കാട് കടന്നാലുടന്‍ ഗന്ധകശാലയുടെ സുഗന്ധമാണ്; വിസ്മയിപ്പിക്കും ഈ വയനാടന്‍ വനഗ്രാമം

ഒരു മഴക്കാലം പച്ച പുതപ്പിച്ച കാടിനുള്ളില്‍ നനഞ്ഞ് കുതിര്‍ന്ന ചേകാടിയെ കാണാന്‍ വല്യ ചേലാണ്. നാല് ഭാഗവും അതിരിടുന്ന കാട് കടന്ന് ചേകാടിയിലെത്തുമ്പോള്‍ ഈ ഗ്രാമം കൃഷിപ്പണിയുടെ തകൃതിയിലാണ്. വിശാലമായ വയലില്‍ പച്ചയും ചുവപ്പും അതിരിട്ട് കൃഷിഭൂമികള്‍. നീളവും വീതിയുമൊന്നും അളന്ന് മുറിച്ചിട്ടില്ലാത്ത ഒന്നിനൊന്ന് വേറിട്ട പരപ്പുകളില്‍ വയല്‍ക്കാഴ്ചകള്‍. ചെറുതും വലുതുമായ പച്ചക്കള്ളികളൊരുക്കി നിറയെ ഞാറ്റുപാടങ്ങള്‍. നിരനിരയായി വേഗത്തില്‍ നട്ടുപോകുന്ന ഗന്ധകശാല പാടങ്ങളില്‍ ഇര പിടിക്കുന്ന കൊക്കുകളുടെ കാഹളം. ഇക്കാലം വരെയും നെല്‍കൃഷിയെ ഉപേക്ഷിക്കാത്ത നാട്ടിന്‍പുറത്തിന്റെ നന്മകളാണ് ചേകാടിയുടെയും വിലാസം. ചെളിമെഴുകിയ വരമ്പുകള്‍ കടന്ന് ഈണത്തില്‍ നെല്ലു നാട്ടുന്ന ഗ്രാമീണര്‍. പരസ്പരം കുശലം പറഞ്ഞ് കാടിറങ്ങിവരുന്ന മഴയെ പുണര്‍ന്ന് ചേകാടിക്ക് ഒരു മഴക്കാലത്തിന്റെ ഉത്സവമേളം.
കാടിനെ തൊടുന്ന വയലിറമ്പങ്ങളിലാണ് അടയരുടെയും ആദിവാസികളുടെയും തമ്പുകള്‍. പച്ചപ്പിനുള്ളിലെ മഴയില്‍ കുതിര്‍ന്ന ഇറതാണ കൂടാരങ്ങള്‍. ഈ ഇറയത്ത് നിന്നാണ് ചേകാടിയിലെ വയല്‍ക്കാഴ്ചകള്‍ ഏറെ സുന്ദരം. പുല്ലിറകളില്‍ നിന്നും താളം പിടിച്ച് താഴേത്ത് ഉതിര്‍ന്നുവീഴുന്ന മഴയ്‌ക്കൊപ്പം കുഴലൂത്തുമായി കാറ്റുമെത്തും. തണുത്ത് വിറയ്ക്കുന്ന കൈകള്‍ കൂട്ടി തിരുമ്മി കരിപ്പെട്ടിയിട്ട കറുത്ത വയനാടന്‍ ചൂട് കാപ്പി ഊതിക്കുടിച്ചാണ് ഇവര്‍ തണുപ്പിനെ കാടതിര്‍ത്തി കടത്തുക. നെല്‍കൃഷി കാലമായാല്‍ അതിരാവിലെ തന്നെ ഗ്രാമമുണരും. കാട്ടിലെ മഴ തോര്‍ന്നാലും മഞ്ഞായി പെയ്തുകൊണ്ടേയിരിക്കും. കോടമഞ്ഞിനെ വകഞ്ഞുവേണം വയലിലേക്ക് നടക്കാന്‍. ഒരു ഭാഗം തട്ടുതട്ടായുള്ള വയലാണ്. ഇവിടെ ഒരു പാടത്ത് നിന്നും അടുത്ത പാടത്തേക്ക് മടയിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം കാതില്‍പ്പതിയും. ചേറില്‍ മുങ്ങിയ പാടത്ത് കാലത്ത് തന്നെ ഇരപിടിയന്‍ കൊക്കുകളുടെ നീണ്ട നിരയുണ്ട്. നിരനിരയായി നാട്ടിപ്പണിക്കായി രാവിലെയെത്തുന്ന ഗ്രാമീണരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ വരമ്പുകള്‍. ചേകാടിയുടെ ഉണര്‍ത്തുപാട്ടുമായി മഴയും വട്ടക്കുടകളില്‍ താളം പിടിക്കുന്നതോടെ ഒരു കൃഷിദിനം തുടങ്ങുകയായി.
