ഊട്ടിയല്ല, മസിനഗുഡി വഴി മോയാര്‍ പോകാം; കാടിനുള്ളിലെ സ്വർഗം കാണാം

മസിനഗുഡി വഴി ഊട്ടിയിലേക്കല്ല ഒന്നു മോയാര്‍ വരെ പോയി വരാം. സമൂഹമാധ്യമത്തില്‍ തരംഗമായ മസിനഗുഡി ഊട്ടി റോഡില്‍ വാഹനങ്ങളുടെ തിരക്കേറുമ്പോള്‍ ഇതൊന്നുമറിയതെ ഗതാഗതം നിയന്ത്രിക്കുകയാണ് പോലീസുകാരും വനപാലകരും. ഗതാഗതക്കുരുക്ക് കാരണം യാത്ര ദുസഹമായ ഊട്ടിയേക്കാള്‍ വൈബുള്ള ഒരു റൂട്ടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗൂഡല്ലൂരില്‍ നിന്നും നേരെ മുതുമല പിന്നെ മസിനഗുഡി അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞ് മോയാര്‍. ഒരു ദിവസത്തെ യാത്രയില്‍ വയനാട്ടില്‍ നിന്നെല്ലാം പോയിവരാന്‍ കഴിയുന്ന ഇവിടേക്ക് റൂട്ടൊന്ന് മാറ്റി പിടിക്കാം. വയനാടിന്റെ അതിര്‍ത്തി കടന്നപ്പോഴേക്കും ചെന്തമഴിന്റെ ഗ്രാമങ്ങള്‍ വേറിട്ട കാഴ്ചകളുമായി വരവേറ്റുതുടങ്ങി. ഇടയ്ക്കിടെ ചെറിയ പെട്ടിക്കടകള്‍ ആവി പറത്തുന്ന ഒന്നാന്തരം ചായയുമായി സഞ്ചാരികളെ വലിച്ചെടുക്കും. ദേവാല, ദേവര്‍ഷോല തേയിലത്തോട്ടങ്ങളുടെ പച്ചപ്പിനുള്ളില്‍ വളഞ്ഞും പുളഞ്ഞുമാണ് പാത നീണ്ടുപോകുന്നത്. ഇംഗ്ലീഷുകാര്‍ തുടങ്ങിയ അത്യുഗ്രന്‍ ചായത്തോട്ടങ്ങളുടെ നടുവിലൂടെ ഒരു പാട്ടും പാടി യാത്രയാകാം.
നിറയെ പച്ചവിരിച്ച കുന്നുകളും അതിനിടയിലൂടെ വളഞ്ഞും പുളഞ്ഞും മുന്നോട്ട് പോകുന്ന റോഡുകള്‍. ദേവര്‍ഷോലെയിലെ ബ്രിട്ടീഷുകാര്‍ തുറന്ന തേയിലത്തോട്ടം ഇളം വെയിലില്‍ തിളങ്ങി നില്‍ക്കുന്നു. നീലഗിരിയുടെ നെറുകയിലെ സ്വാദിഷ്ടമായ ചായപ്പൊടികേന്ദ്രം അതിനരികിലായുണ്ട്. കാലങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും സായ്പന്‍മാരുടെ പ്രതാപങ്ങളുമായി ഒന്നാന്തരം ചായ നീലഗിരിയുടെ ഇപ്പോഴത്തെയും വിലാസമാണ്. ദേവര്‍ഷോലെയും ദേവാലയും പങ്കിടുന്ന ആയിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങളുടെ നടുവിലൂടെയുള്ള സഞ്ചാരം പോലും അനിര്‍വചനീയമായൊരു യാത്രാനുഭവമാണ്.
