ഓണം ബംബറടിച്ച് വയനാടിന്റെ ബാണാസുരസാഗര്‍; ഏഴുദിനങ്ങളില്‍ വരുമാനം 40 ലക്ഷം രൂപ

ഓണക്കാല അവധിദിനങ്ങളില്‍ ചുരംകയറിയെത്തുന്ന സഞ്ചാരികളുടെ പ്രിയ വിനോദകേന്ദ്രമായി ബാണാസുരസാഗര്‍ മാറുകയാണ്. ഓണാവധിക്കാലത്തെ ഏഴുദിനങ്ങളില്‍ ബാണാസുരസാഗറില്‍ 40 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. അരലക്ഷത്തോളം സഞ്ചാരികളാണ് ഇവിടെയെത്തിയത്. കോവിഡ്കാലത്തിനുശേഷം ഇത്രയധികം സഞ്ചാരികള്‍ ചുരുങ്ങിയദിവസങ്ങള്‍ക്കുള്ളില്‍ എത്തുന്നത് ഇത് ആദ്യമായാണ്.
മഴകുറഞ്ഞതോടെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം ഇത്തവണ നേരത്തേ ഉണരുകയായിരുന്നു. പ്രവേശനഫീസ്, കയാക്കിങ്, ഫണ്‍ ആന്‍ഡ് ഫാന്റസി, സ്പീഡ്‌ബോട്ട് എന്നിവയില്‍നിന്നാണ് ഇത്രയും വരുമാനം. ചുരുങ്ങിയകാലംകൊണ്ടാണ് നമ്പര്‍വണ്‍ ഹൈഡല്‍ ടൂറിസം കേന്ദ്രമായി ബാണാസുരസാഗര്‍ മാറിയത്. മറ്റുകേന്ദ്രങ്ങളില്‍നിന്നും വിഭിന്നമായുള്ള ഭൂമിശാസ്ത്രപരമായ വേറിട്ടകാഴ്ചകളാണ് ഇവിടെ ആസ്വാദനത്തെ സമ്പന്നമാക്കുന്നത്. വൈദ്യുതി ഉത്പാദനം, വിനോദസഞ്ചാരം, സോളാര്‍ പവര്‍പ്ലാന്റ്, കൂട് മത്സ്യവളര്‍ത്തുകേന്ദ്രം എന്നിങ്ങനെയെല്ലാം ബാണാസുരസാഗറിന് ഇപ്പോള്‍ വിലാസമുണ്ട്.
വയനാട്ടില്‍ മഴക്കാലത്ത് ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ വന്നെത്തുന്നത് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ മുകളില്‍നിന്നുള്ള മഴക്കാഴ്ചകള്‍ കാണാനാണ്. പടിഞ്ഞാറന്‍കാറ്റിനെ തടയുന്ന ഗിരിപര്‍വതത്തില്‍നിന്നും മഴ അണക്കെട്ടിലേക്ക് ഉതിര്‍ന്നുവീഴും. കാറ്റിന്റെ ഗതിയനുസരിച്ച് വട്ടംചുറ്റുന്ന വയനാടന്‍ മഴയെ വിദൂരത്തുനിന്ന് ആസ്വദിക്കണമെങ്കില്‍ ഇവിടെത്തന്നെ വരണം. ഇന്ത്യയിലെത്തന്നെ ഏറ്റവുംവലിയ എര്‍ത്ത് ഡാമിന് മുകളിലൂടെ സഞ്ചാരികള്‍ക്ക് സൈ്വരമായി നടക്കാം. അതിരായിനില്‍ക്കുന്ന ബാണാസുരമലയുടെ തൊട്ടരികിലെ കാഴ്ചകളും ചാരുതകൂട്ടുന്നു. മഴക്കാലത്തും ഒരുദിവസംപോലും ഒഴിയാതെ നൂറുകണക്കിന് ടൂറിസ്റ്റുകള്‍ കോവിഡ്കാലത്തിന് മുമ്പ് ഇവിടെയെത്തി മടങ്ങിയിരുന്നു.