പാടമെല്ലാം നട്ടുനട്ട് പച്ചപ്പണിയണം. എല്ലമുറിയെ അക്ഷീണം ഇതിനായി അധ്വാനിക്കുന്നവരാണ് ചേകാടിക്കാര്‍. റേഷന്‍കടയും ഭക്ഷ്യഭദ്രതയുമെല്ലാം തല്‍ക്കാലം ഇവര്‍ കാടിന് പുറത്ത് തന്നെ നിര്‍ത്തും. മണ്ണിന്റെ മനസ്സറിഞ്ഞ് അധ്വാനിച്ച് ഇവര്‍ ഇവര്‍ക്കുള്ള ഭക്ഷ്യഭദ്രത ഉറപ്പാക്കും. ഇവര്‍ക്കുള്ളത് മാത്രമല്ല. കാട്ടുമൃഗങ്ങള്‍ക്കൂടിയുള്ളതാണ് ഇവരുടെ കൃഷി. കാട്ടുപന്നികള്‍, മാനുകള്‍, കാട്ടുപോത്തുകള്‍, കാട്ടാനകള്‍ എന്നിവയെല്ലാലം നെല്ല് കതിരിടുമ്പേഴേക്കും പാടത്തിനരകിലെത്തും. ഏറുമാടങ്ങള്‍ രാത്രിയിലും ചേകാടിക്ക് കാവലിരിക്കുമ്പോഴും അവര്‍ക്ക് വേണ്ടത് അവരെടുത്തിരിക്കും. എന്നാലും ഇവര്‍ക്ക് പരിഭവമില്ല. ഇതൊന്നും കൊണ്ട് ഇവര്‍ കൃഷി ഉപേക്ഷിക്കാന്‍ തയ്യാറല്ല. കാലങ്ങളായുള്ള കാടുമായുളള ഈ വീതം വെക്കലുകള്‍ക്കിടയിലും ഭദ്രമാണ് ഇവരുടെ ജീവിതം.
നെല്ലിന്റെ സ്വന്തം നാട്
ഞാറ് പോലും സുഗന്ധം വിതറുന്ന ഗന്ധകശാലയാണ് ചേകാടിയുടെ സ്വന്തം നെല്ല്. ഭൗമസൂചികയില്‍ ഇടം തേടിയ വയനാടന്‍ ഗന്ധകശാലയുടെ കലര്‍പ്പില്ലാത്ത കലവറയാണിത്. ഈ സുഗന്ധ നെല്ലിനെ സമ്പാദ്യമായി കാണാനാണ് ഇവര്‍ക്കിഷ്ടം. ഗന്ധകശാല അരിയുടെ ചോറും പായസവുമെല്ലാം മണവും രുചിയുമുള്ള ഇവരുടെ അമൂല്യനിധിയാണ്. കാടിനുള്ളില്‍ ഗന്ധകശാല കതിരിടുമ്പോള്‍ അങ്ങകലെ കാടിന് പുറത്തേക്കുമെല്ലാം കാറ്റില്‍ സുഗന്ധമെത്തും. വന്യമൃഗങ്ങളും ഇതിന് പിന്നാലെ പാടത്തെത്തും. ഈ ഗന്ധകശാല പാടങ്ങളുടെ സമൃദ്ധി തന്നെയാണ് ചേകാടിയുടെയും സൗന്ദര്യം.
