നിന്നും പല പോസുകളിൽ ചിത്രങ്ങൾ എടുക്കലാണിവിടുത്തെ മെയിൻ വിനോദം.
സമയം അതിരാവിലെ ആയതിനാൽ ടൂറിസ്റ്റുകളുടെ അതിബാഹുല്യമില്ല.. വന്നുതുടങ്ങുന്നതേ ഉള്ളൂ. മഞ്ഞിലൂടെ കഷ്ടിച്ച് തെളിഞ്ഞ ചവിട്ടടി പാതയിൽ, അൽപ്പം ശൗര്യമേറിയ അരുവിയുണ്ട് ഈ ഭാഗത്ത്. ഇരുമ്പിലും മരത്തിലും പണികഴിപ്പിച്ച കുഞ്ഞുപാലത്തിലൂടെ ഇത് മുറിച്ചുകടക്കാം. മേൽക്കൂരയും കൈവരികളുമൊക്കെ നല്ല ഭംഗിയിൽ തീർത്തു ചാരുത വരുത്തിയ മൂർത്തശില്പം പോലെ, കുഞ്ഞുനടപ്പാലം. ഇതിന്റെ നടുഭാഗത്ത് ഇരുവശങ്ങളിലും ഫോട്ടോ പോയിന്റുകൾ. യാത്രാവേളകളുടെ മധുരസ്മൃതികൾ ഡിജിറ്റലൈസ് ചെയ്യുമ്പോൾ ക്യാൻവാസ് അൽപം 'ക്ലാസ്സിക്' ആവട്ടെയെന്ന സിക്കിം ടൂറിസത്തിന്റെ കരുതൽ പോലെ, കുഞ്ഞൻ ഇൻസ്റ്റലേഷൻ.
അപൂർവമായി തരപ്പെടുന്ന ഒരാഴ്ചത്തെ ഫാമിലി വെക്കേഷൻ. രാജ്യത്തിന്റെ തെക്കൻഭാഗങ്ങളിൽ പാർക്കുന്ന, തരംകിട്ടിയാൽ യാത്ര പോകാൻ കൊതിക്കുന്ന, എല്ലാ ഉഷ്ണമേഖലാ ജീവികൾക്കുമുള്ള വീക്‌നെസ്സ് എനിക്കുമുണ്ട്. മഞ്ഞും തണുപ്പും നിറഞ്ഞ ഭൂപ്രകൃതി. അവസരമൊത്താൽ ഈ ഉൾപ്രേരണയിൽ വടക്കോട്ട് ഭാണ്ഡം മുറുക്കുന്നു. നിത്യനിദാനത്തിന്റെ വിരസതയിൽനിന്ന് തലയൂരുന്ന കൗശലം.
പ്രത്യേക മുന്നൊരുക്കങ്ങൾ ഇല്ലാതെ സിക്കിം പര്യവേക്ഷണമെന്ന രീതിയിൽ യാത്ര രൂപപ്പെട്ടു. വടക്കുകിഴക്കിന്റെ വാതിലായ സിലിഗുരിയിൽ തുടങ്ങി ഒരാഴ്ചക്കാലം സിക്കിമിന്റെ മലമ്പാതകളിലും ജലപാതങ്ങളിലും അലഞ്ഞും അലിഞ്ഞും, തിരിച്ചു സിലിഗുരിയിൽതന്നെ എത്തുന്ന ലളിതമായ യാത്രാപദ്ധതി. കടൽപ്പരപ്പിൽനിന്ന് കുത്തിനിർത്തി അളന്നാൽ 16,000 അടിയ്ക്ക് തൊട്ടുതാഴെ എത്തും 'സീറോ പോയിന്റ്'! നോർത്ത് സിക്കിം പ്രദേശത്തിന്റെ വടക്ക് പടിഞ്ഞാറെ മോന്തായത്തിൽ, ടിബത്തൻ ഹിമാലയത്തിന്റെ തെക്കോട്ടിറക്കത്തിൽ, ധവളഗരിമയോടെ ഇത് നിലകൊള്ളുന്നു.
സ്ഥാനീയ പ്രാധാന്യത്തിൽ സിക്കിം സംസ്ഥാനം ഇവിടെ തുടങ്ങുന്നതായോ ഒടുങ്ങുന്നതായോ കണക്കാക്കാം. ഉയരക്കണക്കിൽ മറ്റു പല ചുരങ്ങളുടെയും തോളറ്റമെത്തില്ലെങ്കിലും ഹിമാലയത്തിലെ ഈ 'പൂജ്യബിന്ദു' യാത്രികരിൽ നിറയ്ക്കുന്ന നിർവൃതിയുടെ അളവിൽ ഒട്ടും കുറവ് വരില്ല. സീറോ പോയിന്റിൽനിന്ന് അൽപദൂരം മാത്രം അകലത്തിലാണ് രാജ്യാതിർത്തി.
