ആനകളും കടുവകളും വിഹരിക്കുന്ന ഒരു കാട്; മൂന്ന് കവാടങ്ങള്‍

#രമേഷ്‌കുമാര്‍ വെള്ളമുണ്ട
വയനാട് വന്യജീവി സങ്കേതം, മുതുമല, ബന്ദിപ്പൂര്‍ കവാടങ്ങള്‍
വയനാട് വന്യജീവി സങ്കേതം, മുതുമല, ബന്ദിപ്പൂര്‍ കവാടങ്ങള്‍

കാട് കാഴ്ചകളുടെ കലവറയാണ്. കാടിനരികിലൂടെയുള്ള ഓരോ യാത്രയും അവാച്യമായ അനുഭൂതിയുമാണ്.കണ്ണത്തെ ദൂരത്തേക്ക് നോട്ടമയച്ചും കാതുകൂര്‍പ്പിച്ചും ഓരോ യാത്രകള്‍. കാടിനുള്ളിലൂടെയുള്ള സഞ്ചാരത്തില്‍ ആകാശം മുട്ടെ വളര്‍ന്ന വലിയ മരങ്ങളിലേക്കും അടിക്കാടുകളിലേക്കും ജലാശയങ്ങളുടെ കരയിലേക്കുമെല്ലാം ആരെയൊക്കയോ തേടിയുള്ള അന്വേഷണങ്ങള്‍ അവസാനിക്കുക ചെറിയ ഇലയനക്കങ്ങള്‍ മുന്നിലെത്തുമ്പോള്‍ മാത്രമാണ്. കര്‍ണ്ണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങള്‍ക്ക് അതിരിടുന്ന വയനാട് ,ബന്ദിപ്പൂര്‍, മുതുമല, നാഗര്‍ഹോള വനങ്ങള്‍ ഒരിക്കല്‍ കൂടി സഞ്ചാരികളെ വരവേറ്റു തുടങ്ങിയിരിക്കുന്നു. നഗരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം ഈ കാടിന്റെ കുളിരും കാഴ്ചകളും നുകരാന്‍ സഞ്ചാരികളുടെ നീണ്ട നിരയുണ്ട്. 

മലമുഴക്കി വേഴാമ്പല്‍ മുതല്‍ കടുവകള്‍ വരെയുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാടിനുള്ളില്‍ നിന്നുള്ള കാഴ്ചകളും കഥകളും അനേകമാണ്. കാടിനുള്ളിലൂടെ കടന്നുപോകുന്ന അന്തര്‍ സംസ്ഥാന പാതകളില്‍ മുതല്‍ വന്യജീവി സങ്കേതത്തിലെ കോര്‍ ഏരിയകള്‍ക്കരികിലൂടെ നീളുന്ന കാട്ടുപാതയോരങ്ങളില്‍ വരെയും സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നു നല്‍കാന്‍ കാട്ടാനകളടക്കമുണ്ട്. ഭാഗ്യം സഞ്ചാരികള്‍ക്കൊപ്പമുണ്ടെങ്കില്‍ കടുവകളും മുന്നിലെത്തും. ഈ പ്രകൃതിയുടെ കൂടാരത്തില്‍ നിന്നും പുറത്തുവരുമ്പോള്‍ എക്കാലത്തേക്കുമുള്ള വലിയ കാടനുഭവങ്ങള്‍ ബാക്കിയാവുന്നു.

മുത്തങ്ങ: ഫോട്ടോ ശബരി ജാനകി


 പാതയോരങ്ങളിലെ വിരുന്നുകാര്‍

ശൗര്യമടങ്ങാത്ത ഒറ്റയാന്‍മാര്‍ ഇടയ്‌ക്കൊക്കെ കാടുകുലുക്കി ഓടി വരും. സഞ്ചാരികള്‍ ശല്യം ചെയ്താല്‍ ആനക്കൂട്ടങ്ങളും വെറുതെ ഇരിക്കില്ല. ഇതൊഴിച്ചാല്‍ പൊതുവെ ശാന്തരാണ് പാതയോരങ്ങളിലെ കാട്ടാനക്കൂട്ടങ്ങള്‍. കാടിന്റെ തണലിലെ കാട്ടാനക്കൂട്ടങ്ങളെ കാണണമെങ്കില്‍ വയനാട്ടിലേക്ക് വരണം. പെരുമഴയത്തും കരിമ്പാറകണക്കെ നിലയുറപ്പിക്കുന്ന സഹ്യന്റെ പുത്രന്മാര്‍ക്ക് മഴയും മഞ്ഞുമെല്ലാം ആഘോഷത്തിന്റെതാണ്. കാട്ടാനകളാല്‍ സമ്പന്നമാണ് കബനീ തീരം. ആനത്താരകളിലൂടെ ഇവയുടെ സഞ്ചാരവും കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ്.