കര്‍ണ്ണാടകയുടെ വിളിപ്പാടകലെയാണ് ചേകാടി ഗ്രാമം. ഒരു കാലത്ത് കര്‍ണ്ണാടകയില്‍ നിന്നും ഘോരവനങ്ങള്‍ കടന്നെത്തിയവരാണ് ചേകാടിയുടെ മുന്‍ തലമുറക്കാരെല്ലാം. ഫലഭൂയിഷ്ഠമായ കബനിയുടെ തീരത്തായി ഇവര്‍ ഒരു കാര്‍ഷിക സംസ്‌കൃതി രൂപപ്പെടുത്തുകയായിരുന്നു. പലായനത്തിന്റെ ഇന്നെലകളില്‍ എല്ലാം ഉപേക്ഷിച്ച് പോന്നവര്‍ ഇവിടെ നിന്നും പുതിയ ജീവിതഗാഥകള്‍ക്ക് തുടക്കമിടുകയായിരുന്നു. അക്കാലം മുതല്‍ നെല്ലായിരുന്നു ഇവിടുത്തെ പ്രധാനകൃഷി. ചേകാടിയുടെ നെല്‍കൃഷിക്കാലത്തിന്റെ ചരിത്രം അന്വേഷിക്കുകയാണെങ്കില്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്കാണ് ഓര്‍മ്മകള്‍ ചെന്നെത്തുക.
പുല്ലുമേഞ്ഞതും ഇറതാണതുമായ വീടുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇത്തരത്തിലുള്ള രണ്ടുവീടുകള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ അവശേഷിക്കുന്നത്. ബാക്കിയെല്ലാം ഓടുപാകിയും മറ്റും പുതുമോടിയണിഞ്ഞു. പുല്ലുമേഞ്ഞ വീടുകളാണെങ്കിലും കാലങ്ങളോളം നെല്ല് സൂക്ഷിക്കാന്‍ കഴിയുന്ന പത്തായപുരകള്‍ ഈ വീടുകളുടെയും അഭിമാനമായിരുന്നു. മരത്തിന്റെ പലകകള്‍ നിരത്തിയ പത്തായത്തിനുള്ളില്‍ ഏറെക്കാലം സൂക്ഷിച്ചു വെക്കാന്‍ കഴിയുന്നതായിരുന്നു നെല്ലെല്ലാം. പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ ഇനി ആരെയും പേടിക്കേണ്ടയെന്ന ആത്മവിശ്വസാവും ഇവരുടെ ജീവിതത്തിന് അടിത്തറ പാകി. നെല്ലിന് പകരം നെല്ല് കൊടുത്തും പരസ്പരം പട്ടിണി എന്തെന്നറിയാതെയാണ് ഇവരെല്ലാം ഇക്കാലം വരെയും ജീവിച്ചുപോന്നത്. നെല്ലും ജീവിതവും തമ്മിലിണങ്ങിയ സംസ്‌കൃതി പകരമില്ലാത്ത കാര്‍ഷിക സംസ്‌കൃതിയുടെ ചരിത്രം കൂടിയാണ് പങ്കുവെക്കുന്നത്.
നെല്ലാണ് ചേകാടിയുടെ സമ്പാദ്യം
കാടിനുളളിലെ ചേകാടി ഗ്രാമത്തിലേക്ക് മുമ്പ് വാഹന സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബാവലിയില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ പുഴയ്ക്ക് അക്കരെ വരെ മാത്രം എത്തും. ഇവിടെ നിന്നും മുളംചങ്ങാടം കടന്നുവേണം ഗ്രാമത്തിലെത്താന്‍. അതുമല്ലെങ്കില്‍ പാക്കം വഴി നാലു കിലോമീറ്ററോളം കാടിനുള്ളിലൂടെയുള്ള പാതകള്‍ കടന്നുവേണം വരാന്‍. പുല്‍പ്പളളിയില്‍ നിന്നുമാണ് യാത്രയെങ്കില്‍ ഇതേ പോലത്തന്നെ കാട് കടന്നുംവേണം ചേകാടിയിലെത്താന്‍. നിബിഢമായ കാടിനുളളില്‍ ഇത്രയും വിശാലമായ ഒരു വയല്‍ ആര്‍ക്കും സങ്കല്‍പ്പിക്കാനാകില്ല. കരഭൂമിയേക്കാള്‍ ആറിരട്ടി വയലുകള്‍ ഈ ഗ്രാമത്തിലുണ്ട്. ഇതിനാല്‍ തന്നെ ചേകാടിക്കാരുടെ ജീവിതത്തിനെയും ഈ നെല്‍വയലുകള്‍ ഏറെ സ്വാധീനിച്ചു. നെല്ല് ഗ്രാമീണരുടെ സമ്പാദ്യമായി. കാടിനുളളില പ്രത്യേക കാലാവസ്ഥയില്‍ വിളയുന്ന നെല്ലിന് ഗുണവും കൂടി. ആരോഗ്യദായകമായ ഭക്ഷ്യശീലത്തിന്റെ ഈ തുടര്‍ച്ചകളാണ് ഈ ഗ്രാമത്തെയും തനത് കാര്‍ഷിക സംസ്‌കൃതിയോട് ഏറെ അടുപ്പിച്ചത്.
