ചേരമാന്‍ പെരുമാള്‍ എന്ന താജുദ്ദീന്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്; അറബ് മണ്ണിലെ കൊച്ചുകേരളം

#വിനീത് വിശ്വദേവ്‌
സലാല | Photo: Canva
സലാല | Photo: Canva

ള്‍ഫ് രാജ്യങ്ങളെന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് പരന്നുകിടക്കുന്ന മരുഭൂമിയും ഒട്ടകങ്ങളും അറബികളുമാണ്. എന്നാല്‍, കേരളത്തിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ഒരിടം ഗള്‍ഫില്‍ പോകുന്നവര്‍ക്ക് കാണാം. ഒമാനിലെ സലാലയാണ് ആ കൊച്ചുകേരളം. സലാലയിലൂടെ യാത്രനടത്തുമ്പോള്‍ ഒറ്റനോട്ടത്തില്‍ കേരളം തന്നെയാണെന്നു തോന്നിപ്പോകും. ഒട്ടേറെ വിനോദസഞ്ചാരികളെ പ്രകൃതിരമണീയതകൊണ്ട് വിസ്മയിപ്പിക്കുന്ന ഭൂമികയാണ് സലാല. ഒമാന്റെ തെക്കന്‍ പ്രവിശ്യയായ ദോഫാര്‍ ഗവര്‍ണറേറ്റിന്റെ തലസ്ഥാനനഗരമായ സലാല രാജ്യത്തെ രണ്ടാമത്തെ വലിയനഗരമാണ്.  മരണപ്പെട്ട മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്റെ ജന്മനാട്.

ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍നിന്ന് 1000 കി.മീ. അകലെയാണ് സലാല. കേരളത്തില്‍ കണ്ടുവരുന്ന ഫലവൃക്ഷങ്ങളും ചെടികളും ഇവിടെ കാണാം. മാവ്, പ്ലാവ്, വാഴ, തെങ്ങ്, കവുങ്ങ്, പപ്പായ, വെറ്റില, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി മത്സ്യസമ്പത്തും മഴയുംവരെ തികച്ചും കേരളീയ അനുഭവമാണ് ഇവിടെ വരുന്നവര്‍ക്ക്  ലഭിക്കുക. വരണ്ടുണങ്ങിയ ഭൂപ്രകൃതിയില്‍ പച്ചപ്പരവതാനികണക്കെ പ്രകൃതിഹരിത കമ്പളം  പുതയ്ക്കുന്ന ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെയാണ് സലാലയില്‍ ഖരീഫ് സീസണ്‍ (മണ്‍സൂണ്‍ കാലം) ആഘോഷിക്കുന്നത്. വിനോദസഞ്ചാരികളെ സലാല മാടിവിളിക്കുന്നത് ഈ സമയമാണ്. മറ്റുള്ളയിടങ്ങളെല്ലാം സൂര്യതാപത്താല്‍ ചുട്ടുപൊള്ളുമ്പോള്‍ ചിണുങ്ങിക്കുണുങ്ങി പെയ്യുന്ന ചാറ്റല്‍മഴയും തണുപ്പുമൊക്കെ കൂടിച്ചേര്‍ന്ന് സ്വര്‍ഗീയഭൂമിയാകുമിവിടം. കോടമഞ്ഞും മലനിരകളും സംഗമിക്കുന്ന  ഭൂപ്രദേശം സലാലയിലുണ്ട്. പലയിടങ്ങളും കണ്ടാല്‍ ഊട്ടിയോ മൂന്നാറോ വായനാടോ എന്ന് തോന്നിപ്പോകും.

കേരളം ഭരിച്ചിരുന്ന ചേരവംശരാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ എന്ന താജുദീന്‍ അന്ത്യവിശ്രമംകൊള്ളുന്നത് സലാലയിലാണ്. ഇസ്ലാംമതം സ്വീകരിച്ച് ഹജ്ജിനുപോയ രാജാവ് മടക്കയാത്രയ്ക്കിടെ രോഗബാധിതനാകുകയും സലാലയില്‍വെച്ച് മരിക്കുകയുമായിരുന്നെന്ന് ചരിത്രരേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്.  സലാലയിലെ ഒരു തെങ്ങിന്‍തോപ്പിലാണ് ചേരമാന്‍ പെരുമാളിന്റെ ഖബറിടം സ്ഥിതിചെയ്യുന്നത്. ഒരു മലമുകളില്‍ പ്രവാചകനായ അയ്യൂബ് നബിയുടെ ഖബറിടവും കാണാം. കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാനവരുമാനമെന്നത് മരുഭൂമിയിലെ മനോഹരകാഴ്ചയാണ്. മലമുകളിലെ ഉറവകളില്‍നിന്നുവരുന്ന വെള്ളം ശേഖരിച്ചാണ് കൃഷിചെയ്യുന്നത്. ഐന്‍ അസ്വം, ഐന്‍ തബ്റൂത്, ഐന്‍ ദര്‍ബാദ്, ഐന്‍ ഹയൂത്ത് തുടങ്ങിയ അരുവികളും  ഒഴുകുന്നുണ്ട്. 