സഞ്ചാരികള്‍ കൂടുതലായെത്തുമ്പോഴും അതിനനുസരിച്ചുള്ള ബോട്ട് സൗകര്യങ്ങള്‍ ഇവിടെയില്ല എന്നതായിരുന്നു പരാതി. ഇതിനെത്തുടര്‍ന്ന് ഇപ്പോള്‍ അഞ്ച് സ്പീഡ് ബോട്ടുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമയം. 20 വിനോദസഞ്ചാരികള്‍ക്ക് കയറാവുന്ന ഒരു വലിയബോട്ടും ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിനം 110-ലധികം സര്‍വീസുകളാണുള്ളത്.
മഴക്കാലത്തിന്റെ നിറവില്‍ ജലാശയങ്ങള്‍
മഴകുറഞ്ഞതിനാല്‍ ഇത്തവണ വൈകിയാണ് ജലാശയം നിറഞ്ഞത്. നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന ബാണാസുരസാഗറിന്റെ കാഴ്ചകളാണ് ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പരമാവധി സംഭരണശേഷിയിലേക്ക് കൈകള്‍നീട്ടിയ ജലാശയങ്ങള്‍ പച്ചക്കുന്നുകളോട് തൊട്ടുരുമ്മിനില്‍ക്കുകയാണ്. ഈ കുന്നുകള്‍ക്കിടയിലൂടെയുള്ള ബോട്ടുയാത്രയ്ക്കും തിരക്കേറി. ഏഴുകിലോമീറ്ററോളം ദൂരത്തെത്തി മലമടക്കുകളില്‍നിന്നും തിരികെയെത്തുന്ന സ്പീഡ് ബോട്ടുയാത്ര സമ്മാനിക്കുന്നത് പകരമില്ലാത്ത കാഴ്ചകളാണ്.
ഇനിയും വേണം സൗകര്യങ്ങള്‍
ആയിരക്കണക്കിന് സഞ്ചാരികളെത്തുമ്പോഴും അതിനനുസരിച്ചുള്ള വികസനവേഗം ബാണാസുരസാഗറിനില്ലെന്നാണ് പരാതികള്‍. വിനോദസഞ്ചാരികള്‍ക്കായുള്ള ശൗചാലയങ്ങളുടെ പരിമിതികള്‍തന്നെ സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രവേശനകവാടത്തോട് ചേര്‍ന്നും അണക്കെട്ടിന് മുകളിലുമായി സ്ഥാപിച്ച ഇ-ടോയ്ലെറ്റുകള്‍ അടഞ്ഞിട്ട് വര്‍ഷങ്ങളായി. ഇവ നന്നാക്കുന്നതിനോ പകരം സ്ഥാപിക്കുന്നതിനോ ഒരു നടപടികളുമില്ല. നിലവില്‍ ഇവിടെയുള്ള ശൗചാലയങ്ങള്‍ സഞ്ചാരികളുടെ തിരക്കിനനുസരിച്ച് അപര്യാപ്തമാണ്.
വെയിലും മഴയും ഏല്‍ക്കാത്ത ഇരിപ്പിടങ്ങള്‍, പുന്തോട്ടങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയാല്‍ കൂടുതല്‍സൗകര്യമാകും. കുട്ടികള്‍ക്കുള്ള പാര്‍ക്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ധാരാളം സ്ഥലസൗകര്യങ്ങള്‍ ഇവിടെയുണ്ടെങ്കിലും ഇതൊന്നും ബോര്‍ഡിന്റെ പരിഗണനയില്‍ ഇനിയും വന്നില്ല. വിശാലമായ പാര്‍ക്കിങ് ഏരിയ ഒരുക്കാനും അണക്കെട്ട് ഷട്ടറിന് മുന്നിലെ സ്ഥലം ഉപയോഗപ്പെടുത്താം. സഞ്ചാരികളുടെ വാഹനങ്ങളെല്ലാം ഇവിടെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം നല്‍കിയാല്‍ പ്രവേശനകവാടത്തിനരികിലുള്ള തിരക്കും റോഡ് ഗതാഗതതടസ്സവും പരിഹരിക്കാന്‍ കഴിയും.
കേരളത്തിലെ നമ്പര്‍വണ്‍ ഹൈഡല്‍ വിനോദകേന്ദ്രമായി വളരുന്ന ബാണാസുരസാഗറില്‍ ജലാശയങ്ങള്‍ക്ക് നടുവിലെ കുന്നുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള റോപ്വേ, കഫ്റ്റീരിയ തുടങ്ങിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.
Content Highlights: Banasura Sagar Dam Tourist Destination Wayanad