പാക്കത്തൈവത്തിന്റെ താടിരോമങ്ങള്‍ക്കിടയിലൂടെ ഒഴുകിയ പതിനെട്ടു ചാല്; കുറുവ കഥ പറയുമ്പോൾ

കേരളം സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല മാസമായി കേരള ടൂറിസം നിര്‍ദ്ദേശിക്കുന്ന സെപ്റ്റംബര്‍ മാസത്തിലാണ് താമരശ്ശേരി ചുരം കയറിയത്. പശ്ചിമഘട്ടം ഗര്‍വ്വോടെ തലയുയര്‍ത്തി നില്‍ക്കുമ്പോഴും വാനരസംഘം കുസൃതിയോടെ അതിന്റെ കൈകളിലൂടെ ഓടിക്കളിച്ചു. ചുരം കയറുന്ന 'സോപ്പുപെട്ടി'കളെയും പര്‍വതത്തെ മുഖം കാണിക്കാനായി ചുറ്റിപ്പറ്റി നിന്ന മേഘക്കൂട്ടങ്ങളെയും പിന്നിട്ടു ഞങ്ങള്‍ വയനാട് പുല്‍പ്പള്ളിയിലെ റിസോര്‍ട്ടിലെത്തി.
പിറ്റേ ദിവസമാണ് ശാന്തസുന്ദരമായ കുറുവ ദ്വീപ് സന്ദര്‍ശിക്കാനായി മാറ്റിവെച്ചിരുന്നത്. നിബിഡ വനപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ചുറ്റുമുള്ള മരങ്ങള്‍ക്കും ചെടികള്‍ക്കും വഴികള്‍ക്കും മലകള്‍ക്കും കന്നുകാലികള്‍ക്കും പേരുണ്ടായിരുന്നില്ല. പൈന്‍, കാപ്പിച്ചെടികള്‍, കോനിഫെറസ് മരങ്ങള്‍... ഞാനവയെ അറിയാന്‍ ശ്രമിച്ചെങ്കിലും ഒരു അപരിചിതത്വം ഞങ്ങളുടെ ഇടയില്‍ നിറഞ്ഞു. പേര് കിട്ടുന്നത് പോലെയും അവ കഥാപാത്രങ്ങളായി മാറുന്നത് പോലെയും തോന്നി. തലേ ദിവസം പെയ്ത മഴയില്‍ ഞാന്‍ കണ്ടത് കല്‍പ്പറ്റ നാരായണന്റെ ചോര്‍ന്നൊലിക്കുന്ന പുല്‍പ്പുരയും നനഞ്ഞു കുതിര്‍ന്ന വീടിന്റെ ചുമര് വീണുപോകുമെന്ന് ഭയന്നു അദ്ദേഹവും കുടുംബവും ചെറുപ്പത്തില്‍ കഴിച്ചു കൂട്ടിയ രാവുകളെയുമാണ്. സ്വന്തം ദുരിതങ്ങളെല്ലാം മറന്നു നിറഞ്ഞു ചിരിക്കാനുള്ള വയനാടന്‍ കുന്നുകളുടെ കഴിവിനെ ഓര്‍മ്മിപ്പിക്കുന്ന വണ്ണം മഴയുടെ അവശേഷിപ്പുകളൊന്നുമില്ലാതെ വഴിയോരങ്ങള്‍ തെളിഞ്ഞു കിടന്നു. മുണ്ടും ഷര്‍ട്ടുമുടുത്ത് തലയില്‍ തോര്‍ത്ത് കെട്ടി പാടയോരത്ത് കൂടെ നടന്നു നീങ്ങുന്ന തരുണികള്‍ പണ്ട് നാടോടി നൃത്തത്തിന് വേഷമിട്ടതോര്‍മ്മിപ്പിച്ചു. പലവകക്കടയില്‍ ഒരു മേശയുടെ ചുറ്റും സ്ത്രീകളും മറ്റൊരു മേശയുടെ ചുറ്റും പുരുഷന്മാരുമിരുന്നു ചായ കുടിച്ചു വര്‍ത്തമാനം പറയുന്നത് ഗ്രാമീണ ജീവിതത്തിന്റെ നിഷ്‌കളങ്കതയെ വിളിച്ചോതുന്നു. ശേഷം, അധികം ആള്‍പ്പാര്‍പ്പില്ലാത്ത ആ നാട്ടിലൂടെ പോകുമ്പോള്‍ ഒരു വളവില്‍ക്കണ്ട ബോര്‍ഡെന്നെ ചിന്തിപ്പിച്ചു- കുറുക്കന്‍മൂല പബ്ലിക് ലൈബ്രറി.
