'ഇതെന്താ വിമാന ബസ് സ്റ്റാന്‍ഡോ' എന്നു തോന്നിപ്പോകും ആ ഫ്ളോട്ടിങ് ഡോക്ക് കണ്ടാല്‍

ബായില്‍ നിന്ന് കാനഡയിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോള്‍ തൊട്ടടുത്തിരിക്കാന്‍ വരുന്നതാരായിരിക്കുമെന്നായിരുന്നു എന്റെ ശങ്ക. ഏതാണ്ട് പതിനാറ് മണിക്കൂര്‍ പറക്കാനുള്ളതാണ്. നല്ല സഹയാത്രികനെ കിട്ടിയില്ലെങ്കില്‍ യാത്ര അരോചകമാവും. ഒരു നിരയില്‍ രണ്ട് സീറ്റുള്ള ഇടം നോക്കിയിരിക്കാനും ശ്രദ്ധിക്കാറുണ്ട്. ഭാഗ്യത്തിന് അങ്ങിനെയൊരു സീറ്റു തന്നെ കിട്ടി. വിന്‍ഡോ സീറ്റ്.
അല്‍പ്പനേരം കഴിഞ്ഞപ്പോ ഞാന്‍ പ്രതീക്ഷിച്ചിരുന്നയാള്‍ എത്തി. സഹയാത്രികന്‍. റസലിങ്ങ് ഗോദയില്‍ നിന്ന് നേരിട്ട് ഇറങ്ങിവരുന്നതുപോലെ ആജാനുബാഹു. സിക്‌സ് പാക്കോ അതിനേക്കാള്‍ കൂടുതലോ. എന്തായാലും കുടുങ്ങിയതുതന്നെ. പക്ഷെ കക്ഷി വളരെ ജോളിയായിരുന്നു. ഹലോ...വന്ന ഉടന്‍ തന്നെ ഒരു ചിരപരിചിതനെ പോലെ എനിക്കു കൈ തന്നു. സ്വയം പരിചയപ്പെടുത്തി. ഞാന്‍ റോണി ഫെര്‍ണാണ്ടസ്. അമേരിക്കക്കാരനാണ്. അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്നു. അഞ്ചുമിനിറ്റു കൊണ്ട് അയാള്‍ ജീവചരിത്രത്തിന്റെ ആമുഖമെഴുതി കഴിഞ്ഞു.
പതിനെട്ടാമത്തെ വയസില്‍ വിവാഹിതനായതാണയാള്‍. ആദ്യ ഭാര്യയില്‍ നാലു കുഞ്ഞുങ്ങള്‍. പിന്നീട് നാലുവിവാഹം ചെയ്തിട്ടുണ്ട്. അതിലെല്ലാം കൂടി എത്രയോ കുട്ടികള്‍. എണ്ണി തിട്ടപ്പെടുത്താന്‍ കൈ വിരലുകളുടെ സഹായം വേണ്ടിവന്നു. അയാളുടെ ആദ്യഭാര്യയും ഇതിനകം നാലു വിവാഹം കഴിഞ്ഞു. അങ്ങിനെ അമേരിക്കന്‍ ജീവിതത്തിലെ അനുദിനം തകരുന്ന ദാമ്പത്യത്തിന്റെ ഒരു ചിത്രം ആ ജീവിതകഥയിലുണ്ടായിരുന്നു. പിന്നെ അഫ്ഗാനിസ്ഥാനിലേക്ക് കടന്നു. അഫ്ഗാനിസ്ഥാനില്‍ ഒരമേരിക്കന്‍ കമ്പനിയിലാണയാള്‍ ജോലി ചെയ്യുന്നത്. അവിടെ അമേരിക്കന്‍ ജീവിതം തികച്ചും അരക്ഷിതമാണ്. സ്വയരക്ഷയ്ക്ക് ഞങ്ങള്‍ക്കും തോക്കു തന്നിട്ടുണ്ട്. ഇതിനകം നാലുപേരെ ഞാന്‍ കാച്ചിയിട്ടുണ്ട്. ചോദ്യോത്തരമൊന്നുമില്ല. ജുവരാ കൂളായി പറഞ്ഞു.
