കേരളത്തിലെ ഏറ്റവും പ്രശസ്തമായ കത്തി, ചെണ്ടക്കോല്‍, ഓണത്തപ്പന്‍; പല്ലശ്ശന എന്ന പാലക്കാടന്‍ ഗ്രാമം

ചാറ്റല്‍മഴ തൂവുന്നൊരു പകലിലാണ് പാലക്കാട്ട് നിന്ന് പല്ലശ്ശനയിലേക്കുള്ള യാത്ര തുടങ്ങുന്നത്. നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് പല്ലശ്ശന എന്ന അസ്സല്‍ പാലക്കാടന്‍ ഗ്രാമം. പച്ചപുതച്ച വയലേലകള്‍, തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍ അവയുടെ പശ്ചാത്തലത്തില്‍ തലയെടുപ്പുള്ള ആനയെപ്പോലെ നിരയായി നില്‍ക്കുന്ന കരിമ്പാറക്കൂട്ടങ്ങള്‍. ഇതിനെല്ലാം ഒത്തനടുവിലൂടെ നീളുന്ന പാത. വഴിയിലുടനീളം മനസ്സ് നിറയ്ക്കുന്ന കേരള ഗ്രാമീണത. പാലക്കാടന്‍ കൃഷിമേന്മയുടെ ജീവനാഡിയായ മലമ്പുഴ കനാല്‍ റോഡിനരികില്‍ നമുക്ക് കൂട്ടുപോരും. ചിറ്റൂര്‍ താലൂക്കില്‍ നെല്ലിയാമ്പതി മലനിരകള്‍ക്ക് വടക്കുഭാഗത്തായാണ് പല്ലശ്ശന സ്ഥിതി ചെയ്യുന്നത്. പല്ലശ്ശന തല്ലുമന്ദമാണ് ഞങ്ങളുടെ ലക്ഷ്യ സ്ഥാനം. പല്ലശ്ശനയുടെ സംസ്‌കാരിക പൈതൃകം ബന്ധപ്പെട്ട് കിടക്കുന്നത് തല്ലുമന്ദം എന്ന പൊക്കിള്‍ക്കൊടിയോടാണ്. ഗ്രാമഹൃദയമാണ് തല്ലുമന്ദം. വില്ലേജ് ഓഫീസും ചന്തയും ചായക്കടകളുമെല്ലാം നിറഞ്ഞൊരു ഗ്രാമക്കവല. റോഡരികിലെ ഓടുമേഞ്ഞ വീടുകള്‍ക്ക് മരക്കമ്പുകള്‍ കൊണ്ടുണ്ടാക്കിയ പാലക്കാടന്‍ സ്‌റ്റൈല്‍ വേലി ആരെയും ആകര്‍ഷിക്കും. വേലികളില്‍ ചെടികള്‍ തളിര്‍ത്തും പൂത്തും നിറക്കൂട്ട് തീര്‍ക്കുന്നു. പഴയ മലബാറിന്റെ വാലറ്റമായി മുന്‍ തിരുകൊച്ചി സംസ്ഥാനത്തോട് ചേര്‍ന്നുകിടന്നിരുന്ന കാര്‍ഷിക പ്രധാനമായ പ്രദേശമായിരുന്നു പല്ലശ്ശന. ഇന്നും കാര്‍ഷിക പാരമ്പര്യത്തെ അതുപോലെ നെഞ്ചോട് ചേര്‍ത്തുവെച്ചിട്ടുണ്ട് ഈ ഗ്രാമം.
തല്ലുമന്ദത്തെ ഓണത്തല്ല്...