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. കര്‍ണ്ണാടകയിലെ നാഗര്‍ഹോള, എന്‍ബേഗൂര്‍, വയനാട്ടിലെ തോല്‍പ്പെട്ടി, മുത്തങ്ങ, ബന്ദിപ്പൂര്‍, തമിഴ്‌നാട്ടിലെ മുതുമല സങ്കേതങ്ങള്‍ ഉള്‍പ്പെട്ട വലിയൊരു ആവാസമേഖലയാണ് കാട്ടാനകളുടെ പ്രധാന താവളമായി മാറുന്നത്. ബന്ദിപ്പൂര്‍ നാഗര്‍ഹോള മുതുമല കടുവ സങ്കേതങ്ങള്‍ക്ക് നടുവിലാണ് വയനാട് വന്യജീവി സങ്കേതം. കര്‍ണ്ണാടകയിലെ കൊക്കലഹണ്ടി മുതല്‍ നിലമ്പൂര്‍ കാടുകള്‍ വരെയും തമിഴ്‌നാട്ടിലെ മസിനഗുഡി മുതല്‍ ദുബരെ വരെയും നീളുന്ന ആനത്താരകളില്‍ തലങ്ങും വിലങ്ങുമാണ് ഇവയുടെ സഞ്ചാരം. ബെന്നാര്‍ഘട്ടില്‍ നിന്നും ആനത്താരകളിലൂടെ കൂട്ടമായി നീങ്ങുന്ന കാട്ടാനകള്‍ എക്കാലത്തെയും മനോഹരമായ കാഴ്ചകളാണ്. വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്കും കാടിന്റെ കൊമ്പന്‍മാര്‍ കാഴ്ചയുടെ വിരുന്നു നല്കും. മുത്തങ്ങയില്‍ നിന്നും ഗുല്‍പേട്ട വരെയുള്ള വനപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്കു പോലും കൂട്ടം കൂട്ടമായുള്ള ആനകളുടെ ഘേഷയാത്രകള്‍ അപൂര്‍വ്വകാഴ്ചയല്ല. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും ആനകള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം.

ബന്ദിപ്പൂര്‍ | ഫോട്ടോ: മനോജ് മാധവ്‌

ബന്ദിപ്പൂര്‍ വിളിക്കുന്നു

നിബിഡമായ കര്‍ണ്ണാടക വനത്തിലാണ് ബന്ദിപ്പൂര്‍ പ്രൊജക്ട് ടൈഗര്‍ പാര്‍ക്കുള്ളത്. കേരള തമിഴ്‌നാട് അതിര്‍ത്തികളിലേക്ക് വ്യാപിച്ചു കിടക്കുന്ന ഈ വനത്തിനുള്ളില്‍ കടുവകളുടെ സംരക്ഷണം അതീവ ജാഗ്രതയോടെ നടക്കുന്നു. മൂവായിരത്തിലധികം ആനകളുടെ താവളം കൂടിയാണിത്. പാതയുടെ ഇരുവശത്തും കുട ചൂടി നില്‍ക്കുന്ന കാടുകളുടെ കാഴ്ചകള്‍ തന്നെയാണ് മുഖ്യആകര്‍ഷണം.സുല്‍ത്താന്‍ ബത്തേരിയിലെ മുത്തങ്ങയില്‍ നിന്നും കര്‍ണ്ണാടക അതിര്‍ത്തികടന്നാല്‍ ഗുണ്ടല്‍പ്പേട്ടയിലെത്താം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ നീലിഗിരി റോഡായി. ഇവിടെ നിന്നും ചാമരാജ് നഗര്‍ ജില്ലയിലൂടെ പതിനഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കായി. നൂറു ചതുരസ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ കാടുകള്‍ അഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് പോലും പ്രിയപ്പെട്ടതാണ്. കര്‍ണ്ണാടക വനം ഡിവിഷനാണ് ഇവിടെ ടൂറിസം നടപ്പാക്കുന്നത്. ഒഴിഞ്ഞ റോഡരികില്‍ പോലും കൃാമറയുടെ നിരീക്ഷണമുള്ളതിനാല്‍ അതിക്രമിച്ചുള്ള കാടുകയറ്റവും വനൃജീവികളെ ശല്യപ്പെടുത്തലുമെല്ലാം പിടിക്കപ്പെടും. എന്നിരിന്നാലും നിശ്ചിത പോയിന്റുകളില്‍ സഞ്ചാരികള്‍ക്കെല്ലാം വനംഭംഗികളുടെ ആസ്വാദനത്തിന് അവസരമുണ്ട്.