മത്തനും കുമ്പളവും കയ്പയും കോവക്കയും വെണ്ടയും വിളഞ്ഞുനില്‍ക്കുന്ന മനോഹരകാഴ്ച കാണുമ്പോള്‍ കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമത്തിലൂടെയാണോ സഞ്ചരിക്കുന്നതെന്ന് തോന്നിപ്പോകും. ഇവകൂടാതെ  അത്തിയും അനാറും മുന്തിരിയും തുടങ്ങി പല പഴവര്‍ഗങ്ങളും ഇവിടെ വിളയും. ഇളനീരും തേങ്ങയും പപ്പായയും പഴവും കരിമ്പും വാഴക്കന്നും വാഴത്തൈയും തെങ്ങിന്‍തൈയും വരെ ഇവിടെ വാങ്ങാന്‍കിട്ടും.  മൂന്നു വിഭാഗങ്ങളില്‍പെട്ടവരാണ് തദ്ദേശീയരായ അറബികള്‍. നമ്മുടെ നാട്ടിലെ ആദിവാസികളുടെ ജീവിതശൈലിയോട് സാദൃശ്യംപുലര്‍ത്തി മണ്ണിന്റെ സ്വന്തം മക്കളെന്നു വിളിക്കാവുന്ന ജബലികളാണ് ഒരു വിഭാഗം. ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ പിതാവ്, ഒമാനില്‍ ജനസംഖ്യ വളരെ കുറവായിരുന്ന സമയത്ത് ആഫ്രിക്കയില്‍നിന്ന് കറുത്തവര്‍ഗക്കാരായ അടിമകളെ വാങ്ങിക്കൊണ്ടുവരുകയും പിന്നീട് അവരെ സ്വതന്ത്രരാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവരുടെ കുടുംബങ്ങളും ബന്ധുക്കളും ഒമാനിലേക്ക് കുടിയേറിപ്പാര്‍ത്ത് ഒമാനിലെ പൗരത്വം സ്വീകരിച്ചു. ഇത്തരത്തിലെത്തിയ കറുത്തവര്‍ഗക്കാരായ അറബികളാണ് രണ്ടാമത്തെ വിഭാഗം. മറ്റുപല നാടുകളില്‍നിന്നു കുടിയേറിവരാണ് മൂന്നാംവിഭാഗമായ വെളുത്ത അറബികള്‍.

മേന്മനിറഞ്ഞ കുന്തിരിക്കം ലഭിക്കുന്ന സ്ഥലമായ സലാലയ്ക്ക് അറേബ്യയുടെ സുഗന്ധതലസ്ഥാനം എന്ന പേരുമുണ്ട്. ദേശപ്പെരുമയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതിനാല്‍ എത്രവേണമെങ്കിലും കഥകളും കവിതകളും കോരിയെടുക്കാനുണ്ട്.  അറബ് കലകളുടെയും ഒരു സമ്പന്നദേശംകൂടിയാണിത്. സലാലയില്‍ സഞ്ചാരികള്‍ക്കായി അറബ് കലകളുടെ വലിയ കാഴ്ചകള്‍ ഒരുക്കിവെച്ചിട്ടുണ്ട്. 

വാദി ദര്‍ബാദ്, മിര്‍ബാത്, ഐന്‍ റസാത്, ജബല്‍ സംഹാന്‍, മുഖ്സയില്‍ ബീച്ച്, മാഗ്നെറ്റിക് പോയന്റ്, ജബല്‍ അയ്യൂബ്, പക്ഷിക്കൂട് എന്നറിയപ്പെടുന്ന താവി അത്തീര്‍, പുരാതന നാഗരാവശിഷ്ടങ്ങളായ അല്‍ ബലീദ് മ്യൂസിയം, ബൗബാബ് വനം ഇവയല്ലാം സലാലയില്‍ എത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്ന വിസ്മയങ്ങളാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയൊരു കാന്തശക്തി സലാലയ്ക്കുണ്ട്. ഇവിടം സന്ദര്‍ശിച്ച് മടങ്ങിപ്പോയാലും ഓര്‍മ്മകള്‍ നിങ്ങളെ വീണ്ടും സലാലയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ്. ഗൃഹാതുരതകളില്‍ മനസ്സുപിടയുമ്പോള്‍ മലയാളിള്‍ക്ക് സാന്ത്വനമായും സലാല മാറുന്നുണ്ട്. കേരളത്തില്‍ മറന്നുവെച്ചുപോന്നതെല്ലാം സലാലയിലുണ്ട്. 

Content Highlights: khareef festival, monsoon tourism, middle east, salalah