മഴയില്‍ നനഞ്ഞു കുതിര്‍ന്ന കാടിന് നടുവിലെ ചേകാടിക്ക് വീണ്ടും നെല്‍കൃഷിക്കാലമാണ്. വേനലിന്റെ ഇടവേളയ്ക്ക് ശേഷം പാടങ്ങളെല്ലാം ഉഴുത് മുറിഞ്ഞു. ഞാറെല്ലാം പാകമായി വരുന്നതോടെ വയലേലകളില്‍ കര്‍ഷകരെല്ലാം തിരക്കിലാണ്. നെല്‍കൃഷിയുടെ വയനാടന്‍ പാരമ്പര്യങ്ങളെ ഇന്നും കാത്തുസൂക്ഷിക്കുന്ന ചേകാടിയുടെ കൃഷി കാഴ്ചകളും സമൃദ്ധമാണ്. വയലുകളുടെ നാടായ വയനാടിന് നെല്‍പ്പാടങ്ങള്‍ അന്യമാകുന്ന കാലത്ത് ഈ മണ്ണിലാണ് പ്രതീക്ഷകള്‍. ഗ്രാമജീവിതത്തിന്റെ വേറിട്ട വഴികളില്‍ ഈ വനഗ്രാമം വരച്ചിടുന്നത് വയനാടിന്റെ വശ്യമായ ഭൂതകാലം കൂടിയാണ്..
മണ്ണിലിറങ്ങാന്‍ മടിയില്ലാത്തവരുടെ നാട്
അധികം കാലം പിറകിലല്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരൈയും ഈ പാടം മുഴുവന്‍ ഏരുപൂട്ടുന്ന കന്നുകാലികളെകൊണ്ട് നിറയുന്ന സമയമാണിത്. പതിയെ പതിയെ ഇവയെല്ലാം ഒഴിഞ്ഞുപോയി. കൃഷി നഷ്ടത്തിന്റെ കണക്കുകള്‍ കൂടിയപ്പോള്‍ ആദ്യം ഒഴിവാക്കിയത് ഉഴവുമാടുകളെയാണ്. അതിന് പകരം ടില്ലറും ട്രാക്ടറുകളുമെല്ലാം കാട് കടന്ന് ചേകാടിയിലെത്തി. ഇന്നിപ്പോഴിതാ നാട്ടിപ്പണിക്കായി യന്ത്രങ്ങളും ഇവിടെ എത്തി തുടങ്ങി. മാറിയ കാലങ്ങളിലൂടെയും കൃഷി മാത്രം ഉപേക്ഷിക്കാന്‍ മനസ്സില്ലാത്ത ചേകാടിയിലെ നെല്‍കൃഷിയെക്കുറിച്ചാണ് കര്‍ഷകനായ അജയന്‍ പറയുന്നത്.
മാറുന്ന സാഹചര്യത്തില്‍ നെല്‍കൃഷി യന്ത്രവത്കൃത കാലത്തിലൂടെയും മുന്നേറുകയാണ്. പൊള്ളുന്ന വേനലില്‍ വിണ്ടു കീറിയ തരിശ് നെല്‍പ്പാടങ്ങള്‍ നഞ്ച കൃഷിക്കായി പരുവപ്പെടണമെങ്കില്‍ അതിരിട്ടൊഴുകുന്ന കബനി മഴ പെയ്ത് നിറയണമെന്നാണ് കണക്ക്. ഒന്നും രണ്ടുമല്ല ആറ് ചാലുകള്‍ വരെയും കന്നുകാലികളെ കൊണ്ട് ഉഴുതുമറിക്കുന്നതായിരുന്നു പഴയകാലശീലം. കുഴമ്പ് പോലെ ചേറായ കണ്ടത്തിലാണ് നാട്ടി. വെളിയനും, തൊണ്ടിയും ഗന്ധകശാലയും ജീരികശാലയുമെല്ലാമായിരുന്നു ആദ്യകാല കൃഷി. ഒന്ന് ഒന്നരമാസം വരെയും നീണ്ടു നില്‍ക്കുന്നതായിരുന്നു അക്കാലെത്തെല്ലാം നാട്ടിപ്പണിപോലും. ഒന്നിച്ച് എല്ലാവര്‍ക്കും തൊഴിലാളികളെ കിട്ടാന്‍ പ്രയാസമായതിനാല്‍ ഒരു ഭാഗത്ത് നിന്നും തുടങ്ങി മറുഭാഗം വരെയും ക്രമത്തിലാണ് ഞാറ് പോലും പാകുക. കൂട്ടുകൃഷിയുടെ താളത്തില്‍ കതിര് നിരന്ന പാടത്ത് കൊയ്ത്തും അങ്ങിനെ ആഘോഷമായി നടക്കും.
കഴിഞ്ഞ തവണയാണ് ഇവിടെ ആദ്യമായി ഞാറ് നടീല്‍ യന്ത്രങ്ങള്‍ എത്തിതുടങ്ങിയത്. കുറച്ച് കര്‍ഷകര്‍ യന്ത്ര നാട്ടി പരീക്ഷിച്ചു. സമയലാഭവും തൊഴിലാളി ക്ഷാമത്തിന് നേരിയ പരിഹാരം എന്നെല്ലാമുളള കാരണത്താല്‍ ഇത്തവണ അതിലേറെ കര്‍ഷകര്‍ യന്ത്രനാട്ടിക്കായി വിത്തുകള്‍ പാകി. വയലില്‍ പ്രത്യേകമായി തയ്യാറാക്കിയ ഇടങ്ങളില്‍ കാര്‍പ്പെറ്റ് പോലെ ഞാറുകള്‍ പാകി ഇവ പാകമാകുമ്പോള്‍ യന്ത്രത്തിന്റെ സഹായത്തോടെ നാട്ടുന്നതാണ് രീതി. തൃശ്ശൂര്‍ കോള്‍പ്പാടത്ത് നിന്നുമാണ് ഇതിനായി യന്ത്രങ്ങളും തൊഴിലാളികളും ഇവിടേക്ക് ചുരം കയറിയെത്തിയത്.
സുഗന്ധം പൂക്കുന്ന വയലുകള്‍
കാട് കടന്നാല്‍ ഗന്ധകശാലയുടെ സുഗന്ധമാണ് ചേകാടിയിലേക്ക് വരവേല്‍ക്കുക. എന്നാല്‍ മുമ്പ് കാലത്തെപ്പോലെ ഈ ഗന്ധകശാല ചേകാടിക്ക് സംരക്ഷിക്കാന്‍ കഴിയുന്നില്ല. ഉത്പാദനക്കുറവും കൃഷി ചെലവുമെല്ലാം കണക്കാക്കിയാല്‍ നഷ്ടം തന്നെയാണ്. എങ്കിലും എല്ലാ കര്‍ഷകരും പഴയതുപോലെ ഇല്ലെങ്കിലും കൃഷി ചെയ്യുമെന്നതാണ് പ്രധാനകാര്യം. ആവര്‍ത്തന കൃഷിയില്‍ നിലത്തിന്റെ ജൈവികത നഷ്ടമാകുന്നതെല്ലാം ഗന്ധകശാലയെ സാരമായി ബാധിക്കുന്നുണ്ട്. രാസവളത്തെക്കാള്‍ ജൈവ വളമാണ് ഗന്ധകശാലയ്ക്ക് വേണ്ടത്. രാസവളം പ്രയോഗിച്ചാല്‍ മണവും ഗുണവും പോകും. പച്ചില, ചാണകം തുടങ്ങിയ ജൈവ വളങ്ങള്‍ കാര്യമായി ഉപയോഗിച്ചാല്‍ നെല്ല് നന്നാകും. ഇതിനൊക്കെ ചെലവേറുന്നതായതോടെ അത്രയെ#ാന്നും ശ്രദ്ധ നല്‍കാന്‍ കര്‍ഷകര്‍ക്കും താല്‍പ്പര്യമില്ലാതായി. കൃഷി പ്രോത്സാഹനക്കുറവും വിപണിയില്ലാത്തതുമെല്ലാം ചേകാടിയിലെ ഗന്ധകശാല കര്‍ഷകരെ നിരുത്സാഹപ്പെടുത്തുന്നു.
വലിച്ചൂരിയും മലബാര്‍ മട്ടയും പ്രിയം
ഗന്ധകശാല കഴിഞ്ഞാല്‍ വയനാടിന്റെ പഴയ നെല്ലിനങ്ങളെല്ലാം ചേകാടിയെ കൈവിട്ടു. വലിച്ചൂരിയും മലബാര്‍മട്ടയുമാണ് ഇവിടെ കര്‍ഷകര്‍ക്ക് പ്രീയം. വയനാടിന്റെ തനത് കാലാവസ്ഥയോടും വിപണിയോടും പൊരുത്തപ്പെട്ട ഈ നെല്ലിനങ്ങള്‍ വ്യാപകമായാണ് കൃഷി ചെയ്യുന്നത്. മോശമല്ലാത്ത വിളവ്. ചുരുങ്ങിയ കൃഷിക്കാലയളവ്, പുതിയ മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വൈക്കോല്‍ എന്നിവയെല്ലാം ഈ വിത്തിനങ്ങളിലേക്ക് കര്‍ഷകരെ കൂടുതല്‍ ആകൃഷ്ടരാക്കി. സപ്ലൈകോയുടെ നെല്ല് സംഭരണത്തിലൂടെയാണ് ഇവര്‍ നെല്ല് വില്‍ക്കുന്നത്. മട്ട നെല്ലിനങ്ങള്‍ക്ക് മില്ലുകാരില്‍ നിന്നും മികച്ച പ്രതികരണവും ലഭിക്കുന്നു.
ചേകാടിക്ക് സ്വന്തം 225 ഏക്കര്‍ നിലം
ചേകാടിയിലേക്കുള്ള കുടിയേറ്റത്തിന് മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കര്‍ണ്ണാടകയില്‍ നിന്നും കാട് കടന്നെത്തിയവരാണ് ഇവിടുത്തെ ആദിമ താമസക്കാര്‍ എന്നാണ് നിഗമനം. ബാവലിപുഴ കടന്ന് ഒരു കാലത്ത് കേരളത്തിന്റെ തീരത്തേക്ക് പലായനം ചെയ്‌തെത്തിയവരുടെ ആവാസ സ്ഥലമായും ചേകാടിയും പരിസരവും മാറിയെന്ന് ചരിത്രം പറയുന്നു. കൃഷിയെ ജീവിത മാര്‍ഗ്ഗമായും സപര്യയായും കണക്കാക്കുന്ന ഇടനാടന്‍ ചെട്ടിമാരുടെ കൂട്ടുകുടുംബങ്ങളും പുരാതനമായ തറവാടുകളും ഇന്നും ഇവിടെ കാണാം. അടിയ, പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗക്കാരും ചെട്ടിമാരും ചേര്‍ന്നെഴുതിയതാണ് ചേകാടിയുടെ ചരിത്രം. 225 ഏക്കറോളം വയലും നാല്‍പ്പത് ഏക്കറോളം തോട്ടങ്ങളും മാത്രമാണ് ഇവിടെയുള്ളതെങ്കിലും ഇവിടെ നിന്നുള്ള കൃഷിഗാഥകള്‍ക്ക് വയനാടിനോളം പെരുമകളുണ്ട്.
കൃഷിയെന്നാല്‍ പ്രധാനമായും നെല്‍കൃഷി തന്നെയാണ് ഇവര്‍ക്ക് മുഖ്യം. നോക്കിയാല്‍ കണ്ണെത്താദൂരത്തോളമുള്ള വയലില്‍ നിന്നും ഓരോ സീസണിലും മുടങ്ങാതെ വിതച്ചും കൊയ്തും ഇവര്‍ മണ്ണിലെഴുതുന്നത് പകരംവെക്കാനില്ലാത്ത ഒരു കാര്‍ഷിക വിപ്ലവം കൂടിയാണ്. ഇവര്‍ക്ക് ഇന്നും കൃഷി ഒരു ലാഭ നഷ്ടത്തിന്റെ അളവുകോലല്ല. നഷ്ടക്കണക്കുകള്‍ക്കിടയിലും കൃഷി ചെയ്യുക എന്ന ഉത്തരവാദിത്തത്തെയാണ് ഇവര്‍ മുറുകെ പിടിക്കുന്നത്. 150 താഴെ വരുന്ന കുടുംബങ്ങള്‍ ഈ വയലില്‍ കര്‍ഷകരും ഒരേ സമയം തൊഴിലാളികളായി ജീവിതം പൂരിപ്പിക്കുന്നു. 93 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. പുറം ലോകത്തില്‍ നിന്നും അകലെയാണെങ്കിലും ചേകാടിക്ക് സ്വന്തമായൊരു നില നില്‍പ്പിന്റെ ചരിത്രമുണ്ട്. അത് മണ്ണിനോടുള്ള അടുപ്പത്തിന്റെയും വന്യമൃഗങ്ങളോടുള്ള പോരാട്ടത്തിന്റെയും ചരിത്രമാണ്.