സീറ്റിലിരുന്ന അയാള്‍ പൊങ്ങി നില്‍ക്കുന്ന ജീന്‍സിന്റെ പോക്കറ്റ് കാട്ടിതന്നു. ദൈവമേ, തോക്കായിരിക്കുമോ? ഒരു നിമിഷം ഞാന്‍ ശങ്കിച്ചു. അയാള്‍ പോക്കറ്റില്‍ കയ്യിട്ടു. ഒരു ഡബ്ബ പുറത്തെടുത്തു. ആശ്വാസമായി. അതില്‍ നിന്ന് കുറച്ച് പുകയിലപ്പൊടി കയ്യിലോട്ട് തട്ടി, മറ്റേകൈകൊണ്ടത് നുള്ളിയെടുത്ത് മുകളിലെ മോണയിലും താഴെയും ഫിറ്റു ചെയ്തു. കക്ഷി അല്‍പ്പനേരത്തേക്ക് ഹനുമാന്‍ രൂപം പൂണ്ടു. മോണയില്‍ നിന്നൂറി വരുന്ന പുകയിലചാറ് കയ്യിലുള്ള മറ്റൊരു ഡബ്ബയിലേക്ക് തുപ്പാനും തുടങ്ങി. ഈ വൃത്തികേടൊഴിച്ചു നിര്‍ത്തിയാല്‍ അയാളൊരു നല്ല സഹയാത്രികന്‍ തന്നെ. ഒട്ടും ബോറടിപ്പിക്കാതെ സംസാരിക്കും.
''ഇതാണെന്നെ ജീവിപ്പിക്കുന്നത്.'' പുകയില ഡബ്ബയില്‍ തൊട്ട് അയാള്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ അരക്ഷിത ജീവിതത്തിലും ഒരു കുടുംബത്തിലും നങ്കുരമിടാന്‍ കഴിയാത്ത അമേരിക്കന്‍ ജീവിതത്തിലും അയാള്‍ കണ്ടെത്തുന്ന ആശ്വാസം പുകയിലയുടെ കറുത്ത ലോകമാണെന്നതില്‍ ആശ്ചര്യം തോന്നി. ബോഡി ബില്‍ഡിങ്ങാണ് മറ്റൊരു താത്പര്യം. എല്ലാം കൊണ്ടും വിചിത്രനായൊരു മനുഷ്യന്‍.
കാനഡയിലെത്തിയത് ന്യൂക്ലിയര്‍ മെഡിസിന്റെ ഒരു ശില്‍പ്പശാലയില്‍ പങ്കെടുക്കാനായിരുന്നു. സെമിനാറും കഴിഞ്ഞ് എങ്ങോട്ടെങ്കിലും യാത്ര പോകണമെന്നു കരുതിയപ്പോഴാണ് വാന്‍കൂവര്‍ എന്ന പേര് മനസിലെത്തിയത്. അവിടെ 1812 ലെ യുദ്ധസ്മരണകളും പൈതൃകസ്മരണകളും സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുന്ന അനുഭവമായിരുന്നു. വാന്‍കൂവറിന്റെ ദേശീയ പ്രതീകമാണ് ഇത്. പടിഞ്ഞാറന്‍ കാനഡയുടെ സാമ്പത്തിക തലസ്ഥാനമായി മാറിയ, വാന്‍കൂവറിന്റെ ചരിത്രത്തിലൂടെയും വികസനത്തിലെ നാഴികകല്ലുകളിലൂടെയും കടന്നുപോകാം.
വാന്‍കൂവര്‍ പ്രകൃതി തന്നെ വൃത്തിയാക്കി ഒരുക്കി വെച്ചിരിക്കുന്നയിടമാണ്. അവിടെ അമേരിക്കക്കാരേക്കാള്‍ ചൈനീസ് വംശജരാണ് കൂടുതലുള്ളത്. മലേഷ്യയില്‍ തമിഴരെന്ന പോലെ ചൈന, തായ്‌വാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പണ്ടുതൊട്ടേ വന്നവര്‍ പണിതുയര്‍ത്തിയ മനോഹാരിതകളാണ് ഇവിടം വ്യത്യസ്തമാക്കുന്നത്. അവരുടെ പ്രകൃതി സ്‌നേഹത്തിനു മുന്നില്‍ നമ്മള്‍ നമിച്ചുപോകും. ഏതാണ്ട് ആയിരം ഏക്കറോളം വരുന്ന സ്റ്റാന്‍ലി പാര്‍ക്ക് നഗരത്തിനൊരലങ്കാരമാണ്. സ്വാഭാവികമായൊരു മഴക്കാടിനെ പാര്‍ക്കാക്കി മാറ്റയിരിക്കുകയാണ്. സൈക്കിളിലോ നടന്നോ മാത്രമേ നമുക്കത് ചുറ്റിയടിക്കാനാവു. മോട്ടോര്‍ വാഹനങ്ങള്‍ക്ക് അങ്ങോട്ട് പ്രവേശനമില്ല.
വാന്‍കൂവറില്‍ നിന്ന് വിക്ടോറിയയിലേക്ക് ഒരു ടൂര്‍ പാക്കേജുണ്ട്. വിവിധ സ്ഥലങ്ങളും വിവിധ യാത്രാമാര്‍ഗങ്ങളും അടങ്ങുന്ന പാക്കേജ്. 375 ഡോളര്‍.