മുതുമല | ഫോട്ടോ മധുരാജ്‌

മുതുമലയിലെ ആനസവാരി

തമിഴ്‌നാട്ടിലാണ് മുതുമല വനൃജീവി സങ്കേതം. എന്നാല്‍ കര്‍ണ്ണാടകയിലെ ബന്ദിപ്പൂരിനും കേരളത്തിലെ വയനാടിനും ഏറ്റവും അടുത്ത സഥലം. ദക്ഷിണേന്ത്യയില്‍ ആനസവാരിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണിത്. ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വലിയ താപ്പാനകളുടെ മുകളില്‍ കയറി കാടിലൂടെ ഒരു യാത്രയാകാം. 321 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇവിടെ വനം വ്യാപിച്ചുകിടക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട മോയാര്‍ നദിയും നീലിഗിരി മലനിരകളുമാണ് മുതുമലയ്ക്ക് അതിരിടുന്നത്.

എന്നും തണുപ്പു പുതയുന്ന ഊട്ടിയിലേക്കുള്ള വഴിമധ്യേയാണ് മുതുമലയുള്ളത്. ഗുഡല്ലൂരില്‍ നിന്നും അല്‍പ്പം മുന്നോട്ടുപോയാല്‍ ഇടതുഭാഗത്തായി മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള പ്രവേശനകാവാടം കാണാം. കാടിനുളളിലൂടെയുളള ഡ്രൈവിങ്ങിനിടയില്‍ കടുവയടക്കമുള്ള വന്യജീവികളെ കണ്ടുമുട്ടുന്നതും അപൂര്‍വ്വമല്ല. കൂനൂര്‍, ഊട്ടി, പൈക്കാറ കോടനാട് വ്യപോയിന്റ് എന്നിവയെല്ലാം കാണുന്നതിനൊപ്പം മുതമുല കൂടി യാത്രികര്‍ക്ക് പരിഗണിക്കാം.

നാഗര്‍ഹോള | ഫോട്ടോ: സി.കെ വിനീത്‌

നാഗര്‍ഹോളയിലെ കടുവകള്‍

കേരളത്തില്‍ ഉള്‍പ്പെട്ട തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് തൊട്ടരികിലാണ് നാഗര്‍ ഹോളെയെന്ന രാജിവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് സ്തിതി ചെയ്യുന്നത്. കര്‍ണ്ണാടകയിലെ പ്രധാനപ്പെട്ട കടുവാ സംരക്ഷണ കേന്ദ്രമാണിത്. തോല്‍പ്പെട്ടിയില്‍ നിന്നും ചെക്ക് പോസ്റ്റ് കടന്ന് രണ്ടു കിലോമീറ്ററോളം മുന്നോട്ട് പോയാല്‍ കുട്ട ടൗണായി. ഇവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാഷണല്‍ പാര്‍ക്കിന്റെ കവാടമായി. ഇവിടുത്തെ ചെക്ക് പോസ്‌ററില്‍ വിവരങ്ങള്‍ നല്‍കി അനുമതി ലഭിച്ചതിനുശേഷം മാത്രമാണ് മുന്നോട്ടുള്ള യാത്ര തരപ്പെടുക. ഇരുചക്ര വാഹനങ്ങളെ ഇതിലൂടെ കടത്തിവിടുകയില്ല. മൂന്നു കിലോ മീററര്‍ ദൂരം കാടിനുള്ളിലൂടെയുള്ള പാതയിലൂടെ സഞ്ചരിച്ചു വേണം നാഗര്‍ ഹോളയിലെത്താന്‍. അവിടെ സഞ്ചാരികള്‍ക്കായി ഇരിപ്പിടങ്ങളും വിശ്രമ കേന്ദ്രങ്ങലും ഒരുക്കിയിട്ടുണ്ട്.

കാപ്പിത്തോട്ടങ്ങളുടെയും മഞ്ഞിന്റെയും നാടായ കുടക് ജില്ലയില്‍ ഉള്‍പ്പെട്ട സഥലമാണിത്. 644 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ദേശീയ ഉദ്യാനം കടുവകളുടെ ആവാസ മേഖലയാണ്. ഒപ്പം ആനകളുടെയും വിഹാര കേന്ദ്രം കൂടിയാണിത്. സ്വകാര്യ വാഹനങ്ങള്‍ക്ക് കാടിനകത്തേക്കുളള പ്രവേശനാനുമതിയില്ല.വനംവകുപ്പ് മിനി ബസ്സുകള്‍ വനം സഫാരിക്കായി ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ നിറയുന്നതിന് അനുസരിച്ച് ഇവ വന്യജീവി സങ്കേതത്തിലേക്ക് നീങ്ങും. രണ്ടരമണൂക്കൂറോളം നീളുന്ന യാത്രയില്‍ ആനകളെയും മറ്റു മൃഗങ്ങളെയുമെല്ലാം അടുത്തുകാണാം. ഭാഗ്യമുണ്ടെങ്കില്‍ കടുവകളെയും കാണാം. കടുവ സങ്കേതങ്ങളില്‍ വിനോദ സഞ്ചാരത്തിന് ഭാഗിക നിയന്ത്രണം വന്നതിനാല്‍ കോര്‍ ഏരിയകള്‍ ഒഴിവാക്കിയാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