നീലഗിരിയുടെ നീലിമലകള്‍
ചായത്തോട്ടങ്ങളെ പിന്നിട്ടു കഴിഞ്ഞപ്പോഴേക്കും ഒരു ടൗണ്‍ഷിപ്പുപോലെ അകലങ്ങളില്‍ ഗൂഡല്ലൂര്‍ തെളിഞ്ഞുവന്നു. അറുപതുകളിലെ കുടിയേറ്റകാലത്ത് മലയാളികള്‍ കൂട്ടത്തോടെ ചുരം കയറിവന്ന് ആധിപത്യമുറപ്പിച്ച തമിഴ്ഗ്രാമം. തമിഴും മലയാളവും ഇടകലര്‍ന്ന ജീവിതത്തില്‍ രണ്ട് ഭാഷയോടും കടപ്പെട്ടവരുടെ നാട് കൂടിയാണിത്. എല്ലുമുറിയെ പണിയെടുത്ത് മണ്ണില്‍ നിന്നും കനകം വിളയിക്കുന്ന കര്‍ഷകരുടെ സ്വന്തം നാട് എന്ന വിലാസവും ഗൂഡല്ലൂരിനുണ്ട്.
മലയാളത്തോടും തമിഴിനോടും ഒരേ പോലെ ഇഷ്ടം പങ്കിടുന്ന ഗൂഡല്ലൂര്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു. വിനോദ സഞ്ചാരികളുടെ ഇതിലൂടെയുള്ള തലങ്ങും വിലങ്ങുമുള്ള സഞ്ചാരമാണ് ഈ പട്ടണത്തിനും പുതിയ പ്രതീക്ഷകള്‍ നല്‍കിയത്. ഇവിടെ നിന്നും ഒന്ന് നീട്ടിവിളിച്ചാല്‍ കേരളവും കര്‍ണ്ണാടകയും അരികിലുണ്ട്. കാടിനുള്ളിലൂടെ നീണ്ടു പോകുന്ന ഗുണ്ടല്‍പ്പേട്ട, ബന്ദിപ്പൂര്‍, മുതുമല, ഗൂഡല്ലൂര്‍ റൂട്ട് തന്നെയാണ് പ്രത്യേക ആകര്‍ഷണം. പൂത്തുലഞ്ഞതും അല്ലാത്തതുമായ അനേകം വൃക്ഷത്തലപ്പുകള്‍ കൈകോര്‍ക്കുന്ന നീലഗിരിയിലെ കാടുകള്‍ക്ക് അപാരമായ വശ്യതകളുണ്ട്. ലംഗൂര്‍ വംശത്തില്‍പ്പെട്ട സിംഹവാലന്‍ കുരങ്ങുമുതല്‍ കടുവകള്‍ വരെ നീളുന്ന വന്യജീവികളുടെയും പ്രീയതാവളമാണിത്. ഗൂഢല്ലൂരില്‍ നിന്നും മുതുമല പിന്നിട്ട് കര്‍ണ്ണാടകയിലെ ബന്ദിപ്പൂരും കഴിഞ്ഞ് ഗുണ്ടല്‍പേട്ട വരെ നീളുന്ന നാല്‍പ്പത് കിലോമീറ്റര്‍ ദൂരത്തിലുള്ള ദേശീയ ഉദ്യാനത്തിനുള്ളിലൂടെയുള്ള യാത്രതന്നെ ആരുടെയും മനസ്സുകുളിര്‍പ്പിക്കും. നിലമ്പൂര്‍ വഴിക്കടവ് വഴി നാടുകാണി ചുരം കയറിവരുന്ന മൈസൂര്‍ തൃശ്ശൂര്‍ ആനവണ്ടിയുടെയും റൂട്ടാണിത്. ഈ കാടുകളെ അടുത്തറിയാന്‍ മാത്രം ഈ യാത്രയില്‍ അരികില്‍ സീറ്റുപിടിക്കുന്ന യാത്രക്കാരും അനേകമുണ്ട്.