വാന്‍കൂവറില്‍ ക്രൂസിലായിരുന്നു യാത്ര. എല്ലാ വാഹനങ്ങളും കയറി ക്രൂസ് യാത്ര തിരിച്ചു. ശാന്തമായ ജലാശയത്തില്‍ നുരകുത്തുന്ന ആഹ്ലാദം ആഘോഷമാക്കുന്ന യാത്രികര്‍. ആ യാത്ര തന്നെ ഹരമായിരുന്നു. വിക്ടോറിയയില്‍ കറങ്ങി തിരിച്ചു വരുമ്പോഴാണ് സീ പ്ലെയിനില്‍ കയറിയത്. അധികം ഉയരത്തിലല്ലാതെ പറക്കുന്നതിനാല്‍. സാധാരണ വിമാനത്തില്‍ കയറുന്നതിനേക്കാള്‍ സുരക്ഷിതത്വവും സൗകര്യവും തോന്നി സീ പ്ലെയിനില്‍. കാഴ്ചകളും സുന്ദരം. താഴെ ദ്വീപുകളും നഗരങ്ങളും റോഡുകളുമെല്ലാം വ്യക്തമായി കാണാം. വിശാലമായ നീലജലാശയത്തില്‍ ജിഗ്‌സോ പസിലിലെ തുണ്ടുകള്‍ പോലെ ചിതറികിടക്കുന്ന പച്ചപ്പിട്ട ദ്വീപുകള്‍. കെട്ടിടങ്ങളും റോഡുകളുമെല്ലാം നല്ല വൃത്തിയായിരിക്കുന്നു. ചതുരവടിവില്‍ മുറിച്ചിട്ട കൃഷിയിടങ്ങളും, വര്‍ത്തുളാകൃതിയില്‍ കിടക്കുന്ന മേല്‍പ്പാലങ്ങളും. എല്ലാം മുകളില്‍ നിന്ന് താഴോട്ട് നോക്കുമ്പോള്‍ കാഴ്ചയുടെ മാനം മാറുന്നു.
സീ പ്ലെയിനിലിരുന്ന് ഈ കാഴ്ചയെല്ലാം കണ്ട് വെള്ളത്തില്‍ ലാന്റ് ചെയ്യുമ്പോള്‍ സീ പ്ലെയിനിന് കേരളത്തിലുള്ള സാധ്യതകളെ കുറിച്ചാലോചിച്ചു പോയി. അഷ്ടമുടിയില്‍ നിന്ന് പുന്നമടയിലേക്ക്, കുട്ടനാട്ടിലേക്ക്, പശ്മിഘട്ടത്തിന്റെ ആകാശ കാഴ്ച, ഉത്സവങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ അങ്ങിനെ കേരളത്തിലാണെങ്കില്‍ എന്തെല്ലാം വൈവിധ്യമുള്ള യാത്രകള്‍ സംഘടിപ്പിക്കാം. ഏതാണ്ട് 75 ഓളം സീ പ്ലെയിനുകളാണ് വാന്‍കൂവറില്‍ സര്‍വ്വീസ് നടത്തുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് പലരും ഇവിടെ ടൂറിസം മേഖലയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നു. പരിസ്ഥിതി സൗഹൃദപരമായി തന്നെ അവരിതിനെ കൊണ്ടു നടത്തുന്നു. നമ്മള്‍ കണ്ടുപഠിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്. ഇന്ന് ലോകത്തിലെ സമ്പന്ന പ്രദേശങ്ങളിലൊന്നായി വാന്‍കൂവര്‍ മാറിയതിനു പിന്നിലും ഇത്തരം സമീപനങ്ങളാണ്.
നാലുപേര്‍ക്കിരിക്കാവുന്നതു മുതല്‍ പത്തുപേര്‍ക്കിരിക്കാവുന്നതു വരെയായി പലതരം പ്ലെയിനുകളുണ്ട്. പറന്നുയരുകയും വെള്ളത്തിലിറങ്ങുകയും ചെയ്യുന്ന സീ പ്ലെയിനുകളുടെ കാഴ്ച തന്നെ മനോഹരമാണ്. മാമുക്കോയ പണ്ടൊരു സിനിമയില്‍ 'ഇതെന്താ ഓട്ടോറിക്ഷാ ബസ്‌സ്റ്റാന്‍ഡോ' എന്നു ചോദിച്ചപോലെ ഇതെന്താ വിമാന ബസ് സ്റ്റാന്‍ഡോ എന്നു തോന്നിപ്പോകും സീപ്ലെയിന്റെ ഫ്‌ളോട്ടിങ് ഡോക്ക് കണ്ടാല്‍.
ഇനിയെന്നാവും കേരളത്തിലിങ്ങനെയൊരു യാത്ര തരപ്പെടുക. അഷ്ടമുടിയിലെ നീല ജലാശയങ്ങള്‍ കണ്ട് പശ്ചിമഘട്ടം കണ്ട് നിളയും തേജസ്വിനിയും ബേക്കല്‍ കോട്ടയുമെല്ലാം മാനത്തിരുന്ന് കാണുന്ന ഒരു യാത്ര..
Content Highlights: seaplane journey Vancouver Canada
Content Highlights: