ചുറ്റും പച്ചപ്പ്, ഒത്ത നടുവില്‍ ധ്യാനിക്കുംപോലെ പാറക്കൂട്ടം; മാടത്തുമല റാണിപുരമായ കഥതേടി...

മലബാര്‍ മേഖലയില്‍ പല ജില്ലകളിലായി പല യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും കാസര്‍കോട്ടേക്ക് പോവാതിരുന്നതിന്റെ സങ്കടം കുറേ നാളായി മനസിലുണ്ടായിരുന്നു. കോവിഡ് അടക്കം പല പ്രതിസന്ധികള്‍ മുന്നിലുണ്ടായിരുന്നതുകൊണ്ട് കാസര്‍കോട് ജില്ല അല്പം വിദൂരമായിത്തന്നെ അവശേഷിച്ചു. കാത്തുകാത്തിരുന്ന് ഒരു യാത്ര ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ എവിടേക്ക് പോകണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. കാസര്‍കോട്ടേക്ക്. കുടിയേറ്റമേഖലയായ റാണിപുരത്തേക്ക്. കേരളത്തിന്റെ ഊട്ടിയിലേക്ക്.
ഏതെങ്കിലും ഒരു സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് പൊതുവേ ആ നാടിനേക്കുറിച്ചും കാണാന്‍ പോകുന്ന കാഴ്ചകളേക്കുറിച്ചും ഒരു ധാരണയുണ്ടാക്കിവെക്കാറുണ്ട്. റാണിപുരത്തേക്ക് പോകുമ്പോഴും ആ പതിവ് തെറ്റിച്ചില്ല. മാടത്തുമല എന്നൊരു പേരുകൂടിയുണ്ട് റാണിപുരത്തിന്. സമുദ്രനിരപ്പില്‍ നിന്ന് 1046 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. കാസര്‍കോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം. കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ റാണിപുരമായി. 1970-കളില്‍ കോട്ടയത്തുനിന്ന് 46 ക്‌നാനായ കുടുംബങ്ങള്‍ ഇവിടേക്ക് കുടിയേറ്റം നടത്തി. പരിശുദ്ധ മറിയത്തിന്റെ ഓര്‍മയ്ക്കായി മാടത്തുമലയ്ക്ക് അവര്‍ നല്‍കിയ പേരാണ് റാണിപുരം.
നേരത്തേ നടത്തിയ അന്വേഷണത്തില്‍ റാണിപുരം മലനിരകളിലേക്കുള്ള ട്രെക്കിങ് രാവിലെ എട്ടേ മുപ്പതിനേ ആരംഭിക്കൂ എന്നറിഞ്ഞു. താമസിച്ച റിസോര്‍ട്ടില്‍ നിന്ന് ഏതാണ്ട് 700 മീറ്റര്‍ മാത്രമേ ട്രെക്കിങ്ങിനുള്ള ടിക്കറ്റ് കൗണ്ടറിലേക്കുണ്ടായിരുന്നുള്ളൂ. കൗണ്ടറിന് സമീപം അത്യാവശ്യം ഭക്ഷണസാധനങ്ങള്‍ കിട്ടുന്ന കടയുണ്ട്. ടിക്കറ്റെടുത്തുകഴിഞ്ഞാല്‍ വനംവകുപ്പിന്റെ വക നമ്മുടെ ബാഗ് പരിശോധിക്കും. പ്ലാസ്റ്റിക് കുപ്പികള്‍ ഉണ്ടോയെന്ന് നോക്കാനാണ്. ഉണ്ടെങ്കില്‍ അതിനും ചെറിയൊരു സംഖ്യ അധികമായി നല്‍കേണ്ടിവരും. മലകയറി തിരിച്ചെത്തുമ്പോഴും ബാഗ് പരിശോധിക്കും. കൊണ്ടുപോയ കുപ്പി മലമുകളില്‍ വലിച്ചെറിയാതെ തിരികെ എത്തിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനാണ്. കര്‍ശന പരിശോധനകള്‍ക്ക് ശേഷം കാടകത്തിലേക്കുള്ള യാത്ര തുടങ്ങി.
മണ്‍പാതയാണ് കാടിനകത്തേക്ക് നീളുന്നത്. മുളകൊണ്ട് നിര്‍മിച്ച ഒരു കവാടം. കവാടത്തിനരികില്‍ രണ്ടര കിലോമീറ്റര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. കവാടത്തിനരികെ ചെന്ന് വെറുതെ മുന്നിലേക്കും പിന്നിലേക്കും ഒന്ന് തലയോടിച്ചുനോക്കി. മുന്നില്‍ ദുര്‍ഘടമായ മുകളിലേക്കുള്ള വഴി. പിന്നില്‍ ചെന്നെത്തേണ്ട മലനിരയുടെ വിദൂരദൃശ്യം. ഒന്ന് ശ്വാസമെടുത്ത് ശ്രദ്ധയോടെ മലകയറാനാരംഭിച്ചു.