മനം മയക്കും മസിനഗുഡി
മുവായിരം അടി ഉയരത്തില്‍ മൂന്ന് കുന്നുകള്‍ക്കിടയിലാണ് ഊട്ടിയെങ്കില്‍ അതിനു താഴേക്ക് അടര്‍ന്നുവീണ വനഗ്രാമമാണ് മസിനഗുഡി. പേര് സൂചിപ്പിക്കുന്നത് പോലെ തനിനാടന്‍ തമിഴ്ഗ്രാമം. കന്നുകാലികള്‍ക്കൊപ്പം വനാതിര്‍ത്തിയില്‍ അല്‍പ്പം കരിമ്പും മുത്താറിയും പച്ചക്കറികൃഷിയുമായി മുന്നോട്ട് പോകുന്ന ഇടം. തെപ്പക്കാട് നിന്നും ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഇരുമ്പുപാലം കടന്ന് ഇടുങ്ങിയ പാതയിലൂടെ പതിമൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മസിനഗുഡിയായി. വനാന്തര്‍ഭാഗത്തുകൂടെയുള്ള ഈ യാത്രതന്നെ സഞ്ചാരികളില്‍ കൗതുകം നിറയ്ക്കും. വന്യജീവികള്‍ ഏതുസമയത്തും മുന്നില്‍ വന്നേക്കാം എന്ന കരുതല്‍ മാത്രമാണ് ഈ പാതയിലൂടെയുള്ള ഡ്രൈവ് ചെയ്യുമ്പോള്‍ വേണ്ടത്. അത്രയധികം വീതി കുറഞ്ഞ റോഡായതിനാല്‍ ഈ വഴിക്കുള്ള യാത്ര ഒരേ പോലെ പലപ്പോഴും അപടകടം നിറഞ്ഞതുമാണ്. ഗുണ്ടല്‍പേട്ട വഴി വരുന്നവര്‍ക്ക് ഊട്ടിയിലെത്താന്‍ ഇവിടെ നിന്നും 36 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതിയാകും. ഹെയര്‍ പിന്‍ വളവുകളുമായി സാഹസികമായ ഡ്രൈവിങ്ങ് ഇഷ്ടപ്പെടുന്നവര്‍ക്കും ഇതൊരു പുതുമയുള്ള യാത്രയാകും. എന്നാല്‍ ഇപ്പോള്‍ മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്ര പഴയത് പോലെ അത്ര എളുപ്പമാകില്ല. ഇതു വഴി വരുന്ന വാഹനങ്ങളുടെ എണ്ണം നന്നായി കൂടി വന്നതോടെ നിയന്ത്രണങ്ങളും വന്നു തുടങ്ങി. പുറപ്പെട്ടിറങ്ങിയാല്‍ ഇതുവഴി ഊട്ടിയിലെത്തണമില്ല. പോലീസും വനപാലകരും ചേര്‍ന്ന് മുട്ടന്‍ പണിയും വഴിയില്‍ തരും.
കാട് പിന്നിട്ട് മസിനഗുഡിയിലേക്കുള്ള കവാടമെത്തിയപ്പോഴേക്കും സഫാരി ജീപ്പ് ഡ്രൈവര്‍മാര്‍ കൂട്ടത്തോടെയെത്തി. ഏഴുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തുറന്ന ജീപ്പിന് ഒരു മണിക്കൂര്‍ സഫാരിക്ക് 700 രൂപ. അതില്ലെങ്കില്‍ അഞ്ഞൂറ് രൂപ തന്നാലും വരാമെന്ന പേശലോടെ മറ്റുള്ളവരും. മസിനഗുഡിയിലെ വനത്തിന് ചുറ്റുമുള്ള പാതയിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്ന നാട്ടുകാരുടെ വരുമാനമാര്‍ഗ്ഗമായ ഒരു സഫാരി ബിസിനസ്സ് കൂടിയാണിത്. 70 ലധികം സ്വകാര്യ ജീപ്പുകളാണ് ഇവിടെ സഫാരിക്കായി സഞ്ചാരികളെയും കാത്തിരിക്കുന്നത്. വന്യജീവികളും വെള്ളം കുടിക്കാനും മറ്റും ധാരാളം എത്തുന് പുഴയോരത്തുകൂടിയൊക്കെയാണ് ഇവരുടെ സഞ്ചാരം. ഒരു കണക്കിന് വനംവകുപ്പിന്റെ സഫാരിയേക്കാള്‍ ചെലവുകുറഞ്ഞതും ആസ്വാദ്യകരമായതും ഇതാണെന്ന് സഞ്ചാരികളും അടിവരയിടുന്നു. ടൂറിസം മസിനഗുഡിയെയും അടിമുടി മാറ്റാന്‍ തുടങ്ങിയിരിക്കുന്നു. റിസോര്‍ട്ടുകളും ഹോട്ടലുകളും മറ്റുമായി നല്ലൊരു വരുമാനം നേടുന്ന തരത്തില്‍ ഈ ഗ്രാമവും ഇന്ന് വളര്‍ച്ചയിലാണ്. കൂറ്റന്‍ നീലഗിരി മലനിരകള്‍ ഒരു ഭാഗത്ത് നിഴല്‍പോലെ കാണാം. അതിന് എതിര്‍ വശത്തായി കാടിന്റെ വശ്യതകള്‍ കൂടിയാകുമ്പോള്‍ മസിനഗുഡി ഒരു സുന്ദര ചിത്രമാകുന്നു.
