വണക്കം മധുരെ; കൊല്ലത്ത് നിന്ന് തെങ്കാശി വഴി ട്രെയിനില്‍ ഒരു മധുര യാത്ര

ഈ അവധികള്‍ക്കിടയില്‍ കുടുംബവുമൊത്ത് ഒരു ബജറ്റ് യാത്രയായാലോ. അതും തെക്കന്‍ ഭാരതത്തിലെ പ്രശസ്തമായ നഗരങ്ങളിലൊന്നായ മധുരയിലേക്ക്. കൊല്ലം ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളായ കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍നിന്ന് ട്രെയിനില്‍ മധുരയ്ക്ക് വളരെ കുറഞ്ഞ ചെലവില്‍ പോയി വരാന്‍ സാധിക്കും. അതും തെങ്കാശി വഴി പ്രകൃതിഭംഗി ആസ്വദിച്ച് ഒപ്പം തമിഴ് ഗ്രാമങ്ങളും കണ്ടൊരു യാത്ര.
തൂങ്കാനഗര കാഴ്ചകള്‍
മധുരയെ വിശേഷിപ്പിക്കുന്നത് 'തൂങ്കാനഗരം' എന്നാണ്, അതായത് ഉറക്കമില്ലാത്ത നഗരം. പകല്‍ പോലെ തന്നെ സജീവമാണ് രാത്രിയിലും മധുരയിലെ തെരുവുകള്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച മീനാക്ഷിക്ഷേത്രം തന്നെയാണ് മധുരയില്‍ പ്രധാനമായും സന്ദര്‍ശിക്കേണ്ടയിടം. ക്ഷേത്രത്തോട് ചേര്‍ന്ന് 985 തൂണുകളില്‍ പണികഴിപ്പിച്ചിട്ടുള്ള ആയിരംകാല്‍ മണ്ഡപവും അവിടെ സൂക്ഷിച്ചിട്ടുള്ള പഴയകാല ശിലകള്‍, ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം കാണേണ്ടത് തന്നെയാണ്. കൂടാതെ തിരുമലനായ്ക്കര്‍ കൊട്ടാരം, ഗാന്ധി മ്യൂസിയം, വലിയ കുളത്തിന്റെ നടുവില്‍ മണ്ഡപമുള്ള തെപ്പക്കുളം, തിരുപ്പരന്‍കുണ്ഡ്രം തുടങ്ങിയവയൊക്കെ നഗരത്തോടെ ചേര്‍ന്ന് തന്നെ എളുപ്പത്തില്‍ പോകാന്‍ സാധിക്കുന്ന സ്ഥലങ്ങളാണ്.
ടേസ്റ്റ് റൊമ്പ പ്രമാദം
മധുര എന്നാല്‍ ഭക്ഷണത്തിന്റെ കേന്ദ്രമാണ്. ജിഗര്‍തണ്ട, ബണ്‍ പൊറോട്ട, കോലാ ഉരുണ്ടെയ്, ബട്ടര്‍ ബണ്‍, ചിക്കന്‍/മട്ടന്‍ കറി ദോശ, പരുത്തിപ്പാല്‍, ബര്‍മ്മ ഇടിയപ്പം, കൊത്ത് പൊറോട്ട, ആട്ടിന്‍ സൂപ്പ്, വിവിധതരം മധുര പലഹാരങ്ങള്‍ അങ്ങനെ നീളുന്നതാണ് മധുരയിലെ ഭക്ഷണ വൈവിധ്യങ്ങളില്‍ പറ്റുന്നതൊക്കെ രുചിച്ചു നോക്കാവുന്നതാണ്. ശ്രീ പ്രേം വിലാസ് സ്വീറ്റ്‌സ്, കോണാര്‍ കടെയ്, ഫേമസ് ജിഗര്‍തണ്ട തുടങ്ങിയ കടകളൊക്കെ ഏറെ പേരുകേട്ടതാണ്.
എങ്ങനെ പ്ലാന്‍ ചെയ്യാം
കേരളത്തില്‍നിന്ന് തെങ്കാശി വഴി ദിനവും രണ്ട് ട്രെയിന്‍ ആണ് മധുരയ്ക്കുള്ളത്. ഒന്ന് ഉച്ചക്ക് 12.24-ന് കൊട്ടാരക്കരയെത്തും, 12:50-ന് പുനലൂരും. വൈകീട്ട് 6.50-തിന് മധുരയെത്തും. രണ്ടാമത്തേത് 12.54-ന് കൊട്ടാരക്കരയിലും, 1.20-ന് പുനലൂരിലും വരുന്ന വണ്ടി 7.15-ന് മധുര എത്തും. ജനറല്‍-95, സ്ലീപ്പര്‍- 180, തേര്‍ഡ് എ.സി.-505, സെക്കന്‍ഡ് എ.സി.-710 എന്നിങ്ങനെയാണ് കൊട്ടാരക്കര നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍. താരതമ്യേന തിരക്ക് കുറവായതിനാല്‍ ജനറലില്‍ കയറിയാലും പ്രശ്‌നമില്ല.
പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്ക് എം.സി.റോഡ് വഴി എപ്പോഴും കൊട്ടാരക്കരയ്ക്ക് ബസ് ലഭിക്കും. കിഴക്കന്‍ മേഖലയിലുള്ള വര്‍ക്ക് പത്തനാപുരം വഴി പുനലൂര്‍ എത്തുന്നതാവും എളുപ്പം. മധുര റെയില്‍വേ സ്റ്റേഷന് അടുത്ത് തന്നെയാണ് മീനാക്ഷിക്ഷേത്രം. താമസത്തിന് സിംഗിള്‍ റൂം 400 മുതലുണ്ട്. ഫാമിലി റൂം ശരാശരി 1,500 രൂപയില്‍ നല്ല നിലവാരമുള്ളവ ലഭിക്കും. നഗരത്തിനുള്ളില്‍ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം ബസുണ്ടാവും. അല്ലെങ്കില്‍ മാട്ടുത്താവണി എം.ജി.ആര്‍. ബസ്സ്റ്റാന്‍ഡ് എത്തിയാല്‍ മതിയാവും. ഓട്ടോ വിളിച്ചാല്‍ മുന്‍കൂട്ടി തുക പറഞ്ഞ് ഉറപ്പിച്ചതിനുശേഷം പോകണമെന്നു മാത്രം. ഒരു ദിവസം താമസിച്ച് പിറ്റേന്ന് സ്ഥലങ്ങളൊക്കെ കണ്ട് രാത്രി 12.10-നുള്ള ട്രെയിനില്‍ കയറിയാല്‍ വെളുപ്പിനെ 5.55-ന് പുനലൂര്‍ എത്താം, 6.20-ന് കൊട്ടാരക്കരയും. യാത്ര പകല്‍ മതിയെങ്കില്‍ 11.20-തിനും ട്രെയിനുണ്ട്.
Content Highlights: madurai tenkasi train budget travel