ഇന്ത്യയില്‍ കണ്ടിരിക്കേണ്ട 5 സംസ്ഥാനങ്ങളുടെ ലിസ്റ്റുമായി വിദേശ യൂട്യൂബര്‍; കേരളം അഞ്ചാം സ്ഥാനത്ത്

'ഇന്ത്യയിലെത്തുന്ന ഒരു സഞ്ചാരി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സംസ്ഥാനങ്ങള്‍ ഇവയാണ്....' ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറായ മൈക്ക് ഒ കെന്നഡി കഴിഞ്ഞ ദിവലം സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വീഡിയോയുടെ വിഷയം ഇതായിരുന്നു. കുറഞ്ഞ സമയം കൊണ്ടുതന്നെ വീഡിയോ ഹിറ്റായി മാറി. മൈക്കിന്റെ അഭിപ്രായത്തില്‍ ഒരു സഞ്ചാരി കണ്ടിരിക്കേണ്ട മികച്ച അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പേരുകളും അതിന്റെ കാരണങ്ങളുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
ഇന്ത്യയില്‍ ടൂറിസം മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ തന്നെയാണ് മൈക്കിന്റെ ലിസ്റ്റിലും ഇടം നേടിയത്. എന്നാല്‍ ഒന്നാം സ്ഥാനത്തിന്റെ കാര്യത്തില്‍ പ്രവചനങ്ങളെല്ലാം തെറ്റി. വീഡിയോയ്ക്ക് കമന്റ് ചെയ്ത മിക്കവാറും ആളുകളും മൈക്കിന്റെ ലിസ്റ്റ് ശരിയാണെന്ന് അംഗീകരിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ചുരുക്കം ചില ആളുകള്‍ തങ്ങളുടെ സംസ്ഥാനത്തെ ഉള്‍പ്പെടുത്താതിലുള്ള നീരസം പ്രകടിപ്പിച്ചു.
ഈ ലിസ്റ്റില്‍ ഇന്ത്യയില്‍ ഒരു സഞ്ചാരി കണ്ടിരിക്കേണ്ട അഞ്ച് സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്ത് കേരളമാണ്. നാലാം സ്ഥാനത്ത് ഗോവയും മൂന്നാമത് ഹിമാചല്‍ പ്രദേശും രണ്ടാം സ്ഥാനത്ത് ലഡാക്കുമുണ്ട്. നാഗാലന്‍ഡ് ആണ് ലിസ്റ്റില്‍ ഒന്നാമതായുള്ളത്. മറ്റ് പല സംസ്ഥാനങ്ങളും പ്രതീക്ഷിച്ചതാണെങ്കിലും നാഗാലാന്‍ഡ് ഒന്നാമതെത്തിയത് പലരെയും അത്ഭുതപ്പെടുത്തി. പക്ഷെ നാഗാലാന്‍ഡിലൂടെ സഞ്ചരിച്ച ചിലര്‍ സാക്ഷ്യപ്പെടുത്തിയത് ഈ ലിസ്റ്റില്‍ ഒന്നാമതെത്താന്‍ എന്തുകൊണ്ടും അര്‍ഹതയുള്ള സംസ്ഥാനമാണ് നാഗാലാന്‍ഡ് എന്നാണ്.
യാത്ര സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ഗോത്രജനതയുടെ നാട്, ആഘോഷങ്ങളുടേയും
ചരിത്രം, സംസ്‌കാരം, പാരമ്പരം എന്നിവകൊണ്ടെല്ലാം ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തവും അപൂര്‍വവുമായ പ്രദേശമാണ് നാഗാലാന്‍ഡ്. വ്യത്യസ്തമായ കാഴ്ചകള്‍ തേടിയെത്തുന്ന സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്താത്ത നാട്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ആചാരങ്ങള്‍ പിന്തുടരുന്ന ഗോത്ര ജനതയാണ് ഈ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. 11 ജില്ലകളായാണ് നാഗാലാന്‍ഡ് വിഭജിക്കപ്പെട്ടിരിക്കുന്നത്.
ഉത്സവങ്ങളുടെ നാട് എന്ന വിളിപ്പേര് കൂടിയുണ്ട് നാഗാലാന്‍ഡിന്. വ്യത്യസ്തമായ നിരവധി ഗോത്രാചാരങ്ങളും ആഘോഷങ്ങളും വര്‍ഷം മുഴുവന്‍ അരങ്ങേറുന്നതിനാലാണ് നാഗാലാന്‍ഡിന് ഈ വിളിപ്പേരുള്ളത്. ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഹോര്‍ണ്‍ബില്‍ ഫെസ്റ്റിവലാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ ആഘോഷത്തില്‍ പങ്കെടുക്കാനായി സഞ്ചാരികളെത്താറുണ്ട്.
Content Highlights: Internet agrees with this list of ‘top 5 Indian states to visit