കാഴ്ചകളുടെ മോയാര്‍
മസനിഗുഡിയില്‍ നിന്നും രണ്ടുപാക്കേജുകളാണ് ടാക്‌സിക്കാര്‍ സഞ്ചാരികളോട് പറയുക. ഒന്ന് അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എട്ടുകിലോമീറ്റര്‍ വനത്തിലൂടെ കടന്ന് മോയാര്‍ അണക്കെട്ട് വരെ നീളുന്ന യാത്ര. മറ്റൊന്ന് വ്യുപോയിന്റ് കയറി രണ്ടുമണിക്കൂര്‍ നീളുന്ന ചുറ്റിയടിക്കല്‍. സ്വന്തം വാഹനത്തിലെത്തുന്നവര്‍ക്ക് മോയാര്‍ റൂട്ടില്‍ ഇവരെ ആശ്രയിക്കാതെ തന്നെ യാത്ര ചെയ്യുന്നതാണ് നല്ലത്. സദാസമയവും മാന്‍കൂട്ടങ്ങളും മയിലുകളും വന്യജീവികളുമുള്ള റൂട്ടാണിത്. സഫാരി വാഹനങ്ങള്‍ ഒഴികെ കൂടുതലായി മറ്റു വാഹനങ്ങളൊന്നും കാണാനില്ല. ഒരുഭാഗം പുഴയായതിനാലും ഉച്ച സമയത്തെ യാത്രയായതിനാലും വന്യജീവികളുടെ സാമിപ്യം എപ്പോഴുമുണ്ടായിരുന്നു. ആയിരക്കണക്കിന് മാന്‍കൂട്ടങ്ങളാണ് മോയാറിന്റെ ആകര്‍ഷണം. വൈകുന്നേരമാകുന്നതോടെ മസിനഗുഡി മോയര്‍ റൂട്ടിലെ പാതയോരങ്ങള്‍ ഇവയക്ക് മേയാനുള്ളതാണെന്ന് വേണമെങ്കില്‍ പറയാം. വേനല്‍ക്കാലത്തും നിറഞ്ഞു തുളുമ്പുന്ന മോയാര്‍ അണക്കെട്ടിന്റെ കാഴ്ചകളും കുളിരേകും. കാടിന് നടുവിലെ തെളിനീര്‍ത്തടാകമാണിത്. ഇവിടെ നിന്നാണ് നീലഗിരിയുടെ ദാഹം അകലുന്നത്. ഭവാനി നദിയുടെ കൈവഴിയായ മോയാര്‍ നദിക്ക് കുറുകെയുള്ള അണക്കെട്ട് കാടിന്റെയും പുണ്യമാണ്.