പട്ടാളം സദാ ജാഗരൂകമാണിവിടെ. ബോർഡർ ഏരിയ എന്ന പദവിയിലുള്ള കണിശനിയന്ത്രണങ്ങൾ ഉണ്ടെങ്കിലും 'തൃശക്തി' റെജിമെന്റിലെ സൈനികരും BRO ഓഫീസർമാരുമെല്ലാം യാത്രികരോട് സൗഹാർദ്ദത്തോടെ ഇടപഴകുന്നു. ലഘുനിർദ്ദേശങ്ങൾ ചെറുചിരിയിൽ നൽകി വഴികാട്ടുന്നു.
വഴിയരികിൽ നിരനിരയായി നിർത്തിയിട്ട സഞ്ചാരികളുടെ വാഹനങ്ങൾക്കും പട്ടാള ട്രക്കുകൾക്കും സമാന്തരമായി തകരഷീറ്റിൽ പണിത കുഞ്ഞു കടകൾ. കൊടുംതണുപ്പിലേക്ക് ഇറങ്ങി മഞ്ഞുകട്ടകൾ വാരിയെറിഞ്ഞു കളിക്കാനും ആസ്വദിക്കാനും വേണ്ടുന്ന മുൻകരുതൽ സാമഗ്രികൾ ഇവിടെ ലഭ്യമാണ്, ചെറിയ വാടകയിൽ.
നേരത്തെ വാങ്ങിയ മഞ്ഞുമേലങ്കികൾ തിരിച്ചേൽപ്പിക്കാനായി ഞങ്ങൾ കടയിലേക്ക് കയറി. പ്രാതലിന്റെ നേരമാണ്. പതിവുപോലെ വിഭവങ്ങൾ. മോമോ, ചൗമീൻ, മാഗ്ഗി... എല്ലാം റെഡി. കാപ്പി, ചായ, വിസ്‌കി, റം തുടങ്ങിയ പാനീയങ്ങളും. ആവിയിൽ വേവിച്ച ചിക്കൻ മോമോ പ്ലേറ്റിലെടുത്തു നിറഞ്ഞ ചിരിയോടെ കഴിക്കാൻ ക്ഷണിച്ചപ്പോൾ ടിബറ്റൻ പിന്മുറക്കാരിയായ കടയുടമ കുശലം പറഞ്ഞു. 'ആപ് ലോഗ് ഇത്ത്‌നാ ബഡി ദൂർ ആ ഗയീ ഹേ ന ഭയ്യാ. ബർഫ് ഖുമ്‌നെ കെ ലിയേ.' കേരളം ഭാരതത്തിന്റെ തെക്കേ മുനമ്പിൽ ആണെന്ന ഭൂമിശാസ്ത്ര വിജ്ഞാനത്തിൽ അവൾ കൗതുകം പൂണ്ടു. സിക്കിമിൽ കച്ചവടം വനിതകളുടെ വകുപ്പാണ്. അത് ഗാങ്‌ടോക് പട്ടണത്തിൽ ആയാലും വിദൂര പർവതപ്രദേശങ്ങളിൽ ആയാലും വലിയ മാറ്റമില്ല. ഇവിടെ നിരത്തി നമ്പറിട്ട എല്ലാ തകരപീടികകളിലും നടത്തിപ്പുകാർ സ്ത്രീരത്‌നങ്ങൾ തന്നെ. സഞ്ചാരികളുടെ വിശപ്പകറ്റാൻ മോമോയും ചൗമീനും നൽകി, തണുപ്പകറ്റാൻ മഞ്ഞുമേലങ്കികൾ നൽകി, സ്വന്തം കുടുംബത്തിന്റെ വിശപ്പും തണുപ്പും അകറ്റാൻ അവർ വഴി തേടുന്നു.
