ഭംഗിയുള്ള പുൽമേടും നടുവിലൂടെ ഒഴുകുന്ന അരുവികളും; പട്ടുപോലെ പടുകയിലെ കാഴ്ചകൾ

#Travel Desk
പടുകയിലെ ഹരിതാഭമായ കാഴ്ച
പടുകയിലെ ഹരിതാഭമായ കാഴ്ച

കട്ടപ്പന: സഞ്ചാരികൾ ഏറെ എത്തിത്തുടങ്ങിയതോടെ അഞ്ചുരുളിക്കും അയ്യപ്പൻകോവിൽ തൂക്കുപാലത്തിനും ഒപ്പമെത്തി സമീപപ്രദേശമായ പടുക.വെള്ളിലാങ്കണ്ടത്തിന് സമീപം ഇടുക്കി ജലാശയത്തിന്റെ വൃഷ്ടിപ്രദേശമായ ഇവിടെ വർഷത്തിൽ ഏതാനും ദിവസങ്ങൾ മാത്രമാണ് വെള്ളംകയറുക.

വെള്ളം ഇറങ്ങുന്നതോടെ ഭംഗിയുള്ള പുൽമേടും നടുവിലൂടെ ഒഴുകുന്ന ചെറു അരുവികളും തെളിയും. അങ്ങിങ്ങായി രൂപപ്പെട്ട തടാകങ്ങളിലൂടെ ചെറുവള്ളത്തിലും മുളംചങ്ങാടത്തിലും അക്കരെപ്പോകുന്ന ഗ്രാമീണർ. ചൂണ്ടയിടുന്ന പ്രദേശവാസികൾ.

അങ്ങിങ്ങായി മേഞ്ഞുനടക്കുന്ന പശുക്കളും പുൽമേട്ടിൽ വീണുകിടക്കുന്ന കൂറ്റൻ മരച്ചില്ലകളും സ്വിറ്റ്സർലൻഡിനെ അനുസ്മരിപ്പിക്കുന്ന ഭംഗിയാണ് പ്രദേശത്തിന് നൽകുന്നത്.

ഇടുക്കിയിലെത്തുന്ന സിനിമാ ഷൂട്ടിങ് സംഘങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി പടുക മാറിയതോടെ വ്ളോഗർമാരും സഞ്ചാരികളും പ്രദേശത്തേക്ക്‌ എത്താൻ തുടങ്ങി.ശനിയാഴ്ചയും ഞായറാഴ്ചയും വലിയ തിരക്കാണ് പ്രദേശത്ത് അനുഭവപ്പെടുക.

കാഞ്ചിയാർ അയ്യപ്പൻകോവിൽ പഞ്ചായത്തുകളുടെ പരിധിയായ പ്രദേശത്ത് മാലിന്യം നീക്കംചെയ്യാനും അടിസ്ഥാന സൗകര്യങ്ങൾ ആകർഷിക്കാനും കഴിഞ്ഞാൽ ഒട്ടേറെ സഞ്ചാരികൾ പ്രദേശത്ത് എത്തും. ത്രിതല പഞ്ചായത്തുകൾ ഇതിന് വേണ്ട നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.

Content Highlights: Discover Paduka, Idukki`s stunning meadows and streams, reminiscent of Switzerland. A scenic escape near Kattappana, perfect for nature lovers and vloggers.