സ്ട്രീറ്റില്‍ ഇടം തേടിയ ഗ്രാമം
ജില്ലാ ആസ്ഥാനമായി കല്‍പ്പറ്റയില്‍ നിന്നും ചേകാടിക്ക് 35 കിലോമീറ്റര്‍ ദൂരമുണ്ട്. മാനന്തവാടിയില്‍ നിന്നും കാട്ടിക്കുളം ബാവലി വഴി 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചേകാടിയിലെത്താം. ബാവലിപ്പുഴയുടെ തീരം ചേര്‍ന്നുള്ള പാതയിലൂടെ കാടിനെയും ഗ്രാമങ്ങളെയും തൊട്ടറിഞ്ഞ് ഒമ്പത് കിലോമീറ്ററോളമുള്ള യാത്ര സഞ്ചാരികളുടെ പ്രീയപ്പെട്ട വഴിയാണ്. മാനന്തവാടിയില്‍ നിന്നും കൊയിലേരി പയ്യമ്പള്ളി ദാസനക്കര വഴി കുറുവാ ദ്വീപിലേക്കുള്ള വഴി പിന്നിട്ട് കാട് കടന്നാലും ചേകാടി ഗ്രാമത്തിലെത്താം. ഇതിലൂടെ യാത്ര തീരുമാനിച്ചാലും 19 കിലോമീറ്റര്‍ സഞ്ചരിക്കണം. മറ്റൊരു റൂട്ട് പുല്‍പ്പള്ളിയില്‍ നിന്നാണ്. ഇവിടെ നിന്നും ഒരു കെ.എസ്.ആര്‍.ടി.സി ബസ്സ് ചേകാടിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കാടിന്റെ തണലിലൂടെയുള്ള കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് ഇതിനകം ശ്രദ്ധനേടിയതാണ്.
ഈ മൂന്ന് വഴികളിലൂടെയാണെങ്കിലും കാട് കടക്കാതെ ചേകാടിയിലെത്താന്‍ കഴിയില്ല. ഈ യാത്രകള്‍ തന്നെയാണ് സഞ്ചാരികളെയും വിസ്മയിപ്പിക്കുക. സഞ്ചാരികള്‍ക്കായി സ്വാകാര്യ റിസോര്‍ട്ടുകളും പരിസരങ്ങളിലുണ്ട്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഇടനാഴികൂടിയായി ചേകാടിയെ പരിഗണിക്കുന്നുണ്ട്. ഇവിടെയുള്ള പുല്ല് മേഞ്ഞ വീടുകള്‍. ഗോത്രസങ്കേതങ്ങള്‍, കബനിയുടെ തീരങ്ങള്‍. കൃഷിയിടങ്ങള്‍, ഇക്കോ ഷോപ്പുകള്‍ എന്നിവയെല്ലാം സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. വഴികാട്ടാനായി ചേകാടിയിലെ ഗ്രാമീണരുടെ കൂട്ടായ്മയായ നവ കൂട്ടായ്മയുണ്ടാകും. സ്ട്രീറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള ചേകാടിയുടെ റിസോഴ്‌സ് മാപ്പ് റെസ്‌പോണ്‍സിബിള്‍ ടൂറിസം അധികൃതര്‍ തയ്യാറാക്കി വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കേരള ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ചേകാടിയുടെ സഞ്ചാര വഴികളെല്ലാം ലഭ്യമാകും. ഗ്രാമങ്ങളെ തൊട്ടറിഞ്ഞുള്ള യാത്രയക്ക് ഇതോടെ പുതിയ മാറ്റങ്ങളുണ്ടാകും.
Content Highlights: chekadi agricultural village in wayanad travel destination farm tourism