ഇരട്ടപ്പാലം കടന്ന് കൂടല്‍ക്കടവിലേക്ക്, വേനലിലും നിറയെ വെള്ളം; നീന്താനും മീന്‍പിടിക്കാനും സഞ്ചാരികള്‍

വേനല്‍കനത്തതോടെ വയനാട് പനമരം കൂടല്‍ക്കടവ് തടയണ സഞ്ചാരികള്‍ക്ക് പ്രിയമേറുന്നു. സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണുണ്ടായത്. ലൈഫ് ജാക്കറ്റും, റ്റിയൂബുമൊക്കെയായി നീന്തല്‍ പഠിക്കാനും ഇവിടെ ഒട്ടേറെപ്പേരാണ് എത്തുന്നത്. റോഡിന്റെ ഇരുഭാഗങ്ങളിലും അരക്കിലോമീറ്ററോളം ദൂരത്തില്‍ സഞ്ചാരികളുടെ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഈ കൊടുംവേനലിലും തടയണയില്‍ ഇഷ്ടംപോലെ വെള്ളമുണ്ട്.
ചീപ്പുകളിട്ട് അടച്ച തടയണയുടെ മുകളിലൂടെയും വെള്ളം ഒഴുകുന്നുണ്ട്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന്, വയനാട് കാണാന്‍ വരുന്നവരും കൂടല്‍ക്കടവില്‍ എത്താറുണ്ട്. കുറുവാദ്വീപിനെ ലക്ഷ്യമാക്കി എത്തുന്നവര്‍ കേട്ടറിവ് കൊണ്ട് മാത്രം കൂടല്‍ക്കടവില്‍ എത്താറാണ് പതിവ്. എത്തുന്നവരില്‍ എണ്‍പത് ശതമാനവും യുവാക്കളാണ്.
പനമരത്ത് നിന്നും പുഞ്ചവയല്‍ ദാസനക്കര റോഡില്‍ പതിനൊന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൂടല്‍കടവില്‍ എത്താം. പേര്യാമലയില് നിന്നും വരുന്ന മാനന്തവാടി പുഴയും, ബാണാസുര മലയില്‍നിന്നും എത്തുന്ന പനമരം പുഴയും കൂടിച്ചേരുന്നത് ഇവിടെ വെച്ചാണ്. അത് കൊണ്ടാണ് ഇവിടെ കൂടല്‍ക്കടവ് എന്ന പേര് വരാന്‍ കാരണം. ഈ രണ്ട്പുഴയ്ക്കും പാലമുണ്ട്. ഈ പാലം കടന്നുവേണം അവിടെ എത്താന്‍. ഇത് ഇരട്ടപ്പാലം(ട്വിന്‍ ബ്രിഡ്ജ്) എന്ന് അറിയപ്പെടുന്നു. ഇവിടെനിന്നും ഈപുഴ നേരെ കുറുവാ ദ്വീപിലേക്കാണ് പോകുന്നത്.
തടയണയാണ് താരം
തടയണയാണ് കൂടല്ക്കടവിനെ ആകര്‍ഷകമാക്കിയത്. ഇരുനൂറ് മീറ്ററോളം നീളവും രണ്ടുമീറ്റര്‍ ഉയരവുമുണ്ട്. ഇതിന്റെ മുകളില്‍ കയറിനിന്നാണ് ഫോട്ടോ പകര്‍ത്തലും പിന്നെ വെള്ളത്തിലേക്കുള്ള ഡൈവിങും മറ്റും. ഗ്രാമവും വനവും കൂടിച്ചേര്‍ന്ന ഒരു പ്രദേശമാണ് കുടല്‍ക്കടവ്. ഒരു വശത്ത് കൂടല്‍ക്കടവ് ഗ്രാമവും മറുവശത്ത് പാതിരി റിസര്‍വ് ഫോറസ്റ്റും. ഒട്ടേറെ ഡോക്യുമെന്ററികളും ടെലിഫിലിമുകളും ഇവിടെ ഇതിനോടകം ക്യാമറകളില്‍ പകര്‍ന്നു കഴിഞ്ഞിരിക്കുന്നു. നവദമ്പതികള്‍ ഔട്ട് ഡോറിനായും ഇപ്പോള്‍ കൂടല്ക്കടവിനെ തിരഞ്ഞെടുക്കുന്നു.