ശാന്തമാണ് അന്തരീക്ഷം. ചെറിയ വഴിയുടെ ഒരുഭാഗത്ത് കയറ്റം ആയാസരഹിതമാക്കാനായി പിടിച്ചുകയറാനുളള കമ്പിവേലി സ്ഥാപിച്ചിരിക്കുന്നു. കയറുന്തോറും ഇരുവശവും കാട് കനംപ്രാപിച്ചുകൊണ്ടിരുന്നു. സൂര്യപ്രകാശം ഇലകള്‍ക്കിടയിലൂടെ താഴേക്കുവരാന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരുന്നു. അല്പം കയറിയപ്പോള്‍ വലതുഭാഗത്തേക്ക് ഒരു വഴിച്ചാല്‍ കണ്ടു. എങ്ങോട്ടുള്ള വഴിയാണെന്ന് സംശയം തോന്നിയതിനാല്‍ മുന്നില്‍ക്കണ്ട വഴിയേ നടന്നു. മരങ്ങള്‍ കൂടി നില്‍ക്കുന്ന നിരപ്പായ ഒരിടം. ഇരിപ്പിടം പോലെ പാറക്കല്ലുകള്‍. അഞ്ച് മിനിറ്റ് ഇരുന്ന് വിശ്രമിച്ച ശേഷം നടത്തം തുടര്‍ന്നു. നേരെ എത്തിയത് വിശാലമായ കുന്നിന്‍പ്രദേശത്തേക്ക്. പച്ചനിറം മങ്ങിത്തുടങ്ങിയ പുല്ലുകളാണ് എവിടെ നോക്കിയാലും കുന്നിന്‍മുകളിലേക്ക് നീളുന്നതായി കണ്ട വഴിച്ചാലിലൂടെ മുകളിലേക്ക് നടന്നു. കുറച്ചുദൂരം നടന്നപ്പോള്‍ മുകളില്‍ ഒരു പുല്‍മാടവും അതില്‍ രണ്ടുപേര്‍ ഇരിക്കുന്നതും കണ്ടു. കാര്യമന്വേഷിച്ചു. നടക്കാനുള്ള ദൂരം മനസിലാക്കിയപ്പോള്‍ നടക്കില്ലെന്ന് തോന്നി ഒപ്പമുള്ളവര്‍ പോയി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണെന്ന് മറുപടി. ഇരുവരും കൈചൂണ്ടിയ ദിക്കിലേക്ക് നോക്കിയപ്പോഴാണ് പോകാനുള്ള ദൂരത്തിന്റെ വ്യാപ്തി എത്രമാത്രമാണെന്ന് മനസിലാക്കിയത്. രണ്ട് മലകള്‍ക്കപ്പുറം പൊട്ടുപോലെ ഒരു കൂറ്റന്‍ പാറക്കെട്ട് മുകളിലേക്ക് നോക്കി ധ്യാനംകൊള്ളുന്നു. അവിടേക്കാണ് ഞാന്‍ കാല്‍നടയായി എത്തേണ്ടത്. നെറ്റിയില്‍ നിന്ന് ഒരിറ്റ് വിയര്‍പ്പ് പതുക്കെ കവിള്‍ തൊട്ടു.