നീലിഗിരി ജൈവമണ്ഡലത്തിന്റെ ഏറ്റവും സമൃദ്ധമായ ഈ കാടുകളില്‍ അനേകം ഉരഗങ്ങളും ഉഭയജീവികളും സസ്തനികളും സൈ്വര്യമായി ജീവിത ചക്രം പൂര്‍ത്തിയാക്കുന്നു. ലംഗൂര്‍ വംശത്തില്‍പ്പെട്ട കുരങ്ങുകളുടെ ആവാസ മേഖലകൂടിയാണിത്. കാട്ടാനകളും കടുവകളും എപ്പോഴും മുന്നില്‍പ്പെട്ടേക്കോം. അത്രയധികം ആകാംക്ഷയും ഭയവുമെല്ലാം കൂട്ടിനെത്തുന്ന റൂട്ടാണിത്. മസിനഗുഡിയില്‍ നിന്നും ഏറെ ദൂരം ഈ കാട് കടന്നാല്‍ മാത്രമാണ് മോയാര്‍ അണക്കെട്ടിന്റെ തീരത്ത് എത്തുക. അതുവരെയും മനുഷ്യവാസമുള്ള ഗ്രാമങ്ങള്‍ ഒന്നുമില്ല. കാടിന് അടുത്തറിഞ്ഞുള്ള യാത്രമാത്രം മതി മോയാറിലേക്കുള്ള വഴികള്‍ മനസ്സില്‍ പതിയാന്‍. യാത്രയിലൊരിടത്തും കാടിനുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്തുകയോ ഇറങ്ങുകയോ ചെയ്യരുത്. ഇടവിട്ട് നിരീക്ഷണ ക്യാമറകള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. മൃഗങ്ങളുടെ സൈ്വര്യസഞ്ചാരത്തിനുപോലും ഭംഗംവരുത്താതെയുള്ള വിനോദ സഞ്ചാരമാണ് ഇവിടെയും പ്രോത്സാഹിക്കപ്പെടുന്നത്.
കാടിനുള്ളിലെ സ്വര്‍ഗ്ഗം
കാട് പിന്നിട്ട് മോയാറിലെത്തിയതോടെ തൊട്ടുമുന്നിലുണ്ട് കാടിന്റെ പാനപാത്രം നിറച്ച് മോയാര്‍ ഡാം. മറ്റു അണക്കെട്ടില്‍ നിന്നും വിഭിന്നമായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്താണ് പാത ആദ്യമെത്തുന്നത്. അവിടെ നിന്നും പാത അവസാനിക്കുന്നിടത്താണ് അണക്കെട്ടിന്റെ ഷട്ടറുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ ഇതിന് മുന്നിലേക്കുള്ള വഴി താഴിട്ട് പൂട്ടിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെയും ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കാടിനുള്ളിലെ ഈ ഗ്രാമത്തില്‍ സ്ഥിരതാമസമാക്കിയ കുടുംബങ്ങള്‍ നൂറില്‍ താഴെ മാത്രമാണ്. പച്ചപെയിന്റടിച്ച രണ്ട് പെട്ടിക്കടകള്‍ ഒരു ക്രിസ്ത്യന്‍ പളളി എന്നിവയും ഇവിടെയുണ്ട്. രാവിലെയും വൈകീട്ടും മാത്രം തുറക്കുന്ന ഈ കടയില്‍ ഈ ഗ്രാമത്തിനും വേണ്ട അത്യാവശ്യ സാധനങ്ങള്‍ മാത്രമാണുള്ളത്. ബാക്കിയെല്ലാം വാങ്ങണമെങ്കില്‍ അങ്ങ് മസിനഗുഡിയിലോ ഊട്ടിയിലോ പോകണം. ഗ്രാമവാസികള്‍ അതിരാവിലെ തൊഴില്‍ തേടി ഗ്രാമത്തിന് പുറത്തേക്കും വൈകീട്ട് തിരിച്ചുമെത്തും. കുട്ടികള്‍ക്കായി രാവിലെയും വൈകീട്ടും വാഹനസര്‍വ്വീസും പ്രത്യേകമായുണ്ട്. കാടിനുളളില്‍ വന്യമൃഗങ്ങളോടും കാലാവസ്ഥയോടും ഇണങ്ങിയ ജീവിതമാണ് ഇവരുടെയും പുരാവൃത്തം. കാടിനുള്ളിലെന്ന പരിമിതികളൊന്നും ഇവരെ അലട്ടുന്നില്ല. ഇവര്‍ക്ക് എല്ലാം ഇന്ന് ശീലമായിരിക്കുന്നു. മഴക്കാലം വരുമ്പോള്‍ അണക്കെട്ട് നിറയും. ഭവാനിയിലേക്ക് ഇവിടെ നിന്നും ഒരു മഴക്കാലം കുതിച്ചൊഴുകും. വേനല്‍ കനക്കുമ്പോള്‍ കാടിനുള്ളില്‍ നിന്നും വന്യമൃഗങ്ങള്‍ കുടിവെള്ളം തേടി അണക്കെട്ടിനരികിലെത്തും. ചുട്ടുപൊള്ളുന്ന വെയിലില്‍ കാട്ടുതീയ്യില്‍ നിന്നും കാടിനെ കാത്തുവെക്കലാണ് പിന്നെ ഗ്രാമീണരുടെയും ജോലി. വസന്തവും ഋതുക്കളും കാടിനെ മാറി മാറി നിറം പുതപ്പിക്കുമ്പോള്‍ ഇതൊന്നും പുതുമയല്ലാത്ത കാഴ്ചകളായി ഗ്രാമവാസികളെയും കടന്നുപോകുന്നു.
മുതുമല ആനസവാരിയും കഴിഞ്ഞ് മടങ്ങാം
കാടിന് ഒത്ത നടുവിലാണ് മുതുമല നാഷണല്‍ പര്‍ക്കെന്നു പറയാം. കര്‍ണ്ണാടകയിലെ ബന്ദിപ്പൂരിനും കേരളത്തിലെ വയനാടിനും ഏറ്റവും അടുത്ത സഥലം. ദക്ഷിണേന്ത്യയില്‍ ആനസവാരിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണിത്. ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇതിനായി മാത്രം ഇവിടെയെത്തുന്നത്. വലിയ താപ്പാനകളുടെ മുകളില്‍ കയറി കാടിലൂടെ ഒരു യാത്രയാകാം. പുറമെ നിന്നുള്ളവര്‍ മുതുമല എന്ന പേരിലറിയപ്പെടുമ്പോഴും പ്രാദേശികമായി തെപ്പക്കാട് എന്നാണ് തമിഴ്ജനത ഈ സ്ഥലത്തെ വിശേഷിപ്പിക്കുക. 688 ചതുരസ്രകിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇവിടെ വനം വ്യാപിച്ചുകിടക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട മോയാര്‍ നദിയും നീലിഗിരി മലനിരകളുമാണ് മുതുമലയ്ക്ക് അതിരിടുന്നത്. കൂനൂര്‍, ഊട്ടി, പൈക്കാറ കോടനാട് വ്യപോയിന്റ് എന്നിവയെല്ലാം കാണുന്നതിനൊപ്പം മുതമുല കൂടി യാത്രികര്‍ പരിഗണിക്കുന്നു.