കുറച്ചു ദൂരത്തിൽ നിർത്തിയിട്ട ഞങ്ങളുടെ വാഹനത്തിനടുത്തേക്ക് നടന്നു. വാഹനത്തിന്റെ ചില്ലുകൾ ഉയർത്തി ധ്യാനത്തിലെന്നപോലെ ഡ്രൈവിംഗ് സീറ്റിൽ പേമ സോങ് ഉണ്ട്. ഏതോ ടിബറ്റൻ നാടോടിഗാനം ചെവിക്കുള്ളിലേക്ക് പ്ലഗ് ചെയ്ത് ആസ്വദിക്കുകയാണ്. ചെറുപ്പക്കാരനാണ് സോങ്. നല്ല വർത്തമാനപ്രിയനും സംഗീതാസ്വാദകനും. ഹിന്ദിഗാനങ്ങളും ഭൂട്ടാൻ സംഗീതവും ഒരുപോലെ പ്രിയതരം. വടക്കൻ സിക്കിം യാത്രാപദ്ധതി ഒരുക്കിയ ടൂർ ഏജൻസിയുടെ ഡ്രൈവർ.
സീറോ പോയിന്റിൽനിന്നുള്ള മടക്കത്തിലാണ് യാത്രയിലെ അവസാനലക്ഷ്യം. മലമ്പാതകളിലെ യാത്ര, കാലാവസ്ഥ അനുവദിക്കുന്ന ക്ഷണത്തിൽ സീറോ പോയിന്റിൽ എത്തുക എന്ന മിനിമം യുക്തിയിൽ സെറ്റ് ചെയ്തതാണ്. ഇനി, പ്രകൃതിരമണീയതയിൽ കീർത്തി കേട്ട യുങ്താങ് വാലിയിലേക്ക്. സീറോ പോയിന്റിൽനിന്ന് ഒന്നുരണ്ട് മലകളിലെ ചുരമിറങ്ങിയാൽ യുങ്താങ് താഴ്വര എത്തി. കഷ്ടിച്ച് 25 കിലോമീറ്റർ മാത്രം ദൂരം.
പൂക്കൾ നിറഞ്ഞ വിശാലമായ പുൽപ്പരപ്പുകൾ ഒരുക്കുന്ന കാഴ്ചവിരുന്ന്. പശ്ചാത്തലത്തിൽ കാട്ടുപൂവരശുകൾ പൂത്തു മരുവുന്ന പർവത ചാർത്തുകൾ. പൂക്കളുടെ താഴ്‌വര (Valley of Flowers) എന്ന് ടൂറിസം ലഘുലേഖകളിൽ ഈ സ്ഥലം പരസ്യപ്പെടുത്തുന്നതിൽ ന്യായമുണ്ട്. പിങ്കും പർപ്പിളും മഞ്ഞയും മജന്തയും കടുംചുവപ്പും നിറങ്ങളുടെ പൊലിമ. പ്രകൃതി ഒരുക്കിയ അവർണനീയമായ വർണ കൊളാഷ്.
ഇരുപതിലേറെ ഇനങ്ങളിൽ വിവിധങ്ങളായ ഹിമാലയൻ പുഷ്പങ്ങൾ സീസണിൽ പുൽമേടുകളെ അലംകൃതമാക്കുന്ന ഈ താഴ്വര സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരം. ചുവരിൽ തൂക്കിയ മനോഹരമായൊരു ജലച്ചായചിത്രം പോലെ തോന്നിക്കും യുങ്താങ് താഴ്വര. ടൂറിസം മേഖലയിൽ 'മിനി സിറ്റ്‌സർലൻഡ്' എന്നും അറിയപ്പെടുന്നു. യാത്ര അൽപം കാലംതെറ്റി ആയിരുന്നതിനാൽ താഴ്വരയിൽ സ്വപ്നത്തിൽ കണ്ടത്ര പൂക്കളില്ല. എന്നിരുന്നാലും പുൽമേടുകൾ അതിന്റെ പേരും പത്രാസും നിലനിർത്തുംവണ്ണം വിശാലവും ചേതോഹരവുമായി സഞ്ചാരികൾക്ക് വിരുന്നൊരുക്കി. അങ്ങിങ്ങായി മേയുന്ന യാക്കുകളും കുതിരകളും. പ്രകൃതിഭംഗിയുടെ ഫ്രെയിമിൽ ഫോട്ടോകളെടുത്ത് മതിവരാത്ത ടൂറിസ്റ്റുകൾ. പുൽപ്പരപ്പിൽ പതിഞ്ഞു കിടന്ന വയലറ്റ് പൂക്കളെ ഫ്രെയിമിൽ ചേർക്കാൻ ആംഗിൾ നോക്കിയ എന്നെ തൊട്ടടുത്തു മേഞ്ഞിരുന്ന മഞ്ഞുപശുവിനു തീരെ പിടിച്ചില്ല. കൊമ്പും കുലുക്കി പെട്ടെന്നൊരു ചാർജിങ്. ഒറ്റച്ചാട്ടത്തിൽ സുരക്ഷിതയകലം കിട്ടിയതിനാൽ യാക്കിന്റെ അക്രമണത്തിന് ഇരയായില്ല, ഭാഗ്യം.