അവിടെയിറങ്ങി പുസ്തകങ്ങളിലേക്ക് ഊളിയിട്ടാലൊരു പക്ഷെ വയനാടന്‍ കുന്നുകള്‍
''പാക്കത്തുകോട്ട പതിനെട്ടുചീളി
മറ്റും ചില നാട് പാറയ്ക്കുമീത്തല്
പാറക്കുമേലെ തിരുമംഗല്യംകോട്ട
കന്നാടിയില്‍ പട വെള്ളംപോലെ വന്നു
കോട്ട വളഞ്ഞു; ചതിച്ചവര്‍ കൊന്നു..''
(കുറുമപ്പാട്ട്)
എന്നു പാടുമോ എന്നു ഞാന്‍ ഭയന്നു .
കബനീ നദിയിലെ നദീതടത്തില്‍ 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ദ്വീപ് സമൂഹമാണ് കുറുവാദ്വീപ് . നൂറ്റമ്പതോളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. പാക്കം കോട്ടയെച്ചുറ്റി ഒഴുകുന്ന കബനി നദി പതിനെട്ടായി പിരിഞ്ഞുണ്ടായ കുറുവ ദ്വീപിനെക്കുറിച്ച് മുള്ളുക്കുറുമര്‍ക്ക് ഒരു പഴങ്കഥയുണ്ട്. പാക്കത്തു കോട്ടയിലെ 'പാക്കത്തൈവം' വെള്ളം കുടിച്ചപ്പോള്‍ താടിരോമങ്ങള്‍ക്കിടയിലൂടെ ഒഴുകിവീണ പതിനെട്ടു ചാലാണത്രെ കുറുവ ദ്വീപായി മാറിയത്. കുറുവ ദ്വീപിന്റേ പാര്‍ക്കിങ്സ്ഥലത്ത് ഹാറ്റുകള്‍, കാപ്പുകള്‍, കൂളിങ് ഗ്ലാസ്സുകള്‍, സ്‌പൈഡര്‍മാന്‍, ടെഡ്ഡി ബെയറുകള്‍, ബബിള്‍ എന്നിങ്ങനെയുള്ള വിവിധയിനം കളിക്കോപ്പുകള്‍ പൊതിഞ്ഞ കടകളുണ്ട്. മുറ്റത്തു പുഴക്കര ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രവും. അവിടെ ഒരു പ്രൈവറ്റ് പാര്‍ക്കിങ് സ്‌പേസും കേരള ടൂറിസത്തിന്റെ ഒരു പാര്‍ക്കിങ് സ്‌പേസ്മുണ്ട്. മുളവേലികളുള്ള പാതയിലൂടെ നടന്നു ടിക്കറ്റെടുത്താല്‍ കടത്ത് റാഫ്റ്റിലോ രണ്ട് പേര്‍ക്കോ അഞ്ചു പേര്‍ക്കോ ഉള്ള വിനോദസഞ്ചാര റാഫ്റ്റിലോ കയറാം.