മുന്നോട്ടുനടന്നപ്പോള്‍ അല്പം വിശാലമായ ഒരിടത്തെത്തി. പുല്ലുകളൊന്നുമില്ല. കുടവിരിച്ച് നില്‍ക്കുന്ന വന്മരങ്ങള്‍ക്ക് കീഴെ തണലിന്റെ ആശ്വാസം. വലതുഭാഗത്ത് താഴേക്കായി ചെറിയൊരു വഴി കണ്ടു. മലകയറ്റം തുടങ്ങിയപ്പോള്‍ ഒരിടത്ത് സംശയിച്ച് നിന്നിരുന്നല്ലോ. ആ വഴിയാണത്. കാടിനുള്ളിലെ ഷോര്‍ട്ട് കട്ട്. തിരിച്ചുവരുമ്പോള്‍ വെയില്‍ ഒഴിവാക്കി പോകാം എന്നുകരുതി സ്ഥലം നന്നായി മനസിലുറപ്പിച്ചു. യാത്ര തുടരുന്തോറും ദുര്‍ഘടത കൂടിയും കുറഞ്ഞുമിരുന്നു. കാടിന്റെ നിഴല്‍ വീഴ്ത്താത്തിടത്തെല്ലാം വെയില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. പോകേണ്ട ദൂരത്തേക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നതിനാല്‍ ഒറ്റയടിക്ക് കയറാതെ വേഗം കുറച്ച് നടന്നും ഇരുന്ന് വിശ്രമിച്ചുമായിരുന്നു യാത്ര. റാണിപുരത്ത് എത്തിയതുമുതല്‍ ഫോണ്‍ പരിധിക്ക് പുറത്തായതിനാല്‍ വിവരമന്വേഷിച്ചുള്ള വിളികള്‍ കുറവായിരുന്നു. ഇടയ്‌ക്കൊരിടത്തുവെച്ച് ഫോണ്‍ ബെല്ലടിച്ചപ്പോഴാണ് റെയിഞ്ച് വന്നെന്ന് മനസിലാക്കിയത്. ഒന്ന് വീട്ടിലേക്ക് വിളിച്ച് വിവരങ്ങള്‍ പറഞ്ഞശേഷം അടുത്ത്കണ്ട പാറപ്പുറത്തിരുന്നു.
പച്ചപ്പാണെങ്ങും. മുന്നില്‍ അഗാധമായ ഗര്‍ത്തം. അപ്പുറം കാട്. അതിനപ്പുറവും കാട് തന്നെ. പിന്നിടാനുള്ള ദൂരം മനസിലുള്ളതുകൊണ്ട് പിന്തിരിഞ്ഞ് കാലുകള്‍ നീട്ടിവെച്ചു. ഇതിനിടയില്‍ പലരും ഒറ്റയായും കൂട്ടമായും എന്നെ കടന്നുപോയിരുന്നു. പിന്നെയും മുകളിലെത്തിയപ്പോള്‍ നേരത്തേ കണ്ടതുപോലെ ഒരു വിശ്രമകേന്ദ്രം പിന്നെയും കണ്ടു. രണ്ടുപേര്‍ അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. പരിചയപ്പെട്ടപ്പോള്‍ കാഞ്ഞങ്ങാട് നിന്ന് ട്രെക്കിങ്ങിന് വന്ന എക്‌സൈസ് ഉദ്യോഗസ്ഥരാണ്. വടകരക്കാര്‍. അവരാണ് പറഞ്ഞത് ലക്ഷ്യമെത്താന്‍ ഇനിയും താമസമുണ്ടെന്ന്. എങ്കിലും മുന്‍പ് ദൂരക്കാഴ്ചയായി കണ്ട ധ്യാനിക്കുന്ന പാറക്കൂട്ടം അടുത്തെവിടെയോ ഉണ്ടെന്ന് മനസുപറഞ്ഞു.
കുറച്ച് ചുവടുകള്‍ വച്ചപ്പോഴാണ് ആ കാഴ്ച കണ്ടത്. കുറച്ചകലെയായി കടപോലെ ഒന്ന്. അല്ല കട തന്നെയാണ്. നാല് കാലുകള്‍ നാട്ടി മേല്‍ക്കൂരയുമിട്ട ഒരു പെട്ടിക്കട. മോരും അല്ലറ ചില്ലറ ഉപ്പിലിട്ടതും നാരങ്ങാവെള്ളവുമൊക്കെയാണ് വില്പനയ്ക്കുളളത്. എന്നാലെന്താ മലകയറി വരുന്ന സഞ്ചാരിക്ക് ഇതില്‍പ്പരം ആശ്വാസം എന്തുവേണം. ഒരു ഗ്ലാസ് മോരുവെള്ളം വാങ്ങിക്കുടിച്ചു. കുറച്ച് കുപ്പിയിലും വാങ്ങി. അധികദൂരം ഇനിയില്ലെന്ന് അടുത്തുള്ള കാഴ്ച സൂചന തന്നു. മുന്നില്‍ വലിയ മലയാണ്. ഒരു പച്ചപ്പുതപ്പ് ചുറ്റിയിരിക്കുന്നപോലെ. താഴേഭാഗത്തുകൂടി വേറൊരു വഴിയുണ്ട്. അതിലേ പോയാലും എത്തും. പക്ഷേ മുന്നിലെ മലയ്ക്ക് മുകളില്‍ നീലാകാശവും അതില്‍ വെളുത്ത മേഘപാളികള്‍ തീര്‍ത്ത ചിത്രപ്പണികളും കണ്ടപ്പോള്‍ മലകയറിയിറങ്ങാന്‍ തന്നെ തീരുമാനിച്ചു. ഈ മലയ്ക്കപ്പുറമാണ് എന്റെ യാത്രയുടെ അവസാനം.