മെയ് മാസമാണ് യാത്ര. സീസൺ ഒരുവിധം തീർന്നെങ്കിലും ടൂറിസ്റ്റുകൾ ധാരാളം വന്നെത്തുന്നുണ്ട്. ബംഗാളിൽ നിന്നുള്ളവരാണ് അധികമെന്ന് തോന്നുന്നു. നോർത് സിക്കിം യാത്രയുടെ തുടക്കത്തിൽ ലാചുങ്ങിൽ പരിചയപ്പെട്ട യാത്രികർ അധികവും കൊൽക്കത്തയിൽനിന്നും സിലിഗുരിയിൽനിന്നും വന്നവരാണ്.
കാഴ്ചകൾ കണ്ണിലും ക്യാമറയിലും നിറച്ച് അൽപനേരം അലഞ്ഞുനടന്ന ശേഷം മടക്കത്തിന് കോപ്പ് കൂട്ടി. ഇടക്ക് അടുത്ത് കണ്ടൊരു കടയിൽ ചായ കുടിക്കാൻ കേറി. ഡ്രൈവർ സോങ് അവിടെയുണ്ട്. കട നടത്തുന്ന യുവതിയോട് നാട്ടുകാര്യങ്ങൾ പറഞ്ഞു ചിരിക്കുന്നു. തർക്കിക്കുന്നു. യാത്രാപഥത്തിൽ കണ്ടുമുട്ടുന്ന എല്ലാരും ഇയാളുടെ കൂട്ടുകാർ ആണെന്ന് തോന്നുന്നു. ഡ്രൈവർമാരും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥൻമാരും എന്നുവേണ്ട ഒരുവിധം നാട്ടുകാരോടൊക്കെ സോങ് കുശലം പറയുന്നു. ചായ കുടിക്കാൻ കേറിയ ഞങ്ങൾക്ക് സോങ് ഓർഡർ ചെയ്യുന്നു. പതിവുപോലെ ചായ, മോമോ. യാത്രാ ഓർമയ്ക്കായി കുറച്ചു അല്ലറചില്ലറ കരകൗശലവസ്തുക്കൾ. സോങ് ഞങ്ങൾക്ക് വേണ്ടി വില പേശി. മൂന്നാലു നാളായി ഒന്നിച്ചുണ്ടല്ലോ. ഇയാളിപ്പോൾ ഞങ്ങളിൽ ഒരാളാണ്. പലപ്പോഴുമുണ്ടായ പെരുമഴയും മലയിടിച്ചിലുകളും യാത്രയിൽ സൃഷ്ടിച്ച പ്രതികൂലങ്ങളിൽ. ദുർഘടപാതകളിലെ അനിശ്ചിതത്വങ്ങളിൽ ഈ ചെറുപ്പക്കാരന്റെ സാന്നിധ്യവും കരുതലും ചെറുതല്ലാത്ത ബലം നൽകി. യാത്രയുടെ നിറവ് ഇത്തരം ആത്മബന്ധങ്ങളും ആണല്ലോ..
സിക്കിം യാത്രയിലെ ഉറപ്പായും കാണേണ്ട ഇടങ്ങളായി വാഴ്ത്തപ്പെടുന്ന നാതു ലാ ചുരവും സാങ്കു തടാകവുമെല്ലാം ആദ്യദിനത്തിൽ നൽകിയ മടുപ്പും ചെടിപ്പും ഒരുവിധത്തിൽ മറികടന്നത് നോർത് സിക്കിമിൽ കണ്ട മനം നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളുമാണ്.