വെയിലില്‍നിന്ന് രക്ഷ നേടാനായി തൊപ്പി, കുട, വെള്ളം എന്നിവ കയ്യില്‍ക്കരുതുന്നത് നന്നായിക്കും. ഞങ്ങളുടെ കയ്യിലുള്ള കാലന്‍കുട കൊണ്ട് മകള്‍ മണ്ണില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് നോക്കി ഞാനല്‍പ്പനേരം നിന്നു. റാഫ്റ്റില്‍ ലൈഫ് ജാക്കറ്റ് ഉണ്ടെന്നുള്ളത് ഒരാശ്വാസമായിരുന്നു. റാഫ്റ്റിലിരുന്നു ചുറ്റും നോക്കിയപ്പോഴാണ് കബനീ നദിയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന വലിയ കയറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികളുടെ എസ് ഓ എസ് കളിക്കളങ്ങള്‍ പോലെ നദി തന്നിലെഴുതപ്പെടുന്ന അക്കങ്ങളെയും കാത്തിരുന്നു. റാഫ്റ്റുകള്‍ക്കു തുഴയൊന്നുമില്ല. അതിനുള്ള ആഴമില്ലത്രേ. ഈ കയറുകളില്‍ പിടിച്ചാണ് റാഫ്റ്റിന്റെ 'തുഴക്കാരന്‍' നമ്മെ കബനിപ്പുഴ കടത്തുന്നത്. റാഫ്റ്റ് നദിയ്ക്കപ്പുറത്തെത്തിയാല്‍ കാല്‍പനികമായി വെള്ളത്തിലേക്ക് ചാഞ്ഞും ചെരിഞ്ഞും നില്‍ക്കുന്ന മരക്കൊമ്പുകളക്കിടയിലൂടെ യാത്രക്കാര്‍ക്ക് നൂണ്ട് കടക്കാം.
നദിയുടെ പേരും മറ്റും ചോദിച്ചു മനസ്സിലാക്കുന്നതിനിടയില്‍ ആ നദിയില്‍ ചീങ്കണ്ണികളും മുതലകളുമുണ്ടെന്ന് തുഴക്കാരന്‍ പയ്യന്‍ പറഞ്ഞതോര്‍ക്കുന്നു. ഒരു നിമിഷം കൂര്‍ത്ത പല്ലുകളുള്ള തുറന്ന മുതലവായ്ക്കകപ്പെടുന്നത് സങ്കല്‍പ്പിച്ചെങ്കിലും ഒച്ചയും ബഹളവുമുള്ള സ്ഥലത്തേക്കു അവ വരില്ലെന്നു പയ്യന്‍ പറഞ്ഞത് ഒരാശ്വാസമായിരുന്നു. സാധാരണ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ കുറുവ ദ്വീപിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പോകാന്‍ പറ്റാറില്ലത്രേ. മഴ പെയ്യുന്നതോടെ കബനീ നദി കരകവിഞ്ഞൊഴുകുകയാണ് പതിവ് എന്നു പറഞ്ഞതിനൊപ്പം ഈ വര്‍ഷം വളരെ കുറച്ചല്ലേ മഴ പെയ്തുള്ളൂ എന്ന സങ്കടവും ആ പയ്യന്‍ ഞങ്ങളോടു പങ്ക് വെച്ചു.
നദിയുടെ നടുവിലുള്ള തുരുത്തുകളിലൊന്നില്‍ നിന്നു കിട്ടിയ മുന്തിരി പോലിരിക്കുന്ന കായുടെ പേര് വിഷക്കാ എന്നാണത്രേ. വെയിലിനെ തണുപ്പിക്കാന്‍ പരക്കം പായുന്ന കാറ്റാസ്വദിച്ചും വെള്ളത്തിന്റെ ആഴവും പരപ്പുമളന്ന് കൊണ്ടും ഞങ്ങള്‍ ആ മനോഹരമായ യാത്രയവസാനിപ്പിച്ചു കടത്ത് റാഫ്റ്റില്‍ കയറാനുള്ള ഊഴത്തിനായി കാത്തു നിന്നു. ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ വകയായുള്ള ഹ്രസ്വമായ ബാഗ് പരിശോധനയും കടന്നു വേണം റാഫ്റ്റില്‍ കയറാന്‍. അക്കരെ ഞങ്ങളെ കാത്തിരിക്കുന്ന കാഴ്ചകള്‍ എന്തായിരിക്കുമെന്ന കൗതുകം സഞ്ചാരികളെ അക്ഷമരാക്കുന്നതായിത്തോന്നി. എല്ലാ പ്രായത്തിലുമുള്ളവരുമുണ്ട് കൂടെ കടത്ത് കടക്കാന്‍. ലൈഫ് ജാക്കറ്റുമിട്ട് നദിയ്ക്കപ്പുറത്തേക്ക് ഞങ്ങള്‍ കണ്ണും നട്ടിരുന്നു.
