'ചുട്ടമല്ലേ' ചിത്രീകരിച്ച ദ്വീപ്, പാട്ടിനുംമുൻപേ വൈറലായ കോ ഫാക് ബിയ; ചിത്രങ്ങളുമായി ജാൻവി

ജൂനിയര്‍ എന്‍.ടി.ആറും ജാന്‍വി കപൂറും പ്രധാന വേഷത്തിലെത്തിയ ദേവരയിലെ 'ചുട്ടമല്ലേ' എന്ന ഗാനം വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തത്. രണ്ടു മാസം മുമ്പ് പുറത്തിറങ്ങിയ ഗാനം യൂട്യൂബ് ടോപ് മ്യൂസിക് വീഡിയോയില്‍ മൂന്നാം സ്ഥാനത്താണ്. ഈ ഗാനം ചിത്രീകരിച്ചതെവിടെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജാൻവി.
ലോകത്തെമ്പാടുള്ള ബീച്ച് പ്രേമികളുടെ പറുദീസയായ തായ്ലൻഡിലെ കോ ഫാക് ബിയ ദ്വീപിലാണ് ചുട്ടമല്ലേ ചിത്രീകരിച്ചിരിക്കുന്നത്. ക്രാബി പ്രവിശ്യയിലെ അറിയപ്പെടാതെ സ്വര്‍ഗ്ഗമാണ് കോ ഫാക് ബിയ. ഇവിടെനിന്നുള്ള ഷൂട്ടിങ് ഓര്‍മ്മകളാണ് ജാൻവി പങ്കുവെച്ചിരിക്കുന്നത്. തായ്ലൻഡിലെ ട്രാവല്‍ ഡെസ്റ്റിനേഷനുകള്‍ തിരഞ്ഞുനടക്കുന്നവര്‍ അറിയേണ്ട സ്ഥലാണ് ചുട്ടമല്ലേ ചിത്രീകരിച്ച കോ ഫാക് ബിയ.
ഡൈവിങ് പോലുള്ള സമുദ്രവിനോദങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ് കോ ഫാക് ബിയ . ക്രാബി ടൗണ്‍, ആവോ നാങ്, റെയ്ലേ ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ലോങ് ടെയില്‍ ബോട്ട് അല്ലെങ്കില്‍ സ്പീഡ് ബോട്ടുകളാണ് കോ ഫാക് ബിയിലേക്കുള്ള യാത്രാ മാർഗ്ഗം.
തെക്കന്‍ തായ്ലന്‍ഡില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ക്രാബി. ക്രാബിയുടെ അതിമനോഹരമായ പ്രകൃതി സൗന്ദര്യം ഇതിനുമുൻപും സിനിമകളിൽ ഇടം നേടിയിട്ടുണ്ട്. ലിയനാര്‍ഡോ ഡി കാപ്രിയോ നായകനായി 2000-ല്‍ പുറത്തിറങ്ങിയ ദ ബീച്ച് എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ദ്വീപാണ് തായ്‌ലന്‍ഡിലെ ക്രാബി പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന കൊ ഫീ ഫീ.
കൂടാതെ 150 ലധികം ദ്വീപുകളും ചുടുനീരുറവകളും വിസ്മയമുണര്‍ത്തുന്നര്‍ത്തുന്ന ജൈവവൈവിധ്യവുമെല്ലാം ക്രാബിയുടെ സവിശേഷതകളാണ്. ഇവിടുത്തെ ഉദയാസ്തമയക്കാഴ്ചകള്‍ മനംമയക്കുന്നതാണ്. കൂടാതെ വേക്ക്‌ബോര്‍ഡിങ്, വിന്‍ഡ്സര്‍ഫിങ്, കൈറ്റ്സര്‍ഫിങ്, സ്‌നോര്‍ക്കലിങ്, ഡൈവിങ് എന്നീ സാഹസിക വിനോദങ്ങളും ഇവിടങ്ങളില്‍ സജീവമാണ്. നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടേക്കുള്ള യാത്രക്ക് അനുയോജ്യമായ സമയം.
Content Highlights: jahnvi kapoor shares chuttamalle shooting location koh phak bia thailand