തല്ലുമന്ദത്തിലെത്തിയാല്‍ ആദ്യം അറിയുക തല്ലിന്റെ കഥയാണ്. തിരുവോണ ദിനത്തിലും അവിട്ടദിനത്തിലും ഓണഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന ഓണത്തല്ലിനാണ് പല്ലശ്ശനയിലേക്ക് കൂടുതല്‍ ആളുകള്‍ വിരുന്നെത്തുക. തല്ലുമന്ദത്തിലും തൊട്ടടുത്ത് തന്നെയുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലുമായാണ് ഓണത്തല്ല് അരങ്ങേറുക. പോരാട്ടവീര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഐതിഹ്യ പെരുമ ഈ ഓണത്തല്ലിന് പിന്നിലുണ്ട്. കോഴിക്കോട് സാമൂതിരിയുടെ സാമന്തന്മാരായിരുന്നു പല്ലശ്ശന കുറൂര്‍ നമ്പിടി. ഇദ്ദേഹത്തെ യുദ്ധത്തില്‍ കുതിരവെട്ടത്തുനായര്‍ ചതിച്ചു കൊന്നു. ഇതറിഞ്ഞ പല്ലശ്ശന ദേശവാസികള്‍ ശത്രുവിനെ പോര്‍വിളിച്ചതിന്റെ ഓര്‍മ പുതുക്കലായാണ് ഓണത്തല്ല് അരങ്ങേറുന്നത്. തിരുവോണം നാളില്‍ തല്ലുമന്ദത്തില്‍ വിവിധ സമുദായക്കാരുടെ ഓണത്തല്ല് നടക്കും. തൊട്ടടുത്ത ദിവസം അവിട്ടം നാളില്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നായര്‍ സമുദായക്കാരാണ് പോര്‍വിളിച്ച് തല്ലുനടത്തുക. ഇതിനെ അവിട്ടത്തല്ല് എന്നാണ് വിളിക്കുന്നത്. ഒരേ പ്രായത്തിലുള്ളവരാണ് തല്ലിന് അണിനിരക്കുക. തല്ലുകൊള്ളുന്ന ആളിന്റെ ഇരുകൈകളും കാരണവന്മാര്‍ ഉയര്‍ത്തിപ്പിടിക്കും, ഇതിനുശേഷമാണ് മുതുകത്ത് തല്ലുക. മൂന്നുതവണ നിരയോട്ടം നടത്തിയതിന് ശേഷമാണ് തല്ല് തുടങ്ങുന്നത്.
തിരുവോണ ദിവസം ഏഴുകുടി സമുദായക്കാര്‍ കളരിയില്‍നിന്നും ഒരു കുടിക്കാര്‍, തല്ലുമന്ദം ഭഗവതി ക്ഷേത്രത്തില്‍ നിന്നുമാണ് തല്ലിനായി അണിനിരന്നുവരിക. തിരുവോണനാളില്‍ വൈകീട്ട് മൂന്ന് മണി മുതല്‍ ആറുമണിവരെ നടക്കുന്ന തല്ല്് ആര്‍പ്പുവിളികളോടെയാണ് സമാപിക്കുക. അവിട്ടം ദിനത്തില്‍ നായര്‍ സമുദായത്തിലെ കിഴക്കുമുറിക്കാരും പടിഞ്ഞാറുമുറിക്കാരും തമ്മിലാണ് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ തല്ല് നടക്കുന്നത്. കിഴക്കുമുറിക്കാര്‍ ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് കൂടിയും പടിഞ്ഞാറ് മുറിക്കാര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടിയുമാണ് തല്ലിനായി എത്തിച്ചേരുക. ഭസ്മക്കുറിയിട്ട് നിരയോട്ടം നടത്തിയശേഷം തല്ല് ആരംഭിക്കും. തുടര്‍ന്ന് ആര്‍പ്പുവിളിയോടെ എല്ലാവരും കൂടി ക്ഷേത്രക്കുളത്തിലേക്ക്. കുളത്തിലെ സ്‌നാനത്തിനും ശയനപ്രദക്ഷണത്തിന് ശേഷം ചടങ്ങ് സമാപിക്കും. ബസ് സ്റ്റോപ്പിലിരുന്ന് 'ആടുപുലിയാട്ടം' കളിക്കിടയില്‍ ഓണത്തല്ല് വിശേഷങ്ങള്‍ സംസാരിച്ചപ്പോള്‍ ഗ്രാമവാസികളായ നാരായണേട്ടനും കുമാരേട്ടനും ആവേശഭരിതരായി.