റാഫ്റ്റിറങ്ങുമ്പോള്‍ ഞങ്ങളെക്കാള്‍ മുന്‍പ് ദ്വീപ് കണ്ടു തീര്‍ത്ത ഒരു സംഘം സഞ്ചാരികള്‍ ഇക്കരെയെത്താന്‍ റാഫ്റ്റിലേക്ക് കയറി. റാഫ്റ്റില്‍ നിന്നിറങ്ങിയപ്പോള്‍ത്തന്നെ മുളകൊണ്ടു വേലിതീര്‍ത്ത വനപാതകള്‍ ഞങ്ങളെ സ്വാഗതം ചെയ്തു. പശ്ചാത്തലത്തില്‍ ചീവിടുകളുടെ ഗാനാലാപനവും. ആരും പറയാതെ തന്നെ സഞ്ചാരികള്‍ ആ പാതയിലൂടെ നടന്നു തുടങ്ങി, പൂര്‍വ്വികരുടെ പാത പിന്‍തുടരുന്നത് പോലെ.
നിശ്ശബ്ദത പാലിക്കുക, പുഴയില്‍ മുതലയുള്ളതിനാല്‍ പുഴയിലേക്കിറങ്ങുന്നത് നിരോധിച്ചിരിക്കുന്നു, ആസ്വാദനം അനുവദീനമായ ഇടത്തു മാത്രം ഒതുക്കുക, വനത്തിനുള്ളിള്‍ പുകവലി, മദ്യപാനം പാടില്ല തുടങ്ങിയ ബോര്‍ഡുകള്‍ നിശ്ശബ്ദമായി സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. ഈ വനപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ തികച്ചും മറ്റൊരു ലോകത്തെത്തിയത് പോലെ ത്തോന്നി.അല്ലലുമലട്ടലുമില്ലാതെ ഇടയ്ക്കുള്ള മനോഹരമായ ചെറുപാലങ്ങള്‍ കടന്നു ഞങ്ങള്‍ മുന്നേറി. ഇടയ്ക്ക് ഇപ്പോ പുലി വന്നാലെന്ത് ചെയ്യുമെന്നും മറ്റുമുള്ള രസകരമായ സംഭാഷണങ്ങള്‍.
ഫോട്ടോയെടുക്കാനും ഊഞ്ഞാലാടാനും വിശ്രമിക്കാനുമുള്ള ഇടങ്ങള്‍ ഈ പാതയിലൊളിഞ്ഞിരിപ്പുണ്ട്. ഒരു പോയെന്റിലെത്തിയപ്പോള്‍ കണ്ടത് മുളകൊണ്ടു ഒന്നിന്നു മുകളില്‍ ഒന്നായി കെട്ടിയുണ്ടാക്കിയ സ്റ്റെപ്പുകളാണ്. തീയറ്ററിലെ സീറ്റുകളെ ഓര്‍മ്മിക്കുന്ന ഇവിടെ ഒരു വലിയ സംഘത്തിന് ഒരുമിച്ചിരുന്ന് ഫോട്ടോയെടുക്കാം. ഒരുമയുണ്ടെങ്കില്‍ ചെറുസംഘങ്ങള്‍ക്ക് വലിയ സംഘമാവുകയും ചെയ്യാം. താഴെ വെളിച്ചബിന്ദുക്കളും ഇലകളും ചിത്രങ്ങള്‍ വരയ്ക്കുന്നു. തൊട്ടടുത്ത മരങ്ങളില്‍ നല്ല ഉറപ്പുള്ള ഊഞ്ഞാലുകളുണ്ട്.