മുതുമലയില്‍ സീസണ്‍ പ്രമാണിച്ച് ഇടതടവില്ലാതെ കാടിനുള്ളിലേക്ക് സഫാരി ട്രിപ്പുകള്‍ നടത്തുന്നുണ്ട്. മുപ്പത് പേര്‍ക്ക് ഒരേസമയം യാത്രചെയ്യാന്‍ കഴിയുന്ന വാനുകളാണ് ഇവിടെ നിന്നും കാടിനുള്ളിലേക്ക് പോവുന്നത്. ഓരോ ബസ്സും പുറപ്പെട്ട് കഴിഞ്ഞ് അരമണിക്കൂര്‍ വ്യത്യാസത്തിനാണ് മറ്റൊരു വാഹനം പുറപ്പെടുക. വനത്തിനുള്ള കോര്‍ ഏരിയകള്‍ ഒഴിവാക്കി നിശ്ചിത സഞ്ചാരപാതകള്‍ പിന്നിട്ട് ഓരോ വാഹനവും തിരികെയെത്തും. സ്വകാര്യ വാഹനങ്ങളെ വനത്തിനുള്ളിലേക്ക് പഴയതുപോലെ ഇപ്പോള്‍ കടത്തിവിടുന്നില്ല. വൈകീട്ട് ആറുമണിവരെയാണ് കാടിനുള്ളില്‍ സഫാരിയുള്ളത്. ഇതിനായി ഒരാള്‍ക്ക് 340 രൂപയാണ് ഇപ്പോള്‍ മുതുമല വന്യജീവി സങ്കേതം ചാര്‍ജ്ജ് ഈടാക്കുന്നത്. ഈയടുത്ത കാലത്താണ് സഫാരി ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തിയതെന്ന് ഇവിടുത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. എങ്കിലും സഞ്ചാരികളെ വനത്തിനുള്ളിലേക്കുള്ള ട്രിപ്പുകള്‍ ഒരിക്കലും നിരാശരാക്കില്ലെന്ന് ഇവര്‍ തന്നെ പറയുന്നു. കടുവയടക്കമുള്ള മൃഗങ്ങള്‍ ഭാഗ്യം പോലെ കണ്ണില്‍പ്പെടാം. ആന, കാട്ടുപോത്ത് എന്നിവയെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ടിക്കറ്റ് കൗണ്ടറിന് അരികിലായി സ്ഥാപിച്ചിരിക്കുന്ന വൈറ്റ് ബോര്‍ഡില്‍ വന്യമൃഗങ്ങളുടെ ലാസ്റ്റ് സീയിങ്ങ് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്തു വെച്ചിരിക്കുന്നത് കാണാം. ദിവസവും സമയവുമെല്ലാം എഴുതിയ കണക്കില്‍ സഞ്ചാരികളുടെ കണ്ണില്‍പ്പെട്ട കടുവകളുടെ എണ്ണവുമുണ്ട്. വനാന്തര്‍ഭാഗത്തുകൂടിയുള്ള യാത്രയില്‍ മൃഗങ്ങള്‍ കൂട്ടമായി മേയുന്ന കാഴ്ചകള്‍ അപൂര്‍വ്വമല്ല. മഴ പെയ്ത് കിളിര്‍ത്ത പുഴയോരങ്ങള്‍ മുതല്‍ കാട്ടുവഴികളെല്ലാം വന്യമൃഗങ്ങളുടെ മേച്ചില്‍പുറങ്ങളാണ്.
രാവിലെ 7 മുതല്‍ 8 വരെയും വൈകീട്ട് 4 മുതല്‍ 5 വരെയുമാണ് ഇവിടെ ആനസവാരിയുള്ളത്. 1500 രൂപയാണ് ഇതിന് ഈടാക്കുന്നത്. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ആനപ്പുറത്ത് പ്രത്യേകമായ തയ്യാറാക്കിയ ഇരിപ്പിടത്തില്‍ ഇരുന്ന് ചുറ്റിയടിക്കാനാവുക. മഴക്കാറുകളും മറ്റും ഉണ്ടെങ്കില്‍ ആനസാവാരി ഉണ്ടാകില്ല. ചരിത്ര പ്രസിദ്ധമായ ആനപന്തിയും ഇവിടെയുണ്ട്. രാവിലെ 8.30 മുതല്‍ 9 വരെയും വൈകീട്ട് 5.30 മുതല്‍ 6 വരെയുമാണ് ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളത്. ഒരാള്‍ക്ക് മുപ്പത് രൂപയാണ് പ്രവേശന ഫീസായി തമിഴ്‌നാട് വനം വകുപ്പ് ഈടാക്കുന്നത്. 1910 ലാണ് ഇവിടെ ഇംഗ്ലീഷുകാര്‍ ഇങ്ങനെയൊരു ആനപന്തിക്ക് തുടക്കമിടുന്നത്. തെപ്പക്കാട് അന്നുമുതലേ ആന പരിപാലനത്തിനും പരിശീലനത്തിനുമെല്ലാം പേര് കേട്ട ഇടമായി മാറുകയായിരുന്നു. ഇംഗ്‌ളീഷുകാര്‍ കാട്ടില്‍ നിന്നും വന്‍മരങ്ങള്‍ കടത്താനാണ് ആനകളെ വാരിക്കുഴിയില്‍ വിഴ്ത്തി പിടിച്ചതും പരിശീലനം നടത്തിയതും. ആനപിടുത്തത്തില്‍ നിപുണരായ ആദിവാസികളെ പാപ്പാന്‍മാരായി നിയമിക്കുകയും ചെയ്തു. അവരുടെ തലമുറകളാണ് ഇപ്പോഴും ഇവിടെ പാപ്പാന്‍മാരായുള്ളത്. 1972 ലാണ് ഈ ആനക്യാമ്പിനെ തമിഴ്‌നാട് സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ പരിപാലിച്ചു പോന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയടക്കമുള്ളവര്‍ വര്‍ഷത്തിലും മുടങ്ങാതെ ഈ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. 24 ആനകളാണ് ഇന്ന് ഈ പന്തിയിലുള്ളത്. 1963 ല്‍ പിടിച്ച ഇന്ന് 69 വയസ്സുള്ള ഭാമമുതല്‍ 20 മാസം പ്രായം മാത്രമുള്ള ശ്രീനിവാസ് വരെയുള്ളവരുടെ ആനകളുടെ നിരയാണ് തെപ്പക്കാടിന്റെ വിസ്മയം.
കാട്ടില്‍ രാവിലെ 9 ന് മേയാന്‍ വിട്ട ഇവര്‍ വൈകീട്ട് 5 ന് പന്തിയിലേക്ക് കുതിച്ചെത്തും. കൃത്യം 5.30 നുള്ള ഭക്ഷണം ഇവിടെ പാകമാകുന്നതോടെ ആനകളെല്ലാം പന്തിയുടെ മുന്നില്‍ നിരന്ന് നില്‍ക്കുന്ന കാഴ്ചകാണാന്‍ സഞ്ചാരികളും തിരക്ക് കൂട്ടിയെത്തും. വലിയ ഉരുളകളാക്കി മുതിരയും റാഗിയും ശര്‍ക്കരയുമെല്ലാം ചേര്‍ത്ത് പാപ്പാന്‍മാര്‍ ആനവായിലേക്ക് എത്തിച്ചു നല്‍കും. ധാതുലവണ മിശ്രിതമായ ഈ ഉരുളകള്‍ ഓരോന്നും 10 കിലോയോളം വരും. രണ്ടും മൂന്നും ഉരുളയാകുന്നതുവരെ ആര്‍ത്തിയോടെ തുമ്പിക്കൈവീശി കുസൃതികാണിക്കുന്ന കൊമ്പന്‍മാരും സന്ദര്‍ശകര്‍ക്ക് ഹരമാണ്. ഏതെങ്കിലും ആന ഉരുള നിരസിച്ചാല്‍ അതുലക്ഷ്യമാക്കി കാട്ടുപന്നികളും മയിലുകളുമെല്ലാം ധാരാളമായെത്തുന്നതും ഇവിടുത്തെ കാഴ്ചയാണ്. ആനപന്തികളും അതോടനുബന്ധിച്ച ഓര്‍മ്മകളും മാഞ്ഞുപോകുമ്പോള്‍ തെപ്പക്കാട് വരച്ചിടുന്നത് ഒരപൂര്‍വ്വമായ ഇണക്കങ്ങളുടെ കഥയാണ്. ചുരുങ്ങിയ ചെലവില്‍ ഇവിടെ വനംവകുപ്പിന്റെ അതിഥി മന്ദിരങ്ങളും സഞ്ചാരികള്‍ക്ക് ലഭ്യമാകും. ഓണ്‍ലൈനില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം.
Content Highlights: mayar masinagudi travel destination tamil nadu