പുല്ല് വളര്‍ന്നുനില്‍ക്കുന്ന മലയുടെ നടുവിലൂടെ മുകളിലേക്കൊരു മണ്‍പാത നീണ്ടുകിടന്നു. അല്പം ബദ്ധപ്പെട്ട് മുകളിലെത്തി. മുകളില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ പോസ് ചെയ്ത് ചിത്രങ്ങളെടുക്കുകയാണ്. അരികില്‍ മെയ്ക്കപ്പ് കിറ്റ് കണ്ടു. ദൂരേക്ക് നോക്കിയപ്പോള്‍ താഴെ യാത്ര തുടങ്ങിയ ടിക്കറ്റ് കൗണ്ടര്‍ കണ്ടു. അതിനുമപ്പുറം കാടും മലനിരകളും. കുറച്ച് ഇപ്പുറത്തേക്ക് മാറിയാല്‍ ദൂരെ മലകളും പച്ചനിറമാര്‍ന്ന പ്രകൃതിയും വെളുത്ത പൊട്ടുകള്‍ പോലെ കെട്ടിടങ്ങളും. ചെറിയ കാറ്റുണ്ടായിരുന്നു. കുന്നിറങ്ങി കയറേണ്ടത് ഈ യാത്രയുടെ അവസാനപോയിന്റിലേക്കാണ്. റാണിപുരത്തിന്റെ ഒത്തമുകളില്‍. ചെറിയ പാതയില്‍ ചരല്‍ക്കല്ലുകളാണ് നിറയെ. സൂക്ഷിച്ച് താഴേക്കിറങ്ങി.
അവസാനത്തെ മല കയറാന്‍ തുടങ്ങി. ദൂരക്കാഴ്ചയായി മാത്രം നിലകൊണ്ട പാറ ഇപ്പോള്‍ കയ്യെത്തുംദൂരത്ത്. ഒരുപാട് പേരുകള്‍ കല്ലുകള്‍ കൊണ്ട് എഴുതിവെച്ചിരിക്കുന്നു. മുന്‍പ് ഇവിടെ വന്ന സഞ്ചാരികളുടേതായിരിക്കണം. അരികിലൂടെയുള്ള വഴിയിലൂടെ പാറയില്‍ കുറച്ചൊന്ന് അള്ളിപ്പിടിച്ച് മുകളിലേക്ക് കയറി. മുകള്‍ഭാഗത്ത് കാട്ടുചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന ഒരുഭാഗമുണ്ട്. മണ്ണിന് പുറത്തേക്ക് നില്‍ക്കുന്ന വേരുകള്‍ക്ക് മുകളില്‍ നേരത്തെ വന്ന സഞ്ചാരികള്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. ഒഴിഞ്ഞ ഒരിടം നോക്കി ഞാനുമിരുന്നു. കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന വെള്ളം ഒറ്റവലിക്ക് തീര്‍ത്തു. താഴ് വാരക്കാഴ്ചകള്‍ കാണാനായി താഴെ കമ്പിവേലി കെട്ടിയിട്ടുണ്ട്. തൊട്ടുമുമ്പ് കയറിയ മലയില്‍ നിന്ന് കണ്ട അതേ കാഴ്ചയുടെ വേറൊരു ആംഗിളിലുള്ള ദൃശ്യമാണ് ഇവിടെ കണ്ണിന് വിരുന്നാവുന്നത്.
ടിക്കറ്റ് കൗണ്ടറില്‍ നിന്ന് നടന്ന് മലയുടെ ഒത്ത മുകളിലെത്താന്‍ ഏകദേശം ഒന്നര മണിക്കൂറെടുത്തിരുന്നു. വെയില്‍ കൂടുതല്‍ ശക്തികാട്ടാന്‍ തുടങ്ങിയിരുന്നു. ഇനി തിരിച്ചുള്ള നടത്തമാണ്. കയറ്റം സമ്മാനിച്ച ക്ഷീണത്തെ ബഹുമാനിച്ചുകൊണ്ട് സാവധാനം തിരികെ നടന്നു. ആ ഉച്ചവെയിലിലും സഞ്ചാരികള്‍ മലമുകളിലേക്ക് അനുസ്യൂതം നടക്കുന്നുണ്ടായിരുന്നു.
Content Highlights: ranipuram travelogue in wanderings, ranipuram hills, ranipuram travelogue