കാട്ടുവള്ളികളും ഇലകളും ഇടകളര്‍ന്നു വനപാതയില്‍ പരവതാനി തീര്‍ത്ത കാട്ടുപാതയിലൂടെ പോകുമ്പോള്‍ ചുറ്റുമുള്ള മരങ്ങളുടെ വൈവിധ്യത്തിലേക്കുള്ള താക്കോലുകളെന്നവണ്ണം മരങ്ങത്തടികളില്‍ അവയുടെ പേരെഴുതി വെച്ചിരിക്കുന്നത്. ഇലിപ്പ, ഇരുമ്പകം, ചേര്, വെള്ളപ്പൈന്‍, കുറ്റം പുളി, ഉങ്ങ്, ആഞ്ഞിലി, എടല, പൂച്ചമരം എന്നിങ്ങനെ പേര് പറഞ്ഞു അവ എന്റെ അരികിലേക്ക് ഓടിവന്നു പരിചയപ്പെടുത്തി. മരത്തടികളിലെ പേര് വായിച്ചശേഷം അവയുടെ ഇലകള്‍ കാണാന്‍ കൊതിച്ചെങ്കിലും നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരങ്ങള്‍ വളഞ്ഞു പുളഞ്ഞു ആകാശം മുട്ടേ തലയുയര്‍ത്തി നിന്നു. ഇടയ്ക്ക് ചാഞ്ഞും ചെരിഞ്ഞും കിടക്കുന്ന മരത്തടികള്‍ നടപ്പിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചു. നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച് അച്ചടക്കത്തോടെ സഞ്ചാരികള്‍ വനത്തിലൂടെ നടന്നു നീങ്ങി. ഇവിടെ അപൂര്‍വ്വയിനത്തിലുള്ള ചെടികളും ഓര്‍ക്കിടുമുണ്ടെന്ന് പക്ഷികളുമുണ്ടെന്നാണ് പറയപ്പെടുന്നതെങ്കിലും നിര്‍ഭാഗ്യവശാല്‍ അവയൊന്നും കണ്ടെത്താന്‍ ഞങ്ങള്‍ക്കായില്ല.
ഈ പാത ഞങ്ങളുടെ നിരീക്ഷണത്തിലാണ് എന്ന നിശ്ശബ്ദ സന്ദേശവുമായി അവിടവിടായി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടുമുട്ടി. നടന്നു ക്ഷീണിച്ചാല്‍ കയ്യില്‍ കരുതിയിരിക്കുന്ന വെള്ളം കുടിച്ചു മുളയിരിപ്പിടങ്ങളില്‍ വിശ്രമിക്കാം. ഇനി വല്ല ഇഴജന്തുക്കളുമുണ്ടാകുമോയെന്ന് ഭയന്ന് ചുറ്റും നോക്കാം.
ഒരു കിലോമീറ്ററോളം വനപാതയിലൂടെ നടന്നാല്‍ എന്താണ് അവിടെയുള്ളതെന്നറിയാനുള്ള കൗതുകം കൊണ്ട് നടന്നു തിരിച്ചു വരുന്നവരോട് കാര്യം തിരക്കി. ഇനിയും നടന്ന അത്രതന്നെ നടക്കണമെന്നു പറഞ്ഞെങ്കിലും അവിടെ 'പൊളി വൈബാ'ണെന്നു കേട്ടപ്പോള്‍ നടത്തിന്റെ വേഗത കൂടി. പാതയിലൊരിടത്ത് അടുത്തടുത്തായി ആനച്ചാണകം കിടക്കുന്നത് കണ്ടു. തങ്ങളുടെ വാസസ്ഥലം മനുഷ്യര്‍ കയ്യേറാത്ത സമയങ്ങളിലെപ്പോഴോ ആനകള്‍ കൂട്ടമായി വന്നു വെള്ളം കുടിക്കുന്നുണ്ടാകണം. വനം ശാന്തമാകുമ്പോള്‍ വേറെ ഏതൊക്കെ ജീവികളിവിടെ എത്തുന്നുണ്ടാകും? അധികം ആലോചിച്ചു സമയം കളയാതെ ഞങ്ങള്‍ നടപ്പ് തുടര്‍ന്നു.