ചെണ്ടക്കോലിലെ കരവിരുത്...
തല്ലുമന്ദത്തിലൂടെ നടക്കുമ്പോഴാണ് ചെണ്ടക്കോലിന്റെ താളം ചെവിയില്‍ പതിഞ്ഞത്. ഈ ശബ്ദം കേട്ടവഴിയിലേക്ക് കയറിയപ്പോള്‍ കാത്തിരുന്നത് ചെണ്ടക്കോല്‍ നിര്‍മാണത്തില്‍ വിദഗ്ധനായ പരമേശ്വരന്‍ ചേട്ടനാണ്. പരമ്പരാഗത രീതിയില്‍ ഇവിടെ നിര്‍മിക്കപ്പെടുന്ന ചെണ്ടക്കോലാണ് കേരളത്തിലെ പ്രധാന മേള പ്രമാണികളുടെയെല്ലാം കൈകളില്‍ നിന്ന് പൂരമേളം തീര്‍ക്കുന്നത്. ആ മേളലഹരിയിലാണ് ആള്‍ക്കൂട്ടം ആറാടുന്നത്. പതിമുഖം മരത്തിന്റെ തടിയില്‍ നിന്നാണ് ചെണ്ടക്കോലുകള്‍ നിര്‍മിക്കുന്നത്. ഒരു ചെണ്ടക്കോലുണ്ടാക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്ന് പരമേശ്വരേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. അച്ഛനും സഹോദരന്മാര്‍ക്കുമൊപ്പം മേള വിദഗ്ധനായിരുന്നു പരമേശ്വരന്‍. തങ്ങള്‍ക്കാവശ്യമായ ചെണ്ടക്കോലുകള്‍ വീട്ടില്‍ തന്നെ നിര്‍മിക്കുന്നതായിരുന്നു ആക്കാലത്തെ രീതി. കോലുകളുടെ ഗുണമേന്മ കാരണം ആവശ്യക്കാര്‍ ഏറിയതോടെയാണ് ചെണ്ടമേളത്തോട് വിടപറഞ്ഞ് മുഴുവന്‍സമയ ചെണ്ടക്കോല്‍ നിര്‍മാണത്തിലേക്ക് പരമേശ്വരന്‍ ചേട്ടന്‍ കടന്നത്. ' ആയുര്‍വേദ കടകളില്‍ നിന്നാണ് ചെണ്ടക്കോല്‍ നിര്‍മിക്കാനുള്ള പതിമുഖത്തിന്റെ തടികള്‍ ശേഖരിക്കുന്നത്. ഒരുകിലോ തടിക്ക് 200 രൂപയാണ് നിരക്ക്. ചെത്തിമിനുക്കിയ ഒരു തടിയില്‍ നിന്ന് നാലുകോലുകള്‍ ലഭിക്കും'' ആമുഖം പറഞ്ഞശേഷം ഒരഭ്യാസിയെപ്പോലെ പരമേശ്വരന്‍ ചേട്ടന്‍ ഒരു തടിയെടുത്ത് തറിയിലിരുന്നു. നിമിഷനേരം കൊണ്ട് തടി നാലു കഷണങ്ങളായി ഭാഗികപ്പെട്ടു. ഓരോ കഷണത്തെയും ചെത്തി വൃത്താകൃത്തിയിലേക്ക് മാറ്റി. സാവധാനം ചെണ്ടക്കോലിന്റെ നീളത്തിലേക്കും വീതിയിലേക്കും ആ തടികഷണത്തെ തന്റെ കരവിരുതിനാല്‍ അദ്ദേഹം രൂപമാറ്റം നല്‍കി. 