'തിരയോളം ഉയരെ'; ഗോവയില്‍ ഓളപ്പരപ്പില്‍ സര്‍ഫിങ് ചെയ്ത് കല്‍ക്കി

Photo: instagram.com/kalkikanmani
Photo: instagram.com/kalkikanmani

വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് കല്‍ക്കി കോച്ലിന്‍.  സിന്ദഗി ന മിലേഗി ദൊബാര, ഗള്ളി ബോയ്, യേ ജവാനി ഹെ ദിവാനി തുടങ്ങിയ ചിത്രങ്ങളിലൂടെ അവര്‍ ആരാധകരുടെ മനസില്‍ ഇടംനേടി. യാത്രകളും സാഹസിക വിനോദങ്ങളുമെല്ലാം ഏറെയിഷ്ടമുള്ള കല്‍കിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഗോവയില്‍ സര്‍ഫ് ചെയ്യുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

തിരകള്‍ക്ക്‌ മുകളിലൂടെ അനായാസം സര്‍ഫ് ചെയ്യുന്ന കല്‍കിയെയാണ് ചിത്രത്തില്‍ കാണുന്നത്. സര്‍ഫിങ് ഏറെ ഇഷ്ടപ്പെടുന്ന കല്‍ക്കി നേരത്തെയും സര്‍ഫിങ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.കോവിഡ് ലോക്ഡൗണ്‍ കാലത്ത് സര്‍ഫിങ്ങാണ് തനിക്ക് ഏറ്റവും മിസ്സ് ചെയ്യുന്നതെന്ന് കല്‍ക്കി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഗോവയില്‍ സര്‍ഫിങ് പരിശീലനം നല്‍കുന്ന ഒക്ടോപ്പസ് സര്‍ഫിങ് സ്‌കൂളിന്റെ ഭാഗമായാണ് താരത്തിന്റെ സര്‍ഫിങ്. ഗോവയിലെ ബീച്ചുകളോട് ചേര്‍ന്നുള്ള നിരവധി സര്‍ഫിങ് സ്‌കൂളുകളിലൊന്നാണ് ഒക്ടോപ്പസ്. ഗോവയിലെ പെര്‍നെം ബീച്ചിലാണ് ഇവരുടെ പ്രവര്‍ത്തനം. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഗോവയില്‍ സര്‍ഫിങ് സീസണ്‍. ഏതാനും ദിവസത്തിനായി ഗോവയിലെത്തുന്ന സഞ്ചാരികള്‍ക്കും ഇവര്‍ സര്‍ഫിങ്ങിലെ അടിസ്ഥാന പരിശീലനം നല്‍കും. ഗോവയിലെ ഏതാണ്ടെല്ലാം ബീച്ചുകളിലും സര്‍ഫിങ് പരിശീലനവും ഫെസ്റ്റിവലുകളും നടക്കാറുണ്ട്.

ഗോവയ്ക്ക് പുറമെ മറ്റ് പല ഇന്ത്യന്‍ ബീച്ചുകളിലും ഇത്തരത്തിലുള്ള സര്‍ഫിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രൊഫഷണലുകളുടെ സഹായത്താല്‍ ആര്‍ക്കും ഇവിടെ സര്‍ഫിങ് പരിശീലിക്കാം. കേരളത്തില്‍ വര്‍ക്കലയിലും ബേപ്പൂരിലുമെല്ലാം ഇത്തരത്തിലുള്ള സര്‍ഫിങ് പരിശീലന കേന്ദ്രങ്ങളുണ്ട്. ബേപ്പൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വ ടൂറിസംമിഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സര്‍ഫിങ് പരിശീലന കേന്ദ്രം ആരംഭിച്ചിരുന്നു. 

Content Highlights: kalki koechlin surfing in goa