മലമ്പാതകളിലെ യാത്രകൾ പലപ്പോഴും അനിശ്ചിതത്വങ്ങളും അപ്രതീക്ഷിതങ്ങളും കൊണ്ട് നമ്മെ ഭയപ്പെടുത്തുമെന്ന് എനിക്ക് നേരറിവുണ്ട്. മുമ്പൊരിക്കൽ ഹിമാചലിലെ സ്പിറ്റി താഴ്വരയിൽ യാത്ര ചെയ്തപ്പോൾ അനുഭവമുണ്ട്്. ഇവിടെയും പതിവ് തെറ്റിച്ചില്ല. വടക്കൻ പ്രദേശത്തെ ലാചുങ് ഗ്രാമത്തിൽ യാത്രയുടെ രണ്ടാംനാൾ അതുണ്ടായി. വടക്കൻ മേഖലയിലേക്ക്, സീറോ പോയിന്റും പൂക്കളുടെ താഴ്വാരയുമൊക്കെ അടങ്ങുന്ന ഉത്തരഭാഗത്തേക്ക് പോകേണ്ട ഞങ്ങളുടെ വഴിയിൽ വലിയ മലയിടിച്ചിൽ. നേരത്തേ തുടങ്ങിയ കാലവർഷത്തിന്റെ പെരുംപെയ്ത്തിൽ ഭീമാകാരന്മാരായ പാറകളും മണ്ണും മരങ്ങളും ഒന്നായി ഒലിച്ചിറങ്ങി. ലാചുങ് നദി ഗതി മാറി. റോഡ് പുഴയായി. യാത്ര മാറ്റിവെച്ച്, താമസസ്ഥലത്ത് തുടർന്നപ്പോൾ ഡ്രൈവർ സോങ് അന്നത്തേക്ക് വേറെ ഡെസ്റ്റിനേഷൻ ഒരുക്കി.. എതിർദിശയിൽ 30 കിലോമീറ്റർ ചുരം കേറുന്ന ഖേട്ടാവോ പാസ്സ്. അതും മനോഹരം. ഇന്ത്യൻ ആർമിയുടെ Border Roads Organisation ഒന്നര ദിവസം കൊണ്ടു പൊളിഞ്ഞ റോഡ് പുതുക്കിയൊരുക്കി വീണ്ടും സഞ്ചാരയോഗ്യമാക്കി. ഈ വൈദഗ്ധ്യത്തെയും അർപ്പണബോധത്തെയും നമിക്കുന്നു.
ലാചുങ്ങിൽ തിരിച്ചെത്തിയിരിക്കുന്നു. സിക്കിം വെക്കേഷൻ അവസാനിക്കുകയാണ്. ഇനി മടക്കയാത്ര. ഗാങ്‌ടോക്കിലെത്താൻ ഏകദേശം 160 കിലോമീറ്ററുകൾ ഇനിയും ചുരമിറങ്ങണം.
അതേ ചുരുൾപാതകൾ. കയറിപോയ അത്രതന്നെ സ്പ്രിംഗ് വളവുകൾ. അതേ പാത. അതേ ദൂരം കാഴ്ചകൾ മാത്രം തികച്ചും വ്യത്യസ്തം. പർവതപാർശ്വങ്ങളിൽ ഓരോ നേരത്തിലും കാലത്തിലും കാഴ്ചകൾ മറ്റൊന്ന് ആവുന്നതെന്ത്?
മലമടക്കുകളിൽ മാന്ത്രികത തീർക്കുന്ന പ്രകാശവിന്യാസം. വെള്ളച്ചാട്ടങ്ങളുടെ ഹുങ്കാരഗരിമ. തുടർച്ചയായി പെയ്ത മഴ ജലപാതങ്ങളെ എല്ലാം സമൃദ്ധമാക്കിയിട്ടുണ്ട്. എതിർദിശയിലെ യാത്രയിൽ, ഇത്ര വലുതായിരുന്നില്ല വെള്ളച്ചാട്ടങ്ങൾ. ചിലയിടങ്ങളിൽ കുറെ നേരം നിർത്തി. കാഴ്ചകൾ മതിയാവാത്തത് പോലെ. വീണ്ടും നോക്കി നിന്നു. കാണാത്തതെന്തും കണ്ണ് നിറച്ചുകണ്ട് മനസ്സിൽ ആവാഹിക്കുന്ന കുറെ നനുത്ത ഓർമ്മകൾ. വിജയങ്ങളുടെയും നേട്ടങ്ങളുടെയും നിരർത്ഥകത ബോധ്യമാക്കുന്ന നിരവധി അനുഭവങ്ങൾ. ബന്ധങ്ങൾ. ജീവിതയാത്രയിൽ ബാക്കിവെക്കാൻ വേറെന്തുണ്ട്. ആത്മാന്വേഷണമാകുന്നു ഓരോ യാത്രയും.
Content Highlights: Comprehensive guide to visiting Zero Point and Yumthang Valley in 2026., Insight into the cultural significance and geographical wonders of North Sikkim., Essential travel tips regarding logistics, local transport, and weather preparedness., First-hand experience of local life and the resilience of the region's infrastructure.