15 ഇഞ്ചാണ് ഒരുചെണ്ടക്കോലിന്റെ നീളം. രൂപംമാറ്റം വരുത്തിയ കോല്‍ വെള്ളത്തില്‍ വേവിക്കുകയാണ് അടുത്ത പ്രക്രിയ. 100 ഡിഗ്രിയില്‍ തിളപ്പിച്ച ശേഷം കോല്‍ അച്ചിലിട്ട് വളച്ചെടുക്കുകയാണ് ചെയ്യുന്നത്. അച്ചില്‍ ഇളംവെയിലേറ്റ് രണ്ടുദിവസം കിടക്കുമ്പോഴേക്കും ആവശ്യമായ രീതിയില്‍ കോല്‍ വളഞ്ഞിട്ടുണ്ടാകും. അച്ചില്‍നിന്ന് പുറത്തെടുത്ത ശേഷം അവസാന മിനുക്കുപണികള്‍ നടത്തും. കത്തി, ചിന്തൂര്‍, ഫയല്‍ (അരം), സാന്‍ഡ് പേപ്പര്‍ എന്നിവ ഉപയോഗിച്ചാണ് അവസാനഘട്ട പണികള്‍ നടത്തുന്നത്. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള കോലുകളെയും പരമേശ്വരന്‍ ചേട്ടന്‍ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. തറയില്‍ കൊട്ടി ശബ്ദം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് അവസാനപണിയും പൂര്‍ത്തിയാക്കുന്നത്. പെരുവനം കുട്ടന്‍ മാരാര്‍, പല്ലശ്ശന പൊന്നുകുട്ടന്‍ മാരാര്‍ തുടങ്ങി പ്രമുഖ മേളപ്രമാണിമാരെല്ലാം പരമേശ്വരന്‍ നിര്‍മിക്കുന്ന ചെണ്ടക്കോലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഭാര്യ സരസ്വതിയും ചെണ്ടക്കോല്‍ നിര്‍മാണത്തില്‍ ഇദ്ദേഹത്തിന് സഹായവുമായുണ്ട്.
മൂര്‍ച്ചയുടെ പേര്, രാമചന്ദ്രന്‍ കത്തി...
ചെണ്ടക്കോല്‍ നിര്‍മിക്കുന്നതിനോട് ചേര്‍ന്ന് തന്നെയാണ് കേരളത്തിലെ ഏറ്റവും പ്രശസ്ത കത്തി നിര്‍മാതാക്കളായ പാലക്കാട് രാമചന്ദ്രന്‍ കത്തി നിര്‍മാണ യൂണിറ്റും ഉള്ളത്. പരമേശ്വരന്‍ ചേട്ടന്റെ വീടിന് പിറകിലായാണ് കത്തി നിര്‍മാണ യൂണിറ്റിന്റെ ഉടമയായ രാമചന്ദ്രന്റെ വീട്. ആ ഇടവഴിയിലൂടെ മുന്നോട്ട് നടന്ന് യൂണിറ്റിലേക്കെത്തിയപ്പോള്‍ നിറഞ്ഞ ചിരിയോടെ രാമചന്ദ്രന്‍ ചേട്ടന്‍ ഞങ്ങളെ സ്വാഗതം ചെയ്തു. രാമചന്ദ്രനും സഹോദരങ്ങളായ ഉണ്ണികൃഷ്ണനും രാധാകൃഷ്ണനുമാണ് ഈ യൂണിറ്റിനെ നയിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള യൂണിറ്റില്‍ ഇരുപതോളം തൊഴിലാളികളുണ്ട്. പരമ്പരാഗതമായി കൈമാറിവന്ന തൊഴില്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ വിപുലീകരിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളുടെ സ്വഭാവമനുസരിച്ച് ആവശ്യമായ കത്തികള്‍ ഗുണമേന്മയോടെ ചെയ്ത് കൊടുക്കുകയും ചെയ്തതോടെയാണ് രാമചന്ദ്രന്‍ കത്തി എന്ന ബ്രാന്‍ഡ് ഉദയം ചെയ്തത്. കത്തി നിര്‍മാണത്തിലെ ഓരോ പ്രക്രിയയും വളരെ വിശദമായി തന്നെ രാമചന്ദ്രന്‍ വിശദീകരിച്ചു തന്നു. പിടികള്‍ നിര്‍മിക്കുന്നതിലെ പ്രത്യേകതകളും ഡിസൈനുകള്‍ രൂപപ്പെടുത്തുന്ന കാഴ്ചയുമെല്ലാം ഏതൊരാള്‍ക്ക് മുന്നിലും കൗതുകം വിടര്‍ത്തും. പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന കത്തികളുടെ ഗുണമേന്മ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഉറപ്പുവരുത്തുന്നത്. ഉരുക്കിലും വാളിലും നിര്‍മിച്ച ഓയില്‍ ടെംപര്‍ ചെയ്താണ് ഓരോ കത്തിയും പുറത്തുവരുത്തുന്നന്. ഈട്ടിപ്പിടിയാണ് കത്തികളുടെ മറ്റൊരു ആകര്‍ഷണം. വാക്കത്തികള്‍, മടക്കുകത്തികള്‍, മീന്‍ മുറിക്കുന്ന കത്തികള്‍, അരിവാള്‍, കൊടുവാള്‍, പോക്കറ്റ് പേനകത്തി, തുടങ്ങി 30 രൂപ മുതല്‍ 1000 രൂപ വരെയുള്ള 200തരം കത്തികള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. പത്ത് മുതല്‍ പന്ത്രണ്ട് വര്‍ഷം വരെ യാതൊരു പ്രശ്‌നവുമില്ലാതെ തങ്ങളുടെ നിര്‍മിക്കുന്ന കത്തികള്‍ ഉപയോഗിക്കാമെന്ന് രാമചന്ദ്രന്‍ ഉറപ്പുനല്‍കുന്നു. ഇരുമ്പുമുറിച്ചാല്‍ പോലും തങ്ങളുടെ കത്തിയുടെ മൂര്‍ച്ചപോകില്ലെന്ന് പറഞ്ഞശേഷം ഞങ്ങള്‍ക്കായി ഒരു ഡെമോയും അദ്ദേഹം കാണിച്ചുതന്നു. ജപ്പാന്‍ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് ആവശ്യമായ സ്‌പെഷ്യല്‍ കത്തികളും ഇവിടെ നിര്‍മിക്കുന്നുണ്ട്.
മണ്ണില്‍ നിന്ന് പിറക്കുന്ന ഓണത്തപ്പന്‍...
കത്തിവിശേഷങ്ങളോട് വിടപറഞ്ഞ് തല്ലുമന്ദത്ത് അങ്ങാടിയിലെത്തിയപ്പോഴാണ് ഓണത്തപ്പന്‍ നിര്‍മാണത്തെക്കുറിച്ച് രസകരമായ വിശേഷങ്ങള്‍ കേട്ടത്. തല്ലുമന്ദത്തില്‍നിന്ന് വിളിപ്പാടകലെ കണ്ണന്നൂര്‍ പാടത്തെ വീടുകളിലാണ് ഓണത്തപ്പനെ നിര്‍മിക്കുന്നത്. ഇതറിഞ്ഞതോടെ വണ്ടി നേരെ അങ്ങോട്ട് വിട്ടു. തല്ലുമന്ദത്തില്‍ നിന്ന് അരകിലോമീറ്റര്‍ ദൂരം മാത്രമാണ് കണ്ണന്നൂര്‍ പാടത്തേയ്ക്കുള്ളത്. ഇവിടെയുള്ള ഭൂരിഭാഗം പേരും പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരാണ്. കര്‍ക്കടക മാസമെത്തിയാല്‍ ഇവിടത്തെ മുറ്റങ്ങളിലേക്ക് മാവേലി