മീന്‍, കക്ക പിടിത്തക്കാരുടെ ഇഷ്ടകേന്ദ്രം
ഇവിടെ തടയണ ഒരുക്കുന്നതിന് മുമ്പും പിമ്പും മീന്‍പിടിത്തക്കാര്‍ ഇവിടുത്തെ നിത്യസന്ദര്‍ശകര്‍ ആയിരുന്നു. രണ്ടു പുഴ സംഗമിക്കുന്ന ഇടമായതിനാല്‍ തന്നെ ഇവിടെ ഇഷ്ടംപോലെ മത്സ്യം ലഭിക്കും എന്നതാണ് ഇവിടെ മീന്‍ പിടിത്തക്കാരുടെ ഇഷ്ടകേന്ദ്രമാകാന്‍ കാരണം. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ മീന്‍ലഭ്യത കുറഞ്ഞിട്ടുണ്ട്. കക്ക പിടിക്കാനും ഇവിടെ തിരക്കാണ്. സഞ്ചാരികളുടെ ഒഴുക്ക് കച്ചവടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ചെറിയ കച്ചവടം മാത്രം ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ നല്ലകച്ചവടം നടക്കുന്നുണ്ട് എന്ന് കച്ചവടക്കാര്‍ പറയുന്നു.
സുരക്ഷാസംവിധാനങ്ങള്‍ വേണം
സുരക്ഷാസംവിധാനം ഇവിടുത്തെ ഒരു വലിയ പോരായ്മതന്നെയാണ്. കൈവേലിയോ, ലൈഫ് ജാക്കറ്റോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും തന്നെ ഇല്ല. പുഴയോടടുത്തുള്ള പാതിരി റിസര്‍വ് വനത്തില്‍ നിന്നും കാട്ടാനകളും മറ്റു വന്യമൃഗങ്ങളും വെള്ളംകുടിക്കാനായി കടവില്‍ എത്താറുണ്ട്. തടയണയുടെ ഇരുഭാഗങ്ങളിലും പാറക്കല്ലുകളാണ്. തടയണ താണ്ടി അക്കരെ എത്തുന്നവര്‍ കാട്ടില്‍ പ്രവേശിക്കുന്നതും പതിവാണ്.
എന്നാല്‍ വേണ്ടമുന്കരുതലുകളോ ബോധവത്കരണ ബോര്‍ഡുകളോ ഇല്ല. ഒരു അപകടം സംഭവിക്കുന്നതിന് മുന്‍പ് വേണ്ട മുന്‍കരുതല്‍ എടുക്കണം എന്ന ആവശ്യം ശക്തമാകുന്നുണ്ട്. സഞ്ചാരികള്‍ ഇവിടെ വെച്ച് ഭക്ഷണം പാകംചെയ്ത് കഴിക്കുന്നുണ്ട്. അതിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങളും ഇപ്പോള്‍ പുഴയിലേക്ക് ആണ് ഒഴുക്കുന്നത്. ഇത് പുഴയുടെ നാശത്തിന് കാരണമാകും. ഇതിനുവേണ്ട സംവിധാനവും ഒരുക്കേണ്ടതുണ്ട്.
വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റണം
അടുത്തകാലത്തായി സഞ്ചാരികള്‍ ഇപ്പോള്‍ നെഞ്ചിലേറ്റിയ കൂടല്‍ക്കടവ് തടയണയെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്. ജില്ലയിലെ മറ്റൊരു വിനോദ സഞ്ചാരകേന്ദ്രമാക്കി ഇവിടുത്തെ തടയണയും പ്രകൃതി ഭംഗിയും മറ്റും പ്രശസ്തി ആര്‍ജിക്കുമെന്ന വിശ്വാസത്തിലാണ് ഇന്ന് പരിസരവാസികള്‍.
Content Highlights: koodalkadavu check dam panamaram wayanad