വയനാട് വന്യജീവി സങ്കേതം 

പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അിറയപ്പെടുന്നത്. തികച്ചും സ്വാഭാവികമായ പ്രകൃതി സൗന്ദര്യമുള്ള വയനാടിന് ഈ വന്യജീവി സങ്കേതങ്ങള്‍ അഭിമാനമാണ്. പ്രധാന വിനോദ കേന്ദ്രം എന്ന നിലയില്‍ക്കൂടി കാട് കാണാന്‍ ഇവിടെ ധാരാളം സഞ്ചാരികള്‍ എത്തുന്നു. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും 41 കിലോമീറ്റര്‍ ദൂരം കോഴിക്കോട് മൈസൂര്‍ ദേശീയ പാതയിലൂടെ സഞ്ചരിച്ചാല്‍ മുത്തങ്ങയിലെത്താം. വനത്തെയും വന്യജീവികളെയും അടുത്തറിയാനുള്ള യാത്രകള്‍ രാവിലെ ഏഴു മുതല്‍ ഒമ്പതുമണിവരെയും വൈകിട്ട് മൂന്നരമുതല്‍ അഞ്ചുമണിവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. തുറന്ന ജീപ്പിനുള്ളില്‍  സഞ്ചാരികളെ കാടിനുള്ളില്‍ ചുററിക്കറക്കി തിരികെയെത്തിക്കും. വേറിട്ട കാടനുഭവങ്ങള്‍ക്കിടയില്‍ എന്നും അനഭൂതി പകരുന്നതാണ്  ഈ വനയാത്രകള്‍.

ഫോട്ടോ: പി. ജയേഷ്‌

ബ്രഹ്‌മഗിരി മലനിരകളുടെ താഴ് വാരത്തിലാണ് തോല്‍പ്പെട്ടി വന്യജീവി  സങ്കേതം. ഈ കാടുകള്‍ കര്‍ണ്ണാടകയിലെ നാഗര്‍ ഹോള വനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വേനല്‍ക്കാലമായാല്‍ കര്‍ണ്ണാടകയിലെ ഉഷ്ണ വനമേഖലയില്‍ നിന്നും കാട്ടാനകകളും കാട്ടുപോത്തുമടക്കമുള്ള മൃഗങ്ങള്‍ ഈ കാടിന്റെ കുളിരിലേക്കാണ് ചേക്കേറുക. ഇതോടെ കാഴ്ചകളുടെ സമൃദ്ധിയിലാവും ഈ സങ്കേതം. മാനന്തവാടിയില്‍ നിന്നും കാട്ടിക്കുളം തിരുനെല്ലി റൂട്ടിലൂടെയാണ് ഇവിടെ എത്താന്‍ എളുപ്പം. തെറ്റ് റോഡില്‍ നിന്നും ഏഴരകിലോമീറ്ററോളം കുട്ട റോഡിലൂടെ യാത്ര ചെയ്താല്‍ തോല്‍പ്പെട്ടിയായി. രാവിലെയും വൈകിട്ടുമായി നാല്‍പ്പത് ജീപ്പുകള്‍ക്ക് മാത്രമാണ് സഞ്ചാരികളെയും കൊണ്ട് വയനാട് വന്യജീവി സങ്കേതത്തിലേക്ക് പോകാന്‍ അനുവദിക്കുക. കാടിനുള്ളില്‍ മൃഗങ്ങള്‍ക്ക് അലോസരമുണ്ടാകുന്ന വിധത്തില്‍ ജീപ്പുകളുടെ തുടര്‍ യാത്രകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്. നിശ്ചിത സമയത്തിന്റെ ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇവിടെയെത്തി ടിക്കറ്റിനായി ഊഴം കാത്തുനിന്നാല്‍ മാത്രമാണ് പ്രവേശനം തരപ്പെടുക. ഏഴുകിലോമീറ്ററോളം ദൂരം ഒന്നരമണിക്കൂര്‍ കാട്ടുപാത പിന്നിട്ടാണ് ഈ സഫാരി വാഹനങ്ങള്‍ തിരികെയെത്തുക. കാട്ടാനകളും കടുവകളുമെല്ലാം കാഴ്ചയിലേക്ക് തരപ്പെടുന്ന സഞ്ചാരവഴികളാണ് ഇവിടുത്തെ പ്രത്യേകതകള്‍.

Content Highlights: mudumalai bandipur nagarhole wayanad Tour