വിരുന്നെത്തും. മണ്‍പാത്രം നിര്‍മിക്കുന്ന ഓരോ വീട്ടുമുറ്റത്തും ഓണത്തപ്പനെ നിര്‍മിക്കുന്ന തിരക്കാവും പിന്നീട്. കര്‍ക്കടകമാസം മുതല്‍ വീട്ടുമുറ്റത്ത് പൂക്കളങ്ങളൊരുക്കും. ഓണക്കാലത്ത് ഓരോ മലയാളി മുറ്റത്തേക്കും ആവശ്യമായ ഓണത്തപ്പനെ നിര്‍മിക്കുന്നത് പല്ലശ്ശനയിലെ കണ്ണന്നൂര്‍ പാടത്ത് നിന്നാണ്. മണ്‍പാത്ര നിര്‍മാണത്തില്‍ ഏറെ സജീവമായ കേശവന്‍, ലക്ഷ്മി ദമ്പതികളുടെ വീട്ടിലാണ് ഞങ്ങള്‍ എത്തിയത്. വീട്ടുമുറ്റത്ത് തന്നെയാണ് ഇവര്‍ പാത്രങ്ങള്‍ നിര്‍മിക്കുന്നതും ചൂളയിടുന്നതുമെല്ലാം. ഓണത്തപ്പനെ നിര്‍മിക്കുന്ന പ്രരംഭഘട്ടത്തിലായിരുന്നു ഞങ്ങളെത്തുമ്പോള്‍ അവര്‍. കളിമണ്ണില്‍ നിന്ന് കൈകൊണ്ട് മെടഞ്ഞെടുത്ത ഓണത്തപ്പന്റെ രൂപങ്ങള്‍ നിരയായി നിരത്തിരിയിരിക്കുന്നു. ഒപ്പം ഓണത്തപ്പന് തലയില്‍ ചൂടാനുള്ള കിരീടവും.
ഈ രൂപങ്ങളെ നിറംപൂശിമിനുക്കിയെടുത്ത ശേഷമാണ് വില്‍പനയ്ക്കായി കൊണ്ടുപോകുക. കടകളിലേക്കും വില്‍പനയ്ക്കായി നല്‍കുന്നതിന് പുറമേ തലച്ചുമടായി വീടുകളില്‍ കൊണ്ടുചെന്നും വില്‍ക്കുന്നതാണ് രീതിയെന്ന് ലക്ഷ്മി ചേച്ചി പറഞ്ഞു. ഞങ്ങളോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ കടകളിലേക്ക് ആവശ്യമായ മണ്‍പാത്രങ്ങള്‍ കയറ്റാനുള്ള ഓട്ടോറിക്ഷയെത്തി. എല്ലാം കയറ്റിക്കഴിഞ്ഞ ശേഷം ഓട്ടോ ഡ്രൈവറുമായി ലക്ഷ്മി ചേച്ചി തര്‍ക്കിക്കുന്നത് ശ്രദ്ധിച്ചു. കാരണം അന്വേഷിച്ചപ്പോഴാണ് കമ്മീഷന്‍ അടിക്കാനുള്ള ഓട്ടോഡ്രൈവറുടെ ശ്രമമാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്ന് മനസ്സിലായത്. ലക്ഷ്മി ചേച്ചി തങ്ങള്‍ നേരിടുന്ന കഷ്ടപ്പാടുകളെ കുറിച്ച് മനസ്സുതുറന്നു. കളിമണ്‍ക്ഷാമവും മണ്ണിന് ഈടാക്കുന്ന അമിതവിലയുമെല്ലാം മണ്‍പാത്ര നിര്‍മാണരംഗത്തെ പ്രതികൂലമായി ബാധിക്കുന്നു. കഷ്ടപ്പാടുകള്‍ക്കിടയില്‍ ഓണത്തപ്പനിലും ഓരോ ഓണക്കാലത്തെ തങ്ങള്‍ക്കുള്ള പ്രതീക്ഷയും ചിരിച്ച മുഖത്തോടെ പങ്കുവച്ച് ഞങ്ങളെ യാത്രയാക്കി.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: pallassana palakkad village travel