പേടിക്കാതെ മഴക്കാല ട്രെക്കിങ്ങിന് പോകാം, ഇന്ത്യയിലെ സുരക്ഷിതമായ ഈ അഞ്ച് സ്പോട്ടുകളിലേക്ക്

സാഹസിക പ്രേമികൾക്കും യാത്രകളെ പ്രണയിക്കുന്നവർക്കും ഒരുപോലെ ഇഷ്ടമാണ് മഴക്കാല ട്രെക്കിങ്ങ്. എന്നാൽ വഴുക്കലുള്ള മലകയറ്റം പലപ്പോഴും ആശങ്കയ്ക്ക് കാരണമാകാറുണ്ട്. ഒരു ഭാഗത്ത് സാഹസികതയും മറുഭാഗത്ത് ജാഗ്രതയും പരിഗണനയിൽ വരുമ്പോൾ ഈ സീസൺ വലിയൊരു ആശയക്കുഴപ്പം സൃഷ്ടിക്കും. അതിനാൽതന്നെ മഴക്കാലത്ത് സാഹസിക യാത്രകൾക്കായി വളരെ കുറച്ച് ട്രെക്കർമാർ മാത്രമേ പുറപ്പെടാറുള്ളൂ. എന്നാൽ, സാഹസിക യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് മഴക്കാലത്ത് സുരക്ഷിതമായി ട്രെക്ക് ചെയ്യാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിൽ അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
കുമാര പർവ്വതം, കർണാടക
പശ്ചിമ ഘട്ടങ്ങളുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന 22 കിലോമീറ്റർ ദൂരമുള്ള ഒരു റൗണ്ട് ട്രിപ്പ് ട്രെക്കാണ് കുമാര പർവ്വതം. കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര നഗരത്തിൽനിന്ന് ആരംഭിക്കുന്ന ഈ പ്രശസ്തമായ പാത മഴക്കാലത്ത് വ്യത്യസ്ത രീതിയിൽ പൂത്തുലയുന്നു. ഇടതൂർന്ന പച്ചപ്പ് നിറഞ്ഞ വനങ്ങളും വളഞ്ഞ പാതകളും ഉള്ള ഈ യാത്ര ഓരോ യാത്രികനും മറക്കാനാകാത്ത അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്.
വാലി ഓഫ് ഫ്ലവേഴ്സ്, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം പച്ചപ്പ് നിറഞ്ഞതും ശാന്തവുമായ ഒരു ഭൂപ്രദേശമാണ്. വിവിധ നിറങ്ങളിലുള്ള പൂക്കൾ വിരിയുന്നത് ഇവിടം സ്വർഗതുല്യമാക്കുന്നു. ജൂൺ മുതൽ ഒക്ടോബർ പകുതി വരെ, അതായത് മൺസൂൺ കാലത്ത് മാത്രമാണ് ഇത് തുറക്കുന്നത്. മനോഹരമായ ചിത്രങ്ങൾപോലെ ഇവിടം നിങ്ങൾക്ക് അനുഭവപ്പെടും. 38 കിലോമീറ്ററിലധികം ദൂരമുള്ളതും പൂർത്തിയാക്കാൻ സാധാരണയായി നാലോ അഞ്ചോ ദിവസം എടുക്കുന്നതുമാണ് ഈ ട്രെക്കിങ്ങ്.
ഹാംപ്ത പാസ്, ഹിമാചൽ പ്രദേശ്
എല്ലാ സാഹസിക പ്രേമികൾക്കും മഴക്കാല ട്രെക്കിങ്ങിനായി തിരഞ്ഞെടുക്കാൻ പറ്റിയ മികച്ച ഓപ്ഷനാണ് ഹാംപ്ത പാസ്. ഹിമാലയത്തിലെ ഈ പ്രദേശം ചന്ദ്ര, കുളു താഴ്വരകൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. പച്ചപ്പ് നിറഞ്ഞ കുളു താഴ്വര മുതൽ സ്പിതി താഴ്വരയുടെ അതുല്യമായ ഭൂപ്രകൃതി വരെ മികച്ച കാഴ്ചകൾ നിങ്ങൾക്ക് നൽകും. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഈ യാത്ര പൂർത്തിയാക്കാൻ കഴിയും.
സിൻഹഗഡ് കോട്ട, മഹാരാഷ്ട്ര
പുണെക്ക് തൊട്ടടുത്തുള്ള ഈ സ്ഥലം പല സാഹസിക പ്രേമികളുടെയും പ്രിയപ്പെട്ട മഴക്കാല ട്രെക്കിങ്ങ് കേന്ദ്രമാണ്. താരതമ്യേന ചെറുതായ ഈ ട്രെക്കിങ്ങിൽ ചരിത്രം, പ്രകൃതി, സാഹസികത എന്നിവയുടെ സമ്മിശ്രണം കാണാം. മഴക്കാലം ഈ പാതയിൽ ട്രെക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ചരിത്രനിർമിതികൾക്ക് ചുറ്റുമുള്ള ഇടതൂർന്ന പച്ചപ്പ് നിറഞ്ഞ വനങ്ങൾ യാത്രയെ കൂടുതൽ മനോഹരമാകുന്നു.
കുദ്രേമുഖ് ട്രെക്ക്, കർണാടക
എളുപ്പത്തിൽ നടക്കാൻ കഴിയുന്ന പച്ചപ്പ് നിറഞ്ഞ വഴികളും പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരവും നൽകുന്ന ഇവിടം മഴക്കാലത്ത് ട്രെക്കിങ്ങിന് തിരഞ്ഞെടുക്കാൻ പറ്റിയ ഒരിടമാണ്.
Content Highlights: 5 Safest Monsoon Trekking Destinations India