വെള്ളത്തിന്റെ സംഗീതം ദൂരെ നിന്നു കേട്ടു തുടങ്ങി. ഒരേ താളത്തിലുള്ള കളകളാരവം. തൊട്ടടുത്ത് ഒരു മനോഹര ദൃശ്യം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. നദി ഒരുളന്‍ കല്ലുകളില്‍ വീണ മീട്ടുന്നു. തുടര്‍ന്നു ഒന്നു രണ്ടു സ്ഥലങ്ങളില്‍ കുത്തിയൊഴുകുന്നു. ചെറു തുരുത്തുകളില്‍ ചുറ്റിവരിഞ്ഞ ഭീമന്‍ വേരുകള്‍ കൊണ്ട് പിടിച്ചു നില്‍ക്കുന്ന മരങ്ങള്‍. വിനോദസഞ്ചാരികള്‍ കാല്‍ നനയ്ക്കാനും ചിലര്‍ കുട്ടികളെ കുളിപ്പിക്കാനുമായി നദിയിലിറങ്ങിയിരിക്കുന്നു. കല്ലുകള്‍ക്ക് മുകളിലൂടെ ശ്രദ്ധിച്ചു നടന്നാല്‍ ഇഷ്ടമുള്ളിടത്തിരുന്നു കാല്‍ നാനയ്ക്കാം. വെള്ളത്തെ തൊട്ട് നോക്കാം. എല്ലാം മറന്നു നദിയോട് സല്ലപിച്ചങ്ങനെയിരിക്കാം. 'ആ നദിയോട് പേര് ചോദിക്കരുത്' എന്നാണെങ്കിലും കോഴിക്കോട്ടെ കാവിലുമ്പാറയില്‍ വെച്ചു പനമരം നദിയും മാനന്തവാടി നദിയും ചേര്‍ന്നുണ്ടാകുന്നതാണെന്നും കര്‍ണാടകയിലെ മൈസൂരില്‍ വെച്ചു കാവേരി നദിയുമായി കൂടിച്ചേരുമെന്നും എന്നോടവള്‍ സ്വകാര്യം പറഞ്ഞു. അല്‍പനേരം അവിടെയിരുന്ന ശേഷം മനസ്സില്ലാമനസ്സോടെ, ഞങ്ങളവളോട് യാത്ര പറഞ്ഞു.
തിരിച്ചു പെട്ടന്നെത്തിയത് പോലെത്തോന്നി. അപ്പോഴേക്കും ഞങ്ങളാ വഴികളുമായി പരിചയപ്പെട്ടു കഴിഞ്ഞിരുന്നല്ലോ. ചില സംഘങ്ങള്‍ 'ഓയ്', 'ഊ' എന്നീ ശബ്ദങ്ങള്‍ കൊണ്ട് കാടിന്റെ പ്രതിധ്വനി കേട്ടു മോളും അതിനൊപ്പം കൂടി. പാതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒന്ന് രണ്ട് സംഘങ്ങള്‍ കൂടി അതില്‍ച്ചേര്‍ന്നപ്പോള്‍ കുയില്‍പ്പാട്ട് പോലെത്തോന്നിയെനിക്ക്. ഒന്ന് രണ്ട് പ്രാവശ്യം ഞാനും അതൊന്നു പരീക്ഷിച്ചു നോക്കി. ഒരുപിടി നല്ല ഓര്‍മ്മകളുമായി ഞങ്ങള്‍ മറ്റുള്ളവരോടൊപ്പം റാഫ്റ്റ് കാത്തു നിന്നു. പിന്നെ, കുറച്ച് നേരം ഒപ്പമുണ്ടായിരുന്ന ആ സംഘത്തോടും സ്‌നേഹത്തോടെ ഞങ്ങളെ വരവേറ്റ വനദേവതയോടും പുഴയോടും ഫോറെസ്റ്റ് ഉദ്യോഗസ്ഥരോടും യാത്ര പറഞ്ഞു അവിടെ നിന്നു യാത്രയായി.
ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നൊരു കുയിലിന്റെ പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
എതിര്‍പ്പാട്ടു പാടുവാന്‍ മോഹം.
ഒ എന്‍ വിയുടെ വരികള്‍ എത്ര അര്‍ത്ഥവത്താണ്.
Content Highlights: kuruva island wayanad travel destination